Current Date

Search
Close this search box.
Search
Close this search box.

മഹല്ലുകളുടെ ആധുനികവല്‍കരണത്തിന് പത്ത് ഇന കര്‍മ്മ പദ്ധതികള്‍

കേരളത്തിലെ മുസ്ലിം സമൂഹത്തിന്‍റെ പ്രാദേശിക കൂട്ടായ്മക്കാണ് മഹല്ല് എന്ന് പറയുന്നത്. നമ്മുടെ സംസ്ഥാനത്തിന്‍റെ വടക്ക് മഞ്ചേശ്വരം മുതല്‍ തെക്ക് പാറശ്ശാല വരെ പതിനായിര കണക്കിന് മഹല്ല് കൂട്ടായ്മകള്‍ സജീവമായി പ്രവര്‍ത്തിച്ച്കൊണ്ടിരിക്കുന്നു. ആരാധനകള്‍ക്ക് നേതൃത്വം നല്‍കല്‍, വിവാഹ കാര്‍മ്മികത്വം വഹിക്കല്‍, മരണാനന്തര ചടങ്ങുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, മതപരവും ഭൗതികവുമായ വിദ്യാഭ്യാസ സംരംഭങ്ങള്‍,തര്‍ക്ക പരിഹാര ശ്രമങ്ങള്‍ തുടങ്ങി നിരവധി സ്തുത്യര്‍ഹമായ സേവനങ്ങള്‍ അതത് പ്രദേശത്തെ മഹല്ല് നിവാസികള്‍ക്ക് നല്‍കി വരുന്നുണ്ട്.

കാലത്തോടൊപ്പം സഞ്ചരിക്കേണ്ട ഒരു സംവിധാനമായിരിക്കണം മഹല്ലുകള്‍. നമ്മുടെ ജീവിതം നിരന്തരമായ മാറ്റങ്ങള്‍ക്ക് വിധേയമാണ്. മാറ്റത്തിന് മാത്രമേ മറ്റമില്ലാത്തതുള്ളു എന്ന കാറല്‍ മാര്‍കിസിന്‍റെ പ്രസ്താവം അര്‍ത്ഥവത്താണ്. മാറ്റങ്ങള്‍ക്ക് വിധേയമാവേണ്ട ഒരു സാമൂഹ്യ സ്ഥാപനമാണ് മഹല്ലുകളും. പുതിയ കാലത്ത്, പ്രവാചക മാതൃകഅനുധാവനം ചെയ്ത്കൊണ്ട് മത ജാതി ഭേദമന്യേ ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും പുരോഗതിയിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്തം മഹല്ലുകള്‍ ഏറ്റെടുക്കേണ്ടതുണ്ട്. അതിന് സഹായകമായ എല്ലാ മഹല്ലുകളിലും നടപ്പാക്കാന്‍ കഴിയുന്ന പത്ത് ഇന കര്‍മ്മ പദ്ധതികള്‍ ചുവടെ. ഇതില്‍ ചിലതെല്ലാം ചില മഹല്ലുകള്‍ നടപ്പിലാക്കിവരുന്നുണ്ട് എന്നത് ചാരിതാര്‍ത്ഥ്യജനകമാണ്.

1. ഡേറ്റ ശേഖരണം
മൊത്തം മഹല്ലിന്‍റെ സ്ഥിതി വിവരങ്ങള്‍ അറിയുവാന്‍ സമഗ്രമായ ഡേറ്റ ശേഖരണവും സര്‍വെയും നടത്തേണ്ടത് അനിവാര്യമാണ്. മഹല്ലിന്‍റെ മൊത്തം ജനസംഖ്യ, സാക്ഷരത, ആരോഗ്യാവസ്ഥ, സാമ്പത്തിക സ്ഥിതി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ സാധ്യത തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കി സര്‍വ്വെ നടത്തുന്നത് മഹല്ലിന്‍റെ മൊത്തം അവസ്ഥ മനസ്സിലാക്കാന്‍ സഹായിക്കും. ശരിയായ കണക്കെടുപ്പ് നടന്നാല്‍ മാത്രമേ ശരിയായ രൂപത്തില്‍ മേനേജ് ചെയ്യാന്‍ കഴിയൂ എന്ന തത്വപ്രകാരം കാര്യങ്ങള്‍ കൃത്യമായി നിയന്ത്രിക്കാന്‍ ഡേറ്റ അനിവാര്യമാണ്. ഇതിന് മഹല്ലിലെ യുവതി യുവാക്കളെ ചുമതലപ്പെടുത്തുകയും സോഫ്റ്റവെയറ് ഉപയോഗപ്പെടുത്തുകയും ചെയ്യാം.

2. കൗണ്‍സിലിംഗും ബോധവല്‍കരണവും
ഇന്ത്യയില്‍ ആറില്‍ ഒരാള്‍ക്ക് വീതം മാനസികമായ പിന്‍ബലം ആവശ്യമാണെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ മഹല്ലുകളില്‍ കൗണ്‍സിംഗ് സേവനങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കുമെല്ലാം കൗണ്‍സിലിംഗ് സേവനം നല്‍കുന്നത് അവരുടെ മാനസിക ആരോഗ്യം വര്‍ധിക്കാന്‍ സഹായിക്കും. കൂടാതെ മഹല്ല് നിവാസികളെ ബോധവല്‍കരിക്കുന്നതിന്‍റെ ഭാഗമായി മദ്യപാനം,സ്ത്രീപീഡനം, ആരോഗ്യം, ശുചീകരണം,റോഡ് സുരക്ഷ, വിവാഹ കൗണ്‍സിലിംഗ് തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍കരണ ക്ളാസുകള്‍ സംഘടിപ്പിക്കുന്നത് കൂടുതല്‍ ഫലപ്രദമാണ്. ആധുനിക കാലഘട്ടത്തില്‍ മഹല്ലുകള്‍ നിര്‍വ്വഹിക്കേണ്ട പ്രധാന ദൗത്യം കൂടിയാണിത്.

3. കാരിയര്‍ ഗൈഡന്‍സ്
കുട്ടികളുടെ അഭിരുചികള്‍ കണ്ടത്തുകയും അവര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കി അവരെ കൃത്യമായ പഠനമേഖല തെരെഞ്ഞെടുക്കാന്‍ സഹായിക്കലാണ് മഹല്ലുകളില്‍ ഈ വകുപ്പ് സ്ഥാപിക്കുന്നതിന്‍റെ ലക്ഷ്യം. നൂഹ് നബി കപ്പലുണ്ടാക്കിയിരുന്നുവെന്നും ദാവുദ് നബിക്ക് ലോഹ നിര്‍മ്മാണത്തില്‍ വൈധഗ്ദ്യം ഉണ്ടായിരുന്നുവെന്നും അറിയുന്ന ഒരു സമദായം പല നൈപുണ്യ തൊഴിലുകളോടും വിമ്മിഷ്ടം പ്രകടിപ്പിക്കുകയാണ്. അതിന് മാറ്റം വരുത്താന്‍ മഹല്ലുകള്‍ ശ്രമിച്ചാല്‍ സാധിക്കും. ഒരു മഹല്ലിന് ആവശ്യമായ മുഴുവന്‍ സേവനങ്ങളും അവിടെ നിന്ന് ലഭ്യമാക്കി ഒരു സ്വയം പര്യപ്ത മഹല്ല് സൃഷ്ടിക്കാന്‍ കൃത്യമായ കാരിയര്‍ ഗൈഡന്‍സിലൂടെ സാധിക്കുന്നതാണ്. സ്വയം പര്യപ്തത കൈവരിക്കല്‍ ഇസ്ലാമിലെ നിര്‍ബന്ധ സാമൂഹ്യ ഉത്തരവാദിത്തമാണെന്ന് ഇമാം ഗസ്സാലി അഭിപ്രായപ്പെട്ടിട്ടുണ്ട്.

4. മികവിന്‍റെ കേന്ദ്രങ്ങള്‍
മഹല്ലുകളുടെ ആധുനികവല്‍ക്കരണത്തിന് സഹായിക്കുന്ന മറ്റൊരു പദ്ധതിയാണ് മികവിന്‍റെ കേന്ദ്രങ്ങള്‍ (Center For Excellence) സ്ഥാപിക്കല്‍. നമ്മുടെ വരും തലമുറയെ കാലഘട്ടത്തിന്‍റെ വെല്ല്വിളികള്‍ നേരിടാന്‍ പ്രാപ്തമാക്കുകയാണ് മികവിന്‍റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന്‍റെ ലക്ഷ്യം. കേവലം സ്കൂള്‍ കോളേജ് വിദ്യാഭ്യാസത്തിലൂടെ മാത്രം നമ്മുടെ ഭാവിതലമുറയെ സജ്ജരാക്കാന്‍ സാധിക്കകയില്ലന്ന് അനുഭവത്തിലൂടെ ബോധ്യമായതാണ്. സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ പരീക്ഷകളില്‍ പരിശീലനം നല്‍കാനും തൊഴിലില്‍ മേഖലയില്‍ പ്രായോഗിക പരിശീലനം നല്‍കാനും മികവിന്‍റെ കേന്ദ്രം സ്ഥാപിക്കുന്നതിലൂടെ സാധിക്കും. മഹല്ലുകളില്‍ തന്നെയുള്ള പ്രമുഖരേയും പുറത്ത് നിന്നുള്ള യോഗ്യരായ വ്യക്തിത്വങ്ങളേയും ഇതിന് വേണ്ടി ഉപയോഗപ്പെടുത്താം.

5.സമ്പാദ്യശീലം, മൈക്രോ ഫൈനാന്‍സ്
ഏതൊരു മഹല്ലിലും ധനികരും ദരിദ്രരും ഉണ്ടാവുക സ്വാഭാവികമാണ്. മൈക്രോ ഫൈനാന്‍സിലൂടെ വ്യവസ്ഥാപിതമായി പണക്കാരില്‍ നിന്ന് പണം സ്വരൂപിച്ച് പാവപ്പെട്ടവരെ സഹകാരികളാക്കി ചെറുകിട സംരംഭങ്ങളും വ്യവസായങ്ങളും തുടങ്ങുന്നത് മഹല്ലില്‍ സാമ്പത്തികമായ ഉണര്‍വ്വ് സൃഷ്ടിക്കുവാനും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുവാനും സഹായകമാവും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനമായ കുടുംബശ്രീ പോലുള്ള സംവിധാനങ്ങളും പരീക്ഷിക്കാം. കൂടാതെ സമ്പാദ്യ ശീലം വളര്‍ത്താനും അവശ്യ സന്ദര്‍ഭങ്ങളില്‍ മഹല്ലിലെ അംഗങ്ങള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി പലിശരഹിത വായ്പ നല്‍കാനും ഇതിലൂടെ സാധിക്കും.

6. കാര്‍ഷിക രംഗം
കേരളം ഒരു കാര്‍ഷികജന്യമായ സംസ്ഥാനമാണ്. കാലാവസ്ഥ, ഭൂപ്രകൃതി, മഴയുടെ ലഭ്യത എല്ലാം അതിന് ഇണങ്ങിയതാണ്. കേരളത്തില്‍ പ്രകൃതി സൗഹൃദ അന്തരീക്ഷം പുന:സൃഷ്ടിക്കാനും വിഷരഹിത ഭക്ഷണം ലഭിക്കാനും തീര്‍ച്ചയായും കാര്‍ഷിക മേഖലയിലേക്ക് മടങ്ങിയേ പറ്റൂ. അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വിഷപച്ചക്കറികള്‍ നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. അതിന് പകരമായി കാര്‍ഷിക മേഖലയിലേക്ക് കടന്ന് വരേണ്ട സമയമാണിത്. ഓരോ മഹല്ലിലും ആയിര കണക്കിന് ഹെക്ടര്‍ ഭൂമി തരിശായി കിടക്കുന്നു. സ്വയം പര്യപ്തമായ ഒരു മഹല്ല് എന്ന ലക്ഷ്യം കൈവരിക്കാന്‍ കാര്‍ഷിക മേഖലയില്‍ മഹല്ല് ഭാരവാഹികള്‍ ഇടപെടുന്നത് രാജ്യത്ത് വലിയ മാറ്റത്തിന് തുടക്കം കുറിക്കുകയും വിഷരഹിത ഭക്ഷണം ലഭ്യമാക്കുകയും ചെയ്യും.

7. ആരോഗ്യം രംഗം
മനുഷ്യരുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അവരുടെ ആരോഗ്യം തന്നെ. എല്ലാ മഹല്ല് നിവാസികള്‍ക്കും സമഗ്രമായ ആരോഗ്യപദ്ധതി ആവിഷ്കരിക്കുന്നത് ആധുനികവല്‍കരണത്തിന് അനിവാര്യമാണ്. ഇതില്‍ ആരോഗ്യ ബോധവല്‍ക്കരണം, രോഗം നേരത്തെ കണ്ടത്തെല്‍, രോഗ പ്രതിരോധം എല്ലാം പ്രധാനം. അര്‍ബുദം, കിഡ്നി,സ്തനാര്‍ബുദം പോലുള്ള രോഗങ്ങള്‍ കേരളത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, ഇതിന്‍റെ ലക്ഷണങ്ങള്‍ എന്താണെന്ന് ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ചികില്‍സിച്ച് ഭേദമാക്കാവുന്നതേയുള്ളൂ. മഹല്ലുകളിലെ ഡോക്ടര്‍മാരുടേയും ആരോഗ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടേയും സേവനങ്ങള്‍ ഉപയോഗപ്പെടുത്താം.

8.കലാ കായിക രംഗം
വരും കാലങ്ങളില്‍ മഹല്ലുകള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു മേഖലയാണ് കലാ കായിക രംഗം. ഇസ്ലാമില്‍ അനുവദനീയമായ കലാ കായിക പരിപാടികള്‍ മഹല്ലുകളില്‍ നടപ്പാക്കുന്നത് ബന്ധങ്ങള്‍ ഊഷ്മളമാവാന്‍ സഹായിക്കുമെന്ന് മാത്രമല്ല, അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.രാജ്യത്ത് അനുവദനീയമായ സ്വയം പ്രതിരോധ മാര്‍ഗ്ഗങ്ങളും ഇതില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പ്രകൃതി ദുരന്തം, വൈറസ് ആക്രമണങ്ങളിലൂടെ ഉണ്ടാവുന്ന രോഗങ്ങള്‍ ഇതിനെ എല്ലാം മറി കടക്കാന്‍ ആരോഗ്യമുള്ള യുവതലമുറ അനിവാര്യമാണ്. മഹല്ലുകളുടെ ആധുനികവല്‍കരണത്തിന്‍റെ ഭാഗമായി, ഇത്തരം നൂതന പദ്ധതികള്‍ നടപ്പാക്കുന്നത് മഹല്ലുകളില്‍ വലിയ മാറ്റത്തിന് നിമിത്തമാവും.

9. സ്ത്രീ ശാക്തീകരണം
സമൂഹത്തിന്‍റെ പകുതിയിലധികം വരുന്ന സ്ത്രീ സമുഹത്തെ ഇനിയും അവഗണിക്കുന്നത് നീതീകരിക്കാനാവില്ല. അവരെ ഒഴിവാക്കിയ വികസന പ്രവര്‍ത്തനം ഒറ്റകാലില്‍ നടക്കുന്നതിന് തുല്യം. ആധുനികവല്‍കരണത്തിന്‍റെ ഭാഗമായി സ്ത്രീശാക്തീകരണത്തിന് ആവശ്യമായ സംവിധാനം മഹല്ലുകളില്‍ ഉണ്ടാവേണ്ടതുണ്ട്. വലിയ നവോത്ഥാന വിപ്ലവമാണ് കേരള മുസ്ലിംങ്ങളില്‍ ഉണ്ടായിട്ടുള്ളത് എന്ന് പറയാറുണ്ടെങ്കിലും സ്ത്രീ ശാക്തീകരണത്തില്‍ വഞ്ചി തിരുനക്കര തന്നെയാണ് എന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. ഇനിയൊരു കോടതി വിധി വരാന്‍ കാത്തിരിക്കാതെ, മഹല്ല് പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകള്‍ക്കും പങ്കാളികളാവാന്‍ അവസരം നല്‍കേണ്ടതാണ്.

10. റിപ്പോര്‍ട്ടിംഗും അപഗ്രഥനവും
മഹല്ല് സംവിധാനത്തില്‍ ഉണ്ടായിരിക്കേണ്ട മറ്റൊരു സുപ്രധാന വകുപ്പാണ് റിപ്പോര്‍ട്ടിംഗും അപഗ്രഥനവും. മഹല്ല് കമ്മിറ്റികള്‍ ജനോപകാരപ്രദമായ നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും അതൊന്നും പൊതുസമൂഹത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ട് വരാന്‍ മിക്ക മഹല്ലുകള്‍ക്കും സാധിക്കാറില്ല. ഇത്തരമൊരു സംവിധാനം ഉണ്ടാവുമ്പോള്‍, ഒരു മഹല്ലില്‍ നടക്കുന്ന കാര്യങ്ങള്‍ മറ്റ് മഹല്ലുകള്‍ അറിയുവാനും അത് അവരുടെ മഹല്ലുകളിലും നടപ്പിലാക്കാനും പ്രചോദനമാവുന്നു. മഹല്ലുകളുടെ പുരോഗമനപരമായ പ്രവര്‍ത്തനങ്ങള്‍ വാര്‍ത്തകളില്‍ വരുന്നതോടെ അവയുടെ പ്രതിഛായയില്‍ വമ്പിച്ച മാറ്റം വരാനും ജനങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കാനും സാധിക്കുന്നതാണ്.

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles