Current Date

Search
Close this search box.
Search
Close this search box.

പൂക്കോട്ടൂർ – തലകുനിക്കാത്ത പോരാട്ട വീര്യത്തിന് 100 വയസ്സ്‌

സ്വാതന്ത്ര്യ സമരത്തിൽ നിന്നും മലബാർ സമരത്തെ പിഴുതുമാറ്റാൻ തയ്യാറെടുക്കുന്ന സംഘ് ഭരണകൂടം മലബാറിലെ പോരാട്ട ചരിത്രത്തെ വസ്തുനിഷ്ഠമായി പഠിക്കണം. മലബാറിലെ വിവിധ പ്രദേശങ്ങളിൽ നടന്ന പോരാട്ടത്തിൽ 10000 ത്തോളം പേർ രക്തസാക്ഷികളാവുകയും 25000 ത്തോളം പേരെ നാടുകടത്തുകയോ ജയിലിലടക്കുകയോ ചെയ്ത ഇന്ത്യയിലെ ഏറ്റവും വലിയ ജനകീയ ചെറുത്തു നിൽപ്പാണ് മലബാർ സമരം. 1947 ൽ അംഗീകരിച്ച ദേശീയപതാക 1921 ലെ പോരാളികൾ ഉയർത്തിയില്ല എന്ന സാമാന്യയുക്തി പോലുമില്ലാത്ത ന്യായങ്ങൾ ചമച്ചാണ് മലബാർ സമരത്തിൽ രക്തസാക്ഷികളായ ധീര പോരാളികളെ ഐ.സി. എച്ച്.ആർ നീക്കം ചെയ്യാൻ നിർദ്ദേശിച്ചത്. ഹിന്ദുത്വ വംശീയ അജണ്ടയെ ശക്തിപ്പെടുത്തുന്ന ആഖ്യാനങ്ങളുടെ ഔദ്യോഗിക നാമമായി ഐ.സി.എച്ച്.ആർ മാറിയിരിക്കുകയാണ്.മലബാറിൽ നടന്ന ഓരോ പോരാട്ടങ്ങളെയും അറിയുകയും അന്വേഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഒരു ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്. മലബാർ പോരാട്ടത്തിലെ ഏറ്റവും വലിയ സമരമായിരുന്നു പൂക്കോട്ടൂർ യുദ്ധം.

സൂര്യനസ്തമിക്കാത്ത ഒരു കിരാത സാമ്രാജ്യത്തോട് അടരാടി ചെറുത്ത് നിന്ന ആത്മാഭിമാനത്തിന് 100 വയസ്സ് പൂർത്തിയാവുകയാണ്.
1921 ഓഗസ്റ്റ്‌ 26 ന്‌ വെള്ളിയാഴ്ചയാണ്‌ പൂക്കോട്ടൂര്‍ യുദ്ധം നടന്നത്‌. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ബ്രിട്ടീഷുകാര്‍ നേരിടേണ്ടി വന്ന ഏകയുദ്ധം ഇതായിരുന്നു. സ്വന്തം മക്കളെ രക്‌തസാക്ഷികളാക്കാൻ നേർച്ചയാക്കിയും വീടുവിട്ടിറങ്ങിയവർ അന്തിമ വസിയ്യത്ത് രേഖപ്പെടുത്തിയും നടത്തിയ ചെറുത്തുനിൽപ്പിനെ ‘യുദ്ധം’ എന്നല്ലാതെ മറ്റെന്തു വിളിക്കും.

അതേ, ചരിത്രം അതിജീവനത്തിന്റെ കിനാവുകൾ കൂടി ഉൾച്ചേർന്നതാണ്. അടിമത്തത്തെ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യം പ്രാപിക്കാൻ വെമ്പൽ കൊണ്ട് ജീവൻ ബലിയർപ്പിച്ച ധീരരായ മാപ്പിള പോരാളികളെ അഭിവാദ്യം ചെയ്യാൻ ചരിത്രം തയ്യാറായേ മതിയാവൂ.

അലി സഹോദരന്‍മാരുടെയും ഗാന്ധിജിയുടെയും ആഹ്വാനം കേട്ട്‌ സമരത്തിന്റെ തീച്ചൂളയിലേക്ക്‌ പ്രവേശിച്ച പൂക്കോട്ടൂരിലെ പോരാളികളുടെ ഏറ്റവും വലിയ ആയുധം അഭിമാനബോധവും അടിയുറച്ച വിശാസവുമായിരുന്നു.

യുദ്ധത്തിനു മുന്‍പ്‌ തന്നെ പൂക്കോട്ടൂരില്‍ വെള്ളക്കാര്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. തുര്‍ക്കിയെ ബ്രിട്ടന്‍ ആക്രമിച്ചതോടെ ലോകത്താകമാനമുള്ള മുസ്ലിംകള്‍ ബ്രിട്ടനെതിരായി മാറി. അലി സഹോദരന്‍മാര്‍ ഇന്ത്യയിലും ഖിലാഫത്ത്‌ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ പൂക്കോട്ടുരിലും അതിന്റെ അലയൊലികളുണ്ടായി. ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ പൂക്കോട്ടൂരിലെ സെക്രട്ടറിയായിരുന്ന വടക്കു വീട്ടില്‍ മമ്മദായിരുന്നു പൂക്കോട്ടൂര്‍ യുദ്ധത്തിന്‌ നേതൃത്വം നല്‍കിയത്‌. 1920 ജൂണ്‍ 14 ന്‌ കോഴിക്കോട്‌ നടന്ന സമ്മേളനത്തില്‍ ഗാന്ധിജിയും മൌലാനാ ഷൌകത്തലിയും പ്രസംഗിച്ചു.ആ സമ്മേളനത്തിന് പങ്കെടുക്കാൻ കാൽനടയായി പൂക്കോട്ടൂരിലെ മാപ്പിളമാർ കോഴിക്കോട് കടപ്പുറത്തെത്തി.

പൂക്കോട്ടൂരിലെ ജനസംഖ്യയില്‍ ഭൂരിപക്ഷമായിരുന്ന മാപ്പിളമാരധികവും സ്വന്തമായി ഭൂമിയില്ലാത്തവരും മറ്റ്‌ വരുമാന മാര്‍ഗമില്ലാത്തവരുമായിരുന്നു. ഇവരുടെ വീടുകളില്‍ മിക്ക ദിവസവും പട്ടിണിയായിരുന്നു. പൂക്കോട്ടൂരിലേയും പരിസര പ്രദേശങ്ങളിലേയും ഭൂമിയുടെ മുക്കാല്‍ ഭാഗവും നിലമ്പൂര്‍ കോവിലകം വകയുള്ളതാണ്‌. അവര്‍ക്ക്‌ പൂക്കോട്ടൂരില്‍ ഒരു കോവിലകമുണ്ട്‌. കോവിലകം വക ഭൂമി ഭൂരിഭാഗവും കുടിയാന്‍മാരായി പാട്ടത്തിനെടുത്തിരുന്നത്‌ കഠിനാദ്ധ്വാനികളായ മാപ്പിളമാരായിരുന്നു. ജന്‍മി – കുടിയാന്‍ ബന്ധം ചൂഷണാധിഷ്ഠിതമായിരുന്നു.അതുകൊണ്ട്‌ തന്നെ അക്കാലത്ത്‌ അനേകം ജന്‍മി കൂടിയാന്‍ സംഘട്ടനങ്ങള്‍ നടന്നിട്ടുണ്ട്‌.

ഈ അവസരത്തിലാണ്‌ വടക്കേവീട്ടില്‍ മമ്മദ്‌ ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക്‌ കടന്നുവന്നത്‌. അദ്ധേഹം പൂക്കോട്ടൂര്‍ ഖിലാഫത്ത്‌ കമ്മറ്റിയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. മമ്മദ്‌ നിലമ്പുര്‍ കോവിലകത്തെ ആറാം തിരുമുല്‍പ്പാടിന്റെ കാര്യസ്ഥനായിരുന്നു. മലബാറില്‍ ഉയര്‍ന്നു വന്ന രാഷ്ട്രീയ പ്രബുദ്ധത അദ്ധേഹത്തേയും വന്‍തോതില്‍ സ്വാധീനിച്ചു. അദ്ധേഹം പ്രത്യേക താല്‍പര്യമെടുത്ത്‌ കുടിയാന്‍മാരായ കര്‍ഷകരെ സംഘടിപ്പിച്ച്‌ “കുടിയാന്‍ സംഘങ്ങള്‍” രൂപീകരിച്ചു. ഖിലാഫത്ത്‌ – നിസ്സഹകരണ പ്രസ്ഥാനങ്ങളുടെയും കുടിയാന്‍ സംഘത്തിന്റെയും അനിഷേധ്യ നേതാവായി ഉയര്‍ന്ന മമ്മദിനെ നിസ്സാര കാരണം പറഞ്ഞ്‌ തിരുമുല്‍പാട്‌ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. സര്‍ക്കാരിനെ പ്രീണിപ്പിക്കുകയായിരുന്നു തിരുമുല്‍പ്പാടിന്റെ ലക്‌ഷ്യം . എന്നാല്‍ കുടിയാന്‍ പ്രസ്ഥാനത്തോടും ഖിലാഫത്ത്‌ – സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളോടുള്ള എതിര്‍പ്പിന്റെ പ്രതിഫലനമായിട്ടാണ്‌ മമ്മദും. അനുയായികളും ഇതിനെ കണക്കാക്കിയത്‌. കുടിയാന്‍മാരായ ഹിന്ദുക്കളും മുസ്ലിംകളും മമ്മുദുവിന്റെ കീഴില്‍ ഉറച്ചു നിന്നു.

പിന്നീട്‌ മമ്മദിന്റെയും അനുയായികളുടെയും ശക്‌തി തകര്‍ക്കാനും സമൂഹത്തില്‍ അവരെ ഇകഴ്ത്തിക്കെട്ടാനുമുള്ള കുതന്ത്രങ്ങളാണ്‌ തിരുമുല്‍പ്പാടും അനുചരന്‍മാരും സ്വീകരിച്ചത്‌. 1921 ജൂലൈ 28 അം തീയതി പൂക്കോട്ടുര്‍ കോവിലകത്തുള്ള പത്തായപ്പുര കള്ളത്താക്കോലിട്ട്‌ തുറന്ന്‌ അവിടെ ഉണ്ടായിരുന്ന ഒരു തോക്കും 130 രൂപയും കുറേ ആധാരങ്ങളും മോഷ്ടിച്ചുവെന്ന്‌ മമ്മദിന്റെ പേരില്‍ കള്ളക്കേസുണ്ടാക്കി . പൂക്കോട്ടുരില്‍ ഒരു വലിയ സംഘം ആളുകള്‍ മമ്മദിന്റെ നേതൃത്വത്തിൽ സംഘടിച്ചു.

ആലി മുസ്‌ലിയാർക്ക് വലിയ സ്വാധീനമുണ്ടായിരുന്ന പ്രദേശമായിരുന്നു പൂക്കോട്ടൂർ. അദ്ദേഹം പൂക്കോട്ടൂരിനടുത്ത പൊടിയാട്ട് പള്ളിയിൽ ദർസ് നടത്തിയിരുന്നു.അത് കൊണ്ട് തന്നെ പൂക്കോട്ടൂരിൽ അദ്ദേഹത്തിന് ധാരാളം ശിഷ്യന്മാരുണ്ടായിരുന്നു.1921 ആഗസ്ത്‌ 20ന്‌ തിരുരങ്ങാടി പള്ളിക്ക്‌ ബ്രിട്ടീഷ്‌ പട്ടാളം വെടിവെച്ചുവെന്ന വാര്‍ത്ത പരന്നപ്പോൾ പൂക്കോട്ടൂരിലെ മാപ്പിളമാർ കിട്ടിയ ആയുധങ്ങളുമായി തിരൂരങ്ങാടിയിലേക്ക്‌ മാര്‍ച്ച്‌ ചെയ്യാന്‍ അവര്‍ തീരുമാനിച്ചു. ഒന്നുകില്‍ വെള്ളപ്പട്ടാളത്തെ തകര്‍ക്കുക അല്ലെങ്കില്‍ പൊരുതി മരിക്കുക എന്നതായിരുന്നു അവരുടെ തീരുമാനം. . വാര്‍ത്തയറിഞ്ഞു കോണ്‍ഗ്രസ്‌ – ഖിലാഫത്ത്‌ നേതാക്കള്‍ പൂക്കോട്ടൂരില്‍ കുതിച്ചെത്തി. അബ്ദുറഹിമാന്‍ സാഹിബ്‌, എം.പി നാരായണമേനോന്‍ , ഇ. മൊയ്തു മൌലവി, ഗോപാലമേനോന്‍ എന്നിവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. അവരുടെ നിർദ്ദേശപ്രകാരം പോരാളികൾ തൽക്കാലം പിന്തിരിഞ്ഞു.

പൂക്കോട്ടൂരും പരിസര പ്രദേശങ്ങളും ഖിലാഫത്ത്‌ കമ്മറ്റിയുടെ ഭരണത്തിന്‍ കീഴിലായി. മാപ്പിളമാരും കീഴളരായ കുടിയാൻമാരും സംഘടിച്ചു. വടക്കേ വീട്ടില്‍ മമ്മദ്‌, പറാഞ്ചേരി കുഞ്ഞറമുട്ടി, കൊല്ലപ്പറമ്പന്‍ അബ്ദു ഹാജി , കാരാടന്‍ മൊയ്തീന്‍ കുട്ടി ഹാജി, മന്നെതൊടി കുഞ്ഞാലന്‍ ഹാജി, പൊറ്റയില്‍ കുഞ്ഞോക്കര്‍, മോഴിക്കൽ കുഞ്ഞഹ്മദാജി എന്നിവരായിരുന്നു ഭരണ നേതൃത്വം വഹിച്ചിരുന്നത്‌.

1921 ഓഗസ്റ്റ്‌ 20 ന്‌ കണ്ണൂരില്‍ നിന്നും ഒരു സംഘം ബ്രിട്ടീഷ്‌ പട്ടാളക്കാര്‍ മലപ്പുറത്തേക്ക്‌ പുറപ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്ത കോഴിക്കോട്ടെ ഖിലാഫത്ത്‌ കേന്ദ്ര കമ്മറ്റിയില്‍ നിന്നും പൂക്കോട്ടൂരില്‍ കിട്ടി. പട്ടാളത്തെ പൂക്കോട്ടൂരില്‍ വെച്ച്‌ നേരിടണമെന്ന്‌ മാപ്പിളമാര്‍ തീരുമാനിച്ചു. ഒരുക്കങ്ങള്‍ തകൃതിയായി നടന്നു. കാരാട്ട്‌ മൊയ്‌തീന്‍ കുട്ടി ഹാജിയും വടക്കേവീട്ടില്‍ മമ്മദും നേതൃത്വം നല്‍കി.. യുദ്ധകാഹളം മുഴങ്ങി. കോഴിക്കോട്‌ -പാലക്കാട്‌ റൂട്ടില്‍ നിരവധി സ്ഥലങ്ങളില്‍ പാലം പൊളിച്ചും മരങ്ങള്‍ മുറിച്ചിട്ടും റോഡ്‌ തടസ്സപ്പെടുത്തി. പട്ടാളത്തിന്റെ യാത്ര ക്ലേശകരമായിരുന്നെങ്കിലും എല്ലാം തരണം ചെയ്‌ത്‌ ഓഗസ്റ്റ്‌ 25 ന്‌ അവര്‍ അറവങ്കര പാപ്പാട്ടുങ്ങല്‍ എന്ന സ്ഥലത്തെത്തി. അവിടെയുള്ള വലിയ പാലം പൊളിച്ചിട്ടിരുന്നതിനാല്‍ അന്നവര്‍ കൊണ്ടോട്ടിയിലേക്ക്‌ മടങ്ങി.

പിറ്റെ ദിവസം പട്ടാളം വീണ്ടും വരികയും പള്ളിപ്പണിക്ക്‌ കരുതിവെച്ചിരുന്ന മരങ്ങളും തെങ്ങും എടുത്ത്‌ താല്‍ക്കാലിക പാലം നിര്‍മിച്ച്‌ വാഹനങ്ങള്‍ മുന്നോട്ടെടുക്കുകയും ചെയ്തു.

യുദ്ധസന്നദ്ധരായ മാപ്പിളമാര്‍ മുന്‍ തീരുമാനപ്രകാരം പൂക്കോട്ടൂരിനും പിലാക്കലിനുമിടക്കുള്ള പാടത്തും തോട്ടിലുമായി പട്ടാളത്തെ കാത്തിരുന്നു. രണ്ടായിരത്തിലധികം ആളുകള്‍ ഉണ്ടായിരുന്നു. പൂക്കോട്ടൂര്‍ അംശക്കാര്‍ക്ക്‌ പുറമേ വെള്ളുവമ്പ്രം, പൊടിയാട്‌ മേല്‍മുറി ,പുല്ലാര,വീമ്പൂര്‍, ആനക്കയം,പന്തല്ലൂര്‍, പാണ്ടിക്കാട്‌, പാപ്പിനിപ്പാറ, മലപ്പുറം, മഞ്ചേരി, നിലമ്പൂർ, കരുവാരകുണ്ട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ധാരാളം ആളുകള്‍ യുദ്ധത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.. പിലാക്കല്‍ അങ്ങാടിയില്‍ ഒരു വലിയ പുളിമരം മുറിച്ചിട്ട്‌ റോഡില്‍ തടസ്സമുണ്ടാക്കി. ഇരുപത്തി രണ്ട്‌ ലോറികളിലായിട്ടാണ്‌ പട്ടാളക്കാര്‍ എത്തിയത്‌. വാഹന വ്യൂഹത്തിന്റെ മുന്‍ നിര പിലാക്കല്‍ അങ്ങാടിയിലെത്തുമ്പോള്‍ മുന്നിലെ ലോറിക്ക്‌ വെടിവെക്കാനും അതോടൊപ്പം നാല്‌ ഭാഗത്ത്‌ നിന്നും വളയാനുമായിരുന്നു പരിപാടി.

നാട്ടുകാര്‍ തങ്ങളുടെ കൈവശമുള്ള കൈതോക്കുകളും മറ്റായുധങ്ങളുമായി പട്ടാളത്തിന്‌ കഴിയുന്നത്ര നാശനഷ്ടങ്ങള്‍ വരുത്താന്‍ ശ്രമിച്ചു. പക്ഷേ കൈതോക്കുകള്‍ക്ക്‌ പീരങ്കികളോടും വലിയ യന്ത്രതോക്കുകളോടും കിടപിടിക്കാന്‍ കഴിഞ്ഞില്ല. ദൈവ വിശ്വാസത്തിന്റെ ശക്‌തമായ പിന്‍ബലത്തില്‍ മാപ്പിളമാര്‍ വാളുകളും കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി പട്ടാളക്കാരുടെ നേരെ കുതിച്ചു. പീരങ്കിയുണ്ടകള്‍ക്ക്‌ മുമ്പില്‍ തലകുനിക്കാതെ അവര്‍ പൊരുതി.ആദ്യം വെടിയുതിര്‍ത്ത പറാഞ്ചേരി കുഞ്ഞറമുട്ടിയും അയമുവും തങ്ങളുടെ പക്കലുണ്ടായിരുന്ന നൂറോളം തിരകള്‍ തീര്‍ന്നപ്പോള്‍ വെളിയില്‍ വന്ന്‌ ധീര രക്‌തസാക്ഷിയായി. ചുവന്ന തുണിയും വെള്ള ബനിയനുംമെടുത്ത് യുദ്ധമുന്നണിയിലുണ്ടായിരുന്ന മണ്ണിന്റെ പുത്രൻ വടക്കു വീട്ടില്‍ മമ്മദും യുദ്ധ ഭൂമിയില്‍ ശഹീദായി.

മൂന്ന്‌ മണിക്കൂറിലധികം നീണ്ട്‌ നിന്ന ഉഗ്രപോരാട്ടത്തില്‍ നാനൂറോളം മാപ്പിളമാര്‍ കൊല്ലപ്പെട്ടു. ഇവര്‍ക്കൊക്കെ നെഞ്ചത്തായിരുന്നു വെടികൊണ്ടതെന്ന്‌ ചരിത്രകാരന്‍മാര്‍ പറയുന്നു. ഇത്‌ അവരുടെ അസാധാരണമായ ധൈര്യത്തേയും അചഞ്ചലമായ വിശ്വാസത്തെയുമാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. അവരുടെ ഏറ്റവും വലിയ ആയുധം അഭിമാനബോധവും അടിയുറച്ച വിശ്വാസവുമായിരുന്നു. ഗത്ബർട്ട് ബസ്റ്റണ്‍ ലങ്കാസ്റ്റര്‍ അടക്കം (ഇദ്ദേഹം തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ എ.എസ് പിയായി ചുമതലയേറ്റ ഉദ്യോഗസ്ഥനാണ്)ഒമ്പത്‌ ബ്രിട്ടീഷുകാരും എട്ട്‌ പട്ടാളക്കാരും പ്രസ്‌തുത യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അതിശയകരമായ ശൂരതയാണ്‌ മാപ്പിളമാര്‍ യുദ്ധത്തില്‍ കാണിച്ചതെന്നാണ്‌ ബ്രിട്ടീഷുദ്യോഗസ്ഥന്‍മാര്‍ പറഞ്ഞത്.

യുദ്ധം കഴിഞ്ഞ് മലപ്പുറത്തേക്ക്‌ പോവുകയായിരുന്ന പട്ടാള വാഹനങ്ങളിലൊന്ന്‌ വാറങ്കോട്ട്‌ വെച്ച്‌ മങ്കരത്തൊടി കുഞ്ഞമ്മദ്‌ എന്ന മാപ്പിള പോരാളി തകര്‍ത്തു. കമാന്റിംഗ്‌ ഓഫീസറടക്കം നാല്‌ ബ്രിട്ടീഷ്‌ പട്ടാളക്കാരും സഞ്ചരിച്ചിരുന്ന ലോറിയിലേക്ക്‌ ഒരു മരത്തിന്റെ മുകളില്‍ നിന്ന്‌ അദ്ദേഹം കൈ ബോംബെറിയുകയായിരുന്നു. കമാന്ററും നാല് പട്ടാളക്കാരും കൊല്ലപ്പെട്ടു.കുഞ്ഞമ്മദ്‌ തന്റെ ശരീരം മരത്തോട്‌ ചേര്‍ത്ത്‌ ഒരു കയര്‍ കൊണ്ട്‌ ബന്ധിച്ചിരുന്നു. പട്ടാളക്കാരുടെ വെടിയേറ്റ ആ ധീര ദേശാഭിമാനി വീര മരണം വരിച്ചു. വെടിയേറ്റ്‌ ആ ശരീരത്തിലെ മാംസമൊക്കെ തെറിച്ച്‌ പോയിരുന്നു.

ഇതിനു ശേഷവും ഇവിടെ നിരവധി ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്‌. 1921 ഒക്ടോബര്‍ 20 ന്‌ ഗൂര്‍ഖാ പട്ടാളത്തോടേറ്റുമുട്ടി 46 പേര്‍ മരിച്ചു. ഒക്റ്റോബര്‍ 25 ന്‌ മേല്‍മുറി അധികാര തൊടിയിൽ പട്ടാളവുമായി നടത്തിയ ഗറില്ലാ യുദ്ധത്തില്‍ 246 പേരാണ്‌ മരണപ്പെട്ടത്‌. 14 വയസ്സ് കാരിയായ ചീരാൻ തൊടി ഫാത്തിമയും,കദിയുമ്മയുമടക്കം രക്തസാക്ഷികളായി .മാപ്പിള വനിതകളുടെ സമര പങ്കാളിത്തത്തെ കുറിച്ച് ക്യാപ്റ്റൻ മെക്കൻ റോയ് വ്യക്തമാക്കുന്നുണ്ട്. മാപ്പിള വീടുകളിലെ ഓരോ ഉമ്മമാരും തങ്ങളുടെ രണ്ട് ഒരാളെ യുദ്ധത്തിന് നേർച്ചയാക്കിയിരുന്നു. അറവങ്കരയിലെ പാപ്പാട്ടുങ്ങൽ മമ്മുട്ടി -തായുമ്മ ദമ്പതിമാരുടെ രണ്ട് മക്കളെയും (മുഹമ്മദ്, അലവി)ചുവന്ന പട്ടുവസ്ത്രം ധരിപ്പിച്ച് വാളുകളുമായി അവസാന ഭക്ഷണവും നൽകി യാത്രയാക്കി.അതിൽ അലവി രക്തസാക്ഷിയാവുകയും മുഹമ്മദ് വെടിയേറ്റ് അബോധാവസ്ഥയിൽ നാട്ടുകാർ വീട്ടിലെത്തിക്കുകയും ചെയ്തു. രക്തസാക്ഷിയാവാത്ത മകന്റെ കാര്യത്തിൽ ഉമ്മ വ്യാകുലപ്പെട്ടു.

1922 ജനുവരി മാസത്തില്‍ കാരാടന്‍ മൊയ്തീന്‍ കുട്ടിഹാജിയുടെ നേതൃത്വത്തില്‍ മൊറയൂരില്‍ വെച്ച്‌ നടന്ന യുദ്ധത്തില്‍ 19 പേര്‍ മരണപ്പെട്ടു. നിരവധി പേരെ പട്ടാളം ആന്‍ഡമാനിലേക്ക്‌ നാടു കടത്തി .അനേകം പേരെ തൂക്കിക്കൊന്നു. ഏതാനും പേരെ ബെല്ലാരി, തൃശ്ശിനാപ്പള്ളി, സേലം, തുടങ്ങിയിടങ്ങളിലെ ജയിലുകളിലേക്കയച്ചു. പലര്‍ക്കും കടുത്ത മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു.

നിലക്കാത്ത വിശ്വാസവും രാജ്യസ്നേഹവും സമന്വയിച്ച ചോര കിനിയുന്ന ഓർമ്മകൾ കണ്ണീരായി സുഗന്ധമായി വീണ്ടും പെയ്തിറങ്ങുകയാണ്. മുഖ്യധാരാ ചരിത്രമെഴുത്തുകൾ അവഗണിച്ചു തള്ളിയ ഈ ഏടുകളെ അനുസ്മരിക്കുക എന്നതും ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. ഈയിടെ മലപ്പുറം സെമിത്തേരിയിൽ നിന്നും കണ്ടെടുത്ത ( ചരിത്രകാരനായ എ.ടി യൂസുഫലിയും സംഘവുമാണ് ലങ്കാസ്റ്ററടക്കമുള്ളവരുടെ ശവക്കല്ലറ കണ്ടെത്തിയത്)ബ്രിട്ടീഷ് സൈനികരുടെ കല്ലറ തന്നെ മതി എത്രമേൽ ആഘാതമാണ് ബ്രിട്ടീഷുകാർക്ക് പൂക്കോട്ടൂരിലെ പോരാട്ടം നൽകിയെതെന്ന് മനസ്സിലാക്കാൻ. സാമ്രാജ്യത്തിന്റെ പ്രവാഹത്തെ സ്വന്തം ജീവൻ കൊണ്ട് ചിറകെട്ടി സംരക്ഷിച്ച ധീര പോരാളികൾക്ക് ഇനിയും അർഹിച്ച പരിഗണന നൽകാൻ മടിക്കുന്നവർ ബ്രിട്ടീഷുകാരന്റെ താൽപര്യങ്ങളെയാണ് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്.

അവലംബം:
1)മലബാർ സമരം എം.പി നാരായണ മേനോനും സഹപ്രവർത്തകരും
2)മലബാർ കലാപം 1921-1922: എം.ഗംഗാധരൻ
3) 1921 ആംഗ്ലോ മാപ്പിള യുദ്ധം: എ.കെ കോടൂർ

Related Articles