Current Date

Search
Close this search box.
Search
Close this search box.

1921-2021 മുസ് ലിം ഉയിർപ്പിൻറെ പുസ്തകം

ശ്രീ .എം.ജി.എസ് നാരായണൻ ചെയർമാനും കെ.ഇ.എൻ ചീഫ് എഡിറ്ററും എപി. കുഞ്ഞാമു എഡിറ്ററുമായി വചനം ബുക്സ് പുറത്തിറക്കിയ “1921-2021 കേരള മുസ് ലിംകൾ നൂറ്റാണ്ടിൻറെ ചരിത്രം ” എന്ന ഗ്രന്ഥം ഏറെ പ്രസക്തവും പ്രൗഢവുമാണ്.

1857ലെ ഒന്നാം സ്വാതന്ത്ര്യ സമര ശേഷം സാമ്രാജ്യത്വ ശക്തികൾ നേരിട്ട ഏറ്റവും വലിയ സായുധ ജനകീയ ചെറുത്തുനിൽപ്പ് എന്ന നിലയിൽ കേരളീയ മുസ് ലിംകളെ സംബന്ധിച്ചിടത്തോളം 1921 ധീര പൈതൃക ത്തിൻ്റെ സമ്പന്നമായ അടയാളവാക്യമാണ്.

മലബാർ സമരം വിതച്ച പ്രതിസന്ധികളുടെ വൻമലകൾ വകഞ്ഞു മാറ്റി ഒരു ജനത നടത്തിയ ഉയിർപ്പ് ആവേശോജ്ജ്വലം രേഖപ്പെടുത്തപ്പെടേണ്ടത് തന്നെയാണ്.

സമൂഹം / രാഷ്ടീയം/വിദ്യാഭ്യാസം /മതം/ സംസ്കാരം/ സാഹിത്യം / മുന്നേറ്റം / പ്രവാസം / നവോത്ഥാനം/സ്ത്രീ / ആഗോളം / എന്നിങ്ങനെ 11 ബ്രഹത്തായ ഭാഗങ്ങളും പുറം കാഴ്ച, നൂറു കൊല്ലം നൂറു വ്യക്തികൾ, മുസ് ലിം കേന്ദ്രങ്ങൾ എന്നീ അനുബന്ധങ്ങളും ഉൾപ്പെടെ 1408 പേജുകളിലായി അണിയിച്ചൊരിക്കപ്പെട്ട ഈ കനപ്പെട്ട ഗ്രന്ഥത്തിനു പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കാതെ വയ്യ.

എല്ലാ വിഭാഗക്കാരെയും പരിഗണിക്കുകയും അവരുടെ സംഭാവനകൾക്ക് അടിവരയിടുകയും ചെയ്യുന്നുവെന്നതാണ് പുസ്തകത്തിൻറെ പ്രധാന സവിശേഷത.

ഉദാഹരണത്തിന് കേരള മുസ് ലിംവിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിവരിക്കുന്ന ഭാഗത്ത് “സമസ്ത”യുടെ സംഭാവനകൾ പരാമർശിക്കുന്നത് കാണുക:

“1945ൽ ഖുതുബി മുഹമ്മദ് മുസ് ല്യാരുടെ അധ്യക്ഷതയിൽ കാര്യവട്ടത്തു ചേർന്ന പതിനാറാം വാർഷിക സമ്മേളനത്തിൽ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ വിദ്യാഭ്യാസ സംബന്ധമായി ചില നിർദ്ദേശങ്ങൾ സമർപ്പിക്കുകയുണ്ടായി. മതപഠനത്തിന് കൃത്യവും വ്യക്തവും ഏകീകൃതവുമായ ഒരു സംവിധാനം അനിവാര്യമാണെന്ന ധാരണയിലാണ് ഈ യോഗം എത്തിച്ചേർന്നത്…

ആദ്യം എതിർത്തുവെങ്കിലും ആവശ്യകത ബോധ്യമായപ്പോൾ വളരെ ചടുലമായ പ്രവർത്തനങ്ങളിലൂടെ കേരള മുസ് ലിംകളുടെ വിദ്യാഭ്യാസ രംഗത്ത് അഭിമാനാർഹവും സ്തുത്യർഹവുമായ നേട്ടങ്ങൾക്കു നേതൃത്വം നൽകാൻ സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡിനു സാധിച്ചു.

ഇപ്പോൾ സമസ്തയുടെ കീഴിൽ 10, 200 മദ്രസകൾ പ്രവർത്തിക്കുന്നു.11, 19,000 വിദ്യാർത്ഥികൾ പഠിക്കുന്നു. 95,306 അധ്യാപകർ സേവനമനുഷ്ഠിക്കുന്നു. 260 അൽ ബിർറ് പ്രീ പ്രൈമറി സ്കൂളുകളിലായി 9,314 ശിശുക്കൾ പഠിതാക്കളായുണ്ട്. ഇവിടെ 1063 അധ്യാപികമാരും 249 ശിശു സേവികമാരുമുണ്ട്. അൺ എയ്ഡഡ് സ്കൂളുകൾക്കായുള്ള അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് (ASMl ) ൻ്റെ കീഴിൽ 3,030 സ്കൂളുകളിലായി 16,600 ലധികം കുട്ടികൾപഠിക്കുന്നു.. ”

സയ്യിദ് സനാഉല്ലാഹ് മക്തി തങ്ങൾ, മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, ഇസ്സുദ്ദീൻ മൗലവി, സി.എച്ച് മുഹമ്മദ് കോയ തുടങ്ങിയവരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളും വിവിധ സംഘടനകളുടെ സംഭാവനകളും വിലയിരുത്തുന്ന ഈ ഭാഗം തയ്യാറാക്കിയിരിക്കുന്നത് വിദ്യാഭ്യാസ ചിന്തകനും കേരള S.C.E.R.T യിൽ അറബി വിഭാഗം തലവനുമായിരുന്ന പ്രഫ: കെ.മുഹമ്മദ് അയിരൂർ ആണ്.

ഡോ: ഷംഷാദ് ഹുസൈൻ്റെ ( കാലടി ശ്രീശങ്കര സർവ്വകലാശാല) “കേരളീയ നവോത്ഥാനത്തിൽ മുസ് ലിം സ്ത്രീ” ഒട്ടേറെ കൗതുകകരമായ ചരിത്ര വസ്തുതകൾ പങ്കിടുന്നു. എഴുത്തിലും പാട്ടിലും പറച്ചിലിലും വലിയ തോതിൽ പുറം ലോകം അറിയാത്ത കാര്യങ്ങൾ അവർ കണ്ടെത്തിയിരിക്കുന്നു. ഡോ: അജ്മൽ മുഈൻ (മുക്കം M.A.M.0 കോളജ് ചരിത്ര വിഭാഗം തലവൻ) “മതനവീകരണത്തിലെ സ്ത്രീ ഇടങ്ങൾ ” വരച്ചുകാട്ടുന്നു.1938 ൽ എം.ഹലീമാ ബീവിയുടെ ഉടമസ്ഥതയിലും പത്രാധിപത്യത്തിലും പുറത്തിറങ്ങിയ “മുസ് ലിംവനിത ” യുടെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ മുതൽ മുഖ്യധാര തമസ്കരിച്ച നിരവധി സ്ത്രീ നവീകരണ യത്നങ്ങൾ വരെ ലേഖകൻ വരച്ചുവെക്കുന്നു.

സദ്റുദ്ദീൻ വാഴക്കാട് (പ്രബോധനം സീനിയർ സബ് എഡിറ്റർ) എഴുതിയ “മുസ് ലിം സ്ത്രീ മുന്നേറ്റത്തിൻ്റെ നൂറ്റാണ്ട് ” എന്ന പഠനത്തിൽ അഞ്ചു പേജിലധികം മലബാർ സമരത്തിലെ സ്ത്രീ ഉശിര് പങ്കിട്ടത് പ്രസക്തമായി.

മാധ്യമ പ്രവർത്തകൻ അഹ്മദ് ശരീഫ്.പി, എഴുത്തുകാരനും തുഹ്ഫ മിഷൻ കേരള കോ-ഓഡിനേറ്ററുമായ ജലീൽ രാമന്തളി, കവിയും ഗ്രന്ഥകാരനുമായ വി.മുസഫർ അഹ്മദ് എന്നിവരാണ് “പ്രവാസം” തയ്യാറാക്കി യിരിക്കുന്നത്. കേരളീയ മുസ് ലിം കർമ സാക്ഷ്യങ്ങൾക്കു പിന്നിലെ നൊമ്പരങ്ങളും മരുഭൂമികളിൽ പൂത്ത സർഗ വിസ്മയങ്ങളും ഈ ഭാഗത്ത് ഇതൾ വിരിയുന്നു.

ഇരുത്തംവന്ന എഴുത്തുകാർക്കൊപ്പം യുവതലമുറയും പേന പിടിക്കുന്നുവെന്നത് ഈ ചരിത്രകൃതിയെ ഏറെ ശ്രദ്ധേയമാക്കു ന്നു. ഒരു സിംഹാവലോകനത്തിൽ എല്ലാവരും വിഷയങ്ങളോട് നീതി പുലർത്തിയെന്നു തന്നെയാണ് ബോധ്യം! നമ്മുടെ സ്വകാര്യ ശേഖരത്തിൽ മാത്രമല്ല കേരളത്തിലങ്ങോളമിങ്ങോളമുള്ള മുഴുവൻ ലൈബ്രറികളിലും ഇടം പിടിക്കേണ്ടതാണ് ഈ വിപ്ലവ ഗ്രന്ഥം!

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles