Apps for You

‘ഉമര്‍’ ചരിത്രം മനസ്സില്‍ കോറിയിടുകയാണ്

അറബ് ഡ്രാമാ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ സംരംഭമെന്ന് വിശേഷിപ്പിക്കപ്പെട്ട ‘ഉമര്‍(റ)’ സീരിയല്‍ നേരത്തെ രണ്ടുമൂന്ന് തവണ യൂട്യൂബിലൂടെ കണ്ടിരുന്നു. എത്ര തവണ കണ്ടാലും മതിവരാത്ത ചരിത്ര സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ആവിഷ്‌കാരം. പ്രവാചക കാലഘട്ടത്തിന്റെ ചരിത്രത്തിലേക്ക് നമ്മെ കൈപിടിച്ചാനയിക്കുന്ന ദൃശ്യവിസ്മയം. ഇപ്പോള്‍ മലയാളം സബ് ടൈറ്റിലുകളോടെ അഞ്ച് ഡിവിഡികളിലായി ഇത് മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കയാണ്.

മുപ്പത് എപ്പിസോഡുകളിലായി ഇരുപത്തിയഞ്ച് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം. പ്രവാചകത്വ ലബ്ധിയുടെ ആറ് വര്‍ഷം മുമ്പ് മുതല്‍ ഖലീഫാ ഉമര്‍(റ)വിന്റെ രക്തസാക്ഷിത്വം വരെയുള്ള ഇസ്‌ലാമിക ചരിത്രം ഇതില്‍ വരച്ചുകാണിക്കുന്നു. വിശ്വാസ യോഗ്യമായ സ്രോതസ്സിലൂടെ ലഭിച്ച ചരിത്ര സംഭവങ്ങള്‍ മാത്രമേ സീരിയലില്‍ വിഷയമാക്കിയിട്ടുള്ളൂ എന്നാണ് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്. സീരിയല്‍ പൂര്‍ണ്ണമായും കാണുന്നതോടെ അതു ശരിയാണെന്ന് നമുക്കും ബോധ്യമാവാതിരിക്കില്ല. സിറിയന്‍ ചലച്ചിത്രപ്രവര്‍ത്തകനായ ഡോ. വലീദ് സെയ്ഫിന്റെതാണ് തിരക്കഥ. സംവിധാനം ഹാതിം അലി. ദുബായ് ആസ്ഥാനമായ മിഡില്‍ഈസ്റ്റ് ബ്രോഡ്കാസ്റ്റിംഗ് സെന്ററും (MBC) ഖത്തര്‍ ടെലിവിഷനും ചേര്‍ന്നാണ് നിര്‍മാണം.

വന്‍മുതല്‍ മുടക്കുള്ള ഈ സീരിയലിന് വേണ്ടി മൊറോക്കോയുടെ പ്രാന്തപ്രദേശത്ത് പഴയകാല മക്കയും, ഡമാസ്‌കസില്‍ പഴയകാല മദീന പട്ടണവും കൃത്രിമമായി നിര്‍മ്മിക്കുകയുണ്ടായി. പേര്‍ഷ്യ, റോം സാമ്രാജ്യങ്ങളുടെ തലസ്ഥാന നഗരികള്‍, കോട്ട കൊട്ടാരങ്ങള്‍, മദീനയിലെ ജൂത കോട്ടകള്‍, മുസൈലമയുടെ ‘ഹദീഖത്ത്’ എന്നറിയപ്പെട്ടിരുന്ന കോട്ട. എല്ലാം പുനര്‍നിര്‍മ്മിച്ചിരിക്കുന്നു.

ആയിരഞ്ഞൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള നാഗരികതയിലേക്ക് നമ്മെ നയിക്കുന്നതാണ് സീരിയല്‍. മുന്നൂറിലേറെ പ്രധാന അഭിനേതാക്കള്‍. പത്ത് രാഷ്ട്രങ്ങളില്‍ നിന്നായി അഞ്ഞൂറോളം സാങ്കിേതിക വിദഗ്ദര്‍. മുപ്പതിനായിരത്തോളം പേര്‍ പങ്കെടുത്ത യുദ്ധ ചിത്രീകരണങ്ങള്‍. 3800 ഒട്ടകങ്ങള്‍, 1500 കുതിരകള്‍, 1970 ഒറിജിനല്‍ വാളുകള്‍, 4000 അസ്ത്രങ്ങള്‍, 400 വില്ലുകള്‍, ആയിരക്കണക്കിന് പരിചകള്‍ തുടങ്ങിയവയൊക്കെ ഇതിന്റെ ചിത്രീകരണത്തിന് ഉപയോഗിച്ചുവെന്നാണ് കണക്ക്. ഇനിയും സവിശേഷതകളേറെയുണ്ട് എഴുതാന്‍.

നാല് ഖലീഫമാരെയും ഹംസ(റ), അബ്ബാസ്(റ) അബ്ദുറഹ്മാന്‍ ബിന്‍ ഔഫ്(റ), അബൂഉബൈദ(റ), ഖാലിദ് ബിന്‍ അല്‍വലീദ്(റ), അംറ് ബിന്‍ അല്‍ആസ്(റ) തുടങ്ങിയ പ്രമുഖരായ ധാരാളം സഹാബിമാരെയും ഇതില്‍ ചിത്രീകരിക്കുന്നുണ്ട്. പ്രവാചകനെയോ പത്‌നിമാരെയോ ചിത്രീകരിക്കുന്നില്ലെങ്കിലും പ്രവാചകന്റെ അദൃശ്യ സാന്നിധ്യം പരമ്പരയില്‍ നിറഞ്ഞു നില്‍ക്കുന്നു. അബൂതാലിബ്, അബൂ ജഹല്‍, അബൂലഹബ്, ഉത്ബത് ബിന്‍ റബീഅ, ഉമയ്യത് ബിന്‍ ഖലഫ്, വലീദ് ബിന്‍ മുഗീറ തുടങ്ങിയ ഖുറൈശി പ്രമാണിമാരെയും ചിത്രീകരിച്ചിരിക്കുന്നു. ആരുടെയും യഥാര്‍ഥ രൂപങ്ങള്‍ക്ക് ഈ അഭിനേതാക്കളുമായി സാമ്യമില്ലെന്നും അവ നിഴല്‍ രൂപങ്ങളായി കണക്കാക്കണമെന്നും തുടക്കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

2012 റമദാനിലാണ് അറബ് ലോകത്ത് ഇതിന്റെ ആദ്യ പ്രദര്‍ശനം നടന്നത്. അന്ന് ഫിലിമിനെ അനുകൂലിച്ചും എതിര്‍ത്തും വന്‍ വിവാദം തന്നെ അരങ്ങേറുകയുണ്ടായി. സല്‍മാനുല്‍ ഔദ, ഡോ. യൂസുഫുല്‍ ഖറദാവി, ആദില്‍ അല്‍ കല്‍ബാനി, അലി അസ്സലാബി, അബ്ദുല്‍ വഹാബ് അത്ത്വരീരി തുടങ്ങിയ ഒട്ടേറെ പണ്ഡിതന്‍മാര്‍ അനുകൂലിച്ചപ്പോള്‍, സാലിഹ് അല്‍ഫൗസാന്‍, അബുല്ലാഹ് ബിന്‍ സായിദ് ആലുനഹ്‌യാന്‍, സാലിഹുല്‍ മുഗാംസി, മുഹമ്മദ് സാലിഹ്, മുഹമ്മദ് ഹസ്സാന്‍, സൗദി ഗ്രാന്റ് മുഫ്തി തുടങ്ങിയ ധാരാളം പ്രമുഖര്‍ എതിര്‍ത്തു. രണ്ടു വിഭാഗവും അവരവരുടെ ന്യായങ്ങള്‍ നിരത്തി. ‘ഒരൊറ്റ യൂട്യൂബ് ചിത്രം ആയിരം ചരിത്ര ഗ്രന്ഥങ്ങളെക്കാള്‍ ഫലപ്രദം’ എന്നുവരെ അനുകൂലിക്കുന്നവര്‍ എഴുതി. അതേസമയം ഈ സീരിയല്‍ കാണുന്നത് പോലും നിഷിദ്ധമാണെന്ന് (ഹറാം) ഫത്‌വ നല്‍കിയ പണ്ഡിതന്‍മാരും ഉണ്ടായിരുന്നു.

ഇസ്‌ലാമിക ചരിത്ര വിദ്യാര്‍ഥികള്‍ക്കും ചരിത്ര കുതുകികള്‍ക്കും ഇത് വലിയൊരു വിജ്ഞാന കലവറയായി അനുഭവപ്പെടാതിരിക്കില്ല. ചരിത്രബോധം ഉറപ്പിക്കാനും ഒട്ടേറെ തെറ്റുദ്ധാരണകള്‍ തിരുത്താനും സീരിയല്‍ പ്രയോജനപ്പെടാതിരിക്കില്ല.

സീരിയലിന്റെ അറബി പതിപ്പിനും ഇംഗ്ലീഷ് സബ് ടൈറ്റലോടെയുള്ള പതിപ്പിനും യൂട്യൂബില്‍ സെര്‍ച്ച് ചെയ്താല്‍ മതി. എറണാകുളം മഹാരാജാസ് കോളേജിലെ അറബി വിഭാഗം പ്രൊഫസറായ ഡോ. ജാബിറാണ് ഇതിന്റെ മലയാള വിവര്‍ത്തകന്‍.’AJN ക്രിയേഷന്‍ മലപ്പുറ’മാണ് മലയാളം സബ് ടൈറ്റിലോടെയുള്ള ഡിവിഡി പുറത്തിറക്കിയിരിക്കുന്നത്.

Facebook Comments
Related Articles
Show More
Close
Close

Adblock Detected

Please consider supporting us by disabling your ad blocker