Current Date

Search
Close this search box.
Search
Close this search box.

സലാഹിലൂടെ വഴിമാറുന്ന ഇസ്‌ലാം ഭീതി

ഡാനിയല്‍ മോറിസ് എന്റെ ബോസായിരുന്നു. അദ്ദേഹം ആസ്ട്രിയന്‍ സ്വദേശിയും. സംസാര മധ്യേ ഞാന്‍ ഒരിക്കല്‍ അദ്ദേഹത്തോട് ചോദിച്ചു ‘ഗള്‍ഫില്‍ വരുന്നതിനു മുമ്പ് താങ്കള്‍ മുസ്ലിംകളുമായി ഏതു വിധേനെയങ്കിലും അടുത്ത് ഇടപഴകിയിട്ടുണ്ടോ?’. ഇല്ല എന്ന മറുപടി നല്‍കാന്‍ അദ്ദേഹത്തിന് കൂടുതല്‍ സമയം വേണ്ടി വന്നില്ല. പക്ഷെ അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു. ‘മുസ്ലിംകളെ നേരില്‍ ബന്ധപ്പെട്ടില്ലെങ്കിലും മുസ്ലിംകളെ കുറിച്ച വാര്‍ത്തകള്‍ ഞങ്ങള്‍ വായിക്കാറുണ്ട്. പക്ഷെ അതില്‍ അധികവും നെഗറ്റീവ് വാര്‍ത്തയാണെന്നു മാത്രം. ഇസ്ലാം പറഞ്ഞു കേട്ട പോലെ ഭയേക്കേണ്ട ഒന്നല്ല എന്നാണ് എന്റെ നിങ്ങളുമായുള്ള ഇടപഴകലിലൂടെയുള്ള അനുഭവം’ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

യൂറോപ്പില്‍ ഇസ്ലാമോഫോബിയയുടെ പേരില്‍ ഏറ്റവും കൂടുതല്‍ ആക്രമം നടക്കുന്നത് ഒരു പക്ഷെ ബ്രിട്ടനിലാകാം. 2016 ല്‍ 1223 ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2017ല്‍ അത് 1678 ആയി ഉയര്‍ന്നു എന്നാണ് ചില കണക്കുകള്‍ പറയുന്നത്. അടുത്തിടെ ന്യൂസിലാന്‍ഡില്‍ മുസ്ലിം പള്ളികള്‍ ആക്രമിക്കപ്പെട്ടു വിശ്വാസികളെ കൊലപ്പെടുത്തിയത് പോലും ബ്രിട്ടനില്‍ ഇസ്ലാമോഫിബിയ ഭീതി വര്‍ധിപ്പിച്ചു എന്നാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്. മൊത്തം യൂറോപ്പിന്റെ ആറ് ശതമാനം മാത്രമാണ് മുസ്ലിം ജനസംഖ്യ. പല യൂറോപ്യന്‍ ജനതക്കും മുസ്ലിംകളുമായി നേരില്‍ ഇടപെട്ട അനുഭവം പോലുമില്ല. എങ്കിലും ഇസ്ലാം യൂറോപ്പില്‍ വേരുറപ്പിക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍.

അപ്പോഴാണ് ഒരു പുതിയ വാര്‍ത്ത നാം വായിക്കുന്നത്. ലിവര്‍പൂളില്‍ സലാഹ് എന്ന ഈജിപ്ഷ്യന്‍ മുസ്ലിം കളിക്കാരന്‍ വന്നതിനു ശേഷം അവിടെ ഇസ്ലാമോഫിബിയ വിഷയത്തില്‍ 20 ശതമാനം കുറവ് രേഖപ്പെടുത്തി എന്ന വാര്‍ത്ത. ഒരു വ്യക്തിയുടെ ഇടപെടല്‍ ഒരു സമൂഹത്തെ മാറി ചിന്തിക്കാന്‍ ഇടവരുത്തുന്നു എന്നതു നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല. ഗോളടിച്ചാല്‍ സാധാരണ ആളുകള്‍ കാണിക്കുന്ന അതിരുവിട്ട പ്രകടനങ്ങള്‍ കാണിക്കാതെ മാന്യമായി പ്രതികരിക്കുന്ന സലാഹ് കാണികള്‍ക്ക് ഒരു വേറിട്ട അനുഭവമാണത്രെ. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനത്തിലാണ് പ്രസ്തുത വിവരം പുറത്തു വന്നത്.

ആധുനിക ഇസ്ലാമിക സമൂഹത്തിനു വെളിച്ചമേകുന്ന ഒരു പഠനമായി ഇത് കണക്കാക്കണം. സലാഹ് ഒരു പന്ത് കളിക്കാരന്‍ മാത്രമാണ്. അതിലപ്പുറം അദ്ദേഹം ഒരു ഇസ്ലാമിക പ്രബോധകനല്ല. പക്ഷെ തന്റെ മേഖലയില്‍ ഇസ്ലാമിനെ അദ്ദേഹം നടപ്പാക്കി. ഇസ്ലാം പള്ളിയില്‍ മാത്രമല്ല പള്ളിയുടെ പുറത്താണ് കൂടുതല്‍ കാര്യമായി വേണ്ടത് എന്ന നിലപാടിനെ ഇത് കൂടുതല്‍ അടിവരയിടുന്നു. ഓരോരുത്തരും ജീവിക്കുന്ന ചുറ്റുപാടില്‍ ഇസ്ലാം ഉണ്ടെന്നു ഉറപ്പു വരുത്തിയാല്‍ അത് തന്നെയാണ് ലോകത്തിനു നല്‍കാന്‍ കഴിയുന്ന വലിയ പ്രബോധനം. അതെ സമയം ഇസ്ലാം പലപ്പോഴും വാചക കസര്‍ത്തുകളില്‍ മാത്രമായി ഒതുങ്ങുകയും ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്യുന്നു. മത പണ്ഡിതന്മാര്‍ പോലും ഈ അപവാദത്തില്‍ നിന്നും പലപ്പോഴും മുക്തരാവാറില്ല. പ്രവാചകനും അനുയായികളും ഇസ്ലാം പ്രചരിപ്പിച്ചത് ജീവിതം കൊണ്ടായിരുന്നു. പറയുന്ന കാര്യങ്ങള്‍ അവരുടെ ജീവിതത്തില്‍ എന്നും കാണാമായിരുന്നു.

ഇന്ന് മുസ്‌ലിംകള്‍ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ജോലി ചെയ്യുകയും ഇടപെടുകയും ചെയ്യുന്നു. ആ മേഖലകളില്‍ അവര്‍ ഇസ്ലാമിക വ്യക്തിത്വം കാത്തു സൂക്ഷിച്ചിരുന്നെങ്കില്‍ അവര്‍ക്കും ഇസ്ലാമിനും അതൊരു മഹത്വരമായ കാര്യമാകുമായിരുന്നു. തന്റെ തട്ടകമായ ഫുട്‌ബോളിനിടയില്‍ തന്റെ ഇസ്ലാമിക വ്യക്തിത്വം കാത്തു സൂക്ഷിക്കാന്‍ സലാഹ് എന്ന പന്ത് കളിക്കാരന് കഴിയുമ്പോള്‍ ഇസ്ലാമിനെ കുറിച്ച് പറഞ്ഞു പരത്തിയ ഭീതിയില്‍ നിന്നും പലരും മുക്തമാവുന്നു. നേരത്തെ ബോസ് പറഞ്ഞത് പോലെ പലര്‍ക്കും ഇസ്ലാമിനെ കുറിച്ച അനുഭവമല്ല പകരം കേട്ടറിഞ്ഞ അപവാദങ്ങള്‍ മാത്രമാണ് അടിസ്ഥാനം.

ഇസ്ലാം കേവലം വായന കൊണ്ടും പഠനം കൊണ്ടും വളരേണ്ട മതമല്ല. ജീവിക്കുന്ന സമൂഹത്തിന്റെ നിലപാടുകളും അതിനു ഒരു കാരണമാണ്. ‘നിങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി പുറപ്പെടുവിപ്പിക്കപ്പെട്ട ഉത്തമ സമുദായം’ എന്നത് അനുഭവ സാക്ഷ്യത്തിന്റെ കൂടെ പേരാണ്. നന്മയുടെ തണല്‍ മരങ്ങള്‍ എന്നത് സമൂഹത്തിന് അനുഭവമാകണം. അവയുടെ സ്വഭാവം ജീവിത ചര്യ ഇടപാടുകള്‍ എന്നിവയില്‍ ഇസ്ലാമിന്റെ ഈ നന്മ ജനത്തിന് ബോധ്യമാകണം. അപ്പോള്‍ തീരുന്നതാണ് ഇപ്പോള്‍ പറഞ്ഞു പരത്തുന്ന പല നുണകളും. പിന്നെയും നുണകള്‍ ബാക്കി നില്‍ക്കും അത് അനുഭവസ്ഥര്‍ തന്നെ തിരുത്താന്‍ സന്നദ്ധരാകും.

പന്ത് കളിക്ക് ഇസ്ലാമില്‍ എന്ത് സ്ഥാനം എന്ന് ചോദിച്ചാല്‍ കളിക്കാരന്റെ ഇസ്ലാമിന് അവിടെയും സ്ഥാനമുണ്ട് എന്നതാണ് സലാഹ് നല്‍കുന്ന പാഠം. അത് കൊണ്ട് തന്നെ പലപ്പോഴും പണ്ഡിതന് ജീവിതം കൊണ്ട് വരച്ചു കാണിക്കാന്‍ കഴിയാത്ത പലതും ഒരു പന്ത് കളിക്കാരന് കാണിച്ചു കൊടുക്കാന്‍ കഴിയും. ‘ദീനില്‍ പൂര്‍ണമായി പ്രവേശിക്കുക’ എന്നത് ആരാധനകളില്‍ പൂര്‍ണമായി പ്രവേശിക്കുക എന്നതിലപ്പുറം ജീവിതത്തില്‍ പൂര്‍ണമായി ദീന്‍ നടപ്പിലാക്കുക എന്നതു തന്നെയാണ് അന്നും എന്നും ദീനിനെ മനസ്സിലാക്കി കൊടുക്കാന്‍ നല്ല വഴി എന്നതാണ് സലാഹ് നല്‍കുന്ന നല്ല പാഠം.

Related Articles