Current Date

Search
Close this search box.
Search
Close this search box.

തഫ്ഹീമുല്‍ ഖുര്‍ആന്‍ – ഉറുദു, ഇംഗ്ലീഷ്, മലയാളം ആപ്പുകള്‍

വിശ്വോത്തര പണ്ഡിതനും നവോത്ഥാന നായകനുമായ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി മുപ്പത് വര്‍ഷമെടുത്ത് പൂര്‍ത്തീകരിച്ച ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമാണ് തഫ്ഹീമുല്‍ ഖുര്‍ആന്‍. ആധുനിക യുഗത്തിലെ അഭ്യസ്തവിദ്യരായ മനുഷ്യരുടെ മസ്തിഷ്‌കങ്ങളുമായി അനായാസം സംവദിക്കുന്ന ഭാഷയും ശൈലിയുമാണ് അതിന്റെ മുഖ്യ സവിശേഷത. മനുഷ്യന്റെ വൈയക്തിക-സാമൂഹിക പ്രശ്‌നങ്ങളില്‍ വിശുദ്ധ ഖുര്‍ആന്റെ സന്ദേശങ്ങള്‍ക്കുളള പ്രസക്തിയെ അത് വ്യക്തമാക്കുന്നു. ഇന്ത്യയിലെ മിക്ക ഭാഷകളിലും, പുറമെ അറബി, ഇംഗ്ലീഷ്, പേര്‍ഷ്യന്‍, പുശ്തു, തുര്‍കി, ജാപ്പാനീസ്, തായ്, സിംഹള, റഷ്യന്‍ തുടങ്ങിയ അനേകം വിദേശ ഭാഷകളിലേക്കും പൂര്‍ണമായോ ഭാഗികമായോ അത് തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്.

വായന പുസ്തകത്താളുകളില്‍ നിന്ന് കമ്പ്യൂട്ടറിലേക്കും തുടര്‍ന്ന് മൊബൈല്‍ സ്‌ക്രീനിലേക്കും വഴിപിരിഞ്ഞപ്പോള്‍ തഫ്ഹീമുല്‍ ഖുര്‍ആനും ആ മാറ്റങ്ങളുള്‍ക്കൊണ്ട് ഡിജിറ്റല്‍ രൂപത്തില്‍ വായനക്കാരന്റെ കൈകളിലെത്തി. മൂലഭാഷയായ ഉറുദുവില്‍ വ്യത്യസ്ത രീതികളിലുള്ള ആന്‍ഡ്രോയ്ഡ്, ഐ ഫോണ്‍ ആപ്പുകള്‍ തഫ്ഹീമിനുണ്ട്. സൗജന്യമായി ലഭിക്കുന്ന തഫ്ഹീം ഉറുദു ആന്‍ഡ്രോയ്ഡ് ആപ്പുകളുടെ കൂട്ടത്തില്‍ ഉസ്മാന്‍ പര്‍വീസ് വികസിപ്പിച്ച ആപ്പ് പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. ഉറുദു ഭാഷ അറിയുന്നവര്‍ക്ക് വിഖ്യാതമായ ഈ ഖുര്‍ആന്‍ വ്യാഖ്യാനം അതിന്റെ തനത് ഭാഷയില്‍ വായിക്കാനുള്ള നല്ലൊരുപാധിയാണിത്. ഖുര്‍ആന്‍ ഉറുദു പരിഭാഷ വായിച്ചു കേള്‍ക്കാനും ഇതില്‍ സൗകര്യമുണ്ട്. നല്ലൊരു സെര്‍ച്ച് സംവിധാനം, വ്യത്യസ്തമായ നാല് ഉറുദു ഫോണ്ടുകള്‍, ഫോണ്ടുകള്‍ ചെറുതാക്കാനും വലുതാക്കാനുമുള്ള സൗകര്യം തുടങ്ങിയ ധാരാളം സവിശേഷതകള്‍ ഇതുള്‍ക്കൊള്ളുന്നു. ഉസ്മാന്‍ പര്‍വീസ് തന്നെ വികസിപ്പിച്ച തഫ്ഹീം ഇംഗ്ലീഷ് പരിഭാഷയും പ്രത്യേകം ആപ്പ് രൂപത്തില്‍ പ്ലേസ്‌റ്റോറില്‍ ലഭ്യമാണ്. ഉറുദു പതിപ്പിന്റെ എല്ലാ സവിശേഷതകളും ഇംഗ്ലീഷ് പതിപ്പിലും ലഭ്യമാണ്.

മലയാളത്തില്‍ D4 മീഡിയ വികസിപ്പിച്ച തഫ്ഹീം ആപ്പ് ഖുര്‍ആന്‍ ആപ്പുകളുടെ കൂട്ടത്തില്‍ ഏറെ ശ്രദ്ധയാകള്‍ഷിച്ചതാണ്. ഖുര്‍ആന്‍ പരിഭാഷയുടെയും തഫ്ഹീം മലയാളം വ്യാഖ്യാനത്തിന്റെയും സമ്പൂര്‍ണ്ണ ഓഡിയോ ലഭിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഖുര്‍ആന്‍ പദങ്ങളുടെ വാക്കര്‍ത്ഥം, മലയാളത്തിലും ഇംഗ്ലീഷിലും ആയത്തുകളുടെ അര്‍ത്ഥം, പദം അടിസ്ഥാനമാക്കി വ്യത്യസ്ത രീതിയില്‍ സെര്‍ച്ച്, ഖുര്‍ആന്‍ ലൈബ്രറി, പ്രശ്‌നോത്തരി തുടങ്ങിയ വേറെയും സവിശേഷതകള്‍ ഇതുള്‍ക്കൊള്ളുന്നു.

ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ഃ
ഉറുദു.  https://play.google.com/store/apps/details?id=com.atq.quranemajeedapp.org.tfq
ഇംഗ്ലീഷ്. https://play.google.com/store/apps/details?id=com.atq.quranemajeedapp.org.tafheemenglish
മലയാളം.  https://play.google.com/store/apps/details?id=com.d4media.thafheem

Related Articles