Apps for You

കണക്കുകള്‍ ക്രമപ്പെടുത്താം

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ദൈനംദിന വരവു ചിലവുകളും ഗൃഹബജറ്റും മറ്റ് സാമ്പത്തിക ഇടപാടുകളും കൃത്യമായി രേഖപ്പെടുത്താനും ആവശ്യമുള്ളപ്പോള്‍ ആവശ്യമായ രീതിയില്‍ റിപ്പോര്‍ട്ട് ലഭ്യമാക്കാനും സഹായിക്കുന്ന നൂറുക്കണക്കിന് ആപ്പുകള്‍ പ്ലേസ്‌റ്റോറില്‍ ലഭ്യമാണ്. ഇങ്ങനെയൊരു ആപ്പിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഏത് തിരഞ്ഞെടുക്കണമെന്നായിരിക്കും ഉപയോക്താവിന് മുമ്പിലുള്ള വലിയ പ്രശ്‌നം.

Bishinews വികസിപ്പിച്ചതും 2010 മുതല്‍ പത്ത് വര്‍ഷങ്ങളിലായി നിരവധി അപ്‌ഡേഷനുകള്‍ മുഖേന കുറ്റങ്ങളും കുറവുകളും തീര്‍ത്തതുമായ ‘Expense Manager’ ഈ ഇനത്തിലെ ഭേദപ്പെട്ട ആപ്പുകളിലൊന്നാണ്. പ്ലേസ്‌റ്റോറില്‍ ലഭ്യമായ പേഴ്‌സണല്‍ അക്കൗണ്ടിംഗ് ആപ്പുകളുടെ കൂട്ടത്തില്‍ വന്‍ സ്വീകാര്യത ലഭിച്ച ഈ ആപ്പ്, അക്കൗണ്ടിംഗ് രംഗത്ത് തീരെ പരിചയമില്ലാത്തവര്‍ക്ക് പോലും ഒന്നോ രണ്ടോ ദിവസത്തെ സ്വയം പരിശീലനത്തിലൂടെ സ്വായത്തമാക്കാവുന്നതാണ്. അത്യന്തം ലളിതമായ ഘടനയാണ് ഇതിന്റെ സവിശേഷത. തിയ്യതി, വരവ്/ചിലവ് സംഖ്യ, Payee/Payer, കാറ്റഗറി, ആവശ്യമെങ്കില്‍ ലഘു വിവരണം എന്നിവ എന്റര്‍ ചെയ്തു സേവ് ചെയ്യുന്നതോടെ ട്രാന്‍സാക്ഷന്‍ പൂര്‍ത്തിയായി. ചെക്ക് നമ്പര്‍, പേയ്‌മെന്റ് മെത്തേഡ് തുടങ്ങിയ വിവരങ്ങളും നല്‍കാനുള്ള സൗകര്യമുണ്ട്. ഇപ്രകാരം നമ്മുടെ ദൈനംദിന ഇടപാടുകള്‍ എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ ആവശ്യമുള്ള രീതിയില്‍ റിപ്പോര്‍ട്ട് ലഭിക്കും. ദിവസം, ആഴ്ച, മാസം, വര്‍ഷം, Payee, Payer, Category എന്നിങ്ങനെ വ്യത്യസ്ത രീതിയിലെ റിപ്പോര്‍ട്ടുകള്‍ തെരഞ്ഞെടുക്കാം.

ഒരേ ആപ്പില്‍ തന്നെ വ്യത്യസ്ത പേരുകളിലായി നിരവധി അക്കൗണ്ടുകള്‍ മാനേജ് ചെയ്യാവുന്നതാണ്. അതായത് ദൈനംദിന വീട്ടു ചിലവുകളും വരവുകളും ബജറ്റും ക്രമപ്പെടുത്തുന്നതോടൊപ്പം വ്യാപാരികളാണെങ്കില്‍ ബിസിനസ് കണക്കുകളും പൊതു പ്രവര്‍ത്തകര്‍ക്ക് തങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനത്തിന്റെയോ സംഘടനയുടെയോ സാമ്പത്തിക കണക്കുകളുമൊക്കെ ഒരേ ആപ്പില്‍ തന്നെ മാനേജ് ചെയ്യാവുന്നതാണ്. ഓരോന്നിന്റെയും പ്രത്യേകം റിപ്പോര്‍ട്ടുകളും ലഭ്യമാക്കാം.

ഫോണ്‍ നഷടപ്പെട്ടാലും നാം എന്റര്‍ ചെയ്യുന്ന കണക്കുകള്‍ ഒരിക്കലും നഷ്ടപ്പെടുന്നില്ലെന്നതാണ് ആപ്പിന്റെ മറ്റൊരു സവിശേഷത. മെമ്മറി കാര്‍ഡിലേക്ക് എപ്പോഴും ബാക്കപ്പ് ചെയ്യാമെന്നതിന് പുറമെ നമ്മുടെ -Dropbox, Google Drive, OneDrive എന്നീ ക്ലൗഡ് സ്‌റ്റോറേജുകളിലേക്കും ഡാറ്റ അപ്‌ലോഡ് ചെയ്യാം. തുടര്‍ന്ന് നാം ഉപയോഗിക്കുന്ന ഏത് ഫോണിലൂടെയും ഈ ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. രണ്ട് ഫോണുപയോഗിക്കുന്നവരാണെങ്കില്‍ രണ്ടാമത്തെ ഫോണിലേക്കും ഡാറ്റ മാറ്റാവുന്നതാണ്. ഇന്ത്യന്‍ രൂപ ഉള്‍പ്പെടെ ലോകത്തെ മിക്ക കറന്‍സികളും ഇതില്‍ സെറ്റ് ചെയ്യാന്‍ സാധിക്കും. 2012 മുതല്‍ ഈ ലേഖകന്‍ സ്ഥിരമായി ഉപയോഗിച്ചുവരുന്നതും ഏറ്റവും സൗകര്യപ്രദമെന്ന് അനുഭവത്തിലൂടെ മനസ്സിലാക്കിയതുമായ ആപ്പ് എന്ന നിലക്കാണ് ഇതിവിടെ പരിചയപ്പെടുത്തുന്നത്.

ആപ്പിന്റെ ഫ്രീ വേര്‍ഷന് പുറമെ 410 രൂപക്ക് പ്രോ വേര്‍ഷനും പ്ലേസ്‌റ്റോറില്‍ ലഭിക്കും. രണ്ടിന്റെയും പ്രവര്‍ത്തനം ഒന്നുതന്നെ. പ്രോ വേര്‍ഷന് താഴെ പരസ്യം വരില്ലെന്ന വ്യത്യാസം മാത്രമാണുള്ളത്.

ഫ്രീ വേര്‍ഷന്‍: https://play.google.com/store/apps/details?id=com.expensemanager

പ്രോ വേര്‍ഷന്‍: https://play.google.com/store/apps/details?id=com.expensemanager.pro
Facebook Comments
Related Articles

Check Also

Close
Close
Close