Current Date

Search
Close this search box.
Search
Close this search box.

മാഹിയിലെ സ്വാതന്ത്ര്യ സമരവും മാപ്പിളമാരും

ലോക ചരിത്രത്തെ തന്നെ മാറ്റി മറിച്ച മഹാ സംഭവങ്ങളിലൊന്നായിരുന്നല്ലോ 1453-ൽ നടന്ന തുർക്കികളുടെ ഈസ്തംബൂൾ ആക്രമണം. അതോടു കൂടി പാശ്ചാത്യ ലോകത്തു നിന്നും പൗരസ്ത്യ ദിക്കുകളിലേക്കുള്ള കരമാർഗ്ഗം അടഞ്ഞപ്പോൾ യൂറോപ്യർ ബദൽ വഴികൾ തേടി. ആ അന്വേഷണങ്ങളിൽ ആദ്യം പോർച്ചുഗീസുകാരും പിന്നീട് ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും വലിയ മുന്നേറ്റങ്ങൾ നടത്തി. ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങൾ മാത്രമല്ല വിദൂരമായ അമേരിക്കയും ആസ്‌ത്രേലിയയും അങ്ങനെ കൊളോണിയൽ ശക്തികളുടെ പിടിയിലായി. പതിനെട്ടാം നൂറ്റാണ്ടിൽ പശ്ചിമ യൂറോപ്പിൽ ആരംഭിച്ച വ്യവസായിക വിപ്ലവം അധിനിവേശ ശക്തികൾക്ക് കൂടുതൽ ഊർജ്ജം പകരുകയും ചെയ്തു.

1599ൽ ഡച്ച് വ്യാപാരികളുടെ ഇടപെടൽമൂലം ബ്രിട്ടീഷ് മാർക്കറ്റിലെ കുരുമുളകിന്റെ വില വൻതോതിൽ വർദ്ധിച്ചപ്പോൾ, അതിനെ നേരിടാൻ അവിടത്തെ വ്യാപാരികൾ രൂപീകരിച്ച വാണിജ്യസ്ഥാപനമാണ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി. അവരുടെ പാത പിന്തുടർന്നു കൊണ്ട് ഡച്ചുകാരും ഫ്രഞ്ചുകാരും ഈസ്റ്റ് ഇന്ത്യാ കമ്പനികൾ ഉണ്ടാക്കി. 1666ൽ ഫ്രഞ്ചുകാർ ഇന്ത്യയിലെ ആദ്യത്തെ ഫാക്റ്ററി സൂറത്തിൽ സ്ഥാപിച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ കോഴിക്കോടും ഒരു വാണിജ്യ കേന്ദ്രം തുറന്നു. കടത്തനാട്ടു രാജാവുമായി നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ മയ്യഴിയിൽ ഒരു പാണ്ടികശാല തുറക്കാൻ ധാരണയാവുകയും 1721ൽ അതിന്റെ പ്രവർത്തനം തുടങ്ങുകയും ചെയ്തു.1

വടകരയിലെ വാഴുന്നവരും ഫ്രഞ്ചുകമ്പനിക്കാരും തമ്മിലുള്ള ബന്ധം അധികം കഴിയാതെ വഷളാവുകയും കമ്പനിക്കാർ മയ്യഴിയെ പൂർണമായും അധീനപ്പെടുത്തുകയും ചെയ്തു. മയ്യഴിയിലെ ഫ്രഞ്ചാധിപത്യം നില നിർത്താൻ ശ്രമിക്കുന്നതിനിടെ 1761 ൽ ബ്രിട്ടീഷുകാർ അവിടം പിടിച്ചെടുത്തത് ഫ്രഞ്ചുകാർക്കൊരടിയായി. എന്നാൽ 1761-ൽ ബ്രിട്ടീഷുകാർ അവിടം പിടിച്ചെടുത്തത് ഫ്രഞ്ചുകാർക്കൊരടിയായി. എന്നാൽ 1763-ലെ പാരീസ് ഉടമ്പടി പ്രകാരം മയ്യഴി ഫ്രഞ്ചുകാർക്കു തന്നെ തിരിച്ചു കിട്ടി. യൂറോപ്പിൽ ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും തമ്മിലുള്ള കിട മത്സരത്തിന്റെ പ്രതിഫലനങ്ങൾ ഇന്ത്യയിലും ഉണ്ടാവുകയും അതനുസരിച്ച് 1779ലും 1793 ലും വീണ്ടും ബ്രിട്ടീഷുകാർ മയ്യഴിയെ അധീനപ്പെടുത്തുകയും ചെയ്തു. 1814 ൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പിട്ട പാരീസ് ഉടമ്പടി പ്രകാരം മയ്യഴിയെ വിട്ടുകൊടുക്കാൻ ബ്രിട്ടീഷുകാർ തയ്യാറാവുകയും അങ്ങനെ 1816 ൽ അവിടെ ഫ്രഞ്ചാധിപത്യം പുനഃസ്ഥാപിക്കപ്പെടുകയും ആ അവസ്ഥ 1954 വരെ തുടരുകയും ചെയ്തു.

മയ്യഴിയെ മാഹിയാക്കി മാറ്റിയത് ഫ്രഞ്ചുകാരാണ്. മയ്യഴി എന്ന പേര് ഫ്രഞ്ചീകരിച്ചു മാഹിയാക്കിയതാണെന്നും അതല്ല. ആ പ്രദേശം പിടിച്ചെടുത്ത നാവികത്തലവനായിരുന്ന മായേ ലബുർദാനെയുടെ പേര് ആ സ്ഥലത്തിനിട്ടതാണെന്നും രണ്ടഭിപ്രായമുണ്ട്.2
ബ്രിട്ടീഷ് ഇന്ത്യയിലെ പ്രശ്‌നങ്ങൾ ഒന്നും മാഹിയിലെ ശാന്തമായ ജനജീവിതത്തെ ബാധിച്ചില്ല. അതുകൊണ്ട് തന്നെ ബ്രിട്ടീഷ് വിരുദ്ധ കൃതികളും ലഘുലേഖകളും നോട്ടീസുകളും മറ്റും അവിടെ നിന്നാണ് പ്രിന്റ് ചെയ്തിരുന്നത്. മലബാറിലെ സ്വാതന്ത്യ സേനാനികൾ അറസ്റ്റ് ഭയന്ന് ഒളിവിൽ താമസിച്ചതും അവിടെയായിരുന്നു. അതേ സമയം മാഹിക്കാർ ദേശീയ പ്രസ്ഥാനത്തിലും കോൺഗ്രസ് പ്രവർത്തനങ്ങളിലും ആകൃഷ്ടരായി അതിർത്തി പ്രദേശമായ അഴിയൂരിലെ അത്തരം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയാണ് ചെയ്തിരുന്നത്.3

1934 ൽ ഗാന്ധിജിയുടെ സന്ദർശനം മാഹിയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കി. നാടും നഗരവുമൊന്നാകെ വൈദേശികാധിപത്യ വിരുദ്ധ പ്രകടനങ്ങളാൽ മുഖരിതമായി. 1937 ൽ പോണ്ടിച്ചേരിയിൽ സ്ഥാപിതമായ മഹാജന സഭയുടെ പ്രവർത്തനം അവിടെയും ആരംഭിച്ചു. ഫ്രഞ്ചിന്ത്യയുടെ മുഴുവൻ പ്രദേശങ്ങളുടെയും വിമോചനത്തിനുവേണ്ടി പ്രവർത്തിച്ചിരുന്ന ഫ്രഞ്ച് ഇന്ത്യൻ കോൺഗ്രസ്സുമായി മഹാജന സഭ സഹകരിച്ചു പ്രവർത്തിച്ചിരുന്നു. ദേശീയ വാദികൾ മാത്രമല്ല സോഷ്യലിസ്റ്റ് ചിന്താഗതിക്കാരും അതിൽ അംഗങ്ങളായിരുന്നു.
1947 ൽ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോയെങ്കിലും ഫ്രഞ്ചുകാർ അങ്ങനെ ചെയ്യാതിരുന്നത് മാഹി ഉൾപ്പെടെയുളള ഫ്രഞ്ചധീന പ്രദേശങ്ങളിൽ മുറുമുറുപ്പുണ്ടാക്കി. ഇന്ത്യാ ഗവൺമെന്റൂം ഫ്രഞ്ച് ഗവൺമെന്റൂം തമ്മിൽ നടത്തിയ കൂടിയാലോചനകളുടെ ഫലമായി, ഫ്രഞ്ചിന്ത്യയുടെ സ്വാതന്ത്ര്യത്തെ ജനഹിത പരിശോധനക്കു വിധേയമാക്കാൻ തീരുമാനിക്കപ്പെട്ടു. അതനുസരിച്ച് 1948 ഒക്‌ടോബറിൽ ഫ്രഞ്ചിന്ത്യയിലൊട്ടാകെ നഗരസഭാ തെരഞ്ഞെടുപ്പുകൾ നടത്താനും തീരുമാനിച്ചു.4

മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മയ്യഴിയിലെ ജനങ്ങൾ വലിയ താൽപര്യം കാണിച്ചെങ്കിലും ഫ്രഞ്ചനുകൂലികളായ രാഷ്ട്രീയക്കാരും ഭരണാധികാരികളും ചേർന്നു കൊണ്ട് തെരെഞ്ഞടുപ്പിൽ കൃത്രിമം കാണിച്ചതായി ആരോപണമുയർന്നു. തിരിച്ചറിയൽ കാർഡുകൾ ഇഷ്യൂ ചെയ്യുന്നതിൽ പക്ഷപാതം കാട്ടുന്നതായും പരാതിയുണ്ടായി. ഒക്‌ടോബർ 21ാം തിയ്യതി മഹാജന സഭാ പ്രവർത്തകർ പരാതിക്കെട്ടുകളുമായി അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസിലേക്ക് മാർച്ച് ചെയ്തു. അദ്ദേഹത്തിൽ നിന്നും അനുകൂലമായ നടപടികളൊന്നും കാണാത്തതുകൊണ്ട് പ്രതിഷേധക്കാർ നേരെ മേയറുടെ ഓഫീസിലേക്ക് തിരിച്ചു. എന്നാൽ അദ്ദേഹവും തന്റെ നിസ്സഹായത അറിയിച്ചപ്പോൾ അവർ തിരിച്ചുവന്ന് അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസിനു തീ വെക്കുകയും പോലീസ് സ്റ്റേഷൻ ആക്രമിച്ച് അവിടെയുളളവരെ നിരായൂധരാക്കുകയും ചെയ്തു.5

പിറ്റെ ദിവസം, മയ്യഴി വിമോചന സമര നായകനായ ഐ.കെ.കുമാരൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു സംഘം സഭാ പ്രവർത്തകർ അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസിലെ ഫ്രഞ്ച് പതാകക്കു പകരം ത്രിവർണ്ണ പതാക ഉയർത്തി. മാത്രവുമല്ല, ഫ്രഞ്ച് ഭരണം അവസാനിച്ചതായും മയ്യഴിയുടെ ഭരണം ഉടനെ ഏറ്റെടുക്കണമെന്നും ആവശ്യപ്പെടുന്ന ഒരു ടെലഗ്രാം ഇന്ത്യാ ഗവർമ്മെണ്ടിനും അതിന്റെ കോൺഗ്രസ് പ്രസിഡണ്ടിനും അയക്കുകയും ചെയ്തു. തുടർന്ന് മയ്യഴിയുടെ ഭരണം ഐ.കെ. കുമാരൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഒരു ഡിഫൻസ് കൗൺസിൽ ഏറ്റെടുത്തു. ശ്രീ.കെ.പി. അബ്ദുൾ ഖാദർ ഇതിലെ ഒരംഗമായിരുന്നു.

മയ്യഴിയിലെ സംഭവ വികാസങ്ങൾ അറിഞ്ഞയുടനെ ഒക്‌ടോബർ 25 നു ഒരു ഫ്രഞ്ച് നിരീക്ഷണക്കപ്പൽ സ്ഥലത്തെത്തി. അവർ അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസിലെ ഇന്ത്യൻ പതാക മാറ്റി പകരം ഫ്രഞ്ച് പതാക ഉയർത്തി. പ്രതികാര നടപടികൾ ഭയന്ന് സഭാ പ്രവർത്തകർ ഇന്ത്യൻ യൂണിയൻ പ്രദേശത്തേക്ക് നീങ്ങി. എന്നാൽ, മയ്യഴി വിട്ടുപോയ സർക്കാർ ജീവനക്കാരോട് സ്വന്തം ജോലികളിലേക്കു മടങ്ങിപ്പോകണമെന്ന് ഉന്നതങ്ങളിൽ നിന്നു നിർദ്ദേശമുണ്ടായതിന്റെ അടിസ്ഥാനത്തിൽ പള്ളൂർ ഫ്രഞ്ച് സ്‌ക്കൂളിലെ അറബി അധ്യാപകനായിരുന്ന പി.കെ. ഉസ്മാൻ മാസ്റ്റരും മറ്റു മടങ്ങിപ്പോയിരുന്നു. മഹാജന സഭയുടെ നേതാക്കളിലൊരാളായിരുന്ന പൊന്നമ്പത്ത് കേളോത്ത് ഉസ്മാൻ. പള്ളൂരിലെ ഫ്രഞ്ച് സ്‌ക്കൂളിലെ അധ്യാപകനായിരുന്ന ഉസ്മാൻ മാസ്റ്ററെ നവംബർ 3 നു സ്‌ക്കൂളിൽ വെച്ച് അറസ്റ്റു ചെയ്യുകയും മൃഗീയമായി മർദ്ദിക്കുകയും ചെയ്തു. ഫ്രഞ്ച് കോടതി വിചാരണ പ്രഹസനം നടത്തി ഭരണത്തെ അട്ടിമറിക്കാൻ ശ്രമിച്ചു എന്ന പേരിൽ അദ്ദേഹത്തിന് അഞ്ചു കൊല്ലം കഠിന തടവും ആയിരം ഫ്രാങ്ക് പിഴയും ശിക്ഷ വിധിച്ചു.6

അഞ്ചുവർഷത്തെ ജയിൽ വാസത്തിനുശേഷം 1953-ൽ ഉസ്മാൻ മാസ്റ്റർ മോചിതനായെങ്കിലും 1954ൽ വീണ്ടും കാരാഗൃഹത്തിലടക്കപ്പെട്ടു. ആ വർഷം ഏപ്രിലിൽ നടന്ന വ്യക്തി സത്യാഗ്രഹത്തിൽ പങ്കെടുത്ത അദ്ദേഹത്തെ പോലീസ് മൃഗീയമായി മർദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന ഇന്ത്യൻ പതാക കത്തിക്കാനാവശ്യപ്പെടുകയുമായിരുന്നു. “ഫ്രാൻസേ കിത്തേ ലേന്ത്” അഥവാ “ഫ്രഞ്ചുകാർ ഇന്ത്യ വിടുക” എന്നുറക്കെ പറഞ്ഞുകൊണ്ടിരിക്കുന്നതല്ലാതെ പതാക കത്തിക്കാൻ അദ്ദേഹം സന്നദ്ധനായില്ല. കഠിനമായ മർദ്ദനം കാരണം അദ്ദേഹം ബോധരഹിതനായെങ്കിലും ദേശീയ പതാകയെ മാറോട് ചേർത്തു കിടന്നു. പിറ്റേന്നു അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കുകയും ഒരു മാസത്തെ കഠിന തടവു ശിക്ഷയായി വിധിക്കുകയും ചെയ്തു.7

ഈ സംഭവത്തെ തുടർന്നു മഹാജന സഭാ നേതാക്കൾ അടിയന്തര യോഗം ചേർന്നു അധിനിവേശ വിരുദ്ധ സമരം ഊർജ്ജിതമാക്കാൻ തീരുമാനിച്ചു. ഐ.കെ. കുമാരനോടും മംഗലാട്ട് രാഘവനോടുമൊപ്പം പി.കെ. ഉസ്മാന്റെ സഹോദരനായ പി.കെ. ഇബ്രാഹിം, കെ.പി. അബ്ദുൾ ഖാദർ, കെ.എ. ഉമ്മർ ഹാജി, എം.പി. മൊയ്തു, എം. മുഹമ്മദ് കുഞ്ഞി തുടങ്ങിയ മാപ്പിള നേതാക്കളും ആവേശപൂർവ്വം ഈ സമരത്തിൽ പങ്കാളികളായി.

സർവ്വ ആവശ്യങ്ങൾക്കും സ്വാതന്ത്ര്യ ഇന്ത്യയെ ആശ്രയിക്കേണ്ടിയിരുന്ന മാഹിക്കാരെ സംബന്ധിച്ചേടത്തോളം അതൊരു പരീക്ഷണ കാലഘട്ടമായിരുന്നു. അവശ്യ സാധനങ്ങൾക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടതോടു കൂടി ജനങ്ങളും ഇളകിവശായി. അതേ സമയം മയ്യഴിയെ സ്വതന്ത്ര ഇന്ത്യയുമായി ലയിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം മാഹി നഗരസഭ പാസ്സാക്കുകയും ചെയ്തു. അവസരത്തിനൊത്തുയർന്ന മാഹിയിലെ സർക്കാർ ഉദ്യോഗസ്ഥന്മാരും പോലീസുകാരും ഫ്രഞ്ച് വിരുദ്ധ സമരത്തിൽ ആവേശപൂർവ്വം അണി ചേർന്നു. കടപ്പുറത്തു നടന്ന പ്രതിഷേധ യോഗത്തിൽ ഫ്രഞ്ച് പോലീസിന്റെ യൂനിഫോം ധരിച്ചുകൊണ്ട് സി.എം. മൂസ എന്നൊരു പോലീസുദ്യോഗസ്ഥൻ വിമോചന പ്രസ്ഥാനത്തിനു പിന്തുണയർപ്പിച്ചു കൊണ്ട് പ്രസംഗിച്ചത് ജനങ്ങളെയാകെ ആവേശം കൊള്ളിച്ചു. അതോടുകൂടി മലയാളി പോലീസുകാരിലുള്ള വിശ്വാസം നഷ്ടപ്പെട്ട ഭരണാധികാരികൾ മലയാളി പോലീസുകാർക്ക് ആയുധം നൽകുന്നതിൽ നിയന്ത്രണമേർപ്പെടുത്തി.8

ഗത്യന്തരമില്ലാതെ ഫ്രഞ്ച് ഭരണകൂടം ചർച്ചകൾക്കു സന്നദ്ധരാവുകയും 1954 ജൂലായ് 16ന് ഭരണം മഹാജന സഭക്കാരെ ഏൽപിച്ചുകൊണ്ട് പതുക്കെ രംഗം വിടുകയും ചെയ്തു. ഐ.കെ. കുമാരൻ സ്വതന്ത്ര മാഹിയുടെ പ്രഥമ അഡ്മിനിസ്‌ട്രേറ്ററായി. അദ്ദേഹത്തെ സഹായിക്കാനായി രൂപീകരിച്ച പതിനഞ്ചു പേരടങ്ങിയ ഭരണ സമിതിയിൽ ഉസ്മാൻ മാസ്റ്ററും ഒരംഗമായിരുന്നു.9

1948-ൽ ഉസ്മാൻ മാസ്റ്റർ ജയിലിലടയ്ക്കപ്പെട്ടപ്പോൾ അദ്ദേഹത്തെ അധ്യാപക ജോലിയിൽ നിന്നു ഡിസ്മിസ് ചെയ്തിരുന്നു. സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ മാഹിയിലെ തന്നെ ലബുർദാനെ ഹൈസ്‌ക്കൂളിൽ ഹിന്ദി അധ്യാപകനായി നിയമിച്ചു.10

ദീർഘകാലത്തെ ജയിൽ വാസത്തിനിടയിൽ അദ്ദേഹം ഹിന്ദി പഠിക്കുകയും പ്രവീൺ പരീക്ഷയുടെ ആദ്യഭാഗം പാസ്സാകുകയും ചെയ്തിരുന്നു. എന്നാൽ ഏതാനും നാളുകൾക്കു ശേഷം നിരന്തരമായ പീഢനങ്ങൾ കാരണം അദ്ദേഹം ശയ്യാവലംബിയാവുകയും 1958 മാർച്ച് 23-നു തന്റെ മുപ്പത്തി നാലാമത്തെ വയസ്സിൽ വെല്ലൂരിലെ ക്രിസ്ത്യൻ മിഷൻ ആശുപത്രിയിൽ വെച്ച് അന്തരിക്കുകയും ചെയ്തു.11

മയ്യഴിയുടെ മോചനത്തിനു വേണ്ടിയും സ്വാതന്ത്ര്യത്തിനു വേണ്ടിയും ആത്മാർപ്പണം ചെയ്ത ഉസ്മാൻ മാസ്റ്ററെ പോലുള്ളവരെ ചരിത്രകാരന്മാരും സർക്കാറുകളും ഏതാണ്ട് വിസ്മരിച്ച മട്ടാണ്. അദ്ദേഹത്തിന്റെ ജീവിത കഥ മയ്യഴി വിമോചന സമരത്തിന്റെ ഒരു ഭാഗം തന്നെയാണ്. ത്യാഗത്തിന്റെയും സേവനത്തിന്റെയും ദേശസ്‌നേഹത്തിന്റെയും മഹത്തായ അധ്യായം രചിച്ച ഉസ്മാൻ മാസ്റ്ററെപോലുള്ളവരുടെ സ്മരണ രാജ്യ സ്‌നേഹികൾക്ക് എന്നുമെന്നും ആവേശം പകരുന്നതും ദേശകൂറു സംശയിക്കപ്പെടുന്ന ഒരു സമുദായത്തിനേറ്റ കളങ്കം മായ്ച്ചു കളയാൻ പോരുന്നതുമാണ്. ബ്രിട്ടീഷു വിരുദ്ധ പോരാട്ടത്തിൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് എന്നപോലെ ഫ്രഞ്ചു അധിനിവേശ വിരുദ്ധ പോരാട്ടത്തിൽ പി.കെ.ഉസ്മാന്റെ പങ്കും തങ്ക ലിപികളാൽ എഴുതപ്പെടേണ്ടതാണ്.

അടിക്കുറിപ്പ്
1. എം.പി. ശ്രീധരൻ, ഹിസ്റ്ററി ഓഫ് മാഹി 1722 – 1817, ശ്രീ.ഐ.കെ. കുമാരൻ മാസ്റ്റർ സപ്തതി വാള്യം, മയ്യഴി, 1973 പേ:1
2. കേണൽ ജി.ബി. മല്ലിസൺ, ഹിസ്റ്ററി ഓഫ് ഫ്രഞ്ച് ഇന്ത്യ, വാള്യം1, എഡിൻബർഗ്,1909 പേ.66.
3. പെരുന്ന കെ.എൻ.നായർ, കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം, കൊച്ചി, 1985, പേ.364.
4.അതേ പുസ്തകം, പേ.366
5. വി.സുബ്ബയ്യ, സാഗാ ഓഫ് ഫ്രീഡം ഓഫ് ഫ്രഞ്ച് ഇന്ത്യ, മദ്രാസ്, 1990, പേ:324.
6. സി.എഛ്. ഗംഗാധരൻ, മയ്യഴി, മാഹി, 1987,പേ:181.
7. മംഗലാട്ട് രാഘവൻ, മയ്യഴിയിലെ ഫ്രഞ്ചു വാഴ്ചയെ വെല്ലുവിളിച്ച വിപ്ലവകാരി, മാതൃഭൂമിപത്രം, 06 ഏപ്രിൽ 1958.
8. സി.എച്ച്. ഗംഗാധരൻ, മുൻ പുസ്തകം, പേ: 255
9. അതേ പുസ്തകം പേ: 282.
10. പെരുന്ന കെ.എൻ. നായർ, മുൻ പുസ്തകം, പേ.378
11. മംഗലാട്ട് രാഘവൻ, മുൻ ലേഖനം.

Related Articles