Current Date

Search
Close this search box.
Search
Close this search box.

എന്തേ ദീനിന്റെ കാര്യത്തില്‍ സ്ത്രീക്ക് സ്ഥാനമില്ലേ?

സ്ത്രീകളെ തീരെ പരിഗണിക്കാത്ത ഒരവസ്ഥയായിരുന്നു പ്രവാചകന്റെ കാലത്തു നില നിന്നിരുന്നത്. ഒരു ജീവനുള്ള രൂപം എന്നതിലപ്പുറം സ്ത്രീക്ക് ഒരു പരിഗണനയും ആ സമൂഹം നല്‍കിയില്ല. ചിലപ്പോള്‍ തങ്ങളുടെ കുടുമ്പത്തിനു പേര് ദോഷം ഉണ്ടാകും എന്ന കാരണത്താല്‍ പെണ്‍കുട്ടികളെ അവര്‍ ജീവനോടെ കുഴിച്ചു മൂടിയിരുന്നു എന്നൊക്കെ നാം വായിക്കുന്നു. അവിടെ നിന്നും ഇസ്‌ലാം സ്ത്രീകളുടെ പദവി ഉയര്‍ത്തി കൊണ്ട് വന്നു. പുരുഷന് ഉള്ളത് പോലെ അസ്തിത്വവും വ്യക്തിത്വവും സ്ത്രീക്കുമുണ്ടെന്നു ലോകത്തെ ഓര്‍മ്മപ്പെടുത്തി. മാതാവ് എന്ന സ്ഥാനത്തിന് ഉന്നതമായ സ്ഥാനം നല്‍കി ആദരിച്ചു. അല്ലാഹുവിനുള്ള ‘ ഇബാദത്’ കഴിഞ്ഞാല്‍ പിന്നെ മാതാപിതാക്കളോട് നന്മയില്‍ വര്‍ത്തിക്കണം എന്ന് പലയിടത്തും എടുത്തു പറഞ്ഞു. അവള്‍ക്കു വ്യക്തിത്വവും സമ്പത്തില്‍ സ്ഥാനവും നല്‍കി.

ഇന്നത്തെ ഇസ്ലാമിക ലോകത്തു സ്ത്രീകളുടെ പങ്കു ഒന്ന് അവലോകനം ചെയ്യണം. ഇസ്ലാം ഒരു പുരുഷ മതമാണ് സ്ത്രീകള്‍ക്ക് കാര്യമായ റോളൊന്നും അതിലില്ല എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി പോകുന്നു. വീടിനപ്പുറം സ്ത്രീ ഇറങ്ങുന്നത് തന്നെ വിലക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. മറ്റൊരു വാക്കില്‍ എല്ലാ നിയമങ്ങളും നിബന്ധനകളും സ്ത്രീകളില്‍ മാത്രം പരിമിത പ്പെടുത്തി. പുരുഷന്റെ ഔദാര്യത്തില്‍ മാത്രം ജീവിക്കേണ്ടവളാണ് സ്ത്രീ എന്ന് പറയാതെ പറയുകയും ചെയ്യുന്നു. വൈജ്ഞാനിക രംഗത്തും പ്രവര്‍ത്തന രംഗത്തും സ്ത്രീകളുടെ ഇടപെടല്‍ ഇന്ന് തുലോം വിരളമാണ്. ‘ സത്യവിശ്വാസികളും വിശ്വാസിനികളും പരസ്പരം സഹായികളും മിത്രങ്ങളുമാകുന്നു. അവര്‍ ധര്‍മം കല്‍പിക്കുന്നു. അധര്‍മം നിരോധിക്കുന്നു. നമസ്‌കാരം മുറപ്രകാരം നിലനിര്‍ത്തുന്നു. സകാത്തു നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു’ അപ്പോള്‍ നന്മ കേള്‍പ്പിക്കുക തിന്മ വിരോധിക്കുക എന്നത് സ്ത്രീയുടെയും പുരുഷന്റെയും കടമയാണ്.

ആദ്യമിറങ്ങിയ ഖുര്‍ആന്‍ വചനം ‘ ദൈവിക നാമത്തില്‍ വായിക്കുക’ എന്നായിരുന്നു. ആ കല്‍പ്പനയും മതം മനുഷ്യരോടാണ്. നമ്മുടെ ഇസല്മിക ലോകത്തു സ്ത്രീകളുടെ വൈജ്ഞാനിക സംഭാവന എന്താണ്?. സഹാബി വനിതകള്‍ക്കു ശേഷം അടുത്ത തലമുറയിലും ശോഭിച്ച സ്ത്രീകളെ നമുക്ക് കാണാം. ഇമാം ഷാഫി അവര്‍കളുടെ പ്രശസ്തരായ അദ്യാപകരുടെ ഗണത്തില്‍ സ്ത്രീകളുമുണ്ട് എന്നതും ചരിത്രമാണ്. ഹദീസ് നിവേദന പരമ്പരയിലും സ്ത്രീകളെ നമുക്ക് കാണാം. ഇസ്‌ലാമിന്റെ എല്ലാ വിഷയങ്ങളും ( അഖീദ, ആരാധന, ഇടപാടുകള്‍, ബന്ധങ്ങള്‍ ………..) തുടങ്ങി ഒരു പാട് മേഖലയില്‍ അവരില്‍ നിന്നും ഹദീസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ബുഖാരി, മുസ്ലിം, അബൂദാവൂദ്, തിര്‍മുദി, നസാഇ , ഇബ്‌നു മാജ എന്നിവര്‍ സ്ത്രീകളില്‍ നിന്ന് ഹദീസുകള്‍ ശേഖരിച്ചതായി കാണുന്നു. ചുരുക്കത്തില്‍ ആ കാലത്തൊക്കെ ഇസ്‌ലാമിന്റെ മുന്നേറ്റത്തില്‍ സ്ത്രീകളുടെയും പങ്കു നാം കാണുന്നു.

സ്ത്രീകള്‍ക്ക് ഇസ്ലാം പള്ളി വിലക്കിയില്ല പകരം അവര്‍ക്കു നിര്‍ബന്ധമില്ല എന്നാണു പഠിപ്പിച്ചത്. പക്ഷെ അത് നിഷിദ്ധം എന്ന രീതിയില്‍ നാം വായിച്ചു. ഇപ്പോള്‍ സ്ത്രീകള്‍ക്ക് മയ്യിത്ത് നമസ്‌കാരം പോലും പാടില്ല എന്നിടത്താണ് കാര്യങ്ങള്‍ പോയി നില്‍ക്കുന്നത്. സ്ത്രീകള്‍ പലയിടത്തും ഒളിച്ചു നമസ്‌കരിക്കേണ്ട അവസ്ഥയിലാണ്. എന്തും അനുവദിക്കാനും നിരോധിക്കാനുമുള്ള അവകാശം ദീനില്‍ അല്ലാഹുവിനും പ്രവാചകനും മാത്രമാണ്. സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ചില സന്ദര്‍ഭങ്ങളില്‍ കാര്യങ്ങള്‍ തീരുമാനിക്കാന്‍ പണ്ഡിതന്മാര്‍ക്ക് അനുവാദമുണ്ട്. പക്ഷെ അത് ഒരു സ്ഥിരമായ നിരോധനം ആകില്ല എന്ന് മാത്രം.

സമൂഹത്തിന്റെ പകുതിയായ സ്ത്രീകളുടെ കഴിവുകളും വിഭവങ്ങളും വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തിയില്ല എന്നത് ഇസ്ലാം നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഒന്നും രണ്ടും മൂന്നും നൂറ്റാണ്ടുകളില്‍ ഇസ്‌ലാമിക ലോകത്തു സ്ത്രീകള്‍ നടത്തിയ മുന്നേറ്റം പിന്നെ അങ്ങോട്ടു കണ്ടില്ല. പുരുഷന്റെ ഒരു ഉപഭോഗ വസ്തു എന്നതിനപ്പുറം പലപ്പോഴും അവളുടെ അസ്തിത്വം പോയില്ല. വൈജ്ഞാനിക രംഗത്തും ചിന്താ രംഗത്തും ശാസ്ത്ര രംഗത്തും സ്ത്രീകള്‍ പുരുഷന്മാരുടെ കൂടെയുണ്ട്. പക്ഷെ ദീനിന്റെ കാര്യത്തില്‍ പുരുഷന്‍ മാത്രം മതി എന്നത് ഇസ്ലാമിന് അംഗീകരിക്കാന്‍ കഴിയാത്ത കാര്യവുമാണ്.

 

Related Articles