Current Date

Search
Close this search box.
Search
Close this search box.

ശിയാക്കളും സുന്നികളും

ഈജിപ്തിലെ പ്രശസ്തമായ സന്ദര്‍ശന സ്ഥലമാണ് ഇമാം ഹുസ്സൈന്‍ (റ) അവര്‍കളുടെ ശരീരത്തിന്റെ ഒരു ഭാഗം മറവു ചെയ്തു എന്ന് പറയപ്പെടുന്ന ഹുസ്സൈന്‍ പള്ളി. തികച്ചും വ്യത്യസ്തമായ ആചാരങ്ങളാണ് അവിടെ കാണാന്‍ കഴിഞ്ഞത്. നമ്മുടെ നാട്ടിലെ ആചാരങ്ങളോട് സമാനതയുള്ള ചിലതും. ഈജിപ്തിലെ പല പള്ളികളിലും ഞാന്‍ പോയിരുന്നു. ഇതുപോലെ മറ്റൊരിടത്തും ഞാന്‍ കണ്ടില്ല. ആളുകള്‍ കുറെ എഴുന്നേറ്റു നിന്നു പലതും ഉറക്കെ ചൊല്ലുന്നു. പിന്നെ ഒന്നിച്ചിരുന്നു. പിന്നെ ആടുന്നു. അതൊരു ഭംഗിയുള്ള കാഴ്ചയായിരുന്നു. ഈജിപ്തില്‍ ശിയാ എന്നത് വളരെ ചെറിയ ഒരു സംഖ്യയാണ്. അവര്‍ക്കിതുവരെ അംഗീകാരം കിട്ടിയിട്ടില്ല എന്നാണ് അറിവ്. കുറച്ചു സമയം അത് കണ്ടു നിന്നു. തിരിച്ചു പോരുമ്പോള്‍ ഡ്രൈവര്‍ അഷ്‌റഫിനോട് ഈ കാര്യത്തെ കുറിച്ച് സംസാരിച്ചു. ഞങ്ങള്‍ ശിയാക്കളുടെ വിശ്വാസമുള്ള സുന്നികള്‍’ എന്നാണ് അദ്ദേഹം കളിയാക്കി പറഞ്ഞത്.

ഈജിപ്തിന് ശിയാ എന്നത് ഒരു പ്രശ്‌നമായി വന്നിട്ടില്ല. അടുത്തിടെ കേരളത്തിലെ ഒരു പണ്ഡിതന്‍ അവിടം സന്ദര്‍ശിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തോട് ഇന്ത്യയിലെ ശിയാക്കളെ കുറിച്ച് ചോദിച്ചു. കേരളത്തിലെ ശിയാക്കള്‍ ഒരു പരിഗണ അര്‍ഹിക്കുന്ന വിഭാഗമല്ല എന്നതിനാല്‍ തന്നെ ഉത്തരത്തില്‍ വേണ്ടത്ര ശക്തി കണ്ടില്ല. ശേഷം ഈജിപ്തിലെ മറ്റൊരു ചാനല്‍ അദ്ദേഹമാണ് ഇന്ത്യയിലെ സിയാ നേതാവ് എന്ന രീതിയില്‍ വിശകലനം ചെയ്യുന്നതായി കണ്ടു. വിഷയം നടന്നത് അങ്ങ് ദൂരെ ഈജിപ്തിലാണെങ്കിലും അതിന്റെ അലയൊലി സാധാരണ പോലെ കേരളത്തിലാണ്. ശിയാ -സുന്നി എന്നതിന് പ്രവാചക കാലത്തോളം പഴക്കമുണ്ട്. ഇങ്ങിനെ ഒരു വിഭജനത്തിനു കാരണമായ രാഷ്ട്രീയ അവസരം നമുക്ക് സുപരിചിതമാണ്. പ്രവാചക കാലത്തിനു ശേഷം രൂപം കൊണ്ട സാമൂഹിക അവസ്ഥയാണ് ഈ വിഭജനത്തിന്റെ മുഖ്യ ഹേതു എന്നാണു വായനയില്‍ നിന്നും പഠനത്തില്‍ നിന്നും മനസ്സിലാവുക. ആദ്യ മൂന്നു ഖലീഫമാരെ അംഗീകരിക്കുന്നില്ല എന്നതാണ് ഷിയാ സുന്നി എന്നതിന്റെ അടിസ്ഥാന വ്യത്യാസമായി പറയുന്നത്.

മുസ്ലിം സമുദായത്തിന്റെ ഭാഗമായി ഈ രണ്ടു വിഭാഗത്തെയും എണ്ണിയിരുന്നു. രണ്ടു വിഭാഗവും തമ്മില്‍ അടിസ്ഥാനമായി തന്നെ ഒരു പാട് അന്തരങ്ങള്‍ നിലനില്‍ക്കുന്നു. അതിത്ര കുടുസ്സായി തീര്‍ന്നത് മധ്യേഷ്യയിലെ പുതിയ സംഭവ വികാസങ്ങളുടെ ഭാഗമായിട്ടാണ്. ഇറാന്റെ ഇടപെടല്‍ മേഖലയില്‍ അധികരിക്കുന്നു എന്നിടത്തു നിന്നാണ് ഈ ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. സദ്ദാം ഹുസൈന്റെ കൊലയുമായി ബന്ധപ്പെട്ടു അതൊരു സുന്നി ഷിയാ വിഷയമാക്കി മാറ്റുന്നതില്‍ അമേരിക്ക വിജയിച്ചു എന്നത് കൂടി ചേര്‍ത്ത് വായിക്കണം. കേരളത്തിലെ സുന്നികള്‍ കൊണ്ട് നടക്കുന്ന പല ആചാരങ്ങളും ശിയാക്കളുടെ ആചാരങ്ങളോട് സമാനതയുണ്ട് എന്നത് ശരിയാണ്. പക്ഷെ അവരൊക്കെയും നാല് ഖലീഫമാരെയും അംഗീകരിക്കുന്നു. ചില സഹാബികളെ കുറിച്ചും പ്രവാചക പത്‌നിയെകുറിച്ചും ശിയാക്കള്‍ പുലര്‍ത്തുന്ന വിശ്വാസം കേരളത്തിലെ ഒരു സുന്നി സംഘടനയും സ്വീകരിക്കുന്നില്ല. ശിയാക്കളുടെ ഇമാം വാദവും നാട്ടില്‍ ആരും ഏറ്റു പിടിക്കുന്നില്ല. അതെ സമയം അവര്‍ കൊണ്ട് നടക്കുന്ന പലതും നാട്ടിലെ പല സുന്നികളും സ്വീകരിക്കുന്നു. അത് കൊണ്ട് മാത്രം അവര്‍ ശിയാക്കള്‍ എന്ന് പറയാന്‍ കഴിയില്ല. ദാത്തു അന്‍വാത്തു വിഷയത്തില്‍ പ്രവാചകന്‍ പറഞ്ഞത് പോലെ മാത്രമേ ഈ വിഷയത്തില്‍ തീരുമാനം സ്വീകരിക്കാന്‍ കഴിയൂ.

‘മുശ്‌രിക്കുകള്‍ക്കു ദാതു അന്‍വാത്ത് എന്ന മരം ഉള്ളത് പൊലെ ഞങ്ങല്‍ക്കും ദാതു അന്‍വാത് വേണമെന്നു സ്വഹാബികള്‍ പറഞ്ഞപ്പോള്‍ ബനൂ ഇസ്രായീല്‍ ഇലാഹുകളെ ആക്കിയതു പോലെ നിങ്ങളും ചെയ്യുകയൊണൊ’ എന്നതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത് നമ്മുടെ നാട്ടിലെ ചില സുന്നികളുടെ ചെയ്തികള്‍ ശിയാക്കളുടെ ചെയ്തികള്‍ പോലെയാണ്. അവരുടെ പ്രവര്‍ത്തനത്തെ താരതമ്യം ചെയ്യുക എന്നതാണ് ശരിയായ രീതിയായി കണക്കാക്കാന്‍ കഴിയുക. ഷിയാക്കളും സുന്നികളും തമ്മില്‍ സംവാദങ്ങള്‍ നടക്കുന്നു. ശിയാക്കള്‍ പൂര്‍ണമായി ഇസ്ലാമില്‍ നിന്നും പുറത്താണെന്ന് സുന്നി ലോകത്തിനും അഭിപ്രായമില്ല. ഒരു സമൂഹം എന്ന നിലയില്‍ അവരും ഉള്‍പ്പെടും എന്ന് തന്നെയാണ് അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസം.

ഈജിപ്തിലെ ഒരു സലഫി ചാനലാണ് ഈ വാര്‍ത്തയുടെ വിശകലനം നടത്തിയത് എന്ന് തോന്നുന്നു. കേരളത്തില്‍ ശിയാ ആചാരമുണ്ട് എന്ന് തെളിയിക്കാന്‍ അവതാരകന്‍ പല ക്ലിപ്പുകളും കാണിക്കുന്നു. നേതാക്കളെ അതിരുവിട്ടു ആദരിക്കുക എന്നത് ശിയാ രീതിയാണ്. അവരുടെ ഇമാം സങ്കല്പം തന്നെ അതിനു തെളിവാണ്. ആളുകളെ ആദരിക്കുമ്പോള്‍ അതിരു വിട്ടു പോകരുത് എന്നതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. ഇന്ത്യയില്‍ ഷിയാ വിഭാഗത്തിന് ഇപ്പോഴുള്ള കേന്ദ്ര ഭരണ കൂടത്തില്‍ സ്വാധീനമുണ്ട്. അതവര്‍ പൂര്‍ണമായി ഉപയോഗിക്കുകയും ചെയ്യുന്നു. മോദിയും ഷിയാക്കളും തമ്മിലുള്ള ബന്ധം കൃത്യമായി അറിയുന്ന പണ്ഡിതന്‍ ചാനല്‍ റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് നല്‍കിയ മറുപടി അങ്ങിനെ വേണം മനസ്സിലാക്കാന്‍. ഗുജറാത്തു പോലുള്ള സ്ഥലങ്ങളില്‍ അദ്ദേഹം നടത്തുന്ന സ്ഥാപനങ്ങള്‍ നില നില്‍ക്കാന്‍ കൂടിയുള്ള നിലപാടായെ ഈ മറുപടിയെ നമുക്ക് മനസിലാക്കാന്‍ കഴിയൂ.

നാട്ടില്‍ ഒരു ചര്‍ച്ചയില്ലാത്ത ശിയാക്കളെ ചര്‍ച്ചയിലേക്ക് കൊണ്ട് വരണം എന്നത് ആര്‍ക്കാണ് താല്‍പര്യം. അത്തരം ചര്‍ച്ചകളുടെ ബാക്കി പത്രമാണ് നാം കാണുന്ന മധ്യേഷ്യ. സുന്നി -ശിയാ എന്നത് ഒരു ആദര്‍ശ ചര്‍ച്ച എന്നതിലപ്പുറം ഒരു സംഘര്‍ഷമായി നിലനില്‍ക്കണം എന്ന് പലരും ആഗ്രഹിച്ചിരുന്നു. അവര്‍ക്കിടയില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ മൊത്തം സമുദായത്തിന്റെ പുരോഗതി പിന്നോട്ട് കൊണ്ട് വരും എന്ന് ശത്രു മനസ്സിലാക്കിയിരിക്കുന്നു.

Related Articles