Current Date

Search
Close this search box.
Search
Close this search box.

ഹദീസ് എന്‍സൈക്ലോപീഡിയ

സോഷ്യല്‍ മീഡിയയുടെ കാലത്ത് ഹദീസ് എന്ന പേരില്‍ ധാരാളം ഫോര്‍വേഡ് മെസ്സേജുകള്‍ വാട്ട്‌സ്ആപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും മറ്റും നമുക്ക് ലഭിക്കാറുണ്ട്. അറബി ഭാഷയിലെഴുതിയതെന്തും ഹദീസുകളാണെന്ന ധാരണയിലാണ് പലരും ഇവ കൈകാര്യം ചെയ്യുന്നത്. ഹദീസുകളില്‍ തന്നെ പ്രബലമായതും ദുര്‍ബലമായതും പ്രവാചകന്റെ പേരില്‍ കെട്ടിച്ചമച്ചവയുമുണ്ട്.

ഫോര്‍വേഡ് ചെയ്തു ലഭിക്കുന്ന ഇത്തരം ഹദീസുകളുടെ പ്രാമാണികത എങ്ങനെ ഉറപ്പുവരുത്തും? അതിനുള്ള ഉത്തരമാണ് ‘അല്‍ മൗസൂഅത്തുല്‍ ഹദീസിയ്യ’ എന്ന മൊബൈല്‍ ആപ്പ്. നിലവില്‍ ലഭ്യമായ ഹദീസ് ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ട ലക്ഷക്കണക്കിന് ഹദീസുകളില്‍ പ്രബലമായവ, ദുര്‍ബലമായവ, പ്രവാചകന്റെ പേരില്‍ കെട്ടിച്ചമച്ചവ ഇവയൊക്കെ നിമിഷനേരം കൊണ്ട് കണ്ടെത്താനാവുന്ന വിധത്തില്‍ സജ്ജമാക്കിയ അത്യന്തം കാര്യക്ഷമമായൊരു സെര്‍ച്ച് സംവിധാനമാണ് ആപ്പിന്റെ സവിശേഷത. ഹദീസ് നിരൂപണ ശാസ്ത്രം, നിവേദകരുടെ ജീവചരിത്രം തുടങ്ങിയ വിജ്ഞാന ശാഖകളില്‍ അവഗാഹം നേടിയ പണ്ഡിതന്‍മാരുടെ അഭിപ്രായങ്ങളും വിധികളുമാണ് ഇതിന് ആധാരമാക്കുന്നത്.

വൈജ്ഞാനിക സേവനം ലക്ഷ്യമാക്കി സ്ഥാപിതമായ ‘അദ്ദുററുസ്സുന്നിയ്യ’ എന്ന ‘വഖ്ഫ്’ സ്ഥാപനമാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ‘ദുറര്‍ ഡോട്ട് നെറ്റ്’ (dorar.net) എന്ന പേരില്‍ ഇതിന്റെ വിപുലമായ വെബ് സൈറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. സുന്നത്തിന്റെ സംരക്ഷണമാണ് മുഖ്യ ലക്ഷ്യം. ലോകത്തെങ്ങുമുള്ള പഠിതാക്കള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ ആധുനിക ടെക്‌നോളജി പ്രയോജനപ്പെടുത്തി വിപുലവും ആധികാരികവുമായൊരു ഹദീസ് വിജ്ഞാന ശേഖരത്തിന്റെ നിര്‍മ്മിതിയും ഇത് ലക്ഷ്യമാക്കുന്നു.

ഇതിലെ സെര്‍ച്ച് സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ മൊബൈലില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വേണം. അതേസമയം ബുഖാരി, മുസ്‌ലിം എന്നീ രണ്ട് പ്രബല ഹദീസ് ഗ്രസ്ഥങ്ങള്‍ ഓഫ്‌ലൈനില്‍ ലഭിക്കുന്ന വിധത്തില്‍ സജ്ജമാക്കിയിരിക്കുന്നു. ഇതിന് പുറമെ ഹദീസുകളെന്ന പേരില്‍ വ്യാപകമായി ഉദ്ധരിക്കപ്പെടാറുള്ള അതീവ ദുര്‍ബലവും വ്യാജവുമായവ പ്രത്യേകം ക്രോഡീകരിച്ച് ഓഫ്‌ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഉദാഹരണമായി ‘ചൈനയില്‍ പോയിട്ടെങ്കിലും വിദ്യയഭ്യസിക്കുക’, ‘റമദാന്‍ ആദ്യഭാഗം കാരുണ്യവും മധ്യഭാഗം പാപമോചനവും അവസാനഭാഗം നരകമോചനവുമാണ്’, ‘നോമ്പെടുക്കുക, ആരോഗ്യവാന്‍മാരാവുക’, ‘നബിയേ താങ്കളില്ലായിരുന്നെങ്കില്‍ ഈ ഗോളങ്ങളൊന്നും ഞാന്‍ സൃഷ്ടിക്കുമായിരുന്നില്ല’ തുടങ്ങി ഹദീസുകളെന്ന പേരില്‍ ഉദ്ധരിക്കപ്പെടാറുള്ളവ ഒന്നുകില്‍ ദുര്‍ബലമോ അല്ലെങ്കില്‍ കള്ള ഹദീസുകളോ ആണെന്ന് പ്രമുഖരായ ഹദീസ് നിരൂപകരുടെ പഠനങ്ങള്‍ അവലംബമാക്കി ആപ്പ് വ്യക്തമാക്കുന്നു.

ഹദീസ് പഠിതാക്കള്‍ക്ക് അങ്ങേയറ്റം ഉപകാരപ്രദമായ ഈ ആപ്പ് എല്ലാ നിലക്കും സൗജന്യമാണ്. അതായത് സൗജന്യ ആപ്പുകളില്‍ പലപ്പോഴും ശല്യമാകാറുള്ള പരസ്യങ്ങളൊന്നും ആപ്പില്‍ പ്രത്യക്ഷപ്പെടുന്നതല്ല. ആന്‍ഡ്രോയ്ഡ് ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍: https://play.google.com/store/apps/details?id=com.zad.hadith

 

Related Articles