Current Date

Search
Close this search box.
Search
Close this search box.

മലബാർ സമരം: നീതി ദീക്ഷയോടെയുള്ള നിരൂപണം വേണം

മലബാർ സമര”ത്തിന്ന് ശേഷം ഒരു നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഇത്തരുണത്തിൽ ചില നുറുങ്ങുകൾ കുറിക്കുകയാണ്.
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ ഖിലാഫത്ത് പ്രക്ഷോഭം, ജന്മിമാർക്കെതിരെയുള്ള കർഷക സമരം തുടങ്ങിയ നിലകളിൽ വിശകലനം ചെയ്യപ്പെട്ട ഈ സമരത്തിന് വർഗീയഛായ നൽകാൻ ഭിന്നിപ്പിച്ച് ഭരിക്കുക (Divide and Rule)എന്ന കുതന്ത്രത്തിലൂന്നി നാടു ഭരിച്ച ബ്രിട്ടീഷുകാർ ശ്രമിച്ചു.

“മലബാർ കലാപം”എന്ന പേരിൽ കെ. മാധവൻ നായർ രചിച്ച കൃതി പ്രസിദ്ധീകരിച്ചത് മലബാർ സമരത്തിന് അമ്പതാണ്ട് തികഞ്ഞപ്പോൾ ആണ്. (1971 ൽ)1933 ൽ ഗ്രന്ഥകർത്താവ് മരിച്ചിട്ട് 38 വർഷങ്ങൾക്കുശേഷം.പിന്നീട് 1987 മാതൃഭൂമി ഈ കൃതി പുന:പ്രസിദ്ധീകരിച്ചു.33 വർഷങ്ങൾക്കകം ഏഴ് പതിപ്പുകൾ ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ചു. 1971ൽ അമ്പതാം വാർഷിക സന്ദർഭത്തിൽ മലബാർ സമരം ചർച്ചാവിധേയമായിരുന്നു.മാധവൻ നായരുടെ കൃതിയെ നിരൂപണം ചെയ്തുകൊണ്ടാണെന്ന് തോന്നുന്നു ‘ചന്ദ്രിക’ വാരാന്തപ്പതിപ്പിൽ ‘ചന്ദ്രിക’ സഹപത്രാധിപരായിരുന്ന മർഹൂം എം.ആലിക്കുഞ്ഞി സാഹിബ് ലേഖനപരമ്പര എഴുതിയിരുന്നു. ഇത് പുസ്തകരൂപത്തിൽ ഉണ്ടോ എന്നറിയില്ല. 1971 ഒടുവിൽ നടന്ന തലശ്ശേരി കലാപത്തെ അന്നത്തെ ജനസംഘം ലോബി മാപ്പിള ലഹളയുടെ അമ്പതാം വാർഷികമെന്ന് വിശേഷിപ്പിച്ചിരുന്നു. കേരളപ്പിറവിക്ക് ശേഷമുള്ള പ്രഥമ വർഗീയ കലാപം എന്ന് പറയാവുന്ന ആ കലാപം കഴിഞ്ഞിട്ട് അമ്പതാണ്ട് ആകാറായി. തലശ്ശേരി കലാപാനന്തരമാണ് മാർക്സിസ്റ്റ്- ആർ.എസ്.എസ് സംഘട്ടനങ്ങളും കൊലപാതകങ്ങളും നാല് ദശകത്തിലേറെക്കാലം ഒരു പരമ്പരയെന്നോണം നടന്നത്. ഇത് സവിശേഷ വിശകലനമർഹിക്കുന്നുണ്ട്.

മാധവൻ നായരുടെ കൃതി “മലബാർ കലാപം കഴിഞ്ഞ് ഉടനെ എഴുതിയതാണെന്ന്” അദ്ദേഹത്തിൻറെ പത്നി കല്യാണി അമ്മ കൃതിയുടെ ആമുഖത്തിൽ പറഞ്ഞിട്ടുണ്ട്. എന്ന് പറഞ്ഞാൽ അന്ന് പലരും പ്രചരിപ്പിചതും പ്രചരിച്ചതുമായ അഭ്യൂഹങ്ങളും ആശയക്കുഴപ്പങ്ങളും അദ്ദേഹത്തിൻറെ രചനയെ സ്വാധീനിച്ചിരിക്കാനിടയുണ്ട്.ബ്രിട്ടീഷുകാരോട് അതീവ വിധേയത്വം പുലർത്തിയ ഉദ്യോഗസ്ഥരും ജന്മികളും വാഴുന്നവരോട് ചേർന്നുനിൽക്കുന്ന മുസ്ലിം പ്രമാണിമാരും ഉണ്ടാക്കിയ ആശയക്കുഴപ്പങ്ങൾ മാധവൻ നായരെ കുറച്ചെങ്കിലും സ്വാധീനിച്ചിരിക്കാം കൂടാതെ പ്രസ്തുത കൃതി അപൂർണ്ണമാണ്.

“ക്യത്യാന്തരബാഹുല്യം നിമിത്തമാകാം അദ്ദേഹത്തിന്നത് പൂർത്തിയാക്കാൻ സാധിച്ചില്ല” എന്ന് കല്യാണി അമ്മ പറയുന്നുണ്ട്. അവർ ഇതുകൂടി പറയുന്നുണ്ട് “ഉദ്ദേശിച്ചിരിക്കാവുന്നതുപോലെ ഗ്രന്ഥം മുഴുവനാക്കാൻ ഗ്രന്ഥകർത്താവിന് സാധിച്ചിട്ടില്ല. മാർഷ്യൽ നിയമപ്രകാരം നടന്ന വിചാരണകളുടെയും ശിക്ഷകളുടെയും സ്വഭാവം കൂടെ അല്പം വിവരിച്ച് ഈ അദ്ധ്യായത്തെ അവസാനിപ്പിക്കാം”എന്ന് പറഞ്ഞുകൊണ്ട് കൃതി അപൂർണ്ണമായി അവസാനിപ്പിച്ചിരിക്കുകയാണ്.ഗ്രന്ഥകാരൻ ഉദ്ദേശിച്ച വിവരണം നടന്നിട്ടില്ല- ഇന്നത്തെപോലെ ഗതാഗതസൗകര്യമോ വാർത്താവിനിമയ സൗകര്യങ്ങളോ വാർത്താ ശേഖരണത്തിനുള്ള സൗകര്യമോ സാധ്യതയോ ഇല്ലാത്ത ഒരു ചുറ്റുപാടിൽ കുത്തികുറിച്ചത് അപൂർണമാണ്; ഗ്രന്ഥകർത്താവ് തന്റെ ജീവിതകാലത്ത് അത് പുസ്തകമാക്കാതിരുന്നത് പിന്നീടുള്ള നാളുകളിൽ പ്രസ്തുത ലേഖനങ്ങൾ ഒന്നുകൂടി പരിശോധിക്കാനുള്ള ആഗ്രഹം നിമിത്തമായിരിക്കമോ? നീതിപൂർവമുള്ള നിര്രു പണം ഇനിയും നടക്കേണ്ടതുണ്ട്.

പ്രൊഫസർ എം പി എസ് മേനോൻ ഇംഗ്ലീഷിൽ രചിച്ച “നാരായണമേനോൻ: എ. ഫോർഗോട്ടൺ പയനീർ” എന്ന കൃതിയും അദ്ദേഹം തന്നെ മലയാളത്തിൽ തയ്യാറാക്കി അങ്ങാടിപ്പുറത്തെ നാരായണമേനോൻ സ്മാരക ട്രസ്റ്റ് 1992 ൽ പ്രസിദ്ധീകരിച്ച “മലബാർ സമരം എം പി നാരായണമേനോനും സഹപ്രവർത്തകരും” എന്ന പുസ്തകവും മലബാർ സമരത്തെ പറ്റി കുറേ വെളിച്ചം നൽകുന്ന ഒന്നാണ്. പിന്നീട് ഇതിന്റെ തുടർ പതിപ്പുകൾ മൂന്നുതവണ ഇസ്ലാമിക് പബളിഷിങ് ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.മലബാർ സമരത്തിൻറെ പ്രമുഖനേതാവ് എന്നപോലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രമുഖ നേതാവ് കൂടിയായ എം .പി . നാരായണമേനോൻ്റെ മരുമകളുടെ പുത്രനാണ് പ്രശസ്ത ഭിഷഗ്വരൻ കുടിയായ െപ്രാഫ: എം.പി ശിവശങ്കരമേനോൻ. ഇദ്ദേഹത്തിൻ്റെ കൃതി വിശദമായ വിശകലനത്തിന്നും നിരൂപണത്തിനും വിധേയമാക്കേണ്ടതുണ്ട്.

( ലേഖകൻ കേരള സ്റ്റേറ്റ് വഖ്ഫ് ബോർഡ്‌ മുൻ മെമ്പറാണ് )

Related Articles