Current Date

Search
Close this search box.
Search
Close this search box.

പ്രവാചക പ്രണയത്തിൻറെ യുക്തി

മുസ് ലിം ഉമ്മത്തിന് വേണ്ടി പ്രവാചകൻറെ  സുരഭിലമായ ചരിത്രവും , ഉന്നതമായ വ്യക്തിത്വവും, ലോകർക്കുമുഴുക്കെയും കാരുണ്യമായ അനശ്വര സന്ദേശത്തെയും ഓർമിപ്പിക്കുന്ന തരത്തിൽ പ്രവാചകൻ (സ) യുടെ ജനനത്തെ നമ്മൾ മാറ്റുന്നതിൽ എന്ത് ബിദ്അത്തും വഴികേടുമാണുള്ളത് ? മീലാദുന്നബിയോടനുബന്ധിച്ച്   ശൈഖ് യൂസുഫുൽ ഖറദാവിയുടെ ട്വീറ്റിൻറെ  ആശയ വിവർത്തനം ഇങ്ങിനെ  വായിക്കാം . ശൈഖ് അഹ്മദ് റൈസൂനിയും പങ്കുവെക്കുന്നത് ഇതുപോലുള്ള ഒരാലോചന തന്നെയാണ്.

വിശുദ്ധ ഖുർആനിലോ തിരുസുന്നത്തിലോ പരാമർശിക്കപ്പെടാതിരിക്കുന്ന ഒരു കർമ്മത്തിന് സവിശേഷമായ വിധി ഉണ്ടാകുന്നതിനെയും  അതിനെ ആരാധനാപരമായ തലത്തിലേക്ക് കൊണ്ട് പോകാൻ ശ്രമിക്കുന്നതിനേയും പ്രശ്നവൽക്കരിക്കുന്നതോടൊപ്പം മീലാദിൻറെ ചരിത്രപരവും സ്വാഭാവികവുമായ സാധ്യതകളെകൂടി അദ്ദേഹം ആരായുന്നതായി കാണാൻ സാധിക്കും. ആരാധനയുടെ തലത്തിൽ അല്ലാഹുവോടടുക്കാനുള്ള മെക്കാനിസം രൂപപ്പെടുത്തേണ്ടത് ദൈവികമായ ഉത്തരവാദിത്തമാണെന്നതാണ് ഇസ് ലാമിക വീക്ഷണം. അതിൽ കുറവ് വരുത്തുന്നതും കൂടുതൽ ചേർക്കുന്നതും പൂർണ്ണമായും ദീനിൽ വെള്ളം ചേർക്കലാണ്. എന്നാൽ തെരഞ്ഞെടുപ്പിൻറേതായ സാധ്യതകൾ തുറന്നു വെച്ച ഇടങ്ങൾ കൂടി ഉണ്ട് ഇസ്ലാമിനകത്ത്.

ലോകർക്ക് മുഴുക്കെയും  കാരുണ്യമായൊരു സന്ദേശവും അതിൻറെ ജീവിത സാക്ഷിയുമാണ് യഥാക്രമം ഇസ്ലാമും പ്രവാചകനും. പ്രവാചകനോടുള്ള പ്രണയമാണ് ആത്യന്തികമായി റബീഉൽ അവ്വലിൻറെ സന്ദേശമായി പ്രചരിക്കുന്നത്. പ്രണയമാവട്ടെ പലപ്പോഴും അരാഷ്ട്രീയമായൊരു ഏർപ്പാടാണ്. ഒന്നിലേക്കു മാത്രമായൊരു ചുരുങ്ങലും ഒതുങ്ങലുമാവാറുണ്ടത്. മൂല്യവത്തായതൊന്നും സമ്മാനിക്കാതെ രണ്ടു പേർക്കിടയിൽ മാത്രം തുടങ്ങിയവസാനിക്കുന്ന, പലതിലേക്കും പ്രസരിക്കേണ്ടതിനെ  പരിമിതമായി നിർത്തുന്ന ഒന്ന്. എന്നാൽ, പ്രവാചകനോടുള്ള പ്രണയം വലിയ സാധ്യതകളുള്ള പ്രണയമാണ്. അനുസരണം കൊണ്ട് നിലനിൽക്കുന്ന പ്രണയമാണത്. അനുസരണമാവട്ടെ  ഒരു വലിയ രാഷ്ട്രീയ പ്രവർത്തനവുമാണ്.  ഉമറുബ്നുൽ ഖത്താബ് (റ) പറയുന്നു “ജമാഅത്തില്ലാതെ ഇസ്ലാമില്ല ,നേതൃത്വമില്ലാതെ ജമാഅത്തുമില്ല , അനുസരണമില്ലാതെ നേതൃത്വവുമില്ല ”

മുഹമ്മദ് (സ) ലോകരുടെയൊക്കെയും നേതാവാണ്. അനുസരിക്കപ്പെടുമ്പോൾ മാത്രമാണ് അസാന്നിധ്യത്തിലും റസൂൽ (സ) വിശ്വാസിക്ക് സാധ്യതയാകുന്നത്. നിങ്ങൾക്കിടയിൽ തർക്കമുണ്ടാവുമ്പോൾ വിധി തേടപ്പെടേണ്ട അവലംബമാണ് ആ ജീവിത സാക്ഷ്യം. വാക്കിലും പ്രവൃത്തിയിലും മൗനാനുവാദത്തിൽ പോലും പ്രമാണമൂല്യമുള്ളൊരു ജീവിതമാണത്. ഈയൊരു പശ്ചാത്തലത്തിലാണ് നബിദിനവുമായി ബന്ധപ്പെട്ട ചർച്ചകളെ വിലയിരുത്തേണ്ടതെന്നു തോന്നുന്നു. “നല്ലതെന്ന പേരിൽ ആരെങ്കിലും ഒരു ബിദ്അത്ത് ചെയ്താൽ മുഹമ്മദ്‌ നബി(സ) തന്റെ രിസാലത്തില്‍ വഞ്ചന കാണിച്ചു എന്ന് അവന്‍ വാദിക്കുന്നുവെന്നാണ് അതിനർത്ഥം ”  എന്ന് ഇമാം മാലിക് (റ) സൂചിപ്പിക്കുന്നുണ്ട്. ഇമാം ശാത്വിബി ബിദ്അത്തിനെ നിർവചിക്കുന്നത് ഇപ്രകാരമാണ് ” അല്ലാഹുവിന്റെ പൊരുത്തവും  സാമീപ്യവും ആഗ്രഹിച്ച്‌, അവന്റെ നിയമത്തെ അനുകരിച്ച്‌ സമാനമായ വിശ്വാസങ്ങളോ, കർമ്മങ്ങളോ വ്യക്തമായ പ്രമാണങ്ങളുടെ അഭാവത്തിൽ യാതൊരടിസ്ഥാനവുമില്ലാതെ പുതുതായുണ്ടാക്കുന്നതാണ് ശറഇൽ ബിദ്‌അത്ത്‌.” ഇത് ആരാധനാപരമായ ഒരു കൂട്ടിച്ചേർക്കലാണ്.

ദഅവത്തിൻറേതായ അവസരങ്ങളെ ഉപയോഗപ്പെടുത്തുന്ന  തരത്തിൽ പ്രവാചകൻ (സ) ജന്മദിനത്തെ തിരിച്ചറിയുന്നതിനെ ഇതൊരു നിലയിലും റദ്ദ് ചെയ്യുന്നില്ല. വിശ്വാസിയുടെ ജീവിതത്തെയാകമാനം ചൂഴ്ന്ന് നിൽക്കുന്ന / നിൽക്കേണ്ട ജീവിതമാണ് മുഹമ്മദ് മുസ്തഫ (സ) യുടേത്. ദിനമഞ്ചുനേരവും  പ്രവാചകനെ (സ) പരാമർശിക്കാതെ വിശ്വാസിയുടെ ജീവിതം  കടന്നു പോകുന്നില്ല. വ്യക്തികളെക്കുറിച്ചും അവരുടെ സംഭാവനകളെക്കുറിച്ചം അവരുടെ മരണാന്തരം  അനുസ്മരണം സംഘടിപ്പിക്കുക എന്നത് നമ്മുടെ ബൗദ്ധിക ,സാംസ്കാരിക മണ്ഡലത്തിലെ പതിവുകളാണ്. അവ്വിധം വ്യക്തികളെ ഓർത്തെടുക്കുന്നത് അത് പ്രചോദനദായകമായതിനാലാണ്. അതിനൊക്കെയപ്പുറം ഒരു മുസ്ലിമിൻറെ ജീവിതത്തിലെ അവലംബമാണ് റസൂൽ (സ). അവിടുന്ന് കാരുണ്യമാണ്. കാരുണ്യമാകട്ടെ ഖുർആനിക ഭാഷ്യത്തിൽ  സന്തോഷിക്കാനുള്ള കാരണവുമാണ്.

ശൈഖ് റൈസൂനി തൻറെ മീലാദാഘോഷവുമായി ബന്ധപ്പെട്ട ഫത് വ അവസാനിപ്പിക്കുന്നത് വിശുദ്ധ ഖുർആനിലെ തൊണ്ണൂറ്റിമൂന്നാം അധ്യായം സൂറത്തുള്ളുഹയിലെ ഈ സൂക്തം ഉദ്ധരിച്ചു കൊണ്ടാണ്  ” നിന്റെ നാഥന്റെ അനുഗ്രഹം പ്രഘോഷണം ചെയ്തുകൊണ്ടിരിക്കണം ” മുഹമ്മദ് (സ) യേക്കാൾ വലിയ മറ്റെന്തു അനുഗ്രഹമാണ് വിശ്വാസിക്കുള്ളത് എന്നതാണിവിടുത്തെ പ്രസക്തമായ കാര്യം. മറ്റൊന്ന്, നാമെന്തിനു റസൂലിനെ സ്നേഹിക്കണമെന്നതാണ്.’ യുക്തിയുടെ കാർക്കശ്യത്തിനകത്ത് പ്രണയത്തിന് കാര്യമൊന്നുമില്ല ‘ എന്ന കാൽപ്പനികമായൊരു മുറുപടിയാണോ അതിനുള്ളത്?. നാല്പതാം വയസ്സിൽ ലബ്ധമായ നുബുവ്വത്താണ് അവിടുത്തെ രിസാലത്താണ് ആ പ്രണയത്തിൻറെ മൂലഹേതു. എന്നാൽ  വികാരവായ്പ്പുകളേതുമില്ലാതുള്ള ബൗദ്ധികമായൊരു കണ്ടെത്തൽ മാത്രമാണോ വിശ്വാസിക്ക് പ്രവാചകൻ (സ) ? അതു മാത്രമല്ലെന്നതും അവിടുത്തെ അനുചരർ കാണിച്ചുതരുന്നത് നോക്കു! ചാഞ്ഞു നിന്നൊരു വൃക്ഷക്കമ്പുള്ളതിനാൽ, അത് തട്ടാതിരിക്കാൻ റസൂൽ (സ) തല കുനിച്ചിടത്ത് അത്തരമൊരു വ്യക്ഷമില്ലാതിരുന്നിട്ട് കൂടി തല കുനിച്ച ഇബ്നു ഉമർ (റ) യുടെ അനുഭവം  ഊർജ്ജ തന്ത്രത്തിൻറെ അളവുകോലുകളിൽ വിശദീകരിക്കാൻ കഴിയുമോ. ഹിജ്റയിൽ കൂടെയുണ്ടാകുമെന്നറിയുമ്പോഴുള്ള സിദ്ദീഖുൽ അക്ബറിൻറെ  കരച്ചിലിൻരെ  ജീവ ശാസ്ത്രമേതാണ്?  അവിടുത്തെ റൗളക്കടുത്ത് എനിക്കും ഇടം വേണമെന്ന ഉമർ (റ) യുടെ ആഇശ (റ) യോടുള്ള അഭ്യർത്ഥനയുടെ രസതന്ത്രമെന്താണ് ?ഉഹ്ദ് യുദ്ധത്തിൽ പിതാവും ഭർത്താവും സഹോദരനും നഷ്ടപ്പെട്ട അൻസ്വാരി വനിത അതിലൊന്നും വേവലാതിപ്പെടാതെ റസൂൽ എവിടെയെന്ന് മാത്രം ചോദിച്ചതോ? ഒരു പക്ഷേ,യുക്തിയില്ലായ്മയിലായിരിക്കാം പ്രണയത്തിൻറെ യുക്തി.

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles