Current Date

Search
Close this search box.
Search
Close this search box.

ഡിജിറ്റല്‍ ഇന്ത്യയിലെ പട്ടിണി മരണങ്ങള്‍

ജില്ലാ കളക്ടറുടെ ‘അമ്മ മരിച്ചു എന്ന വാര്‍ത്ത കേട്ടാണ് ആളുകള്‍ വന്നു കൊണ്ടിരുന്നത്. മരിച്ചത് അമ്മയല്ല കളക്ടര്‍ തന്നെ എന്നറിഞ്ഞപ്പോള്‍ എല്ലാവരും മടങ്ങി പോയി എന്നൊരു കഥയുണ്ട്. വിഷയങ്ങളെയല്ല വ്യക്തികളെയാണ് നാം പലപ്പോഴും ചര്‍ച്ചയാക്കാറു. ആരെയും ബുദ്ധിമുട്ടിക്കാതെ സ്വസ്ഥമായി ജീവിച്ചിരുന്ന ഒരു പെണ്‍കുട്ടിയുടെ പിറകിലായിരുന്നു രണ്ടു ദിവസമായി കേരളം. കുട്ടനാട്ടിലെ വെള്ളപ്പൊക്കവും ഉദയകുമാറിന്റെ ഘാതകരെ ശിക്ഷിച്ചതും നമ്മുടെ വിഷയമായില്ല. ആ കുട്ടി ഒരാളോടും ഒന്നും ചോദിച്ചില്ല. വിഷയം റിപ്പോര്‍ട് ചെയ്ത മാദ്ധ്യവും അത് ആവശ്യപ്പെട്ടില്ല. അദ്ധ്വാനിച്ചു ജീവിക്കാനുള്ള പെണ്‍ കരുത്തിനെ കേരളം ഒറ്റക്കെട്ടായി പിന്തുണച്ചു. ഒരാള്‍ എങ്ങിനെ ജീവിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം അവര്‍ക്കു മാത്രം. ഭരണ ഘടന പ്രകാരം അത് സമൂഹത്തിന്റെ സ്വസ്ഥതയെ ബാധിക്കുമ്പോള്‍ മാത്രമാണ് കുറ്റകരമാകുന്നത്. ഒരാളുടെ വിശ്വാസവും ജീവിത രീതിയും അങ്ങിനെ തന്നെ. പക്ഷെ അതൊക്കെയാണ് നമ്മുടെ ഹോബി.

പലരും മറ്റു രീതിയില്‍ സോഷ്യം മീഡിയയെ ദുരുപയോഗം ചെയ്യുന്നു. ചില സ്ഥലത്തു നിന്നുണ്ടായ പെട്ടെന്നുള്ള പ്രതികരണങ്ങള്‍ ജനത്തിന് സംശയം ജനിപ്പിച്ചു എന്നത് ജനത്തിന്റെ കുറ്റമല്ല. പണ്ട് അവര്‍ക്കുണ്ടായ അനുഭവമാണ്. പറഞ്ഞു വരുന്നത് ഇതിനിടയില്‍ ഇന്നലെ രാജ്യ അതലസ്ഥാനത്തു എട്ടു ദിവസം ഭക്ഷണം കിട്ടാതെ മൂന്നു കുട്ടികള്‍ മരിച്ചു. ഒരു മാധ്യമത്തിലും അതിന്റെ അലയടികള്‍ കണ്ടില്ല. ഡിജിറ്റല്‍ ഇന്ത്യയില്‍ ഭക്ഷണം കിട്ടാതെ കുട്ടികള്‍ മരിക്കുക എന്നത് മൊത്തം നാടിനു തന്നെ നാണക്കേടാണ്. ഇന്ത്യ മുന്നേറുന്നു എന്നത് ഇന്ത്യയിലെ പണക്കാര്‍ മുന്നേറുന്നു എന്ന് വായിക്കേണ്ടി വരും. എന്ത് കൊണ്ട് ഇരുപതു വയസ്സായ കുട്ടി ആണുങ്ങളെ തോല്‍പ്പിക്കുന്ന രീതിയില്‍ ജോലി എടുക്കേണ്ടി വരുന്നു എന്ന് ചോദ്യമാണ് നാം ചോദിക്കേണ്ടത്. ഹനാന്‍ കേരളത്തിലെ ഒറ്റപ്പെട്ട കാര്യമാകില്ല. ജീവിക്കാനും പഠിക്കാനും പല ജോലികളും ചെയ്യുന്ന ധാരാളം പെണ്‍കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ട്. സുരക്ഷിതമല്ലാത്ത അവസ്ഥകളില്‍ ഇത്തരം കഠിന ജോലി ചെയ്യുന്ന കുട്ടികളുടെ സുരക്ഷയും ജീവിതവും കൂടി ചര്‍ച്ച ചെയ്തു പരിഹരിയ്ക്കാന്‍ ഇത് നമ്മെ നിര്ബന്ധിക്കണം.

പട്ടിണി കിടന്നു മരിച്ച മൂന്നു കുട്ടികള്‍ എന്ത് കൊണ്ട് നമ്മുടെ മനസ്സുകളെ ഇളക്കുന്നില്ല. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ഈ വിഷയത്തില്‍ ആരോപണം ആരംഭിച്ചിരിക്കുന്നു. അത് അതിന്റെ രാഷ്ട്രീയം. പട്ടിണി മരണം ഒരു പുരോഗമന സമൂഹത്തിന്റെ ശാപമാണ്. ആ ശാപം മാറ്റാനുള്ള വഴികള്‍ എഴുപതു വര്‍ഷത്തിന് ശേഷവും ബാക്കിയാവുന്നു. സ്വന്തമായി ജദ്ധ്വാനിച്ചു ജീവിക്കുന്നവരെ ജീവിതം മുട്ടിക്കുകയും ഭക്ഷണം കിട്ടാതെ മരിച്ചു പോകുന്നവരെ അവഗണിക്കുകയും ചയ്യുന്നു എന്നതാണ് സോഷ്യല്‍ മീഡിയയുടെ പൊതു നിലപാട്. സാമൂഹിക വിഷയങ്ങളെ കൈകാര്യം ചെയ്യുക എന്നത് വ്യക്തികളെ കൈകാര്യം ചെയ്യുക എന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്. രാജ്യ തലസ്ഥാനത്തു നിന്നും ഇത്ര ഭീകരമായ വാര്‍ത്ത വന്നിട്ടും നമുക്കു താല്പര്യം ആ കുട്ടിയുടെ പിന്നില്‍ സൈക്കിള്‍ എടുത്തു പോകാനായിരുന്നു. നമ്മുടെ നാട് എത്തിപ്പെട്ടു നില്‍ക്കുന്ന ഭീകര അവസ്ഥയുടെ നേര്‍ രൂപമാണ് ഡല്‍ഹിയില്‍ നിന്നും കേട്ടത്. എന്ത് കൊണ്ട് ഈ കുട്ടികള്‍ക്ക് ഈ ഗതി വന്നു എന്നറിയാന്‍ നാടിനു അവകാശമുണ്ട്. പക്ഷെ അതിനു പിന്നില്‍ കൂടാന്‍ നമുക്ക് സമയമില്ല എന്നത് നമ്മുടെ വികലമായ സാമൂഹിക ബോധത്തിന്റെ ബാക്കി പത്രമാണ്.

Related Articles