Current Date

Search
Close this search box.
Search
Close this search box.

വിവര്‍ത്തനത്തിന് ഒരു മൊബൈല്‍ ആപ്പ്

മലയാളം വശമുണ്ടായാല്‍ മതി. ഭാഷ ഏതുമാകട്ടെ എല്ലാം ഗൂഗ്ള്‍ നിങ്ങള്‍ക്കായി പരിഭാഷപ്പെടുത്തിത്തരും.

ഓണ്‍ലൈനായി നൂറ്റിമൂന്ന് ഭാഷകള്‍. ഓഫ്‌ലൈനായി അമ്പത്തി ഒമ്പത് ഭാഷകള്‍. നിഘണ്ടുവായും വിവര്‍ത്തകനായും ‘ഗൂഗ്ള്‍ ട്രാന്‍സ്‌ലേറ്റ്’ (Google Translate) നിങ്ങളുടെ മൊബൈല്‍ ഫോണില്‍ കൂടെയുണ്ട്. ഏത് ഭാഷയില്‍ നിന്ന് ഏത് ഭാഷയിലേക്ക് പരിഭാഷ വേണമെന്ന് നിങ്ങള്‍ തീരുമാനിച്ചാല്‍ മതി. ടൈപ് ചെത്‌തോ കൈയ്യക്ഷരമായോ അതല്ലെങ്കില്‍  നിങ്ങളുടെ  ശബ്ദത്തിലോ അതുമല്ലെങ്കില്‍ മൊബൈലിലെ ക്യാമറ മുഖേനയോ ഏത് രീതിയില്‍ വേണമെങ്കിലും ഗൂഗ്ള്‍ ട്രാന്‍സ്‌ലേറ്ററെ സമീപിക്കാം. പരിഭാഷ തയ്യാര്‍. ക്യാമറ ഉപയോഗിച്ച് മുപ്പത്തേഴ് ഭാഷകളില്‍ മാത്രമേ ഇപ്പോള്‍ ഈ സൗകര്യം ലഭ്യമാകൂ എന്ന പരിമിതിയുണ്ട്. മലയാളം ഇതിലുള്‍പ്പെടുന്നില്ല. അതായത് ക്യാമറ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുന്ന മലയാളം ലിപി ഇതര ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താനാവില്ല. അതേസമയം ഇംഗ്ലീഷ്, അറബി, ഹിന്ദി, ഉറുദു തുടങ്ങിയ ഒട്ടേറെ ഭാഷകളില്‍ നിന്ന് ക്യാമറ മുഖേന മലയാളത്തിലേക്ക് ട്രാന്‍സ്‌ലേഷന്‍ സാധ്യവുമാണ്.

ഓഫീസ് ജോലികളിലെന്ന പോലെ യാത്രകളിലും ഈ മൊബൈല്‍ ആപ്പ് ഏറെ പ്രയോജനപ്രദമാണ്. രാജ്യാന്തര യാത്രയില്‍ ഭാഷ ഇപ്പോള്‍ ഒരു തടസ്സമല്ല. യൂറോപ്പിലെ ഏതെങ്കിലുമൊരു നഗരത്തില്‍ പോയി ഗൂഗ്‌ളിന്റെ ഈ ആപ്പ് ഓപ്പണ്‍ ചെയ്തു ‘എനിക്ക് ഒരു ഗ്ലാസ്സ് വെള്ളം തരൂ’ എന്ന് മലയാളത്തില്‍ പറയുന്നതോടെ ‘‘Give me a glass of water’ എന്ന് ആപ്പ് ട്രാന്‍സ്‌ലേറ്റ് ചെയ്യുക മാത്രമല്ല സ്ഫുടമായ സ്ത്രീ ശബ്ദത്തില്‍ അത് ഉച്ചരിക്കുകയും ചെയ്യുന്നു. ഇനി ഗള്‍ഫ് നഗരത്തിലാണുള്ളതെങ്കില്‍ ഇതേ വാചകം അറബിയിലേക്കും പരിഭാഷപ്പെടുത്താം. യാത്രയിലായിരിക്കെ റോഡരികിലോ മറ്റോ അന്യഭാഷയിലെഴുതിയ ഒരു മാര്‍ഗനിര്‍ദ്ദേശക ബോര്‍ഡ് കണ്ട് വായിക്കാനറിയാതെ പ്രയാസപ്പെടേണ്ടതില്ല. ഫോണിന്റെ ക്യാമറ ആ ബോര്‍ഡിലേക്ക് ഫോക്കസ് ചെയ്താല്‍ മതി. ബോര്‍ഡിലെ എഴുത്ത് നിങ്ങള്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ വായിക്കാനാവുന്നു.

2006 ഏപ്രിലില്‍ ലോഞ്ച് ചെയ്ത ഈ ആപ്പ്, പരിഭാഷ സംബന്ധമായ മിക്ക ആവശ്യങ്ങളും ഏറെക്കുറെ കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കുന്ന വിധത്തില്‍ വികസിച്ചിരിക്കുന്നു. വാക്കുകുളം വാചകങ്ങളും മാത്രമല്ല പുസ്തകത്താളുകളും വെബ്‌സൈറ്റുകളും അതിവേഗം പരിഭാഷപ്പെടുത്താന്‍ ഇത് സഹായിക്കുന്നു. ഗൂഗ്ള്‍ പ്ലേസ്‌റ്റോറില്‍ വ്യത്യസ്ത ഭാഷകളിലായി നിഘണ്ടുക്കളുടെ ആയിരക്കണക്കിന് ആപ്പുകളുണ്ട്. മലയാളത്തില്‍ നിന്ന് വിവിധ ഭാഷകളിലേക്കും തിരിച്ചും വിവര്‍ത്തനത്തിനായി ദശക്കണക്കിന് ആപ്പുകള്‍ തന്നെ ലഭ്യമാണ്. പക്ഷെ ഇത്തരം ആപ്പുകളെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ടാണ് ഗൂഗ്ള്‍ ട്രാന്‍സ്‌ലേറ്റ് പ്രവര്‍ത്തിക്കുന്നത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍.https://play.google.com/store/apps/details?id=com.google.android.apps.translate

Related Articles