Current Date

Search
Close this search box.
Search
Close this search box.

‘ഖുര്‍ആന്‍ ഫോര്‍ ആന്‍ഡ്രോയ്ഡ്’ 

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് പ്ലേ സ്‌റ്റോറില്‍ വ്യത്യസ്ത വിഭാഗങ്ങളിലായി ഇപ്പോള്‍ ഇരുപത്തെട്ട് ലക്ഷത്തിലധികം ആപ്പുകള്‍ ലഭ്യമാണ്. ഇതില്‍ വിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെട്ട ആപ്പുകള്‍ നൂറുക്കണക്കിനുണ്ട്. ഇവയില്‍ ജനപ്രീതി നേടിയതും അല്ലാത്തവയും ഉണ്ട്. ഓരോ ആപ്പിനും വ്യത്യസ്ത പ്രവര്‍ത്തന രീതിയും വ്യത്യസ്ത ലക്ഷ്യവും ഉണ്ടായിരിക്കാം. ലോകത്തെങ്ങുമുള്ള വിവിധ ഭാഷകളിലെ ഖുര്‍ആന്‍ വിവര്‍ത്തനങ്ങളും വ്യാഖ്യാനങ്ങളും ഇവയില്‍ കണ്ടെത്താവുന്നതാണ്.

ഇക്കൂട്ടത്തില്‍ ഏറ്റവും ജനപ്രീതി നേടിയ ആപ്പാണ് quran.com വികസിപ്പിച്ച ‘ഖുര്‍ആന്‍ ഫോര്‍ ആന്‍ഡ്രോയ്ഡ് (Quran for Android). സാധാരണ ഖുര്‍ആന്‍ പാരായണത്തിന് ഉപയോഗിക്കാവുന്ന ഏറ്റവും ലളിതമായ ആപ്പ് എന്നതാണ് ഇതിന്റെ സവിശേഷത. ആപ്പിന് ഇതിനകം ഒരു കോടിയിലേറെ ഡൗണ്‍ലോഡ് ലഭിച്ചിരിക്കുന്നുവെന്നത് ഇതിന്റെ വ്യാപകമായ ഉപയോഗത്തെ സൂചിപ്പിക്കുന്നു. ലളിതമായ പേജ് ഘടനക്ക് പുറമെ ഇതര ഖുര്‍ആന്‍ ആപ്പുകളെ അപേക്ഷിച്ച് അത്യന്തം കാര്യക്ഷമമായ പേജ് ബുക്ക്മാര്‍ക്ക്, ആയത്ത് ബുക്ക്മാര്‍ക്ക് എന്നിവയും ഇതിന്റെ പ്രത്യേകതയാണ്. ആയത്തുകള്‍ ടാഗ് ചെയ്യാനും കോപ്പി ചെയ്യാനും സോഷ്യല്‍ മീഡിയ മുഖേന ഷെയര്‍ ചെയ്യാനും ഇതില്‍ സൗകര്യമുണ്ട്. ഖുര്‍ആന്‍ പദങ്ങളില്‍ വളരെ കാര്യക്ഷമമായൊരു സെര്‍ച്ച് സംവിധാനവും ഇതിന്റെ സവിശേഷതയാണ്.

മദീനയിലെ കിംഗ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിംഗ് കോംപ്ലക്‌സിന്റെ ഖുര്‍ആന്‍ ഫോണ്ടാണ് പേജ് ഇമേജുകള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്. ഉറുദു, ഹിന്ദി, ബംഗാളി, മലയാളം, തമിഴ് എന്നീ ഇന്ത്യന്‍ ഭാഷകളുള്‍പ്പെടെ അമ്പതോളം ഭാഷകളിലെ ഖുര്‍ആന്‍ പരിഭാഷയും ഇബ്‌നു കഥീര്‍, ജലാലൈനി, ഖുര്‍ത്വുബി, ത്വബ്‌രി തുടങ്ങിയ ഒട്ടേറെ അറബി തഫ്‌സീറുകളും യൂസുഫ് അലി, പിക്താള്‍ ഉര്‍പ്പെടെ പ്രസിദ്ധങ്ങളായ പത്തോളം ഇംഗ്ലീഷ് പരിഭാഷകളും ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. ഖുര്‍ആന്‍ പരിഭാഷ, അറബി വ്യാഖ്യാനം എന്നിവയുടെ അവലംബം രിയാദ് കിംഗ് സഊദ് യൂണിവേഴ്‌സിറ്റിയുടെ ഇലക്‌ട്രോണിക് മുസ്ഹഫ് പ്രൊജക്ടാണ്. ചില പരിഭാഷകള്‍ക്കായി Tanzil.com വെബ് സൈറ്റും അവലംബമാക്കിയിരിക്കുന്നു. പ്രശസ്തരായ നാല്‍പതോളം ഖാരിഉകളുടെ ഖുര്‍ആന്‍ പരായണവും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. പരിഭാഷയും വ്യാഖ്യാനവും പാരായണവും ആവശ്യമനുസരിച്ച് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

മലയാളത്തിലെ രണ്ട് ഖുര്‍ആന്‍ പരിഭാഷകള്‍ ഇതിലുള്‍പ്പെടുത്തിയിരുക്കുന്നുവെന്നത് പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. ശൈഖ് മുഹമ്മദ് കാരക്കുന്ന്, വാണിദാസ് എളയാവൂര്‍ എന്നിവരുടെ ഖുര്‍ആന്‍ ലളിതസാരവും ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്, കുഞ്ഞിമുഹമ്മദ് പരപ്പൂര്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ ഖുര്‍ആന്‍ പരിഭാഷയുമാണവ. ഇന്‍ഡക്‌സ് ഇംഗ്ലീഷിലോ അറബിയിലോ തിരഞ്ഞെടുക്കാവുന്നതാണ്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍: https://play.google.com/store/apps/details?id=com.quran.labs.androidquran

Related Articles