Current Date

Search
Close this search box.
Search
Close this search box.

‘ആയാത്ത് – അല്‍ ഖുര്‍ആന്‍’

സൗദിയിലെ കിംഗ് സഊദ് യൂണിവേഴ്‌സിറ്റിയുടെ ഇലക്‌ട്രോണിക് മുസ്ഹഫ് പ്രൊജക്ടിന്റെ ഭാഗമായിട്ടാണ് ‘ആയാത്ത് – അല്‍ ഖുര്‍ആന്‍’ മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡിന് പുറമെ ഐഫോണിലും വിന്‍ഡോസ് മൊബൈലിലും ആപ്പ് ലഭ്യമാണ്. യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിലൂടെ ഇതിന്റെ വിന്‍ഡോസ്, ലിനക്‌സ്, മാക് പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തു സാധാരണ കമ്പ്യൂട്ടറിലും ഉപയോഗിക്കാവുന്നതാണ്.

മദീന കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലകസിന് വേണ്ടി തയ്യാറാക്കിയ മുസ്ഹഫ് പേജിന്റെ തനിപ്പകര്‍പ്പ്, പാരായണ നിയമങ്ങള്‍ വ്യത്യസ്ത കളറുകള്‍ നല്‍കി അടയാളപ്പെടുത്തിയ തജ്‌വീദ് മുസഹഫ് എന്നിവ ഇതുള്‍ക്കൊള്ളുന്നു. ഇബ്‌നു കഥീര്‍, അല്‍വസീത്വ്, സഅദി, ബഗവി, ഖുര്‍ത്വുബി എന്നിങ്ങനെ 6 അറബി തഫ്‌സീര്‍ ഗ്രന്ഥങ്ങള്‍ക്ക് പുറമെ ജലാലൈനി തഫ്‌സീറിന്റെ ഇന്തോനേഷ്യന്‍ പരിഭാഷയും സഅദി തഫ്‌സീറിന്റെ റഷ്യന്‍ പരിഭാഷയും ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. ഏക ഇംഗ്ലിഷ് വ്യാഖ്യാനമായി ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ ഇംഗ്ലീഷ് പരിഭാഷയാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

ഖാസിം ദആസ് രചിച്ച ഖുര്‍ആന്‍ ഗ്രാമര്‍ ഗ്രന്ഥവും ഇരുപതിലേറെ ഭാഷകളിലെ ഖുര്‍ആന്‍ പരിഭാഷയും ഇംഗ്ലീഷ്, ഉറുദു പരിഭാഷകളുടെ ഓഡിയോയും ഇതില്‍ ലഭിക്കുന്നു. മലയാളത്തില്‍ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ പരിഭാഷയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രശസ്തരായ നാല്‍പയോളം ഖാരിഉകളുടെ പാരായണത്തില്‍ നിന്ന് മൊബൈലിലെ സ്‌റ്റോറേജ് കപ്പാസിറ്റിയനുസരിച്ച് നമുക്കാവശ്യമായവ തെരഞ്ഞെടുത്ത് ഡൗണ്‍ലോഡ് ചെയ്യാം.

ആകര്‍ഷകമായ പേജ് ഘടനയും ഖുര്‍ആന്‍ അധ്യായങ്ങളിലേക്കും വ്യാഖ്യാനങ്ങളിലേക്കും പാരായണങ്ങളിലേക്കും അതിവേഗം എത്തിച്ചേരാനുള്ള ഇണ്ടക്‌സ് സൗകര്യവും ഇതിന്റെ സവിശേഷതയാണ്. നല്ലൊരു ബുക്ക്മാര്‍ക്ക് സംവിധാനവും ഇതുള്‍ക്കൊള്ളുന്നു. ബുക്ക്മാര്‍ക്കിനോടൊപ്പം ആവശ്യമായ കുറിപ്പുകളെഴുതി സൂക്ഷിക്കാനും സാധ്യമാണ്. ആയത്തുകള്‍ കോപ്പി ചെയ്തു സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യാനും സൗകര്യമുണ്ട്. ഓണ്‍ലൈനായും ഓഫ്‌ലൈനായും യഥേഷ്ടം ആപ്പ് ഉപയോഗിക്കാം. പരസ്യങ്ങളില്‍ നിന്ന് മുക്തവുമാണ്. ലോകത്തെങ്ങുമായി കോടിക്കണക്കിന് ഉപയോക്താക്കളുള്ള ജനകീയവും അതേസമയം ആധികാരികവുമായ ഖുര്‍ആന്‍ ആപ്പ് എന്ന് ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍.
https://play.google.com/store/apps/details?id=sa.edu.ksu.Ayat

Related Articles