Current Date

Search
Close this search box.
Search
Close this search box.

മലബാർ സമരവും വ്യത്യസ്ത പ്രദേശങ്ങളും

1921 ആഗസ്റ്റ് മാസത്തിൽ തെക്കേ മലബാറിൽ നടന്ന വിപ്ലവത്തെ ഗവൺമെന്റും അനുകൂലികളും മാപ്പിള ലഹളായായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷവും ഈ അഭിപ്രായം തന്നെയാണ് പലരും പ്രകടിപ്പിച്ചിരുന്നത്. അറുപതുകൊല്ലത്തിനു ശേഷമാണ് സ്വാതന്ത്ര്യ സമരമായി ഇന്ത്യാ ഗവൺമെന്റ് മലബാർ സമരത്തെ പ്രഖ്യാപിച്ചത്.

1921 ആഗസ്റ്റ് 20ാം തിയ്യതിയാണ് മലബാർ സമരം ആരംഭിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുവർണ്ണാധ്യായമായ ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു മലബാർ സമരം. ഖിലാഫത്ത് എന്ന ശബ്ദം മലബാറിൽ പൊതുജനങ്ങൾ അധികമായി അറിയാൻ തുടങ്ങിയത് മഞ്ചേരിയിൽ വെച്ച് 1920 ഏപ്രിൽ മാസത്തിൽ നടന്ന കോൺഫറൻസ് മുതൽക്കാണ്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നടപ്പിലാക്കിയ നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവും ഒത്തുചേർന്ന് 1920, 21 കളിൽ മലബാറിലെങ്ങും ദേശീയ പ്രസ്ഥാനത്തിനു പുതിയൊരു ചൈതന്യം നൽകി.

ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അദ്ഭുതപൂർണ്ണമായ ജനപിന്തുണയിൽ ആധിപൂണ്ടതിനാൽ അതിശക്തമായ അടിച്ചമർത്തൽ സമീപനമാണ് ഭരണകൂടം കൈകൊണ്ടത്. മലബാറിന്റെ ഖിലാഫത്ത് പ്രവർത്തകൻമാർക്കെതിരെ ക്രൂരമായ മർദ്ദന മുറകളാണ് സ്വീകരിച്ചത്. നേതാക്കൻമാരെ അറസ്റ്റ് ചെയ്തും പൊതുയോഗങ്ങൾ നിരോധിച്ചുകൊണ്ടും വർത്തമാനപ്പത്രങ്ങൾക്കുമേൽ പിഴ ചുമത്തിയും ഖിലാഫത്ത് ഓഫീസുകളിൽ റെയിഡ് നടത്തിയും അവർ മുന്നോട്ടുപോയി. ഈ അടിച്ചമർത്തൽ സത്യത്തിൽ ഖിലാഫത്ത് പ്രസ്ഥാനത്തെ കൂടുതൽ ജനകീയവും തീവ്രവുമാക്കി മാറ്റുകയാണ് ചെയ്തത്.

സമാധാനപരമായി ആരംഭിച്ച ഖിലാഫത്ത് സമരങ്ങൾ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കരുതിക്കൂട്ടിയുള്ള പ്രകോപനപരമായ നടപടികളിലൂടെ സായുധ പ്രതികരണങ്ങളിലേക്ക് നീങ്ങി. കോപം കൊണ്ട ജനക്കൂട്ടം ചില സർക്കാർ ഓഫീസുകളും പോലീസ് സ്‌റ്റേഷനുകളും ആക്രമിച്ചു. ആശയ വിനിമയോപാധികൾ നശിപ്പിക്കപ്പെട്ടു. ടെലഗ്രാഫ് വയറുകൾ മുറിച്ചു മാറ്റുകയും കൽവർട്ടുകളും പാലങ്ങളും നശിപ്പിക്കുകയും റോഡുകൾ തടസ്സപ്പെടുത്തുകയും ചെയ്തു. പട്ടാളക്കാരുടെ ലോറികൾ തടഞ്ഞ് ആയുധം പിടിച്ചെടുത്തു. ചില പോലീസ് ഉദ്യോഗസ്ഥരെയും സർക്കാർ സേവകരേയും വധിച്ചു. പോലീസ് സേന കോഴിക്കോട്ടേക്ക് പിൻവാങ്ങി. ഭരണം പൂർണ്ണമായും സ്തംഭിക്കപ്പെട്ടു. മലബാറിൽ സമരം പടർന്നു പിടിച്ചു. ഏറനാട്, വള്ളുവനാട്, പൊന്നാനി, താലൂക്കുകളിലായി 250 ൽ പരം അംശങ്ങൾ പോരാട്ടക്കാരുടെ നിയന്ത്രണത്തിലായി. തിരൂരങ്ങാടി, പൂക്കോട്ടൂർ, മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ പാണ്ടിക്കാട്, കരുവാരകുണ്ട്, തിരൂർ എന്നിവിടങ്ങൾ മുഖ്യ സമര കേന്ദ്രങ്ങളായി.

തിരൂരങ്ങാടി
മലബാർ സമരത്തിന്റെ പ്രോൽഘാടന പ്രദേശമെന്ന നിലയിൽ തിരൂരങ്ങാടിക്ക് അതി പ്രധാനമായ സ്ഥാനമുണ്ട്. ലഹളയെക്കുറിച്ച് ഹിച്ച് കോക്ക്, ടോട്ടർ ഹോം മുതലായവർ രചിച്ച ഗ്രന്ഥങ്ങളിലും ചില കേരള ചരിത്ര ഗ്രന്ഥങ്ങളിലും ഖിലാഫത്ത് സമരം വ്യത്യസ്ത വീക്ഷണങ്ങളിലാണ് വിലയിരുത്തപ്പെട്ടിട്ടുള്ളതെങ്കിലും തിരൂരങ്ങാടിയെ സംബന്ധിച്ച വിവരണം ഇന്നുവരെ പ്രസിദ്ധീകരിക്കപ്പെട്ട ഖിലാഫത്ത് സമര ചരിത്രങ്ങളിലെല്ലാം സ്ഥാനം പിടിച്ചിട്ടുണ്ട്.

മാപ്പിള സമുദായത്തിന്റെ രാഷ്ട്രീയ പ്രബുദ്ധത ബ്രിട്ടീഷ് ഭരണ സംവിധാനത്തെ പിടിച്ചു കുലുക്കാൻ പര്യാപ്തമാണെന്ന് ദേശീയ നേതാക്കൾ മനസ്സിലാക്കിയിരുന്നു. തിരൂരങ്ങാടിയിലെ എട്ടോളം മുസ്‌ലിം വീട്ടുകാരൊഴികെ ഒന്നടങ്കം ഖിലാഫത്ത് ആദർശക്കാരായി ഉറച്ചുനിന്നു. ഈ പ്രതിരോധ നിരയെ തകർക്കാൻ ഇംഗ്ലീഷുകാരും നാടൻ സിൽബന്ധികളും ഗൂഢ തന്ത്രങ്ങൾ ആവിഷ്‌കരിച്ചു. എന്നാൽ ഇവർക്കെതിരെയുള്ള സാമൂഹ്യ ബഹിഷ്‌കരണവും നിസ്സഹകരണവും അധികാരി വർഗത്തെ വീർപ്പുമുട്ടിക്കുക തന്നെ ചെയ്തു. ഖിലാഫത്തിന്റെ പ്രാദേശിക നേതാക്കൻമാരെയും വളണ്ടിയർമാരെയും രണ്ടുതവണകളായി അറസ്റ്റുചെയ്തു. ഈ അറസ്റ്റുകളാണ് തിരൂരങ്ങാടിയിൽ രണ്ട് ഘോര സമരങ്ങൾക്ക് വഴിതെളിയിച്ചത്. ഈ സമരങ്ങൾ നിമിത്തം നാട്ടുകാർക്ക് കനത്തതും കടുത്തതുമായ അഗ്നി പരീക്ഷണങ്ങളെയാണ് അഭിമുഖീകരിക്കേണ്ടി വന്നത്. പലരും ഇംഗ്ലീഷുകാരുടെ തോക്കിനിരയായി രക്തസാക്ഷികളായി. നിരവധി പേർ അംഗവിഹീനരായി. അസംഖ്യമാളുകളെ ആന്തമാനിലെ ഘോര വനങ്ങളിലേക്ക് നാടുകടത്തി. ബല്ലാരി, രാജമന്ത്രി, കണ്ണൂർ, വെല്ലൂർ, മുതലായ ജയിലുകളിലേക്ക് ദീർഘകാലം ശിക്ഷിക്കപ്പെട്ടവർ ആയിരക്കണക്കായിരുന്നു. തൂക്കു മരത്തിലേറേണ്ടിവന്നവർ നൂറുകണക്കിനായിരുന്നു. വിധവകളുടെയും യത്തീമുകളുടെയും എണ്ണം പെരുകി. നിരവധി വീടുകൾ കൊള്ളയടിക്കപ്പെടുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. കനത്ത കൂട്ടപിഴ കാരണം ഈ പ്രദേശം സാമ്പത്തികമായും തളർന്നു.

പൂക്കോട്ടൂർ
ആഗസ്റ്റ് 20 ന് പൂക്കോട്ടൂരിൽ ഒരു തുറന്ന യുദ്ധമുണ്ടായി. കോഴിക്കേട് നിന്ന് വന്ന വെള്ളപ്പട്ടാള വ്യൂഹത്തെ പൂക്കോട്ടൂരിലെ ജനങ്ങൾ ധീരതയോടെ നേരിട്ടു. പട്ടാളവുമായുള്ള പോരാട്ടത്തിൽ 300 ഓളം മാപ്പിളമാർ മരിച്ചുവീണു. പട്ടാളക്കാരിൽ ചിലർ മരിക്കുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പൂക്കോട്ടൂർ യുദ്ധത്തിന് ശേഷം മലപ്പുറത്തുള്ള ഖിലാഫത്ത് പ്രവർത്തകന്മാരിൽ പലരും ഒളിവിൽ പോയി. അവരെ പോലീസും സിൽബന്ധികളും നാടുനീളെ പരതി. കണ്ടുമുട്ടിയവരെ പ്രലോഭിപ്പിച്ച് തുക്കിടി കച്ചേരയിൽ ഹാജരാവാൻ പ്രേരിപ്പിച്ചു. എങ്കിലും നിരപരാധികളായ അവർ പട്ടാള നിയമപ്രകാരം വിചാരണ ചെയ്യപ്പെട്ടു. തുടർന്ന് ഉണ്ണീൻ മുസ്‌ല്യാർ, അഹമ്മദ്കുട്ടി, മൊയ്തീൻ കുട്ടി എന്നിവരെ വെടിവെച്ചു കൊല്ലാൻ വിധിച്ചു. പിറ്റേന്ന് രാവിലെ മലപ്പുറത്തെ കോട്ടക്കുന്നിന്റെ വടക്കു പടിഞ്ഞാറെ ചെരുവിൽ വെച്ചു ആ 3 ദേശാഭിമാനികളെയും വെടിവെച്ചുകൊന്നു. ബാക്കിയുള്ള വളണ്ടിയർമാരെ 7 വർഷത്തെ തടവു ശിക്ഷക്ക് വിധിച്ച് ബെല്ലാരിക്കയച്ചു.

ആഗസ്റ്റ് 20 ലെ സമ്മർദ്ധത്തിനു ശേഷം ആഗസ്റ്റ് 28 ന് ബ്രിട്ടീഷ് ഗൂർഖാ സൈന്യങ്ങൾ പൂക്കോട്ടൂർ എത്തിചേർന്നു. അവിടെ വച്ച് ബ്രിട്ടീഷ് പട്ടാളവും പോരാളികളും നേരിട്ട് ഏറ്റുമുട്ടി. രണ്ടു ഭാഗത്തും നിരവധി ആൾ നാശമുണ്ടായി. സൈന്യം തോറ്റു പിൻമാറി.

താനൂർ
മലബാറിൽ ഖിലാഫത്തന്റെ ആരംഭം തൊട്ടുതന്നെ താനൂരിലും ഖിലാഫത്ത് പ്രവർത്തനങ്ങൾ തുടങ്ങികഴിഞ്ഞിരുന്നു. അക്കാലത്ത് ഖിലാഫത്തിന്റെ ഏറ്റവും ശക്തമായൊരു കോട്ടയെന്ന നിലക്കാണ് താനൂർ അറിയപ്പെട്ടിരുന്നത്. താനൂരിലെ സുപ്രസിദ്ധ മത പണ്ഡിതനായിരുന്ന എ.എൻ പരീക്കുട്ടി മുസ്‌ലിയാരുടെയും കുഞ്ഞിക്കാദർ സാഹിബിന്റെയും നേതൃത്വത്തിലാണ് പ്രധാനമായും അവിടെ ഖിലാഫത്ത് പ്രവർത്തനങ്ങൾ അരങ്ങേറിയത്. ബ്രിട്ടീഷുകാരുടെ കറൻസിയും കോടതിയും ഖിലാഫത്ത് പ്രവർത്തകർ ബഹിഷ്‌കരിച്ചു. ബ്രിട്ടീഷ് കോടതികൾക്കെതിരെ സമാന്തര ഖിലാഫത്ത് കോടതികൾ നിലവിൽ വന്നു. പരാതി നൽകലും വിധി പ്രഖ്യാപനവും ശിക്ഷയുമെല്ലാം ആ കോടതികൾ മുഖേനയായി. ബ്രിട്ടീഷ് കറൻസികൾ ആരും ഉപയോഗിച്ചില്ല. പകരം ക്രയ വിക്രയങ്ങളെല്ലാം ഖിലാഫത്ത് കറൻസികളിലൂടെയായി. താനൂരിൽ ഖിലാഫത്ത് പ്രവർത്തനങ്ങളില രണ്ട് ശ്രദ്ധേയമായ സംഭവങ്ങളായിരുന്നു അത്. ബ്രിട്ടീഷുകരെ നാട്ടിൽ നിന്ന് കെട്ടുകെട്ടിക്കാനും ഖിലാഫത്ത് പ്രസ്ഥാനത്തെ പ്രോൽസാഹിപ്പിക്കാനും ഖിലാഫത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്ന പരീക്കുട്ടി മുസ്‌ലിയാർ ജനങ്ങളെ ഉൽബോധിപ്പിച്ചു പോന്നു. അതിൻന്റെ ആവശ്യകത വിവരിച്ചുകൊണ്ട് അദ്ദേഹം ഒരു ഗ്രന്ഥമെഴുതി. 1920 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച മുഹിമ്മാത്തുൽ മുഅ്മിനീൻ എന്ന ആ ഗ്രന്ഥം തൽക്ഷണം ഗവൺമെന്റെ് കണ്ടുകെട്ടി.

1921 ആഗസ്റ്റ് 19ന് രാത്രി പോലീസും പട്ടാളവും തിരൂരങ്ങാടി പള്ളി നശിപ്പിക്കാൻ പോകുന്നുവെന്ന വാർത്തയുമായി രണ്ടു ചെറുപ്പക്കാർ താനൂരിൽ വെന്ന് കുഞ്ഞിക്കാദർ സാഹിബിനെ വിവരം ധരിപ്പിച്ചു. പോലീസും പട്ടാളവും പള്ളി നശിപ്പിച്ചെന്ന് ഇതിനിടക്ക് പ്രചരിപ്പിച്ചിരുന്നു. ഉടനെത്തന്നെ ഖിലാഫത്തിൻന്റെ ഒരടിയന്തിര യോഗം വിളിപ്പിച്ച് സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥയെക്കുറിച്ച് ചർച്ച ചെയ്തു. പിറ്റേന്നു കാലത്ത് 1921 ആഗസ്റ്റ് 20 ന് കിട്ടാവുന്ന ആളുകളേയും കൂട്ടി കുഞ്ഞിക്കാദർ സാഹിബും പരീക്കുട്ടി മുസ്‌ലിയാരും തിരൂരങ്ങാടി പള്ളി ലക്ഷ്യം വെച്ചു പുറപ്പെട്ടു.

താനൂരിൽനിന്നൊരു സംഘം വരുന്നുണ്ടെന്നറിഞ്ഞപ്പോൾ അവരെ നേരിടാനായി ഒരു പ്രബല സൈനിക വ്യൂഹം അങ്ങോട്ടു നീങ്ങി. തിരൂരങ്ങാടിയിൽ നിന്ന് ഒരു നാഴിക അകലെ പോലീസും താനൂർ സംഘവും ഏറ്റുമുട്ടി. പള്ളിപൊളിച്ചിട്ടാണ് സൈന്യം വരുന്നതെന്ന് താനൂർ സംഘവും തങ്ങളെ ആക്രമിക്കാനാണ് താനൂർ സംഘം വരുന്നതെന്ന് സൈന്യവും ധരിച്ചു. അതോടെ ഇരുവിഭാഗവും തമ്മിലവിടെവച്ച് പൊരിഞ്ഞ പോരാട്ടം നടന്നു. ചിലർ മരിച്ചുവീണു. നാൽപ്പത് പേർ അറസ്റ്റ് ചെയ്യപ്പെട്ടു. പലർക്കും അംഗഭംഗം നേരിട്ടു.

പന്താരങ്ങാടി
ഖിലാഫത്ത് പ്രവർത്തകരുടെ അകാരണമായ അറസ്റ്റും തിരൂരങ്ങാടി പള്ളി പട്ടാളം വളഞ്ഞിരിക്കുന്നുവെന്ന് പോലീസുകാർ തന്നെ പ്രചരിപ്പിച്ച കിംവദന്തിയും കേട്ടാണ് പരിസര പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിനാളുകൾ തിരൂരങ്ങാടിയിലേക്കൊഴുകിയത്. ഉച്ചക്ക് പന്ത്രണ്ടു മണി കഴിഞ്ഞിരിക്കുന്ന സമയത്ത് ആമോ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പട്ടാളം കരിമ്പറമ്പിനും പന്താരങ്ങാടിക്കുമിടയിൽ പള്ളിയുടെ ഏതാനും വാര കിഴക്കുവച്ച് ഖിലാഫത്ത് പ്രവർത്തകരെ തടഞ്ഞു. കിഴക്കോട്ടുതന്നെ നീങ്ങാൻ ശ്രമിച്ച ജനക്കൂട്ടത്തിനിടയിലേക്ക് വെടിവെക്കാൻ കൽപന നൽകിയത് ആമൂ സൂപ്രണ്ടായിരുന്നു. വെടിവെപ്പിൽ അഞ്ചിലധികം പേർ മരിക്കുകയും വളരെയധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനുശേഷം പട്ടാളക്കാർ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാക്കളെ അറസ്റ്റ് ചെയ്യാനും നിരപരാധികളായ മുസ്‌ലിം സഹോദരൻമാരുടെ പേരിൽ കള്ളക്കേസുകൾ ചുമത്താനുമായി രംഗത്തുവന്നു. ഇതിനിരയായി ജയിൽ വാസം വരിക്കുകയും സ്വത്തുക്കൾ നഷ്ടപ്പെടുകയും ചെയ്ത അനവധി ആളുകളുടെ കുടുംബങ്ങളാണ് ഈ പ്രദേശത്തുള്ള ഭൂരിപക്ഷം മുസ്‌ലിംകളും.

പെരിന്തൽമണ്ണ
വള്ളുവനാട് താലൂക്കിന്റെ തലസ്ഥാനമായ പെരിന്തൽമണ്ണയിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന് ഒരുവിധം നല്ല ശക്തിയുണ്ടായിരുന്നു. ഖിലാഫത്ത്‌കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഉൽസാഹികളായ പലരും പെരിന്തൽമണ്ണയിൽ ഉണ്ടായിരുന്നു. കോൺഗ്രസ് ഖിലാഫത്ത് നേതാക്കളായ കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാരും നാരായണ മേനോനും വള്ളുവനാട്ടുകാരനായതുകൊണ്ട് അവർക്ക് ആ പ്രദേശങ്ങളിൽ വലിയ സ്വാധീന ശക്തിയുണ്ടായിരുന്നു. 1921 ആഗസ്റ്റ് 22ാം തിയ്യതി ഏകദേശം ഉച്ചയോടുകൂടി പോരാളികൾ കൂട്ട ബാങ്കു കൊടുത്തു. ഒന്നാമതായി ഖജനാവ് കൊള്ളയടിച്ചു. പല റിക്കാർഡുകളും ചുട്ടു നശിപ്പിച്ചു. പിന്നെ മുൻസിഫ് കോടതിയിലേക്ക് ഇറങ്ങി അവിടത്തെ റിക്കാർഡുകളും നശിപ്പിച്ചു. അതിന് ശേഷം 28ാം തിയ്യതി വരെ അവിടെ വിശേഷിച്ചും തകരാറുകളൊന്നുമുണ്ടായിരുന്നില്ല. 28ാം തിയ്യതി കരുവാരകുണ്ട് പ്രദേശങ്ങളിൽ നിന്ന് കുറേ സമരക്കാർ വന്ന് താലൂക്കോഫീസുകൾ തീവച്ചു നശിപ്പിച്ചു.

പൊന്നാനി
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ ഖിലാഫത്ത് പ്രസ്ഥാനവുമായി സജീവമായ ബന്ധം പുലർത്തിയിരുന്ന നിരവധി മഹാൻമാർ അക്കാലത്ത് പൊന്നാനിയിലുണ്ടായിരുന്നു. 1921 ആഗസ്റ്റ് 20 ന് തിരൂരങ്ങാടിയിൽ നടന്ന സംഭവത്തെ തുടർന്ന് പലയിടത്തുനിന്നും അക്രമ സംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടുവെങ്കിലും മുസ്‌ലിം കേന്ദ്രമായ പൊന്നാനി നഗരം ശാന്തമായിരുന്നു. ആഗസ്റ്റ് 21 ന് തിരൂർ പോലീസ് സ്റ്റേഷനിൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങളുമായി രാത്രിയോടുകൂടി ഒരു വലിയ സംഘം സമരക്കാർ പൊന്നാനിയിലെ ഗവൺമെന്റ് ഖജനാവ് കൊള്ളയടിക്കുന്നതിനും സർക്കാർ ഓഫീസുകൾ തകർക്കുന്നതിനും വേണ്ടി തെക്കോടു നീങ്ങി. ഉദ്യോഗസ്ഥന്മാർ ഭയചകിതരാവുകയും ഖിലാഫത്ത് പ്രവർത്തകരുടെ മേൽ മർദ്ദനമഴിച്ചുവിട്ട പോലീസുകാർ ഓടിയൊളിക്കുകയും ചെയ്തു. തിരൂർ വെട്ടം, പള്ളിപ്പുറം, ഭാഗങ്ങളിലെ 500 ഓളം പേരടങ്ങിയതായിരുന്നു പോരാട്ടക്കാരുടെ സംഘം. ചമ്രവട്ടം മുതൽ പൊന്നാനി വരെയുള്ള കമ്പികൾ മുറിച്ചിട്ടു. കമ്പിക്കാലുകൾ പുഴക്കിയെറിഞ്ഞു. സമരക്കാർ അങ്ങാടിക്ക് സമീപത്തെത്തിയപ്പോഴേക്കും ഖിലാഫത്ത് നേതാക്കളും കോൺഗ്രസ്സ് പ്രവർത്തകരും അവിടെ ഓടിയെത്തി. സമാധാനത്തോടെ പിരിഞ്ഞുപോകാൻ അവരോട് അഭ്യർത്ഥിച്ചു. കേരള മുസ്‌ലിംകളുടെ സാംസ്‌കാരിക കേന്ദ്രമായി അറിയപ്പെടുന്ന പൊന്നാനിക്ക് ആ പേര് നിലനിർത്തുവാൻ കഴിയണമെങ്കിൽ അവിടെ യാതൊരു വിധ അക്രമണത്തിനും വഴിയൊരുക്കരുതെന്ന് ഉപദേശിച്ച് സമാധാനത്തോടെ പിരിച്ചുവിട്ടു.

പാണ്ടിക്കാട്
1921 നവംബര് 13 ന് ഖിലാഫത്ത് നേതാക്കളിൽ അതുല്യനായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും കൂട്ടരും ചെമ്പ്രശ്ശേരി തങ്ങളും അനുയായികളും അർദ്ധരാത്രി പാണ്ടിക്കാട് എത്തിച്ചേർന്നു. സ്ഥലത്തെ പഴയ ചന്തക്കെട്ടിടത്തിൽ ക്യാപ്റ്റൻ ആർസനന്റെയും ഗൂർഖാ പട്ടാളക്കാരും വിശ്രമിക്കുകയായിരുന്നു. സമരക്കാർ ചന്ത മതിൽ പട്ടാളക്കാരുടെ ദേഹത്തിലേക്ക് ഉന്തിവീഴ്ത്തി. അവിടെ വച്ച് ഘോര സമരം നടന്നു. രണ്ടുമണിക്കൂറിലധികം നീണ്ടുനിന്ന യുദ്ധത്തിൽ ക്യാപ്റ്റൻ ആൻസനന്ററെയും നിരവധി ഗൂർക്കകളും മരിച്ചു. 234 മാപ്പിള യോദ്ധാക്കളും രക്തസാക്ഷികളായി. ഹാജി സാഹിബും കൂട്ടരും എളങ്കൂർ, ചാത്തങ്ങോട്ടുപുരം, കല്ലാമൂല മുതലായ പ്രദേശങ്ങളിൽ സഞ്ചരിച്ചു. അതിനിടയിൽ ഹാജി സാഹിബ് സ്വദേശത്തുപോയി പട്ടാളക്കാരുടെ സഞ്ചാരം തടയാൻ വേണ്ടി നെല്ലിക്കുത്ത് പാലം പൊളിച്ചു. ഏതാനും മാസത്തോളം അദ്ദേഹം പൊട്ടിക്കല്ല്, കല്ലാമൂല പ്രദേശങ്ങളിലും പര്യടനം നടത്തി. കല്ലാമൂലയിൽ വെച്ച് പട്ടാളക്കാരുമായി പൊരിഞ്ഞ യുദ്ധം നടന്നു. 1921 ഡിസംബർ ആരംഭത്തിൽ നടന്ന ആ പോരാട്ടത്തിൽ 35 ഖിലാഫത്ത് പോരാളികൾ രക്തസാക്ഷികളായി.

മഞ്ചേരി
1921 ആഗസ്റ്റ് 22ന് മഞ്ചേരി ഖജാന ആക്രമിച്ച് പോരാട്ടക്കാർ പണം പിടിച്ചെടുത്തു. കോടതികളിലെ റിക്കോർഡുകൾ നശിപ്പിച്ചു. ലോക്കപ്പിൽ കിടന്ന പ്രതികളെ മോചിപ്പിച്ചു. പോലീസ് സ്‌റ്റേഷൻ ആക്രമിച്ച് ആയുധങ്ങൾ തട്ടിയെടുത്തു.

ആഗസ്റ്റ് 24ാം തിയ്യതി 70 കാരനായ ആലിമുസ്‌ലിയാരിൽ നിന്ന് സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും കൂട്ടരും മഞ്ചേരിയിലെ നമ്പൂതിരി ബാങ്ക് കയ്യേറി അവിടെ പണയം വെച്ചിരുന്ന ഉരുപ്പടികൾ അതിന്റെ ഉടമസ്ഥരെ വിളിച്ചുവരുത്തി തിരികെ നൽകി. മഞ്ചേരി കവലയിൽ വെച്ച് കുഞ്ഞഹമ്മദ് ഹാജി ചെയ്ത പ്രഖ്യാപനത്തിൽ ഹിന്ദുക്കൾക്ക് യാതൊരു ഉപദ്രവവും ഉണ്ടാവുകയിലെ്ലന്ന് ഉറപ്പുനല്കി. മഞ്ചേരിയിലേതുപോലെ മലബാറിലെ മറ്റു പ്രദേശങ്ങളിലെയും ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു.

മണ്ണാർക്കാട്
മറ്റു പല പ്രദേശങ്ങളിലും നടന്ന പോലെ കൊള്ളയും കമ്പി മുറിക്കലും പാലം പൊളിക്കലും എല്ലാം മണ്ണാർക്കാട്ടും നടന്നു. ആഗസ്റ്റ് ഇരുപത്തിനാലാം തിയ്യതിയാണ് തുപ്പനാട് പാലം സമരക്കാർ പൊളിച്ചത്. ആഗസ്റ്റ് 30 ാം തിയ്യതി വരെ സാധാരണ ഗതിയിൽ കവിഞ്ഞ സംഭവങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല. ഈ പ്രദേശങ്ങളിലെ ഹിന്ദുക്കളും മുസ്‌ലിംകളും ഒരുമിച്ചായിരുന്നു പാലം പൊളിക്കാനും സ്റ്റേഷൻ ആക്രമിക്കാനും പോയത്
പിന്നീട് പല സ്ഥലങ്ങളിലും വെച്ച് ഏറ്റുമുട്ടലുകൾ നടന്നു. മാസങ്ങളോളം പട്ടാളം മലബാറിൽ അഴിഞ്ഞാടി. 1920 നവംബർ 10 ാം തിയ്യതി അടച്ചുപൂട്ടിയ റെയിൽവേ വാഗണിൽ തിരൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയ 90 ൽ പരം ഖിലാഫത്ത് പോരാളികളിൽ 60 ഓളം പേർ ശ്വാസംമുട്ടി മരിച്ചു. മലബാർ കലാപത്തെക്കുറിച്ച് ചരിത്ര പഠനത്തിൽ നിന്ന് ഒഴിച്ചുനിർത്താൻ കഴിയാത്ത ഈ സംഭവമാണ് വാഗൺ ട്രാജഡി എന്ന പേരിൽ വിളിക്കപ്പെടുന്നത്. സ്ത്രീകളെയും കുട്ടികളെയും വരെ കൊന്നൊടുക്കിക്കൊണ്ട് പട്ടാളം തേർവാഴ്ച്ച നടത്തിയെങ്കിലും എളുപ്പത്തിൽ സമരം അടിച്ചമർത്താനായില്ല. അധികാരികൾ ഹിന്ദു ജന്മികളെയും മുസ്‌ലിം പ്രമാണിമാരെയും വശത്താക്കി സമരത്തെ ഹിന്ദു മുസ്‌ലിം ലഹളയാക്കി മാറ്റി. മുസ്‌ലിം സമരക്കാരെ പിടിക്കാൻ പട്ടാളം ഉപയോഗിച്ചത് നാട്ടുകാരായ ഹിന്ദുക്കളെയായിരുന്നു. എതിർത്തവരെ ഖിലാഫത്ത് അനുയായികളായി മുദ്രകുത്തി അറസ്റ്റ് ചെയ്തും അല്ലാതെയും പീഡിപ്പിച്ചു. തങ്ങളെ പിടിച്ചുകൊടുക്കാൻ സഹായിക്കുന്നത് ഹിന്ദുക്കളാണെന്നറിഞ്ഞ സമരക്കാർ ഹിന്ദു വിരോധികളായി. അങ്ങനെ ജനത്തെ ഭിന്നിപ്പിക്കാനായി. സമരം പൂർണ്ണമായും അടിച്ചമർത്തപ്പെട്ടു.

Related Articles