Your Voice

സ്വാമി അഗ്നിവേഷ് മതസൗഹാര്‍ദ്ദത്തിന്റെ കാവലാള്‍

ആന്ധ്ര പ്രദേശിലെ ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച സ്വാമി അഗ്നിവേഷ് സന്യാസ ജീവിതത്തോടൊപ്പം സാമൂഹ്യ നിലപാടുകളുള്ള ശക്തമായ ശബ്ദമായിരുന്നു. 1997ല്‍ ഹരിയാന നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട അഗ്നിവേശ് രണ്ടുവര്‍ഷത്തിനുശേഷം വിദ്യാഭ്യാസ മന്ത്രിയുമായി. 80ാം മത്തെ വയസ്സില്‍ കരള്‍ രോഗത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ സെപ്റ്റംബര്‍ 11ന് വൈകുന്നേരം ഹൃദയസ്തംഭനത്താല്‍ മരിക്കുകയായിരുന്നു. ജനങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദത്തിനും സംവാദത്തിനും വേണ്ടി പ്രവര്‍ത്തിച്ച സ്വാമി വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ നിലക്കാത്ത ശബ്ദമായിരുന്നു. 1979ല്‍ ഭജന്‍ലാല്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ വ്യവസായ നഗരത്തിനുവേണ്ടി പാവപ്പെട്ട ദേശവാസികളെ കുടി ഒഴിപ്പിക്കാനാരംഭിച്ചപ്പോള്‍ സമരം ചെയ്ത ജനങ്ങള്‍ക്കുനേരെ പോലീസ് വെടിവെപ്പില്‍ 10 പേര്‍ മരിച്ചു. സ്വന്തം സര്‍ക്കാറിന്റെ മനുഷ്യത്വ ഹീനമായ നടപടികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപെട്ട അഗ്നിവേശിന് നഷ്ടമായത് മന്ത്രിപദവി. അതിനുശേഷം തെരെഞ്ഞെടുപ്പ് രാഷ്ട്രീയം തിരസ്‌കരിച്ച് മുഴുവന്‍സമയ സാമൂഹിക പ്രവര്‍ത്തകനായി മാറി.

ഇന്ത്യന്‍ മതനിരപേക്ഷതയുടെ ഹൃദയത്തില്‍ ആണ്ടിറങ്ങിയ വാള്‍ മൂര്‍ച്ചയാണ് ഫാസിസം. അതിന്റെ ആദ്യ ഇര രാഷ്ട്രപിതാവായ മഹാത്മജിയും. രണ്ടാമത്തെ കറുത്ത ദിമായിരുന്നു 1992 ഡിസംബര്‍ 6. ബാബരി മസ്ജിദിന്റെ പതനമായിരുന്നു ഫലം. ചകിതമായ ഇന്ത്യന്‍ മനസാക്ഷിയെ വിഭാഗീയതിയിലേക്കും വര്‍ഗ്ഗീയ രാക്ഷസീയതിലേക്കും പോകാതെ പിടിച്ചു നിര്‍ത്തിയത് ഒരുപിടി മനുഷ്യ സ്‌നേഹികളായിരുന്നു. ജമാത്തെ ഇസ്ലാമി ഹിന്ദിന്റെ ഉപാധ്യക്ഷന്‍ യശ്ശസരീരനായ മൗലാന ശഫീഅ് മുനീസ് ജനാധിപത്യ – മതനിരപേക്ഷ നയങ്ങളെ പിന്തുണക്കുന്ന പ്രമുഖരെ ഡല്‍ഹിയിലെ കോണ്‍ഫിഡന്‍ഷ്യല്‍ ക്ലബില്‍ വിളിച്ചു ചേര്‍ത്തു. 1993 ജലൈ 11 ന് ചേര്‍ന്ന സംഗമത്തില്‍ ജസ്റ്റിസുമാരായ വി.എം. താര്‍കുണ്ഡെ, ആര്‍.എസ്. നരൂല, രജീന്ദര്‍ സച്ചാര്‍, സോളി ജെ സോറാബ്ജി, കുല്‍ദീപ് നയ്യാര്‍ തുടങ്ങിയവരോടൊപ്പം സ്വാമി അഗ്നിവേഷും സംബന്ധിച്ചിരുന്നു. അവിടെ വെച്ച് ഫോറംഫോര്‍ ഡെമോക്രസി ആന്റ് കമ്യൂണല്‍ അമിറ്റിയുടെ (എഫ്.ഡി.സി.എ) രൂപീകരണം നടന്നു. ജസ്റ്റിസ് വി.എം താര്‍കുണ്ഡെയെ ചെയര്‍മാനും ജനറല്‍ സെക്രട്ടറിയായി മൗലാനാ ശഫീഅ് മുനീസിനെയും തെരെഞ്ഞെടുത്തു. അധികം താമസിയാതെ എറണാകുളം മാസ് അഡിറ്റോറിയത്തില്‍ ചേര്‍ന്ന സാംസ്‌കാരിക നിയമജ്ഞരുടെ യോഗത്തില്‍വെച്ച് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരെ എഫ്.ഡിയസി.എയുടെ കേരള ചാപ്റ്റര്‍ ചെയര്‍മാനായി ജസ്റ്റിസ് വി.ആര്‍ താര്‍കുണ്ഡെ പ്രഖ്യാപിച്ചു.

എഫ്.ഡി.സി.എ കേരള ചാപ്റ്റര്‍ 2010 മേയ് മാസത്തില്‍ എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഹ്യൂമന്‍ റൈറ്റ്‌സ് കാമ്പയിന്‍ സംഘടിപ്പിച്ചു. മേയ് 5ന് കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സാമ്രാജ്യത്വ അധിനിവേഷവും പരിണിത ഫലവും സെമിനാര്‍ ഉല്‍ഘാടനം ചെയ്തത് സ്വമിയായിരുന്നു. എം.ജി.എസ് നാരായണന്‍, മാധ്യമം ചീഫ് എഡിറ്റര്‍ സി. രാധാകൃഷ്ണന്‍, സിവിക് ചന്ദ്രന്‍ ഫോറത്തിന്റെ ഭാരവാഹികളായ ഒ. ബ്ദുറഹ്മാന്‍, മഞ്ചേരി സുന്ദര്‍ രാജ്, ടി.കെ ഹുസൈന്‍ അഡ്വ. കെ.എം തോമസ് എന്നിവര്‍ പങ്കെടുത്തു.  ഉല്‍ഘാടന പ്രസംഗത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് സാമ്രാജ്യത്തത്തിനെതിരെ മുന്നേറ്റം നയിക്കാനാവില്ല മറിച്ച് പക്വമായി സാമ്രാജ്യത്വ വിരുദ്ധപ്രക്ഷോഭം നടത്താനാവുക മതാനുയായികള്‍ക്കാണെന്ന് അഗ്നിവേസ് ഊന്നി പറഞ്ഞു. ഭൗതികത വരുന്നത് സാമ്രാജ്യത്വത്തെ അനുകൂലിക്കാനാണെന്നും ആത്മീയത ആവശ്യപ്പെടുന്നത് സോഷ്യലിസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വര്‍ഗീയ ചേരിതിരിവിനാല്‍ നിരവധിപേര്‍ക്ക് ജീവനും സ്വത്തും നഷ്ടപെട്ട നാദാപുരത്ത്, 2015 ജനുവരി 22ന് കൊലചെയയ്‌പെട്ട ഷിബിന്റെ കുടുംബത്തെ സമാശ്വസിപ്പിക്കാന്‍ അഗ്നിവേശ് സമയം കണ്ടെത്തി. അദ്ദേഹത്തോടൊപ്പം സമാധാന സ്ഥാപന ദൗത്യത്തില്‍ ഗാന്ധിയനായ തായാട്ട് ബാലനോടൊപ്പമുമുളള യാത്ര അവിസ്മരണീയ അനുഭവങ്ങളാണ് സമ്മാനിച്ചത്.

Also read: റോഹിങ്ക്യൻ വംശഹത്യ: മ്യാൻമർ സൈനികരുടെ കുറ്റസമ്മതം

ഡിസംബര്‍ 26ന് ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച മനുഷ്യാവകാശ കാമ്പയിന്റെ ഭാഗായി നടത്തിയ ”പാര്‍ശ്വ വല്‍കൃത സമൂഹവും മനുഷ്യാവകാശങ്ങളും” സെമിനാര്‍ ഉല്‍ഘാടനം ചെയതതും സ്വമി അഗ്നിവേശ് ആയിരുന്നു. മുത്തങ്ങയിലെ ആദിവാസി വേട്ടയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ദേശീയ അന്തര്‍ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ആദിവാസികളെ സാക്ഷി നിര്‍ത്തി ഭാരതീയ ആര്യസഭാ ജനറല്‍ സെക്രട്ടറി കൂടിയായ സ്വാമിജി പ്രഖ്യാപിച്ചു. എഫ്.ഡി.സി.എ തയ്യാറാക്കിയ മുത്തങ്ങ ഇന്‍സിഡന്റ് റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന്റെയും ആംനസ്റ്റി ഇന്റര്‍നാഷണലിന്റെയും സുപ്രീംകോടതിയുടെയും മുന്നിലെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് നടന്ന സെമിനാറില്‍ ജമാഅത്തെ ഇ‌സ്‌ലാമി അമീര്‍ പ്രൊഫ. കെ.എ സിദ്ദീഖ് ഹസന്‍ അധ്യക്ഷത വഹിച്ചു. കേരളത്തിലെ മറ്റു നിരവധി സാംസ്‌കാരിക പരിപാടികളിലും അഗ്നിവേശ് നിറസാന്നിദ്ധ്യമായിരുന്നു.

വേദങ്ങളിലും ഉപനിഷത്തുകളിലും നിലീനമായ ഏകദൈവ വിശ്വാസത്തിലധിഷ്ടിതമായ ദയാനന്ദ സര്വസ്വതിയുടെ ആര്യ ദര്‍ശനമാണ് സ്വമിജി ഉള്‍ക്കൊണ്ടത്. അദ്ദേഹം ഗോവധത്തിനെതിരായിരുന്നു. മോദി സര്‍ക്കാര്‍ ബീഫ് നിരോധനം കര്‍ശനമായി നടപ്പാക്കുന്നതോടൊപ്പം ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരായ ഇന്ത്യയുടെ ഇരട്ടത്താപ്പ് അദ്ദേഹം തുറന്നുകാട്ടി. സംഘ്പരിവാറിന്റെ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച സ്വാമിയെ ബി.ജെ.പി – യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മരണംവരെ അദ്ദേഹത്തിനെതിരെ അക്രമങ്ങള്‍ അഴിച്ചുവിട്ടു.

Also read: കേരളവും എന്‍ ഐ എ അറസ്റ്റും

ബോണ്ട് ലേബറിന്റെയും ചൈല്‍ഡ് ലേബറിനെയും എതിരിടുന്നതില്‍ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. 60 രാജ്യങ്ങള്‍ ഉള്‍കൊള്ളുന്ന സൗത്ത് എഷ്യന്‍ കോര്‍ഡിനേഷന്‍ ഓണ്‍ ചൈല്‍ഡ് സെര്‍വിറ്റിയൂഡ് (എസ്.എ.സി.സി.എസ്) ന് സ്വമി ജന്മം നല്‍കി. അഗ്നിവേശിന്റെ സുപ്രധാന രചനകളും പ്രഭാഷണങ്ങളും ഉള്‍കൊള്ളിച്ച് ഹോപ്പ് ഇന്ത്യന്‍ പബ്ലിക്കേഷന്‍സ് റിലീജിയന്‍, സ്പിരിച്വാലിറ്റി ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന കൃതി ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ പ്രൗഢമായ മുഖവുരയോടുകൂടി പ്രസിദ്ധീകരിച്ചത് മാനവികതക്കുള്ള നൂതന അജണ്ടയാണ്.  സ്വാമി അഗ്നിവേശ് കേരളം സന്ദര്‍ശിച്ച സന്ദര്‍ഭങ്ങളില്‍ ഒരുമിച്ചു യാത്രചെയ്യാനും വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയിലേര്‍പ്പെടുവാനും സാധിച്ചത് നന്ദിപൂര്‍വ്വം സ്മരിക്കുന്നു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഏറെ പ്രസക്താകുന്ന സന്ദര്‍ഭത്തില്‍ മതസൗഹാര്‍ദ്ദത്തിന്റെ കാവലാളായ അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചിക്കുകയും അഗാധമായ ദു:ഖം രേഖപെടുത്തുകയും ചെയ്യുന്നു.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker