Current Date

Search
Close this search box.
Search
Close this search box.

ആലി മുസ്‌ലിയാർ

കിഴക്കൻ ഏറനാട്ടിലെ നെല്ലിക്കുത്തിൽ ഏറിക്കുന്നം പാലത്തുമൂലയിൽ കുഞ്ഞിമൊയ്തീൻ സാഹിബിന്റെയും മുടിക്കോട് ഖാസി(ന്യായാധിപൻ) യായിരുന്ന ഒറ്റക്കാട്ടു മമ്മദു മുസ്‌ലിയാരുടെ മകൾ ആമിനയുടെയും മകനായി(1853-54)ൽ ആലിമുസ്‌ലിയാർ ജനിച്ചു. കുലീനരും ഉറച്ച മതവിശ്വാസികളുമായിരുന്ന ഈ കുടുംബം പരമ്പരാഗതമായി ബ്രിട്ടീഷുകാരുമായി ശത്രുതയിലായിരുന്നു. ആലി മുസ്‌ലിയാരുടെ കുടുംബത്തിൽപെടുന്ന പയ്യനാട്ടു ഗുരുക്കൾ, മഞ്ചേരി ഹസ്സൻ(അത്തൻ)കുരിക്കൾ, ഇളംപുരളിശ്ശേരി ഉണ്ണിമൂപ്പൻ മുതലായവർ ബ്രിട്ടീഷുകാരോട് നേർക്കുനേരെ പടവെട്ടിയവരായിരുന്നു.

ആലിമുസ്‌ലിയാരുടെ മാതാവ് ആമിന പൊന്നാനിയിലെ മഖ്ദൂം കുടുംബത്തിന്റെ പിന്തുടർച്ചക്കാരായിരുന്നു. ഖാസിയെന്ന നിലയിൽ മമ്മദുകുട്ടി മുസ്‌ലിയാർ മുസ്‌ലിംകൾക്കിടയിൽ പ്രശസ്തനായിരുന്നു. ആലി മുസ്‌ലിയാരുടെ മാതാവിന്റെ കുടുംബക്കാർ അറിയപ്പെടുന്ന ഇസ്‌ലാംമത പണ്ഡിതൻമാരും കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഖാസിമാരായി സേവനം അനുഷ്ഠിച്ചവരുമായിരുന്നു. ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ ആലി മുസ്‌ലിയാർ ധീരനും സത്യസന്ധനും ബുദ്ധിമാനുമായിരുന്നു. വെള്ളങ്ങാട്ടെ കുഞ്ഞിക്കമ്മു മുല്ലയായിരുന്നു അദ്ദേഹത്തിന്റെ ഖുർആൻ അറബി വ്യാകരണവും ഇസ്‌ലാമിലെ സദാചാര നിയമങ്ങളും പഠിപ്പിച്ചത്. മലയാളം അക്ഷരമാലകളും ചെറുപ്പത്തിൽ തന്നെ അദ്ദേഹം ഹൃദിസ്ഥമാക്കി. കിതാബുകൾ(മതഗ്രന്ഥങ്ങൾ), സർഫ്, നഹ്‌വ്,(അറബി വ്യാകരണ ഗ്രന്ഥങ്ങൾ) എന്നിവയിൽ പ്രാവീണ്യം നേടിയ ശേഷം അദ്ദേഹം പിതാവിന്റെയും മാതാവിന്റെയും നിർദ്ദേശാനുസരണം മതപഠനത്തിനായി പൊന്നാനിക്കുപോയി. പിതാവിന്റെ കുടുംബത്തിൽ നിന്ന് പകർന്ന് കിട്ടിയ പോരാട്ടവീര്യവും മാതാവിന്റെ കുടുംബത്തിൽ നിന്ന് ലഭിച്ച മതവിജ്ഞാനവും ആലി മുസ്‌ലിയാരെ അനിതരസാധാരണമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയാക്കിത്തീർത്തതിൽ അത്ഭുതമില്ല.

മതപഠനകേന്ദ്രമെന്ന നിലയിൽ പൊന്നാനി അക്കാലത്ത് ‘ചെറിയ മക്ക’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യക്കാരായ വിദ്യാർത്ഥികൾ മാത്രമല്ല, മലായ, ഇന്തോനേഷ്യ, ജാവ, ലക്ഷദ്വീപ് തുടങ്ങിയ നാടുകളിൽ നിന്നുള്ളവരും പഠനത്തിനായി അവിടെ എത്താറുണ്ടായിരുന്നു. മുസ്‌ലിയാർ പൊന്നാനിയിൽ തഫ്‌സീർ (ഖുർആൻ വ്യാഖ്യാനം), ഹദീസ് (പ്രവാചക ചര്യ), ഫിഖ്ഹ്, തസവ്വുഫ്, ഇൽമുൽ കലാം, ഇൽമുൽ മീക്കത്ത്, ഇൽമുൽ ഹഖാഇഖ്, ഇൽമുൽ നഹസ്, ഇൽമുൽ മആനി എന്നിവയിൽ പ്രാവീണ്യം നേടി. ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ ആറാം തലമുറക്കാരും, ഫത്ത്-ഹുൽ മുഈന്റെ രചയിതാവുമായിരുന്ന ശൈഖ് സൈനുദ്ദീൻ മുസ്‌ലിയാരാണ് ആലിമുസ്‌ലിയാരെ പഠിപ്പിച്ചിരുന്നത്. നിരവധി പണ്ഡിതന്മാരുമായും വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ടവരുമായും ധാരാളം പുസ്തകങ്ങളുമായും ഇടപഴകുന്നതിന് മുസ്‌ലിയാർക്ക് ഇക്കാലത്ത് അവസരമുണ്ടായി. വിദ്യാഭ്യാസത്തിന് പൊന്നാനിയിലെത്തിയ മുസ്‌ലിയാർക്ക് പൂർണ്ണമായതോതിൽ അതിന് കഴിഞ്ഞുവെന്ന് പറയാം . അവിടെ അദ്ദേഹം ഒരു ദശാബ്ദക്കാലം ചെലവഴിച്ചു. ഏഴുന്നൂറു ഹദീസും സനദും മനഃപാഠമാക്കിയതിന് സഹപാഠികളാലും അധ്യാപകരാലും അദ്ദേഹം അഭിനന്ദിക്കപ്പെട്ടത് പ്രത്യേകം ശ്രദ്ധേയമാണ്.

അനന്തരം ആലി മുസ്‌ലിയാർ കപ്പൽ മാർഗം മക്കയിലേക്ക് പോയി. അവിടെ വച്ച് ഖുർആൻ, ഹദീസ്, ഫിഖ്ഹ്, ഇസ്‌ലാമിക ചരിത്രം എന്നിവയിൽ അവഗാഹം നേടി. മക്കയിൽ ഏഴുവർഷം ചെലവഴിച്ച് വിവിധ ഇസ്‌ലാമിക കലകളും ശാസ്ത്രങ്ങളും ആലിമുസ്‌ലിയാർ സ്വായത്തമാക്കി. ഹറമിൽ (വിശുദ്ധ കഅബ നിൽക്കുന്ന സ്ഥലം) വച്ച് ഖുർആൻ മനഃപ്പാഠമാക്കി.

കുടുംബപരമായും തൊഴിൽ പരമായും മമ്പുറം തങ്ങൻമാരുടെ പാരമ്പര്യവുമായി അടുത്ത ബന്ധമുണ്ടായിരുന്ന മുസ്‌ലിയാർ ഖിലാഫത്ത് പ്രസ്ഥാനത്തിൽ സജീവ പങ്കാളിത്തം വഹിച്ചത് തികച്ചും സ്വാഭാവികമായിരുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കളായ രണ്ടുപേർ 1894-ലെ പോരാട്ടത്തിൽ മരിച്ചിരുന്നു. മക്കയിലേക്കുപോകുന്നതിനു മുമ്പ് അദ്ദേഹം രണ്ടു ദശാബ്ദക്കാലത്തോളം മമ്പുറം പള്ളിയിൽ പഠിപ്പിക്കുകയുണ്ടായി. കലാപവേളയിൽ മുസ്‌ലിയാർ തിരൂരങ്ങാടിയിലെ വലിയ പള്ളിയിൽ മതാധ്യാപകനായി പ്രവർത്തിക്കുകയായിരുന്നു.

മലബാറിലെ മുസ്‌ലിംകൾ മിക്കപ്പോഴും ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടലിന്റെ പാതയാണ് സ്വീകരിച്ചത്. 1894-ൽ മണ്ണാർക്കാട്ടുവച്ചു നടന്ന ഏറ്റുമുട്ടലിൽ ആലിമുസ്‌ലിയാരുടെ മൂത്ത സഹോദരൻ രക്തസാക്ഷിത്വം വരിച്ചിരുന്നു. തന്റെ ജ്യോഷ്ഠന്റെ മരണത്തെക്കുറിച്ചും ആ വർഷം നടന്ന മാപ്പിള ലഹളയിൽ മരിച്ച മറ്റു ബന്ധുക്കളെക്കുറിച്ചുമുള്ള വിവരങ്ങൾ അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കി. ബ്രിട്ടീഷുകാരെ ഇങ്ങിനെ വിട്ടാൽ പറ്റില്ലെന്ന് തീരുമാനിച്ച മുസ്‌ലിയാർ, തന്റെ ഇളയ സഹോദരനായ മുഹമ്മദ് കുട്ടി മുസ്‌ലിയാരെ വിളിച്ചുവരുത്തി തന്റെ ചുമതലകളേൽപ്പിച്ച് മലബാറിലേക്ക് മടങ്ങി. 1896-ൽ മഞ്ചേരിയിലെ കർഷകസമരത്തിൽ മുസ്‌ലിയാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്ന ധാരാളം പേർ കൊല്ലപ്പെട്ടിരുന്നു. നിരവധി മറ്റു ബന്ധുക്കൾ കലാപത്തിൽ പങ്കെടുത്തിന്റെ പേരിൽ തടവിലാക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ഉണ്ടായിട്ടുണ്ട്. കഴിവുറ്റ മതാധ്യാപകൻ എന്ന നിലയിലും മതപ്രഭാഷകനെന്ന നിലയിലും പ്രശസ്തനായിത്തീർന്ന മുസ്‌ലിയാർ സഹോദര സമുദായങ്ങളുടെ പോലും ആദരവ് പിടിച്ചുപറ്റിയിരുന്നു. അദ്ദേഹം പകർന്നു നൽകിയ ആശയങ്ങൾ ഏറനാട്, വള്ളുവനാട് താലൂക്കുകളിൽ ബ്രിട്ടീഷ് വിരുദ്ധ വികാരം ആളിക്കത്തിച്ചു. 1907ലാണ് ആലിമുസ്‌ലിയാർ തിരുരങ്ങാടി വലിയ ജുമുഅത്തുപള്ളിയിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകാനും ധാർമികാധ്യാപനം നടത്താനുമായി ചുമതലയേറ്റത്.

തുർക്കിയിലും മറ്റു മുസ്‌ലിം രാജ്യങ്ങളിലും ബ്രിട്ടീഷ് സാമ്രാജ്യത്വം നടത്തിവന്ന കടന്നാക്രമങ്ങളിൽ മുസ്‌ലിയാർ അസ്വസ്ഥനായിരുന്നു. നാട്ടിൽ തന്റെ ആളുകളെ പീഡിപ്പിക്കുകയും കൊന്നൊടുക്കുകയും ചെയ്തുകൊണ്ടിരുന്ന ബ്രിട്ടീഷുകാരോടുള്ള പക അദ്ദേഹത്തിൽ പുകഞ്ഞുകൊണ്ടിരുന്നു. ക്രമേണ അദ്ദേഹം ഖിലാഫത്തിലേക്കും കോൺഗ്രസിലേക്കും ആകർഷിക്കപ്പെട്ടു. ഏറനാട്, വള്ളുവനാട് ദേശങ്ങൾ ഖിലാഫത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ ആലി മുസ്‌ലിയാർ നിർണ്ണായകമായ ഒരു പങ്കുവഹിച്ചു. 1920 അവസാനത്തോടെ അദ്ദേഹം തിരൂരങ്ങാടിയിൽ ഖിലാഫത്തു കമ്മിറ്റിക്ക് രൂപം നൽകി. പൊടിയാട്ട്, തിരൂരങ്ങാടി, പൊന്നാനി, താനൂർ എന്നിവിടങ്ങളിലെ ഖിലാഫത്തു കമ്മിറ്റികൾ ഏകോപിച്ചാണു പ്രവർത്തിച്ചിരുന്നത്. ആലിമുസ്‌ലിയാരുടെയും കെ.എം. മൗലവി സാഹിബിന്റെയും കഴിവുറ്റ നേതൃത്വത്തിൻ കീഴിൽ തിരൂരങ്ങാടിയിലും താനൂരിലും നിസ്സഹകരണ പ്രസ്ഥാനം പരിപൂർണ്ണ വിജയമായിരുന്നു. ആലി മുസ്‌ലിയാരുടെ നേതൃത്വത്തിലുണ്ടായ ഈ വിജയത്തെ തുടർന്ന് മലപ്പുറം കുഞ്ഞി തങ്ങൾ ഖിലാഫത്തിലേക്ക് ആകർഷിക്കപ്പെട്ടു. വാരിയംകുന്നത്തു കുഞ്ഞഹമ്മദു ഹാജി, ചെമ്പ്രശ്ശേരി കുഞ്ഞി സീതി തങ്ങൾ, കാരാടൻ മൊയ്തീൻ കുട്ടി ഹാജി എന്നിവർ മുസ്‌ലിയാരുടെ നേതൃപാടവത്തിൽ ആവേശംകൊണ്ട് അദ്ദേഹത്തിന് പിന്നിൽ അണിനിരന്നു.

മലബാറിൽ ഖിലാഫത്തിനും കോൺഗ്രസ്സ് പ്രസ്ഥാനത്തിനും മുന്നേറ്റമുണ്ടായത് 1921-ലാണ് അന്ന് ആലി മുസ്‌ലിയാർക്ക് പ്രായം അറുപത്തിയഞ്ച്. 1921 ഫ്രെബ്രുവരി 26-ാം തിയ്യതി തിരൂരങ്ങാടി ഖിലാഫത്ത് കമ്മിറ്റിയുടെ സജീവ പ്രവർത്തകരായിരുന്ന പൊറ്റയിൽ കുഞ്ഞഹമ്മദ്, പൊറ്റയിൽ അബൂബക്കർ, വി.വി. ഹസ്സൻകുട്ടി, കല്ലറക്കൽ അഹമ്മദ് എന്നീ നാലുപേർ അറസ്റ്റിലായി. അവരെ ആറുമാസം തടവിനു ശിക്ഷിച്ചു. അതോടെ, തിരൂരങ്ങാടിയിൽ നിലനിന്നിരുന്ന സമാധാനാന്തരീക്ഷം വഷളായി. 1897 മുതൽ 1902 വരെ ആലി മുസ്‌ലിയാർ പൂക്കോട്ടൂരിൽ നിന്നും രണ്ടുമൈൽ അകലെയുള്ള പൊടിയാട്ട് ജുമുഅത്ത് പള്ളിയോടു ചേർന്നുള്ള മദ്രസയിലെ മതാദ്ധ്യാപകനായി പ്രവർത്തിച്ചിരുന്നു. അതിനാൽ പൂക്കോട്ടൂരിലും പരിസരപ്രദേശങ്ങളിലും അദ്ദേഹത്തിന് ധാരാളം ശിഷ്യന്മാരുമുണ്ടായിരുന്നു. ആലിമുസ്‌ലിയാരുടെ സാന്നിധ്യം കൊണ്ടും അദ്ദേഹത്തിന്റെ വാഗ്‌ധോരണികൊണ്ടും ആവേശം കൊണ്ട നാട്ടുകാർ ബ്രിട്ടീഷുകാർക്കെതിരെ ധീരമായി പോരാടുന്നതിന് മുന്നിട്ടിറങ്ങി. 1921 മെയ് അവസാനമോ ജൂൺ ആദ്യമോ ഖിലാഫത്തുകമ്മിറ്റി രൂപീകരിക്കുന്നതിന് വേണ്ടി ആലിമുസ്‌ലിയാർ നെല്ലിക്കുത്തിലെത്തി. പോലീസിന്റെ നിതാന്ത നിരീക്ഷണത്തിലായിരുന്നത്‌കൊണ്ടും തന്റെ കുടുംബ സംബന്ധമായ ചുറ്റുപാടുകൾ അനുവദിക്കാതിരുന്നതുകൊണ്ടും വാരിയംകുന്നത്തു കുഞ്ഞഹമ്മദ് ഹാജി ഖിലാഫത്തു പ്രവർത്തനങ്ങളിൽ ആസമയത്ത് നേരിട്ടു പങ്കെടുത്തില്ല.

പരപ്പനങ്ങാടി റയിൽവേ സ്റ്റേഷനിൽ നിന്നും തിരൂരങ്ങാടിയിലേക്കുള്ള റോഡിന്റെ ഇരുവശവും ധാരാളം മാപ്പിളമാർ തിങ്ങിപ്പാർത്തിരുന്നു. അവരുടെ ശ്രദ്ധയിൽപെടാതെ നൂറുകണക്കിനു പോലീസുകാർക്കും പട്ടാളക്കാർക്കും സാധനസാമഗ്രികളുമായി പരപ്പനങ്ങാടിയിൽ നിന്നും തിരൂരങ്ങാടിയിലേക്ക് പോകുവാൻ കഴിയുമായിരുന്നില്ല. ആഗസ്റ്റ് 20-ാം തിയ്യതി വെളുപ്പിന് കളക്ടറും ധാരാളം പട്ടാളക്കാരും പരപ്പനങ്ങാടിയിൽ എത്തിച്ചേർന്നിട്ടുണ്ടെങ്കിലും, എന്നാൽ അവരുടെ ലക്ഷ്യമെന്തെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നുമുള്ള വാർത്ത തിരൂരങ്ങാടിയിലും പരിസരപ്രദേശങ്ങളിലും പ്രചരിപ്പിച്ചു. അതിനിടയിൽ ഖിലാഫത്തു പ്രവർത്തകരെ അറസ്റ്റുചെയ്യാൻ പട്ടാളം നീങ്ങിയിട്ടുണ്ടെന്നും അവർ കീഴടങ്ങാത്ത പക്ഷം പള്ളി തകർക്കാനുള്ള സാദ്ധ്യതയുണ്ടെന്നുമുള്ള കിംവദന്തിയും ഉണ്ടായി. അറസ്റ്റ് ചെയ്യപ്പെട്ടവരോട് അനുഭാവം പ്രകടിപ്പിക്കാൻ എല്ലാവരും ഒരുമിച്ചുനിൽക്കണമെന്ന ശക്തമായ പ്രചാരണവുമുണ്ടായി.

ഒരു ദിവസം ആലി മുസ്‌ലിയാരുടെ നേതൃത്വത്തിൽ ഖാദി വസ്ത്രധാരികളായ മുന്നൂറിനും നാന്നൂറിനുമിടയിലുള്ള ഖിലാഫത്തു വോളന്റിയർമാർ മമ്പുറം കിഴക്കേ പള്ളിയിൽ നിന്നും, ആദ്യ കലാപങ്ങളിൽ മരിച്ചുവീണവരുടെ ശവകൂടീരങ്ങളിലേക്ക് ഒരു ജാഥ നടത്തി. ജാഥാംഗങ്ങളിൽ ചിലർ ക്രോസ് ബെൽറ്റു ധരിച്ചിരുന്നു. ചിലരുടെ കയ്യിൽ കത്തികളുമുണ്ടായിരുന്നു. അവർ രക്ത സാക്ഷികൾക്ക് പ്രണാമം അർപ്പിച്ചു പ്രാർത്ഥിച്ചു. മുൻകാല അനുഭവങ്ങൾ വച്ചുനോക്കിയാൽ ഇവിടെ പ്രാർത്ഥന നടത്താറുള്ളത് ഒരു ലഹളക്ക് മുമ്പാണ്. അതുകൊണ്ടുതന്നെ ഖബറിടങ്ങളിൽ യോഗങ്ങൾക്ക് മുമ്പ് പ്രാർത്ഥിക്കുന്നതിന് സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ അന്ന് നടത്തിയ പ്രാർത്ഥന ഖിലാഫത്തു പ്രസ്ഥാനത്തിന്റെ വിജയത്തിന് വേണ്ടിയായിരുന്നു. അല്ലാതെ ഒരു കലാപം നടത്താനുള്ളതിന്റെ മുന്നോടിയായിരുന്നില്ല. എന്നാൽ ഇതുസംബന്ധിച്ച് ജില്ലാ പോലീസ് സൂപ്രണ്ട് നടത്തിയ വിലയിരുത്തലിൽ പറഞ്ഞു. നടക്കാൻ പോകുന്ന കലാപത്തിന്റെ ആദ്യ ചുവടുവെപ്പ്. ഇതേ തുടർന്ന് 1921 ആഗസ്റ്റ് 19ാം തിയ്യതി മലബാർ കളക്ടർ തോമസ്, ഡി.എസ്.പി. ഹിച്ച്‌കോക്ക്, എ.എസ്.പി. ആമു എന്നിവരുടെ നേതൃത്വത്തിൽ അഞ്ഞുറോളം വെള്ളപ്പട്ടാളക്കാർ തിരൂരങ്ങാടിയിലേക്ക് ഇരച്ചുകയറി. അവർ കിഴക്കേപ്പള്ളിയും നിരവധി മുസ്‌ലിം വീടുകളും പരിശോധന നടത്തുകയും പൊറ്റയിൽ മുഹമ്മദ് ഹാജി, കോഴിശ്ശേരി മമ്മദ്, അദ്ദേഹത്തിന്റെ മകൻ മൊയ്തീൻകുട്ടി എന്നിവരെ അറസ്റ്റുചെയ്യുകയും ചെയ്തു. വിവരമറിഞ്ഞ് ആളുകൾ സംഘടിച്ചുവന്നെങ്കിലും കെ.എം മൗലവി അവരെ പിന്തിരിപ്പിച്ചു. മാപ്പിളമാരെ പ്രകോപിപ്പിച്ച് ഒരു കൂട്ടക്കൊലയായിരുന്നു കലക്ടറുടെ ലക്ഷ്യമെന്ന് വ്യക്തമായിരുന്നു.

അറസ്റ്റുചെയ്യപ്പെട്ട നിരപരാധികളായ മൂന്നുപേരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനവുമായി ആലി മുസ്‌ലിയാരുടെ നേതൃത്തിലുള്ള ഒരു പ്രതിനിധി സംഘം 1921 ആഗസ്റ്റ് 20 ാം തിയ്യതി തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനിലേക്ക് തിരിച്ചു. സ്‌റ്റേഷനിൽ നിന്ന് അൽപം ദൂരത്തുവച്ച് പട്ടാളക്കാർ അവരെ തടഞ്ഞുനിർത്തി. എ.എസ്.പി റൗളി അവരോട് വിവരം തിരക്കി.

അറസ്റ്റുചെയ്തവരെ വിട്ടയക്കുക. ആലി മുസ്‌ലിയാർ പറഞ്ഞു. ഇരിക്കൂ, ഉടൻ വിട്ടയക്കാം. ഹെഡ്‌കോൺസ്റ്റബിൾ മൊയ്തീൻ പ്രതികരിച്ചപ്പോൾ ആലിമുസ്‌ലിയാരും സംഘവും ക്ഷമയോടെ കാത്തിരുന്നു. പിന്നെ കേട്ടത് ഫയർ എന്നൊരലർച്ചയും അതേതുടർന്ന് വെടിവെപ്പിന്റെ ശബ്ദവുമായിരുന്നു. ജനങ്ങൾ പട്ടാളത്തെ ധീരമായി നേരിട്ടു. പിന്നെ അവിടെ നടന്നത് അതിരൂക്ഷമായ പോരാട്ടമായിരുന്നു. വടികളും കത്തികളും ഉപയോഗിച്ച് ജനക്കൂട്ടം പട്ടാളത്തോട് ഏറ്റുമുട്ടി. പട്ടാളം സ്റ്റേഷനുള്ളിലേക്ക് പിൻവാങ്ങി. ഈ സംഘട്ടനത്തിൽ റൗളിയും ഹെഡ്‌കോൺസ്റ്റബിൾ മൊയ്തീനും ഉൾപെടെ സർക്കാർ ഭാഗത്തുനിന്നും ആറുപേർ മരിച്ചുവീണു. മറുഭാഗത്ത് 17 പേർ കൊല്ലപ്പെടുകയും 7 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സംഭവത്തോടെ മലബാറിൽ ഖിലാഫത്തു ലഹള പൊട്ടിപ്പുറപ്പെടുകയായിരുന്നു.

തിരൂരങ്ങാടിയിൽ നടന്ന സംഭവങ്ങളെ ഭാഷാ പത്രങ്ങൾ ശക്തമായി അപലപിച്ചു. ഒരു പത്രം ഇപ്രകാരം എഴുതി. സർക്കാരുദ്യോഗസ്ഥന്മാർ അവധാനതയോടുകൂടി പ്രവർത്തിച്ചിരുന്നെങ്കിൽ ലഹളയേ ഉണ്ടാകുമായിരുന്നില്ല. അസ്വസ്ഥതയുടെ അഗ്നി ആളിക്കത്തിക്കുന്നതിന് മാത്രമേ അധികാരികളുടെ നടപടികൾക്കു കഴിഞ്ഞിട്ടുള്ളൂ. ചുരുക്കത്തിൽ ലഹളക്ക് ഉത്തരവാദികൾ പോലീസും പട്ടാളവുമാണ്. ഈ ലഹളയെ ഇനിയും മാപ്പിള ലഹളയെന്നു വിളിക്കരുത്.

മറ്റു മലയാള പത്രങ്ങൾ തോമസിനെ മലബാറിലെ ഡയർ എന്നുവിളിക്കുകയും തിരൂരങ്ങാടിയിലെ പ്രകോപനപരമായ പ്രവൃത്തികൾക്കുത്തരവാദികളായ എല്ലാ ഉദ്യോഗസ്ഥന്മാരുടെയും രാജി ആവശ്യപ്പെടുകയും ചെയ്തു. മാപ്പിളമാർ നടത്തിയ അക്രമണങ്ങളെ അപലപിച്ച മിതവാദികളായ പത്രങ്ങൾ പോലും ജനങ്ങളിൽ ഭീതിപരത്തുന്നതിനുവേണ്ടി നടത്തിയ അനവസരങ്ങളിലുള്ള വെടിവെപ്പ് കൂടുതൽ അപകടത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പാണ് നൽകിയത്. പിന്നീട് കലക്ടർ നൽകിയ റിപ്പോർട്ട് പ്രകാരം ആയുധങ്ങൾക്കും കുറ്റവാളികൾക്കും വേണ്ടിയുള്ള തെരച്ചിലിന്റെ ഭാഗമായി മാപ്പിള പോലീസുദ്യോഗസ്ഥന്മാർ കിഴക്കേപ്പള്ളിയിൽ കയറി പരിശോധിച്ചു. അവർ പള്ളിയിൽ കയറുന്നതിന് മുമ്പ് ചെരിപ്പുകൾ ഊരിമാറ്റിയിരുന്നു. പുഴയുടെ മറുകരയിലുള്ള മമ്പുറം പള്ളിയിൽ ആരും കയറിയിരുന്നതുമില്ല. എന്നാൽ മമ്പുറം തങ്ങളുടെ ആസ്ഥാനമായ മമ്പുറം പള്ളിസമുച്ചയം ആക്രമിക്കപ്പെട്ടെന്നും പള്ളിക്കെട്ടിടം ഇടിച്ചുനിരത്തിയെന്നുമുള്ള വാർത്തകളാണ് നാടെങ്ങും പ്രചരിപ്പിച്ചത്. ഇത് എരിതീയിൽ എണ്ണയൊഴിച്ചതിന് സമാനമായിരുന്നു.

ദീർഘ വീക്ഷണമില്ലാതിരുന്ന തോമസ് എന്ന മലബാർ കളക്ടർ കാട്ടിക്കൂട്ടിയ മഠയത്തരങ്ങൾ കാരണം മലബാറിലെങ്ങും കലാപം ആളിപ്പടർന്നു. ഖിലാഫത്ത്-കോൺഗ്രസ് നേതൃത്വം സംഭവഗതികൾ സസൂക്ഷമം വിലയിരുത്തുകയും 1921 ആഗസ്റ്റ് 26 ാം തിയ്യതി കോൺഗ്രസ്-ഖിലാഫത്ത് നേതാക്കന്മാർ കോഴിക്കോട്ടുനിന്നും തിരൂരങ്ങാടിക്കു യാത്ര തിരിക്കുകയും ചെയ്തു. കെ.പി. കേശവമേനോൻ, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, കെ.എം. മൗലവി സാഹിബ്, കെ.വി ഗോപാലകൃഷ്ണ മേനോൻ, പൊൻമാടത്തു മൊയ്തീൻ കോയ, കൊടുങ്ങല്ലൂർ ശേഖരമേനോൻ, ഇ. മൊയ്തീൻ മൗലവി, യു. ഗോപാലമേനോൻ, മാണിക്യത്ത് ഗോപാലമേനോൻ, കെ. മാധവമേനോൻ, ടി.വി ചന്തുക്കുട്ടി നായർ, എ.പി. മൊയ്തീൻ കോയ മധുരവനം ഗോവിന്ദക്കുറുപ്പ് തുടങ്ങിയവർ ഇക്കൂട്ടത്തിലുണ്ടായിരുന്നു.

തിരൂരങ്ങാടിക്കു സമീപമുള്ള കടത്തുകടവിൽ വച്ച് ആലി മുസ്‌ലിയാരുടെ സംഘത്തിൽപെട്ട സന്നദ്ധഭടന്മാർ തക്ബീർ (ദൈവ കീർത്തനം) വിളികളോടെ നേതാക്കളെ വരവേറ്റു. പാതക്കിരുപുറവും തികഞ്ഞ അച്ചടക്കത്തോടെ തിങ്ങിനിറഞ്ഞുനിന്ന ജനക്കൂട്ടത്തിനിടയിലൂടെ അവർ മുന്നോട്ടുനീങ്ങി. തങ്ങളുടെ നാട് ബ്രിട്ടീഷു ഭരണത്തിൽ നിന്നും വിമോചിതമായതായി ജനങ്ങൾ ധരിച്ചുവച്ചതായി തോന്നും വിധമായിരുന്നു അവരുടെ ഭാവം. പരിണിത ഫലങ്ങൾ അവർക്ക് പ്രശ്‌നമായിരുന്നില്ലതാനും. ആലിമുസ്‌ലിയാരുടെയും കൂട്ടരുടെയും നിയന്ത്രണത്തിലാണ് തങ്ങളുടെ നാടെന്ന് ജനങ്ങൾ വിശ്വസിച്ചു. കേശവമേനോനും സംഘവും തിരൂരങ്ങാടിയിലെ ഖിലാഫത്ത് ആഫീസിലേക്ക് ആനയിക്കപ്പെട്ടു. മേനോനും കുറേ നേതാക്കന്മാരും ആലിമുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി. മുസ്‌ലിയാർ മേനോനെ ആശ്ലേഷിക്കുകയും തിരൂരങ്ങാടിയിലെ സംഭവഗതികൾ ധരിപ്പിക്കുകയും ചെയ്തു. അടുത്ത നീക്കമെന്തെന്ന കേശവമേനോന്റെ ചോദ്യത്തിനു മറുപടിയെന്നോണം അതു സംബന്ധിച്ച് മേനോന്റെ അഭിപ്രായമെന്താണെന്ന് മുസ്‌ലിയാർ തിരിച്ചുചോദിച്ചു. കലാപം ഇങ്ങനെ തുടർന്നുപോകുന്നതിലുള്ള അപായ സാധ്യതകൾ പറഞ്ഞു മനസ്സിലാക്കിയ ശേഷം പിടികിട്ടാപ്പുള്ളികളായി ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടുള്ളവർ കീഴടങ്ങുന്നതാണ് നല്ലതെന്ന് കേശവമേനോൻ മറുപടി പറഞ്ഞു. ഇത്തരത്തിൽ ജനങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന ഒരു ആത്മ ബലി തിരൂരങ്ങാടിയെയും അവിടുത്തെ ജനങ്ങളെയും രക്ഷിക്കുമെന്ന പ്രതീക്ഷയായിരുന്നു മേനോന്റെ ഈ അഭിപ്രായ പ്രകടനത്തിനുപിന്നിൽ.

മേനോന്റെ അഭിപ്രായത്തിനെതിരായി മുസ്‌ലിയാർ യാതൊന്നും പറഞ്ഞില്ല. തന്റെ ആളുകളുമായി ആലോചിച്ച ശേഷം ഒരു തീരുമാനമെടുക്കാമെന്നു മാത്രം മറുപടി നൽകി. മാത്രമല്ല, തന്റെ വിശ്വസ്ത അനുയായികളായ ലവക്കുട്ടിയോടും കുഞ്ഞലവിയോടും കൂടി മേനോൻ ഇക്കാര്യം സംസാരിക്കണമെന്ന് ആലിമുസ്‌ലിയാർ ആഗ്രഹം പ്രകടിപ്പിച്ചു. അത് പ്രകാരം കേശവമേനോൻ ലവക്കുട്ടിയുമായി സംസാരിച്ചെങ്കിലും കീഴടങ്ങുന്നതിനോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. എന്നെ അവരുടെ കയ്യിൽ കിട്ടിയാൽ കൊല്ലുകയായിരിക്കില്ല, ഞെക്കിപ്പിഴിയുകയായിരിക്കും ചെയ്യുക. ‘ഇല്ല, ഞാൻ പോരാടി മരിച്ചുകൊള്ളാം’ എന്നായിരുന്നു ലവക്കുട്ടിയുടെ മറുപടി. സൈന്യം തിരൂരങ്ങാടി പള്ളി തകർക്കുന്നതിനുള്ള സാദ്ധ്യതയെപ്പറ്റി മേനോൻ മുന്നറിയിപ്പുനൽകിയപ്പോൾ കുഞ്ഞലവി പറഞ്ഞു: ആലി മുസ്‌ലിയാർ അവിടെയുള്ളിടത്തോളം വെടിയുണ്ടകൾ പള്ളിയെ സ്പർശിക്കില്ല. കുഞ്ഞലവിക്ക് മുസ്‌ലിയാരുടെ സിദ്ധികളിൽ അനൽപമായ വിശ്വാസമാണുണ്ടായിരുന്നത്. ഏതായാലും തിരൂരങ്ങാടിയിൽ സർക്കാർ ജീവനക്കാരനായിരുന്ന ഒരു സുഹൃത്തിനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും മേനോനെ കൊണ്ടു പോകുന്നതിന് മുസ്‌ലിയാർ നിർദ്ദേശിച്ചു. ഇയാൾ മറ്റു സർക്കാർ ഉദ്യോഗസ്ഥന്മാരോടൊപ്പം രക്ഷപ്പെട്ടുപോകാൻ കൂട്ടാക്കാതിരുന്നതായിരുന്നു. മേനോനും കൂട്ടരും രാത്രി 8 മണിയോടുകൂടി കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു.

ആഗസ്റ്റ് 21 ാം തിയ്യതി മജിസ്‌ട്രേറ്റും പോലീസും പട്ടാളവും തിരൂരങ്ങാടി വിട്ടശേഷം ഒരു കൂട്ടം കലാപകാരികൾ അവിടെ ഉണ്ടായിരുന്ന എല്ലാ സർക്കാർ ഓഫീസുകളും ആക്രമിച്ചു. പോലീസ് സ്‌റ്റേഷൻ, സബ് മജിസ്‌ട്രേറ്റു കോടതി, സബ് രജിസ്ട്രാർ ആഫീസ് എന്നിവ തീവച്ചു നശിപ്പിച്ചു. തപാൽ ഓഫീസും അംശം കച്ചേരിയും കൊള്ളയടിക്കുകയും അവിടെയുള്ള രേഖകൾ തീവെക്കുകയും ചെയ്തു. ടി.ബി. കെട്ടിടത്തിനും കേടുപാടുകൾ വരുത്തി. അന്നേ ദിവസം തന്നെ ആലി മുസ്‌ലിയാർ ഭരണാധികാരിയായി പ്രഖ്യാപിക്കപ്പെട്ടു. മറ്റ് അധികാര കേന്ദ്രങ്ങളുടെ അഭാവത്തിൽ അദ്ദേഹം നേരിട്ട് രാജ്യകാര്യങ്ങൾ നോക്കാൻ തുടങ്ങി. കലാപത്തിന്റെ ആദ്യ ദശയിൽ ഖിലാഫത്തു സർക്കാർ രൂപീകരിക്കുന്നതിനെക്കുറിച്ച് മുസ്‌ലിയാർ ചിന്തിച്ചിട്ടുപോലും ഉണ്ടായിരുന്നില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാക്കുന്നത്. എന്നാൽ കോൺഗ്രസ് രംഗത്തുനിന്നും അപ്രത്യക്ഷമാകുകയും ലഹളയിലെ ആക്രമത്തെ അപലപിക്കുകയും ചെയ്‌തോടെ ഒരു ബദൽ ‘ഭരണ സംവിധാനത്തെക്കുറിച്ചു ചിന്തിക്കാൻ അദ്ദേഹം നിർബന്ധിതനായെന്നിരിക്കും. മുസ്‌ലിയാരെ സംബന്ധിച്ചിടത്തോളം പരിചിതമായ ‘ഭരണകൂട മാതൃക ഖിലാഫത്തിന്റേതായിരുന്നു. എന്നാൽ കലാപത്തിന്റെ ആദ്യനാളുകളിൽ ഖിലാഫത്തു ഗവൺമെന്റിന്റെ രൂപീകരണം സംബന്ധിച്ചു മുസ്‌ലിയാർക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് വിരുദ്ധ സമരം വിജയിച്ചാൽ കോൺഗ്രസ് തങ്ങളുടെ സഹായത്തിനെത്തുമെന്ന് ന്യായമായും ആലിമുസ്‌ലിയാർ കരുതിയിരിക്കണം.

പൂക്കോട്ടൂരിൽ നടന്ന സംഭവങ്ങളിൽ കറാച്ചി ഖിലാഫത്തു സമ്മേളനത്തിനുള്ള സ്വാധീനം കണ്ടുപിടിക്കുക ദുഷ്‌കരമാണ്. എന്നാൽ പൂക്കോട്ടൂരിൽ പ്രസ്തുത സമ്മേളനത്തിൽ പാസ്സാക്കിയ പ്രമേയത്തിന്റെ മലയാളത്തിലുള്ള കോപ്പികൾ വിതരണം ചെയ്യപ്പെട്ടിരുന്നു. ജൂലൈ 29ാം തിയ്യതി തിരൂരങ്ങാടി പള്ളിയിൽ സന്നദ്ധ സേനാംഗങ്ങളെ ആലി മുസ്‌ലിയാർ ഈ പ്രമേയം വായിച്ചുകേൾപ്പിച്ചിരുന്നുവത്രെ.

ആലി മുസ്‌ലിയാർ, വാരിയംകുന്നത്തു കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങൾ എന്നിവർക്ക് അവ്യക്തമെങ്കിലും ദക്ഷിണ മലബാറിൽ ഒരു ബ്രിട്ടീഷ് വിരുദ്ധ സർക്കാർ രൂപീകരിക്കുന്നതിനെക്കുറിച്ച് പൊതുവായ ഒരു കാഴ്ചപ്പാടുണ്ടായിരുന്നു. ഖിലാഫത്ത് സിദ്ധാന്തങ്ങൾക്കനുരൂപമായി കലാപകാരികളാൽ നിയന്ത്രിക്കപ്പെടുന്ന ഖിലാഫത്ത് സങ്കൽപ്പമാണ് അവർ വെച്ചുപുലർത്തിയിരുന്നത്. കോൺഗ്രസ്സ് ലഹളയെ തള്ളിപ്പറഞ്ഞില്ലായിരുന്നുവെങ്കിൽ കോൺഗ്രസ് ഉദ്ദേശിച്ച ഒരു ഭരണ സംവിധാനം തന്നെ കുറച്ച് ദിവസത്തേക്കാണെങ്കിലും തിരൂരങ്ങാടിയിലും പരിസര പ്രദേശങ്ങളിലും നിലവിൽ വരുമായിരുന്നു.

ബ്രിട്ടീഷ് പട്ടാളത്തിന്റെ ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിനുവേണ്ടി ഖിലാഫത്ത് അനുകൂലികൾ കലുങ്കുകൾ തകർക്കുകയും മരങ്ങൾ മുറിച്ചിട്ടു മാർഗതടസ്സമുണ്ടാക്കുകയും ചെയ്തു. ആലിമുസ്‌ലിയാർ തന്റെ ഹ്രസ്വമായ ഭരണം ആരംഭിച്ചത് കലാപത്തിന് എതിരുനിന്ന നാലകത്തു കുഞ്ഞിപ്പോക്കർ, ആളുവളപ്പിൽ കുഞ്ഞഹമ്മദ് എന്നിവരെ പിടികൂടി വിചാരണ നടത്തി ശിക്ഷിച്ചുകൊണ്ടാണ്. 1921 ആഗസ്റ്റ് 21 ാം തിയ്യതി അദ്ദേഹത്തിന്റെ സേനാവ്യൂഹം തിരൂരിലെത്തി വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പും പിടിച്ചെടുത്തു. ഖിലാഫത്ത് പ്രക്ഷോഭകരുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം പോലീസും പട്ടാളവും ഈ ആയുധങ്ങൾ സുരക്ഷിതമായ ഒരു സ്ഥലത്ത് സൂക്ഷിക്കുന്നതിന് കൊണ്ടുപോകുകയായിരുന്നു.

സൈനിക നീക്കം സംബന്ധിച്ച വിവരം മുൻകൂട്ടി തിരൂരങ്ങാടിയിൽ എത്തിയിട്ടുണ്ടെന്നറിയാതെ അവിടെയെത്തിയ മജിസ്‌ട്രേറ്റും സംഘവും നടപടികൾ ആരംഭിച്ചു,. ആരെയും പുറത്തുപോകാൻ അനുവദിക്കാതെ പോലീസിനെയും പട്ടാളത്തെയും കാവൽ നിർത്തിക്കൊണ്ട് കോരിച്ചൊരിയുന്ന മഴക്കിടയിൽ തെരച്ചിൽ ആരംഭിച്ചു.

പിടികിട്ടാപുള്ളികളും ആയുധങ്ങളുമായിരുന്നു ലക്ഷ്യം. കിഴക്കേപ്പള്ളിയിലും പോലീസ് തമ്പടിച്ചിരുന്നു. തിരൂരങ്ങാടയിലെ ഹെഡ് കോൺസ്റ്റബിൾ മൊയ്തീനും, പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ആമുവും കൂടി പള്ളിയിലേക്കു കയറി. എന്നാൽ ആയുധങ്ങളൊന്നും കണ്ടെടുക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല. ആക്രമണത്തിന് ഉപയോഗിക്കാൻ പാകത്തിലുള്ള കത്തികളും വാളുകളും തിരൂരങ്ങാടിയിൽ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന ധാരണ പരത്തിയത് തോമസും ഹിച്ച്‌കോക്കുമായിരുന്നു. തിരൂരങ്ങാടിയിൽ നടത്തിയ തെരച്ചിലിൽ ആയുധങ്ങളൊന്നും കണ്ടെടുക്കാൻ കഴിഞ്ഞില്ലെന്ന് പിന്നീട് ജില്ലാ മജിസ്‌ട്രേറ്റ് റിപ്പോർട്ടു ചെയ്യുകയുണ്ടായി. പള്ളിക്കുള്ളിൽ ആലിമുസ്‌ലിയാരെ കണ്ടുകിട്ടാത്തതിനാൽ അരമൈൽ അകലെയുള്ള അദ്ദേഹത്തിന്റെ വീട്ടിൽ തെരച്ചിൽ നടത്താനായി പിന്നീടുള്ള ശ്രമം. എന്നാൽ വീട് പൂട്ടിയ നിലയിലായിരുന്നു. പൂട്ടുപൊളിച്ച് അകത്തു കയറി പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. അയൽ വീടുകളൊക്കെ കയറിയിറങ്ങിയിട്ടും മുസ്‌ലിയാരെ കണ്ടെത്താനായില്ല. ഇതിനിടെ ഒഴിഞ്ഞു കിടന്ന വീടിനുള്ളിൽ ആലിമുസ്‌ലിയാരുടെ മെതിയടി കിടക്കുന്നത് പട്ടാളത്തിന്റെ ശ്രദ്ധയിൽപെട്ടു. അതു നനഞ്ഞ നിലയിലായിരുന്നു. ആയതിനാൽ മുസ്‌ലിയാർ അവിടെനിന്നും രക്ഷപ്പെട്ടിട്ട് അധികസമയമായിട്ടില്ലെന്ന് അവർ ഊഹിച്ചു. ആലിമുസ്‌ലിയാരുടെ അടുത്ത അനുയായിയും വിശ്വസ്തനുമായിരുന്ന ലവ്വക്കുട്ടിയെ അറസ്റ്റു ചെയ്യുന്നതിന് നടത്തിയ ശ്രമവും വിജയിച്ചില്ല. സൈന്യം അകത്തുകടന്നപ്പോഴേക്കും അയാൾ വീടിനു പിറകുവശത്തു കൂടി രക്ഷപ്പെട്ടിരുന്നു. പിടികിട്ടേണ്ടവരിൽ ചിലർ ആ പ്രദേശത്തുതന്നെയുണ്ടെന്നു സംശയമുണ്ടായിരുന്നതിനാൽ അധികാരി കഴുങ്ങുംതോട്ടത്തിൽ മൂസക്കുട്ടിയും തിരൂരങ്ങാടി ഹെഡ്‌കോൺസ്റ്റബിൾ മൊയ്തീനും ഉൾപ്പെടെ പരിചയക്കാരായ ഏതാനും ഉദ്യോഗസ്ഥർ അവിടെത്തന്നെ തങ്ങി.

1921 ആഗസ്റ്റ് 28 ാം തിയ്യതി ഒരു വൻസേനാ വ്യൂഹം ജുമുഅത്ത് പള്ളി വളഞ്ഞു. പള്ളിയുടെ മുകളിലത്തെ നിലയിൽ ആലി മുസ്‌ലിയാരും 114 അനുയായികളും ഉണ്ടായിരുന്നു. പെട്ടെന്ന് മസ്ജിദിനുള്ളിലേക്ക് പട്ടാളം വെടിയുതിർത്തു. കെട്ടിടത്തിന്റെ ഏല്ലാ വശത്തുനിന്നും വെടിവെപ്പുണ്ടായി. അത് ഒരു മണിക്കൂർ തുടർന്നു. കുഞ്ഞലവി, ലവക്കുട്ടി, അബ്ദുല്ലക്കുട്ടി തുടങ്ങിയ നേതാക്കൾ പള്ളിയുടെ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു. ആലിമുസ്‌ലിയാരും 37 അനുയായികളും പള്ളിയിൽ അവശേഷിച്ചു.

അവർ പള്ളിയുടെ മുകളിൽ നിന്നും വെളുത്ത പതാക വീശിക്കാണിച്ചു. പെട്ടെന്ന് പട്ടാളം പള്ളിയിലേക്ക് ഇരച്ചുകയറി എല്ലാവരേയും പിടികൂടി. അവരെ അന്നുരാത്രി തിരൂരങ്ങാടി ചന്തയിൽ താമസിപ്പിച്ച ശേഷം പിറ്റേദിവസം തിരൂരിലേക്കു കൊണ്ടുപോയി. 1921 ആഗസ്റ്റ് 28 ാം തിയ്യതി പുലരുന്നതിന് മണിക്കൂറുകൾ മുമ്പ് നടത്തിയ സൈനിക നടപടി ആലിമുസ്‌ലിയാരെയും ഖിലാഫത്തു പ്രസ്ഥാനത്തിലുള്ള അദ്ദേഹത്തിന്റെ കൂട്ടാളികളെയും പിടികൂടുന്നതിന് വേണ്ടി മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നു. കീഴടങ്ങുന്നതിനുള്ള നിർദ്ദേശം തള്ളിക്കളഞ്ഞ ലവക്കുട്ടിയോട് ബ്രിട്ടീഷ് ഗവൺമെന്റിന്റെ സമീപനം ഒരിക്കലും നീതിപൂർവമായിരുന്നില്ല.

ബാംഗ്ലൂരിൽ നിന്നു കൂടുതൽ സൈന്യമെത്തിേേച്ചർന്നതോടെ മലപ്പുറം, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നും മാപ്പിള വീര്യത്തിന്റെ സിരാകേന്ദ്രമായ തിരൂരങ്ങാടി കേന്ദ്രീകരിച്ച് ശക്തമായ സൈനിക നടപടികൾ ആരംഭിച്ചു. ആഗസ്റ്റ് 30 ാം തിയ്യതി വൈകീട്ട് കലാപകാരികൾ തമ്പടിച്ചിരുന്ന കിഴക്കേ പള്ളി സൈന്യം വളഞ്ഞു. ഔദ്യോഗിക ഭാഷ്യമനുസരിച്ച് പിറ്റേന്നു രാവിലെ പ്രക്ഷോഭകർ തുരുതുരാ വെടിവെച്ചുകൊണ്ട് പുറത്തുവരികയും സൈന്യത്തെ ആക്രമിക്കുകയും ചെയ്തു. സൈന്യം തിരിച്ചു വെടിവച്ചു. 24 മാപ്പിളമാർ കൊല്ലപ്പെട്ടു. 38 പേർ കീഴടങ്ങി. ആലിമുസ്‌ലിയാരെ കോഴിക്കോട്ടുവെച്ച് സ്‌പെഷ്യൽ ട്രൈബ്യൂണൽ വിചാരണ നടത്തി. ബ്രിട്ടീഷ് ചക്രവർത്തിക്കെതിരായി യുദ്ധത്തിലേർപ്പെട്ടുവെന്നതായിരുന്നു അദ്ദേഹത്തിൽ ആരോപിക്കപ്പെട്ട കുറ്റം. നവംബർ 2ാം തിയ്യതി അദ്ദേഹത്തെ വധശിക്ഷക്ക് വിധിക്കുകയും ശിക്ഷ നടപ്പിലാക്കുകയും ചെയ്തു.

അധികം വൈകാതെ ലവക്കുട്ടി മരണപ്പെട്ടു. കുഞ്ഞലവിയാകട്ടെ വലിയോറയിൽ നടന്ന നേർക്കുനേർ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ചു. അങ്ങനെ രണ്ടാം തിരൂരങ്ങാടി പ്രക്ഷോഭത്തിൽ വെള്ളക്കാർ വിജയിച്ചു. അതോടെ മലബാർ കലാപം കെട്ടടങ്ങി. ഏറെ താമസിയാതെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ചെമ്പ്രശ്ശേരി തങ്ങളും പിടിയിലായി. ഇവരെയും വിചാരണ ചെയ്തു വെടിവെച്ചുകൊന്നു. ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് എന്നീ താലൂക്കുകളിലെ 110 ഗ്രാമങ്ങളിൽ സൈന്യം തേർവാഴ്ച നടത്തി. പന്തീരായിരത്തോളം മാപ്പിളമാർ ഈ സൈനിക നായാട്ടിൽ കൊലചെയ്യപ്പെട്ടു. നൂറുകണക്കിന് ആളുകളെ ആന്തമാൻ ദ്വീപുകളിലേക്ക് നാടുകടത്തി. എണ്ണമറ്റ മുസ്‌ലിംകൾ ജയിൽവാസത്തിന് വിധേയരായി. യുദ്ധച്ചെലവ് ഈടാക്കുന്നതിന് വേണ്ടി സർക്കാർ മുസ്‌ലിംകൾക്ക് കൂട്ടപ്പിഴയിട്ടു.

1921 സെപ്തംബർ 23 ാം തിയ്യതി മുതൽ 1922 ഫെബ്രുവരി 25 ാം തിയ്യതി വരെ സ്‌പെഷ്യൽ ട്രൈബ്യൂണൽ നിരവധി കേസുകളിൽ വിചാരണനടത്തി. കലാപകാരികൾക്കെതിരെ 302- ാം വകുപ്പനുസരിച്ച് കൊലപാതകത്തിനുള്ള രണ്ടുകേസുകൾ, 121 ാം വകുപ്പനുസരിച്ച് സർക്കാരിനെതിരെ യുദ്ധം നടത്തിയതിന് അഞ്ചു കേസുകൾ, കവർച്ച നടത്തിയതിന് 15 കേസുകൾ, പത്തു തീവെപ്പു കേസുകൾ, റിയൽവേ നിയമ പ്രകാരം ആറു കേസുകൾ, എന്നിങ്ങനെയായിരുന്നു കുറ്റങ്ങൾ ചുമത്തിയിരുന്നത്. വിചാരണയെ തുടർന്ന് 14 പേരെ വധശിക്ഷക്കും 29 പേരെ ജീവപര്യന്തം നാടുകടത്തലിനും വിധിച്ചു. 407 പേർക്ക് നാടുകടത്തലോ തടവു ശിക്ഷയോ ലഭിച്ചപ്പോൾ 18 പേരെ കുറ്റവിമുക്തരാക്കുകയും 39 പേരെ സ്വതന്ത്രരാക്കുകയും ചെയ്തു. നാടുകടത്തലിനു വിധിക്കപ്പെട്ടവരിൽ ഒരാളുടെ അപ്പീൽ പരിഗണിച്ചശേഷം ഹൈക്കോടതി അയാളെ കുറ്റവിമുക്തനാക്കി. ഒരാളുടെ തടവുശിക്ഷയിൽ ഇളവുവരുത്തി. എന്നാൽ ഇവരിൽ 3 പേരുടെ ശിക്ഷ സർക്കാർ നാടുകടത്തലായി ഇളവുചെയ്തുകൊടുത്തു.

കോഴിക്കോട്ടു വിചാരണ നടത്തിയശേഷം ആലി മുസ്‌ലിയാരെയും കൂട്ടരെയും കോയമ്പത്തൂരിലേക്കു കൊണ്ടുപോയി. 1921 ഡിസംബറിലെ കേരള പത്രികയിൽ ഇവരുടെ വിധിന്യായം സംക്ഷിപ്തമായി പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 121 ാം വകുപ്പ് (രാജവാഴ്ചക്കെതിരെ പ്രക്ഷോഭം), 302 ാം വകുപ്പ്, 148 ാം വകുപ്പ്(തിരൂരങ്ങാടി ഡോർസെറ്റ് റജിമെന്റെിലെ പ്രൈവറ്റ് വില്യംസിന്റെ കൊലപാതകം) എന്നിവ അനുസരിച്ചായിരുന്നു ആലി മുസ്‌ലിയാർക്കും 37 മുസ്‌ലിംകൾക്കുമെതിരായി കേസെടുത്തിരുന്നത്. ഇവരുടെ അത്യന്തം അപകടകരമായ പ്രവൃത്തികൾ കാരണം ഒരു നൂറ്റാണ്ട് പിന്നിലേക്ക് മുസ്‌ലിം സമുദായം അധഃപതിച്ചുപോയതായി ‘മലബാർ ഗസ്റ്റ്’ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് ഒന്നാം പ്രതി പാലത്തുമൂലയിൽ ഏരിക്കുന്നൻ ആലിമുസ്‌ലിയാർ, രണ്ടാം പ്രതി കൊക്കപ്പറമ്പൻ രായിൻ, മൂന്നാംപ്രതി ചേരുപാടത്തു കുഞ്ഞിച്ചേക്കു, നാലാം പ്രതി കുട്ടാശ്ശേരി അഹമ്മദ്, അഞ്ചാം പ്രതി ചീനക്കൽ മുഹമ്മദ്കുട്ടി, ഏഴാം പ്രതി പനക്കൽ ഉണ്ണീൻ കുട്ടി, പതിനെട്ടാം പ്രതി എലുമ്പലശ്ശേരി മൊയ്തീൻ കുട്ടി, മുപ്പത്തിയൊന്നാം പ്രതി പട്ടാളത്തിൽ കാടശ്ശേരി അഹമ്മദ്, മുപ്പത്തിരണ്ടാം പ്രതി മട്ടാറപൊയി, മുപ്പത്തിമൂന്നാം പ്രതി ഉണിയൻ അഹമ്മദ്, മുപ്പത്തിയെട്ടാം പ്രതി കോലക്കാടൻ കുഞ്ഞാലൻകുട്ടി എന്നിവരെ തൂക്കിക്കൊല്ലുന്നതിന് വിധിച്ചിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് വിധിന്യായം ഉപസംഹരിച്ചത്.

ആലി മുസ്‌ലിയാരും കൂട്ടരും ലഹളക്കിറങ്ങിപ്പുറപ്പെട്ടത് ഭൂമി സംബന്ധമായ ഏതെങ്കിലും പ്രശ്‌നങ്ങളുടെ മാത്രം അടിസ്ഥാനത്തിലല്ല. ഖിലാഫത്ത് പ്രസ്ഥാനവും നിസ്സഹകരണ പ്രസ്ഥാനവും അവരെ ഗണ്യമായി സ്വാധീനിച്ചിരുന്നു. ലഹളക്കാർക്കുണ്ടായിരുന്നത് ഒരു ഉട്ടോപ്യൻ ലക്ഷ്യമായിരുന്നെങ്കിൽ കൂടി ബ്രിട്ടീഷ് ഭരണത്തെ പറിച്ചെറിഞ്ഞ് തൽസ്ഥാനത്ത് ഒരു ഖിലാഫത്ത് ഭരണകൂടം സ്ഥാപിക്കാൻ അവർ ആഗ്രഹിച്ചിരുന്നില്ല. മാർഗനിർദ്ദേശം നൽകേണ്ടവരും ആപൽഘട്ടത്തിൽ കൂടെനിന്നവരും കൈയൊഴിഞ്ഞപ്പോൾ ലഹളക്കാരുടെ മുന്നിൽ മറ്റു മാർഗങ്ങളുണ്ടായിരുന്നില്ല. താനാണു രാജാവെന്ന് ആലിമുസ്‌ലിയാർ വിളംബരം നടത്തിയെങ്കിലും ഏതാണു തന്റെ രാജ്യമെന്ന് അദ്ദേഹം വ്യവച്ഛേദിച്ചു പറഞ്ഞിരുന്നില്ല. ഒരാഴ്ച്ചക്കാലത്തോളം മാത്രമാണ് ഭരണം നടത്തിയതെന്നതിൽ നിന്നും അദ്ദേഹത്തിന്റെ ഉദ്ദേശ്യം വ്യക്തമാകുന്നുണ്ട്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി കലാപത്തിന് നേതൃത്വം കൊടുത്ത നേതാക്കന്മാർ സർക്കാരിന് കീഴടങ്ങുകയാണ് ചെയ്തത്. അതിനാൽ ലഹളക്ക് പ്രേരകം മതഭ്രാന്താണെന്ന് പറഞ്ഞുകൂടാ. ഒരു സമൂലമാറ്റത്തിന് വേണ്ടിയുള്ള അഭിവാഞ്ഛയായിരുന്നു കലാപകാരികളെ മുന്നോട്ടുനയിച്ചത്. കേവല രക്തസാക്ഷികളാകാനുള്ള ഉപരിപ്ലവബോധമായിരുന്നില്ല ആലി മുസ്‌ലിയാരെ വഴിനടത്തിയതെന്നതിന് അദ്ദേഹത്തിന്റെ കീഴടങ്ങൽ ഏറ്റവും വലിയ തെളിവാണ്.

മുസ്‌ലിംകളുടെ രാജാവ്, ലഹളക്കാരുടെ നേതാവ്, എല്ലാറ്റിനും പുറമെ ഒരു മതഭ്രാന്തൻ, ഈ നിലയിലാണ് ബ്രിട്ടീഷ് ചരിത്രകാരന്മാരും കൂട്ടരും ആലിമുസ്‌ലിയാരെ ചിത്രീകരിച്ചിട്ടുള്ളത്. ഈ വിശേഷണങ്ങളൊക്കെ അവരുടെ താൽപര്യത്തിന് ന്യായമുണ്ടാക്കാൻ ബോധപൂർവ്വം രൂപപ്പെടുത്തിയതായിരുന്നു. എന്നാൽ വാസ്തവത്തിൽ അദ്ദേഹം മതമൈത്രിയുടെ കാവലാളായിരുന്നു. ആലി മുസ്‌ലിയാരുടെ പ്രമുഖ ശിഷ്യ.നായിരുന്ന കെ.എം. മൗലവി ഇങ്ങനെ അനുസ്മരിക്കുന്നു. ആഗസ്റ്റ് 2 മുതൽ 29 വരെ തിരൂരങ്ങാടിയിലേയും സമീപപ്രദേശങ്ങളിലെയും ഹിന്ദുക്കൾ ആലിമുസ്‌ലിയാരുടെ പൂർണ്ണനിയന്ത്രണത്തിലായിരുന്നു. എന്നാൽ ആലി മുസ്‌ലിയാരും അനുയായികളും കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നനിലയിൽ പ്രവർത്തിച്ചിരുന്നില്ല. അവർ ഹിന്ദു സഹോദരന്മാരെയും അവരുടെ സ്വത്തുക്കളെയും എന്തുവിലകൊടുത്തും സംരക്ഷിച്ചു. 1921 ഒക്ടോബർ 11 ാം തിയ്യതി ബ്രിട്ടീഷ് ഗവൺമെന്റിന്റെ പബ്ലിസിറ്റി ബ്യൂറോ പുറത്തിറക്കിയ ലഘുലേഖയിൽ ആലിമുസ്‌ലിയാരെക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്: ലഹളബാധിത പ്രദേശങ്ങളിൽ സർക്കാരിന്റെ പ്രവർത്തനം താൽക്കാലികമായി തടസ്സപ്പെട്ടിരിക്കുന്നതിനാൽ മുസ്‌ലിംകൾ സ്വരാജ് കൈവന്നതായി പ്രഖ്യാപിക്കുകയും ആലിമുസ്‌ലിയാരാണ് തങ്ങളുടെ രാജാവെന്ന് വിളംബരം നടത്തുകയും ചെയ്തു. അവർ ഖിലാഫത്ത് പതാക ഉയർത്തുകയും ഏറനാടും വള്ളുവനാടും ഖിലാഫത്ത് പ്രവിശ്യകളായി പ്രഖ്യാപിക്കുകയും ചെയ്തു.

1921 ലെ മലബാർ കലാപത്തെയും ആലിമുസ്‌ലിയാരെയും കുറിച്ച് കേരളപത്രിക പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ പക്ഷപാതപരവും വസ്തുതാ വിരുദ്ധവുമായിരുന്നു. മുസ്‌ലിംകളുടെ ഭരണാധികാരിയും കലാപകാരികളുടെ തലവനുമായ ആലിമുസ്‌ലിയാരെയും സായുധരായ 37 കൂട്ടാളികളെയും അറസ്റ്റുചെയ്തു. ”അയാളെയും കൂട്ടരെയും നിയമത്തിന് മുമ്പിൽ കൊണ്ടുവരേണ്ടതും നരഹത്യയുൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെടേണ്ടതുമാണ്. അവർ മരിക്കുന്നതിന് ദുഃഖമില്ല. സ്വർഗത്തിൽ അവരെ അകമ്പടി സേവിക്കുന്നതിന് സുന്ദരിമാരുണ്ടല്ലോ….സ്വയം രാജാവായി പ്രഖ്യാപിച്ചുകൊണ്ട് അയാൾ ഒരു മാസം ഭരണം നടത്തി. അങ്ങനെ പോകുന്നു അവരുടെ നിരീക്ഷണം”.

കേസിൽ അപ്പീൽ പോയെങ്കിലും കീഴ്‌കോടതി വിധി ശരിവെക്കപ്പെടുകയാണുണ്ടായത്. ആലിമുസ്‌ലിയാരെയും കൂട്ടരെയും കോയമ്പത്തൂർ ജയിലിലേക്ക് കൊണ്ടുപോയി. കഴുമരത്തിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പുതന്നെ അദ്ദേഹം അന്ത്യശ്വാസം വലിച്ചുവെന്ന പ്രബലമായ അഭിപ്രായമുണ്ട്. അദ്ദേഹത്തിന്റെ പന്ത്രണ്ട് അനുയായകളെ കോയമ്പത്തൂർ ജയിലിൽ വെച്ചു തൂക്കിക്കൊന്നു. അവർ പുഞ്ചിരിച്ചുകൊണ്ട് മനക്കരുത്തോടെയാണ് മരണംവരിച്ചത്. അവരുടെ ജീവിതകഥ മലബാറിന്റെ സമരപാരമ്പര്യത്തിന് എക്കാലത്തും മാറ്റ് കൂട്ടും. കോയമ്പത്തൂർ സുൽത്താൻപേട്ടയിലെ മുസ്‌ലിം ശ്മശാനത്തിൽ അവരുടെ മൃതദേഹങ്ങൾ ഖബറടക്കി. 1958 ൽ കോയമ്പത്തൂരിൽ അവർക്കായി ഒരു സ്മാരകം പടുത്തുയർത്തപ്പെട്ടു.

ആലിമുസ്‌ലിയാരുടെ അന്ത്യ നിമിഷങ്ങളെക്കുറിച്ച് ആംഗ്ലോ-മാപ്പിള യുദ്ധം എന്ന തന്റെ ഗ്രന്ഥത്തിൽ എ.കെ. കോടൂർ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: ”1922 ഫെബ്രുവരി 17 ാം തിയ്യതി ആലി മുസ്‌ലിയാരെയും കൂട്ടരെയും കോയമ്പത്തൂർ ജയിയിൽ തൂക്കിക്കൊന്നു. മൃതദേഹം വ്യക്തികൾക്കു വിട്ടുകൊടുക്കില്ലെന്നാണ് ജയിൽ അധികൃതർ അറിയിച്ചത്. ഈ സാഹചര്യത്തിൽ പി.പി പരീതിന്റെ നേതൃത്വത്തിലുള്ള മലയാളി മുസ്‌ലിം അസോസിയേഷൻ ആലിമുസ്‌ലിയാരുടെയും മറ്റു പന്ത്രണ്ടുപേരുടെയും മൃതദേഹങ്ങൾ ഏറ്റുവാങ്ങി കോയമ്പത്തൂരിൽ തന്നെയുള്ള സുൽത്താൻപേട്ട ശ്മശാനത്തിൽ വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു. ജയിൽവളപ്പിൽ നിന്ന് ആലിമുസ്‌ലിയാരുടെ മൃതദേഹം പുറത്തേക്കു കൊണ്ടുപോയവരിൽ ഒരാളായിരുന്ന കുഞ്ഞിബാവ വൈദ്യർ ഏതാനും വർഷങ്ങൾക്കുമുമ്പാണ് മരിച്ചത്. കോയമ്പത്തൂരിലെ മലയാളികൾ നദ്‌വാ ഹക്കീം റോഡിൽ ആലിമുസ്‌ലിയാരുടെ പേരിൽ ഒരു സ്മാരക സൗധം പടുത്തുയർത്തി. അതിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്:
സമർപ്പിതനായ അമീർ

Related Articles