Current Date

Search
Close this search box.
Search
Close this search box.

‘മലയാളം ഹദീസ്’

ലോകത്ത് ഇന്ന് ലഭ്യമായ മിക്ക ഹദീസ് ഗ്രന്ഥങ്ങളുടെയും അറബി പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണെന്നത് പോലെ അവയുടെ മൊബൈല്‍ ആപ്പുകളും സുലഭമാണ്. ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, പേര്‍ഷ്യന്‍ തുടങ്ങിയ വിവിധ ഭാഷകളിലുള്ള ഹദീസ് പരിഭാഷകളും മൊബൈല്‍ സ്‌ക്രീനില്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ആധികാരിക ഹദീസ് ഗ്രസ്ഥങ്ങളുടെ മലയാളത്തിലുള്ള വിവര്‍ത്തനങ്ങള്‍ ഇന്റര്‍നെറ്റ് മുഖേനയോ മൊബൈല്‍ ആപ്പ് രീതിയിലോ ലഭ്യമല്ലെന്നത് ഹദീസ് വായനക്ക് പുതിയ ടെക്‌നോളജി പ്രയോജനപ്പെടുത്തുന്നവരെ നിരാശപ്പെടുത്തതിരിക്കില്ല. മലയാളത്തിലെ പ്രധാനപ്പെട്ട ഖുര്‍ആന്‍ പരിഭാഷകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും വെബ് സൈറ്റുകളും ഐഫോണ്‍, ആന്‍ഡ്രായ്ഡ് ആപ്പുകളും ലഭ്യമാണെന്നിരിക്കെ ഹദീസിന്റെ കാര്യത്തില്‍ ഇതൊരു വലിയ ശൂന്യതയായി അനുഭവപ്പെടുകയാണ്.

SFRSM Infotech വികസിപ്പിച്ച ‘മലയാളം ഹദീസ്’ എന്ന മൊബൈല്‍ ആപ്പാണ് പ്രധാനമായും ഈ ഇനത്തില്‍ നമുക്ക് ലഭിക്കുന്ന അപൂര്‍വം ഹദീസ് പരിഭാഷകളിലൊന്ന്. ഹദീസ് നിവേദന രംഗത്തെ പ്രബലരായി മുസ്‌ലിം ലോകം ആദരിക്കുന്ന ഇമാമുമാര്‍ ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി, ഇബ്‌നു മാജ, നസാഇ, ബൈഹഖി തുടങ്ങിയവരുടെ ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത മുവ്വായിരത്തോളം ഹദീസുകളുടെ സമാഹാരമാണിത്. 103 അധ്യായങ്ങളിലായിട്ടാണ് ഇതിലെ ഹദീസുകള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. ബുക്ക്മാര്‍ക്ക്, ആവശ്യാനുസാരം മലയാളം ഫോണ്ടിന്റെ വലുപ്പവും കളറും തിരഞ്ഞെടുക്കല്‍, ഹദീസുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കല്‍ തുടങ്ങിയ സൗകര്യങ്ങളൊക്കെ ആപ്പിലുള്‍പ്പെടുത്തിയിരിക്കുന്നു. ലളിതവും ആകര്‍ഷകവുമായ ലേഔട്ടും അധ്യായങ്ങളിലേക്കും ഹദീസുകളിലേക്കും അതിവേഗം കടന്നെത്താനുള്ള സൗകര്യവും ആപ്പിന്റെ സവിശേഷതയാണ്. ദിനംപ്രതി ഓരോ ഹദീസ് എന്ന തോതില്‍ ഒരു നോട്ടിഫിക്കേഷന്‍ സംവിധാനവും ആപ്പിലുള്‍പ്പെടുത്തിയിരിക്കുന്നു.

മലയാളം പരിഭാഷ മാത്രമാണ് ആപ്പിലുള്ളത്. ഹദീസുകളുടെ അറബിക് ടെക്‌സ്റ്റ് ലഭ്യമല്ലെന്നത് ഇതിന്റെ പോരായ്മയാണ്. ഹദീസ് തിരഞ്ഞെടുത്തതിന്റെ മാനദണ്ഡമെന്താണെന്ന് ആപ്പില്‍ വ്യക്തമാക്കുന്നുമില്ല. സെര്‍ച്ച് സംവിധാനം അത്ര കാര്യക്ഷമവുമല്ല. അതേസമയം മലയാളം ഹദീസ് സമാഹാരങ്ങളുടെ കൂട്ടത്തില്‍ മൊബൈല്‍ ആപ്പ് രൂപത്തില്‍ ലഭ്യമായ ഏറെക്കുറെ നല്ലൊരു സംരംഭമെന്ന നിലക്ക് ഇത് ശ്രദ്ധേയമാണെന്ന് പറയാം.

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍:
https://play.google.com/store/apps/details?id=com.sfrsminfotech.hadithmalayalam

Related Articles