Apps for You

അനന്തരാവകാശ നിയമങ്ങള്‍ക്കൊരു മൊബൈല്‍ ആപ്പ്

പഠിക്കാനും പഠിപ്പിക്കാനും പ്രവാചകന്‍ പ്രത്യേകം പ്രോല്‍സാഹിപ്പിച്ച വിജ്ഞാനശാഖയാണ് അനന്തവകാശ നിയമങ്ങള്‍. അഭിപ്രായ ഭിന്നതകള്‍ക്ക് ഇടമില്ലാത്ത വിധം വിശുദ്ധ ഖുര്‍ആന്‍ വളരെ വിശദമായിത്തന്നെ ഈ നിയമങ്ങള്‍ വിവരിക്കുന്നുണ്ട്. ഇതിന്റെ ചുവട്പിടിച്ച് പഴയതും പുതിയതുമായ ഇസ്‌ലാമിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങളെല്ലാം തന്നെ അര്‍ഹിക്കുന്ന വിധത്തില്‍ ഈ വിജ്ഞാനശാഖ കൈകാര്യം ചെയ്തിരിക്കുന്നു. ദായധനത്തിന്റെ നിതിപൂര്‍വമായ വിതരണമാണ് ഇസ്‌ലാം ലക്ഷ്യമാക്കുന്നത്. മരണപ്പെട്ട വ്യക്തിയുമായുള്ള എറ്റവുമടുത്ത ബന്ധങ്ങള്‍ക്കാണ് ഇവിടെ മുന്‍ഗണന.

അവകാശികള്‍ ആരൊക്കെയെന്ന് മൊബൈല്‍ ആപ്പിന് നല്‍കുക. അനന്തരസ്വത്തിന്റെ മൊത്തം മൂല്യവും എന്റര്‍ ചെയ്യുക. ഓരോരുത്തരുടെയും വിഹിതവും അതിന്റെ മൂല്യവും നിമിഷങ്ങള്‍ക്കകം മൊബൈല്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുകയായി. അതിനുള്ള ഖുര്‍ആന്‍, ഹദീസ് ഉള്‍പ്പെടെയുള്ള ‘ശറഇ’യായ ന്യായങ്ങളും തെളിവുകളും അതേ സ്‌ക്രീനില്‍ തന്നെ ലഭിക്കുന്നു. രിയാദില്‍ പ്രവര്‍ത്തിക്കുന്ന ‘അറേബ്യ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി’ എന്ന സ്ഥാപനമാണ് ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് വേണ്ടി ഇത്തരമൊരു ആപ്പ് വികസിപ്പിച്ച് പ്ലേസ്‌റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്നത്. സ്ഥാപനം പുറത്തിറക്കിയ ഒമ്പത് ഹദീസ് ഗ്രന്ഥങ്ങളുള്‍ക്കൊണ്ട ‘ഓഫ്‌ലൈന്‍ ഹദീസ് റഫറന്‍സ്’ ആപ്പ് ഈ പംക്തിയില്‍ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. പണ്ഡിതരും ഗവേഷകരും ഐ.ടി വിദഗ്ദരുമുള്‍ക്കൊണ്ട സംഘമാണ് ആപ്പ് വികസനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് നിര്‍മ്മാതാക്കള്‍ ആമുഖമായി പറയുന്നുണ്ട്. ഈ വിജ്ഞാനശാഖയില്‍ പ്രത്യേകം വൈദഗ്ധ്യം നേടിയ പണ്ഡിതന്‍മാര്‍ ഉള്ളടക്കം പരിശോധിച്ച് ആപ്പിന്റെ ആധികാരികത ഉറപ്പ് വരുത്തുകയും ചെയ്തിരിക്കുന്നു. ശാഫി, ഹനഫി, ഹമ്പലി, മാലിക്കി എന്ന് നാല് കര്‍മ്മശാസ്ത്ര സരണികള്‍ തമ്മിലെ നേരിയ ഭിന്നതകള്‍ വരെ ഇതില്‍ അടയാളപ്പെടുത്തിയതായി കാണാം.

അനന്തരാവകാശ വിഷയങ്ങളില്‍ തല്‍പരരായ വിദ്യാര്‍ഥികള്‍ക്കും അറബിക് കോളേജുകളിലെ അധ്യാപര്‍ക്കും മാത്രമല്ല ഈ വിഷയവുമായി നിരന്തരം ബന്ധപ്പെടുന്ന പണ്ഡിതന്‍മാര്‍ക്കും പ്രശ്‌നങ്ങളില്‍ തീര്‍പ്പ് കല്‍പിക്കാന്‍ പലപ്പോഴും ബാധ്യസ്ഥരാവുന്ന മഹല്ല് ഖാസിമാര്‍ക്കും മറ്റും ആപ്പ് വലിയ തോതില്‍ പ്രയോജനപ്പെടും. വിഷയവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങളുടെ വ്യാഖ്യാനം, പ്രവാചക വചനങ്ങള്‍, ആധികാരിക ഗ്രന്ഥങ്ങള്‍, പ്രത്യേക പ്രശ്‌നങ്ങളില്‍ മുന്‍കാല പണ്ഡിതന്‍മാര്‍ കല്‍പിച്ച വിധിതീര്‍പ്പുകള്‍, സാങ്കേതിക പദങ്ങളും അവയുടെ വിശദീകരണങ്ങളും എന്നിങ്ങനെ ഈ വിജ്ഞാനശാഖയില്‍ ആഴത്തിലുള്ള പഠനത്തിനാവശ്യമായ നല്ലൊരു റഫറന്‍സ് ലൈബ്രറിയും ആപ്പിലുള്‍പ്പെടുത്തിയിരിക്കുന്നു. ആപ്പിന്റെ അറബി പതിപ്പ് മാത്രമാണ് ഇപ്പോള്‍ പ്ലേസ്‌റ്റോറില്‍ ലഭ്യമായിട്ടുള്ളത്. ഡൗണ്‍ലോഡ് ചെയ്യാന്‍:

Facebook Comments
Related Articles
Show More
Close
Close