Current Date

Search
Close this search box.
Search
Close this search box.

മലബാർ സമരത്തിലെ ഒരു നാടിന്റെ ചരിത്രം

ഈ വർഷം മലബാർ സമരത്തിന് ഒരു നൂറ്റാണ്ട് തികയുകയാണ്. ഇന്ത്യയിലെ പല ഭാഗങ്ങളിലും ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾ നടന്നെകിലും അവയിൽ നിന്നെല്ലാം മലബാർ സമരത്തെ വേർ തിരിച്ചു നിർത്തിയത് മലബാറിലെ പോരാളികൾക്ക് ബ്രിടീഷുകാരെ പരാജയപ്പെടുത്തി കുറച്ചു കാലമെങ്കിലും സമാന്തര ഭരണം സ്ഥാപിക്കാനായി എന്നതാണ് .മലബാറിലെ ധീര യോദ്ധാക്കളോട് ഏറ്റുമുട്ടി കനത്ത നാശനഷ്ടങ്ങൾ ഏറ്റു വാങ്ങി താൽകാലികമായി മലബാറിൽ നിന്നും ബ്രിടീഷ് സൈന്യം പിൻവലിഞ്ഞപ്പോൾ ബ്രിട്ടനിൽ അന്നിറങ്ങിയിരുന്ന പത്രമായിരുന്ന ലണ്ടൻ ടൈംസ് ‘മലബാറിൽ ബ്രിടീഷ് ഭരണം അവസാനിച്ചു ‘ എന്ന് വരെ റിപ്പോർട്ട് ചെയ്തിരുന്നു . ഇത്തരത്തിൽ തന്നെ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന ഏടായ മലബാർ സമരത്തിൽ പങ്കെടുത്ത മലപ്പുറം ജില്ലയിലെ ആനക്കയം ഗ്രാമ പഞ്ചായത്തിലെ പെരിമ്പലം എന്ന ഗ്രാമത്തിലെ പോരാളികളുടെ ചരിത്രം പറയുന്ന പുസ്തകമാണ് പത്ര പ്രവർത്തകനും ഗവേഷകനുമായ ഷെബിൻ മഹ്ബൂബിന്റെ ‘പോരിനിറങ്ങിയ ഏറനാടൻ മണ്ണ് ‘.

മലബാർ സമര കേന്ദ്ര ഭൂമികയായിരുന്ന മലപ്പുറം ജില്ലയിലെ പൂകോട്ടൂർ ,മഞ്ചേരി, മലപ്പുറം, നെല്ലിക്കുത്ത് എന്നീ പ്രദേശങ്ങൾക്ക് തൊട്ടടുത്തായി തന്നെ സ്ഥിതി ചെയ്യുന്ന കടലുണ്ടി പുഴയാൽ ഇരു വശവും ചുറ്റപ്പെട്ടു കിടക്കുന്ന ഗ്രാമമാണ് പെരിമ്പലം. ജന്മിമാരിൽ നിന്ന് ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നത് തന്നെയായിരുന്നു ഈ നാട്ടുകാരുടെയും പ്രധാന ഉപജീവന മാർഗം .ആയതിനാൽ തന്നെ പെരിമ്പലത്തുകാരുടെയും ബ്രിടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ തുടക്കം ജന്മിമാരുടെ കർഷക വിരുദ്ധ നയങ്ങൾ തന്നെയായിരുന്നു .നെല്ലിക്കുത്ത് നിന്ന് തിരൂരങ്ങാടിയിലേക്കുള്ള തോണി യാത്ര ഈ വഴിയായതിനാൽ ഖിലാഫത്ത് നേതാക്കളായ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസ്ലിയാരുടെയും ഇടപെടലുകൾ നിശ്ചയമായും ഇവിടെയുണ്ടായിരിക്കും. ആർ എച്ച് ഹിച്ച് കോക്കിന്റെ ‘മലബാർ റിബല്യൻ 1921’ എന്ന പുസ്തകത്തിലും ചരിത്രകാരനായ എകെ കോടൂരിന്റെ ‘ആംഗ്ലോ മാപ്പിള യുദ്ധം’ എന്ന പുസ്തകത്തിലും പെരിമ്പലത്തെ കുറിച്ച് പരാമർശമുണ്ട് .ലഭ്യമായ കണക്കുകൾ പ്രകാരം 1836 മുതൽ 1921 വരെയുള്ള ജന്മിത്വ – ബ്രിടീഷ് വിരുദ്ധ വിപ്ലവങ്ങളിൽ ഈ നാട്ടിൽ നിന്നും 28 പേർ രക്ത സാക്ഷിത്വം വഹിക്കുകയും 11 പേർ തടവ് ശിക്ഷ അനുഭവിക്കുകയും 5 പേരെ ആന്തമാനിലേക്കും മക്കയിലേക്കുമായി നാട് കടത്തപ്പെടുകയും ചെയ്തിട്ടുണ്ട് .

മലബാർ സമര ചരിത്രത്തിലെ മുഖ്യ പോരാട്ടങ്ങളായിരുന്ന മലപ്പുറം പോരാട്ടം ,മഞ്ചേരി പോരാട്ടം ,നെന്മിനി പോരാട്ടം ,പോത്ത് വെട്ടിപ്പാറ പോരാട്ടം ,പുല്ലാര പോരാട്ടം എന്നിവയുടെ നേതൃ സ്ഥാനങ്ങളിൽ പെരിമ്പലത്തുകാരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് ചരിത്ര രേഖകളുടെ പിൻബലത്തിൽ എഴുത്തുകാരൻ തന്റെ പുസ്തകത്തിൽ സമർത്ഥിക്കുന്നുണ്ട് .

മഹാ കവി മോയിൻ കുട്ടി വൈദ്യരുടെ രചനയായ മലപ്പുറം പടപ്പാട്ടിലെ ആദ്യ വരിയിൽ സൂചിപ്പിക്കുന്ന ‘ജമാൽ’ പെരിമ്പലത്തുകാരനായിരുന്നുവെന്ന് എഴുത്തുകാരൻ സമർത്ഥിക്കുന്നു. സി ഇ 1728 മലപ്പുറം വലിയങ്ങാടിയിലെ പള്ളി നശിപ്പിക്കാൻ വന്ന നാടുവാഴി പാറ നമ്പിയോട് ഏറ്റു മുട്ടാൻ ജമാൽ മൂപ്പനും സംഘവും മലപ്പുറത്തേക്കെത്തുന്നുണ്ട്. ബിട്ടീഷ് -ജന്മിത്വ വിരുദ്ധ പോരാട്ടങ്ങളുടെ ഒടുവിലെ അധ്യായമായിരുന്ന 1919 ലെ നെന്മിനി പോരാട്ടത്തിലും ഈ നാട്ടുകാരുടെ സാന്നിധ്യം കാണാം .ഇതിന് നേതൃത്വം നൽകിയത് പെരിമ്പലത്തെ വലിയ ചേക്കു ഹാജിയുടെ കീഴിലുള്ള പതിനൊന്നംഗ സംഘമായിരുന്നു.ബ്രിടീഷ് ഒത്താശയോടെയുള്ള ജന്മിമാരുടെ കൂടിയാൻ വിരുദ്ധ നിലപാടുകളിൽ രോഷം പൂണ്ട കർഷകരുടെ പോരാട്ടമായിരുന്നു നെന്മിനി പോരാട്ടം . അത് പോലെ തന്നെ 1921 ഒക്ടോബർ 20 ന് മലപ്പുറം – കൊണ്ടോട്ടിക്കിടയിലുള്ള പോത്തുവെട്ടിപ്പാറയിൽ ബ്രിടീഷുകാർക്കെതിരെ നടന്ന ഗറില്ല പോരാട്ടങ്ങളിലും ഈ നാട്ടിലുള്ളവരുടെ സാന്നിധ്യമുണ്ടായിരുന്നു. ഈ യുദ്ധത്തിൽ രക്തസാക്ഷികളായവരിൽ നാല് പേർ പെരിമ്പലത്തുകാരാണെന്നും അവരുടെ ഖബറുകൾ പോത്തുവെട്ടിപ്പാറയിൽ സ്ഥിതി ചെയ്യുന്നുണ്ടെന്നും പെരിമ്പലത്തെ അവരുടെ കുടുംബം അവിടെ സിയാറത്ത് ചെയ്യാറുണ്ടെന്നും ​ഗ്രന്ഥകാരൻ സാക്ഷ്യപ്പെടുത്തുന്നു.

ബ്രിട്ടീഷുകാർക്കെതിരെ മാപ്പിള പോരാളികൾ നടത്തിയ മറ്റൊരു ഗറില്ലാ പോരാട്ടമായിരുന്നു 1921 സെപ്റ്റംബർ 18 ന് മഞ്ചേരിക്കടുത്തെ പുല്ലാരയിൽ നടന്ന പോരാട്ടം. ഈ പോരാട്ടത്തിന്റെ മുഖ്യ കണ്ണികളായും പെരിമ്പലത്തുകാർ പങ്ക് കൊണ്ടിട്ടുണ്ട്. ഇതിനെല്ലാം പുറമെ നിസാരമായ കുറ്റത്തിന് കള്ളകേസിൽ കുടുക്കി ഒരുപാടാളുകളെ ഈ നാട്ടിൽ നിന്നും ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്യുകയും അവരിൽ ചിലരെ ആന്തമാനിലേക്ക് നാടുകടത്തുകയും അവരവിടെ കുടുംബമായി ജീവിക്കുകയും നാട്ടിലുള്ളവരുമായി ബന്ധപ്പെടുകയും ചെയ്യുന്നുമുണ്ട്. സ്വാതന്ത്ര സമരത്തിൽ പങ്കെടുത്തവർക്ക് സർക്കാർ കൊടുത്ത പെൻഷനുകൾ ലഭിച്ച ആളുകൾ ഈ നാട്ടിലുണ്ട് .സ്വാതന്ത്ര സമരത്തിൽ പങ്കെടുത്തവർക്ക് കേന്ദ്ര സർക്കാർ നൽകിയിരുന്ന താമ്ര പത്രം ഇന്ദിര ഗാന്ധിയിൽ നിന്ന് ഏറ്റുവാങ്ങിയവരും ഈ നാട്ടിലുണ്ട് .

മലബാർ സമരത്തിലെ പെരിമ്പലം എന്ന ഗ്രാമത്തിന്റെ ചരിത്രം പറയുന്നതിനോടൊപ്പം തന്നെ മലബാർ സമരത്തെ കുറിച്ചും വിശാലമായി ഷെബിൻ ഈ പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ട്. 1498 കോഴിക്കോട് വാസ്കോഡ ഗാമയും സംഘവും കപ്പലിറങ്ങുന്നത് മുതൽ തന്നെ വൈദേശിക ശക്തികളോട് മാപ്പിളമാർ ചെറുത്ത് നിന്ന് വിപ്ലവം തുടങ്ങുന്നുണ്ടെങ്കിലും അത് പെട്ടെന്ന് പൊട്ടിപുറപ്പെടുന്നത് 1921 ആഗസ്ത് 19 ന് ആലിമുസ്ലിയാർ ഉൾപ്പെടെ 24 ഖിലാഫത് നേതാക്കളെ അറസ്റ്റ് ചെയ്യാനായി ബ്രിടീഷ് പട്ടാളം തിരൂരങ്ങാടിയിലേക്ക് മാർച്ച് ചെയ്തത് മുതലാണ്. മമ്പുറം പള്ളിക്ക് തീയിട്ടെന്ന കിംവദന്തി കേട്ട് രോഷാകുലരായ മാപ്പിളമാർ വലിയൊരു ജനക്കൂട്ടത്തോടെ തിരൂരങ്ങാടിയിലേക്ക് പുറപ്പെടുകയും സംഘത്തിന് നേരെ അകാരണമായി പട്ടാളം വെടിയുതിർക്കുകയും മാപ്പിളമാരിലെ ഒൻപത് പേർ രക്ത സാക്ഷിത്വം വഹിക്കുകയും ചെയ്തു . ഇതിനെ തുടർന്ന് കൃത്യമായ ആസൂത്രണത്തിലൂടെയുള്ള മാപ്പിളമാരുടെ ചെറുത്ത് നിൽപ്പാണ് മലബാർ സമരത്തിൻറെ മർമ്മം .തുടർന്ന് ബ്രിടീഷ് ഓഫീസുകളും പോലീസ് സ്റ്റേഷനുകളും മാപ്പിളമാർ തകർക്കുകയും ബ്രിടീഷുകാരുടെ വഴികളിൽ മരം മുറിച്ചിട്ട് അവരുടെ ഗതാഗതം ദുസ്സഹമാക്കുകയും ചെയ്തു . ഇതിന്റെ ഭാഗമായാണ് പൂക്കോട്ടൂർ യുദ്ധവും മറ്റു പ്രാദേശിക ഗറില്ലാ പോരാട്ടങ്ങളും വാഗൻ കൂട്ടക്കൊലയും സംഭവിക്കുന്നത് . ബ്രിട്ടീഷുകാരോടുള്ള മാപ്പിളമാരുടെ പോരാട്ടങ്ങൾക്ക് മറ്റു കാരണങ്ങൾ കൂടിയുണ്ടായിരുന്നു. മുസ്ലിംകളുടെ ആത്മീയ ധാരയായിരുന്ന തുർക്കി ഖിലാഫത്തിനെ ബ്രിടീഷുകാർ തകർത്തതും അത് പോലെ തന്നെ കർഷക വിരുദ്ധ നയങ്ങൾ നടപ്പാക്കാൻ ജന്മിമാരെ സഹായിച്ചതുമായിരുന്നു അവ.

മലബാർ സമരത്തിലെ മാപ്പിളമാരുടെ ചരിത്രങ്ങൾ രേഖപ്പെടുത്തുന്നതോടൊപ്പം അന്ന് ജീവിച്ചിരുന്ന സ്ത്രീകളുടെ സമരത്തിലെ സാന്നിധ്യത്തെ കുറിച്ചും എഴുത്തുകാരൻ തന്റെ പുസ്തകത്തിൽ പ്രാധാന്യത്തോടെ വിശദീകരിക്കുന്നുണ്ട്. പോരാട്ടങ്ങൾക്ക് വേണ്ടി ആണുങ്ങൾ പോകുമ്പോൾ ബ്രിടീഷ് പട്ടാളത്തിന്റെ പീഡനമേൽക്കേണ്ടി വന്നിരുന്നത് സ്ത്രീകളായതിനാൽ അവർക്കും ഈ ചരിത്രത്തിൽ കൃത്യമായ ഇടമുണ്ടെന്ന് ഷെബിൻ തന്റെ ഈ പുസ്തകത്തിലൂടെ വായനക്കാരനെ ബോധ്യപ്പെത്തുന്നു. പൂക്കോട്ടൂർ യുദ്ധ വേളയിൽ പരിസരത്തെ മാപ്പിള പെണ്ണുങ്ങൾ ഒരു കൈയിൽ തസ്ബീഹ് മാലയും മറു കൈയിൽ വടിയും പിടിച്ചായിരുന്നു നിന്നിരുന്നതെന്ന് എഴുത്തുകാരൻ പുസ്തകത്തിൽ പരാമർശിക്കുന്നു . യുദ്ധത്തിന് പുറപ്പെട്ട തന്റെ വീട്ടിലുള്ളവർ തിരിച്ചെത്താനും യുദ്ധം വിജയിക്കാനും പടച്ചവനോട് ദിക്ർ ചൊല്ലി പ്രാര്ഥിക്കാനായിരുന്നു തസ്ബീഹ് മാല. തങ്ങളെ ആക്രമിക്കാൻ വരുന്ന ബ്രിടീഷ് പട്ടാളത്തെ പ്രതിരോധിക്കാനായിരുന്നു മറു കൈയിലെ വടി. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും പോരാളി സംഘത്തിനും പോരാട്ട സമയത്ത് ഒളിച്ചു താമസിക്കാൻ സൗകര്യമേർപ്പെടുത്തിയ പാത്തുമ്മ കുട്ടി എന്ന ധീര വനിതയെ കുറിച്ച് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

മഹത്തായ ഇത്തരമൊരു സമരത്തെ കാലങ്ങളായി ചരിതവും ചരിത്രകാരന്മാരും ‘മലബാർ കലാപം ‘ എന്ന് പേരിട്ടു വിളിച്ചതിനെ പ്രശ്ന വൽക്കരിക്കുകയും ചെയ്യുന്നുണ്ട് എഴുത്തുകാരൻ . കലാപം എന്ന വാക്കിന് പലപ്പോഴും സാമുദായിക ,വർഗ്ഗീയ സംഘർഷങ്ങൾ എന്ന അർഥം നല്കപ്പെടുന്നുണ്ട് .ബ്രിട്ടീഷ് ഭരണ കൂടത്തെ അട്ടിമറിക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെ ആരംഭിച്ച ഈ പോരാട്ടത്തെ ‘മലബാർ സമരം’ എന്ന് വിശേഷിപ്പിക്കണമെന്നാണ് എഴുത്തുകാരൻ ആവശ്യപ്പെടുന്നത് . മലബാർ സമരത്തെ വളച്ചൊടിക്കുകയും അതിനെ സാമുദായിക സംഘർഷമായി ചിത്രീകരിക്കാൻ ചില കോണിൽ നിന്നും നീക്കങ്ങൾ നടക്കുകയും ചെയ്യുമ്പോണീ ആവശ്യം.

മുകളിൽ പറഞ്ഞത് പോലെ തീർത്തും ബ്രിടീഷ് – ജന്മിത്വ വിരുദ്ധ സമരമായിരുന്ന മലബാർ സമരത്തെ ഒരു ഹിന്ദു വിരുദ്ധ കലാപമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്ന കാലം കൂടിയാണിത് .അത് കൊണ്ട് തന്നെ മലബാർ സമരം ഹിന്ദു വിരുദ്ധ കലാപമായിരുന്നോ എന്ന ഒരു അന്വേഷണവും അതിന്റെ ഫലമായി മലബാർ സമരത്തിൻറെ ആദ്യത്തെയും അവസാനത്തെയും കാരണം അതൊരു ബ്രിടീഷ് – ജന്മിത്വ വിരുദ്ധ വികാരം മാത്രമായിരുന്നുവെന്ന കണ്ടെത്തലും തന്റെ പുസ്തകത്തിൽ ഷെബിൻ ചേർത്തിട്ടുണ്ട് .1921 സെപ്തംബർ 19 ന് മലബാർ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ഇ .എഫ് തോമസ് മദ്രാസ് ഗവണ്മെന്റ് ചീഫ് സെക്ട്രറിക്ക് 46 പോരാളികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിയയച്ച കത്തിൽ മുസ്ലിം നാമധാരികളോടൊപ്പം എം പി നാരായണ മേനോൻ ,മണ്ണാർക്കാട് ഇളയ നായർ ,മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് എന്നിവരുടെ പേരുകൾ കൂടി കാണാമായിരുന്നു. ഈ പേരുകൾ തന്നെ മലബാറിൽ നടന്ന പോരാട്ടം കേവലമൊരു സാമുദായിക പോരാട്ടമല്ല എന്നതിന് തെളിവാണ് .ബ്രിടീഷുകാർക്കെതിരെ രാജ്യത്തെ മുസ്ലിംകളും ഹിന്ദുക്കളും ഒന്നിക്കണമെന്ന നാഗ്പൂർ കോൺഗ്രസ്സ് സമ്മേളനത്തിന്റെ ആഹ്വാന പ്രകാരം ഖിലാഫത്ത് പോരാളികൾ ആഗസ്ത് 22 ന് യോഗം ചേർന്നത് പാണ്ടിക്കാട് നാരായൺ നമ്പീശന്റെ തെക്കേക്കളം തറവാട്ട് മുറ്റത്തായിരുന്നു . നാരയണൻ നമ്പീശനായിരുന്നു അധ്യക്ഷൻ . വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പങ്കെടുത്ത ഈ യോഗത്തിൽ പറമ്പോട്ട് അച്യുതൻ കുട്ടി മേനോൻ ,പൂന്താനം രാമൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തിരുന്നു .കോട്ടക്കൽ ആര്യ വൈദ്യ ശാല സ്ഥാപകൻ വൈദ്യ രത്നം പി എസ് വാരിയർ പോരാളികളെ അകമഴിഞ്ഞ് പിന്തുണച്ച വ്യക്തിയാണ് .നേരത്തെ പറഞ്ഞ മലപ്പുറം യുദ്ധത്തിൽ മാപ്പിളമാരോടൊപ്പം പുറമെ കുഞ്ഞേലു എന്ന ഒരു തട്ടാൻ കൂടി രക്ത സാക്ഷിയായിരുന്നു .അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് മലപ്പുറം നേർച്ചയിലെ തട്ടാൻ പെട്ടി എഴുന്നള്ളത്ത് .

രാജ്യത്തിന്റെ സ്വാതന്ത്ര സമര ചരിത്രത്തിന്റെ മുഖ്യ ഘടകമായ മലബാർ സമരത്തോടുള്ള മാറി വരുന്ന സർക്കാരുകളുടെ അവഗണനയെ കുറിച്ച് പരാതിപ്പെടാനും  പുസ്തകത്തിൽ ഇടം കണ്ടെത്തുന്നുണ്ട്. രാജ്യം സ്വാതന്ത്രമായതിന് ശേഷം സ്വാതന്ത്ര്യ സമര സേനാനികൾക്ക് ലഭിച്ചിരുന്ന പെൻഷൻ പോലും ഏറെ മുറ വിളികൾക്ക് ശേഷമാണ് മലബാർ വിപ്ലവ പോരാളികൾക്ക് ലഭിച്ചത് തന്നെ .അത് പോലെ തന്നെ ഈയിടെ കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ ലിസ്റ്റിൽ നിന്ന് മലബാർ വിപ്ലവ നായകരുടെ പേരുകൾ വർഗീയ ശക്തികളുടെ സമ്മർദ്ദത്താൽ നീക്കം ചെയ്യുകയും ചെയ്തു . മലബാർ വിപ്ലവത്തിന്റെ അടയാളങ്ങളിൽ മിക്കതും കിടക്കുന്നത് മലപ്പുറം ജില്ലയിലാണ് . എന്നിട്ടും മാറി വരുന്ന തദ്ദേശ ഭരണ കൂടങ്ങൾ രക്ത സാക്ഷി സ്മാരകങ്ങൾ നിർമ്മിക്കാനോ രക്ത സാക്ഷികളുടെ ഖബറുകൾ സംരക്ഷിക്കാനോ തയ്യാറായി വരുന്നില്ല. നാട്ടിലെ സ്വാതന്ത്ര്യ സമര പോരാളികൾക്ക് വേണ്ടി സ്മാരകം പണിയാൻ മുന്നിട്ടിറങ്ങണമെന്നും അവരെ ഓർക്കുന്ന തരത്തിൽ നാട്ടിൽ പരിപാടികൾ സംഘടിപ്പിക്കണമെന്നും പെരിമ്പലത്തുകാരോടായി ഷെബിൻ ആവശ്യപ്പെടുന്നുണ്ട് . ആ ആവശ്യത്തെ കേവലം പെരിമ്പലം എന്ന പ്രദേശത്ത് മാത്രം നിർത്താതെ എല്ലാ നാട്ടിലും നടപ്പാക്കേണ്ടതാണ് . സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ ചരിത്രങ്ങൾ ഓരോ നാട്ടിലുമുണ്ടാകുമെന്നും അത് കൃത്യമായി രേഖപ്പെടുത്തി വെക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട് .ഈ രാജ്യത്ത് ജീവിക്കാൻ നിങ്ങൾക്കെന്തവകാശം എന്ന് നിരന്തരം ചോദിച്ചു വരുന്നവർക്ക് മുൻപിൽ വലിയൊരു ആയുധമാണ് ഇത്തരത്തിലുള്ള ചരിത്രമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തുന്നു.

Related Articles