Current Date

Search
Close this search box.
Search
Close this search box.

‘ഖുര്‍ആനിക് റിസെര്‍ച്ചര്‍’

ഖുര്‍ആന്‍ ആഴത്തിലുള്ള പഠനത്തില്‍ താല്‍പര്യമുള്ള വ്യക്തിയാണോ നിങ്ങള്‍? ഖുര്‍ആന്‍ വിഷയങ്ങളില്‍ റിസെര്‍ച്ച് ചെയ്യാന്‍ നിങ്ങളാഗ്രഹിക്കുന്നുവോ? നിങ്ങളൊരു ഖുര്‍ആന്‍ അധ്യാപകനാണോ? സാധാരണയായി ഖുര്‍ആന്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം വഹിക്കുന്ന വ്യക്തിയാണോ? എങ്കില്‍ നിങ്ങള്‍ക്കിതാ അത്യന്തം ഉപകാരപ്രദമായ ഒരു മൊബൈല്‍ ആപ്പ്. പേര് Quranic Researcher അഥവാ ‘അല്‍ബാഹിഥുല്‍ ഖുര്‍ആനി’. കുവൈത്തിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഖുര്‍ആനുമായി ബന്ധപ്പെട്ട ഒട്ടേറെ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കി വരുന്ന ‘ആയാത്തുല്‍ ഖൈരിയ്യ’ എന്ന ചാരിറ്റി സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ലോകത്തെങ്ങുമുള്ള പഠിതാക്കള്‍ക്ക് ഖുര്‍ആന്റെ ആഴത്തിലുള്ള പഠനവും ഗവേഷണവും എളുപ്പമാക്കുക എന്നതാണ് അറബി ഭാഷയിലുള്ള ഈ ആപ്പിന്റെ ലക്ഷ്യം.
ഖുര്‍ആന്‍ വ്യാഖ്യാനം, ഖുര്‍ആന്‍ വിജ്ഞാനം, ഖുര്‍ആന്‍ പദനിഘണ്ഡു, ആശയ നിഘണ്ഡു, ഖുര്‍ആനിക് ഗ്രാമര്‍, മുസ്ഹഫുകള്‍, പാരായണങ്ങള്‍, പാരായണ നിയമങ്ങള്‍, അവതരണ പശ്ചാതലം എന്നിങ്ങനെ ഖുര്‍ആനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സെര്‍ച്ച് സംവിധാനമുള്‍ക്കൊള്ളുന്ന അത്യപൂര്‍വമായൊരു മൊബൈല്‍ ആപ്പിണിത്. ഖുര്‍ആന്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട നുറുക്കണക്കിന് അറബി ഗ്രന്ഥങ്ങളില്‍ നിന്ന് നിങ്ങള്‍ക്കാവശ്യമായ വിവരം സെര്‍ച്ച് ചെയ്ത് കണ്ടെത്താനും തുടര്‍ന്ന് ആ വിഷയം കൂടുതല്‍ ആഴത്തില്‍ പഠിക്കാനും മനസ്സിലാക്കാനും ഈ ആപ്പ് സഹായിക്കുന്നു.

പഠനത്തിന് തിരഞ്ഞെടുക്കുന്ന സൂക്തത്തിന്റെ ഭാഗമോ ഖുര്‍ആന്‍ പദമോ സെര്‍ച്ച് കോളത്തില്‍ നല്‍കിയാല്‍ ആയത്തുകളുടെ പൂര്‍ണ്ണ രൂപം പ്രത്യക്ഷമാവും. താഴെ ഖുര്‍ആന്‍ വിജ്ഞാന ശാഖകളിലെ ഗ്രന്ഥങ്ങുടെ സമ്പൂര്‍ണ്ണ ലീസ്റ്റും ലഭിക്കുന്നു. ഇതില്‍ നിന്ന് നമുക്കാവശ്യമുള്ളവ തിരഞ്ഞെടുത്ത് പഠനത്തിന് വിധേയമാക്കാം. ഒരൊറ്റ ഖുര്‍ആനിക പദത്തിനോ സൂക്തത്തിനോ വ്യത്യസ്തങ്ങളായ തഫ്സീര്‍ ഗ്രന്ഥങ്ങളില്‍ നല്‍കിയ വ്യാഖ്യാനങ്ങളും അവതരണ പശ്ചാതലവും വ്യത്യസ്ത നിഘണ്ഡുക്കള്‍ നല്‍കിയ വാക്കര്‍ഥങ്ങളും ആശയങ്ങളും ഗ്രാമര്‍ ചര്‍ച്ചയുമുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ വിവരണങ്ങളും അവിടെ വച്ച് ലഭിക്കുന്നു. ഓരോന്നും ഏതേത് ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നുവെന്ന് ആധികാരമായിത്തന്നെ അറിയാനും സാധിക്കുന്നു.

ഉദാഹരണമായി ഒന്നാം അധ്യായമായ സൂറത്തുല്‍ ഫാത്തിഹയുടെ രണ്ടാം സൂക്തത്തിലുള്ള ‘റബ്ബ്’ എന്ന പദം സെര്‍ച്ച് കോളത്തില്‍ നല്‍കിയാല്‍ അതിന്റെ വ്യാഖ്യാനം ഉള്‍ക്കെള്ളുന്ന പഴയതും പുതിയതുമായ അമ്പതോളം തഫ്സീര്‍ ഗ്രന്ഥങ്ങളില്‍ വന്ന വിശദീകരണം നമുക്ക് വായിക്കാനും പകര്‍ത്താനും സാധ്യമാകും. പദത്തിന്റെ മൂലധാതുവും വ്യത്യസ്ത ഡിക്ഷണറികള്‍ നല്‍കിയ അര്‍ഥവും ലഭ്യമാകുന്നതിന് പുറമെ ഗ്രാമര്‍ സംബന്ധമായ ചര്‍ച്ചകളും മറ്റ് വിശദീകരണങ്ങളും ലഭിക്കുന്നതാണ്.

വലിയൊരു ഡാറ്റാ ശേഖരത്തില്‍ നിന്നുള്ള സെര്‍ച്ച് സംവിധാനമായതിനാല്‍ മൊബൈലില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമാണ്. ആപ്പ് സ്റ്റോറിലും’Quranic Researcher’എന്ന പേരില്‍ തന്നെ ഇത് ലഭ്യമാണ്. ആന്‍ഡ്രോയ്ഡ് ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍:

Related Articles