Current Date

Search
Close this search box.
Search
Close this search box.

നന്മമരത്തോട് ഉപമിക്കപ്പെട്ട മതം

ഉത്തമ വചനത്തിന് അല്ലാഹു നല്‍കിയ ഉദാഹരണം എങ്ങനെയെന്ന് നീ കാണുന്നില്ലേ ? അത് നല്ല ഒരു മരംപോലെയാണ്. അതിന്‍റെ വേരുകള്‍ ഭൂമിയില്‍ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകള്‍ അന്തരീക്ഷത്തില്‍ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്നു. എല്ലാ കാലത്തും അത് അതിന്‍റെ നാഥന്‍റെ അനുമതിയോടെ ഫലങ്ങള്‍ നല്‍കിക്കോണ്ടിരിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് ഉപമകള്‍ വിശദീകരിച്ചുകൊടുക്കുന്നു. അവര്‍ ചിന്തിച്ചറിയാന്‍. ഖുര്‍ആന്‍ 14:24,25

ഉത്തമ വൃക്ഷവും ഇസ്ലാമും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന അതിമനോഹരമായ ഉപമയാണ് മുകളില്‍ കൊടുത്ത ഖുര്‍ആന്‍ സൂക്തങ്ങള്‍. ഏത് നന്മമരത്തോടും ഇസ്ലാമിനെ ഉപമിക്കാം എന്നത്കൊണ്ടായിരിക്കാം ഒരുപക്ഷെ ഏത് വൃക്ഷമെന്ന് പറയാതെ ഗോപ്യമാക്കിയതിന്‍റെ രഹസ്യം. എണ്ണമറ്റ, വൈവിധ്യമാര്‍ന്ന സൃഷ്ടികള്‍ പ്രപഞ്ചത്തിലുണ്ടായിരിക്കെ അല്ലാഹു ഇസ്ലാമിനെ, വൃക്ഷത്തോട് ഉപമിച്ചത് എത്ര അന്വര്‍ത്ഥം. പ്രശാന്തിയുടെ തുരുത്താണ് മരങ്ങള്‍. വൃക്ഷങ്ങള്‍ ഭൂമിയുടെ ശ്വാസകോശമായി വര്‍ത്തിക്കുകയും നമ്മുടെ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഓക്സിജന്‍, ശുദ്ധജലം, ഭക്ഷ്യവിഭവങ്ങള്‍ എന്നിവ നല്‍കുകയും ചെയ്യുന്നു.

Also read: വധശിക്ഷവിധിച്ച് ഹജ്ജാജ് ; ചിരിതൂകി സഈദുബ്നു ജുബൈര്‍

പ്രകൃതിയുടെ ആവാസ വ്യവസ്ഥ സന്തുലിതമായി നിലനിര്‍ത്തുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും അന്തരീക്ഷ ഊഷ്മാവ് ക്രമീകരിക്കുന്നതിനും മരങ്ങള്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഘടകം തന്നെ. പുതിയ പഠനങ്ങളനുസരിച്ച് വൃക്ഷങ്ങള്‍ സമൃദ്ധിയായി വളരുന്ന സ്ഥലങ്ങളില്‍ ശരാശരി മനുഷായുസ്സ് വര്‍ദ്ധിക്കുകയും മാനസികാരോഗ്യത്തിന് മരങ്ങള്‍ ഉത്തമമാണെന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. വൃക്ഷങ്ങളുള്ള സ്ഥലത്ത് വീടുകള്‍ നിര്‍മ്മിച്ചാല്‍ 25 ശതമാനം മൂല്യ വര്‍ധനവ് ഉണ്ടാവുന്നു.

ഇനി ഇസ്ലമാകുന്ന നന്മമരം മനുഷ്യന് നല്‍കുന്ന പ്രയോജനങ്ങള്‍ നോക്കു. ഈ പ്രപഞ്ചത്തില്‍ മനുഷ്യന് ഏറ്റവും ആവശ്യം ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ശരിയായ മാര്‍ഗ്ഗദര്‍ശനം ലഭിക്കുക എന്നതാണ്. ഇസ്ലാമിനെ പോലെ കൃത്യമായ മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന മറ്റൊരു വ്യവസ്ഥയും ഭൂമിയിലില്ല. ആ പാത പിന്തുടര്‍ന്നാല്‍ മനുഷ്യര്‍ക്ക് മനസ്സിന് ശാന്തി ലഭിക്കുന്നു. മരണാനന്തരം സ്വര്‍ഗ്ഗം ലഭിക്കുമെന്ന് വാഗ്ദാനം നല്‍കുകയും നരഗത്തില്‍ നിന്ന് മോചനം ലഭിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്യുന്നു.

ഇസ്ലാമിക വ്യവസ്ഥക്കനുസരിച്ച് ജീവിച്ചാല്‍ സന്തോഷവും മാനസിക സമാധാനവും ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഖുര്‍ആന്‍ പറയുന്നു: ‘ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെ’ന്ന് പ്രഖ്യാപിക്കുകയും പിന്നെ അതിലടിയുറച്ചു നില്‍ക്കുകയും ചെയ്തവരുടെ അടുത്ത് തീര്‍ച്ചയായും മലക്കുകളിറങ്ങിവന്ന് ഇങ്ങനെ പറയും: ”നിങ്ങള്‍ ഭയപ്പെടേണ്ട. ദുഃഖിക്കേണ്ട. നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സ്വര്‍ഗത്തെ സംബന്ധിച്ച ശുഭവാര്‍ത്തയില്‍ സന്തുഷ്ടരാവുക. 41:30 ദൈവത്തിന് സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുന്നതിലൂടെ ലഭിക്കുന്ന സമാധാനമാണ് ഇസ്ലാം എന്ന വാക്കിന്‍്റെ വിവിക്ഷ. ഏതൊരു വസ്തുവിനേയും നാം തിരിച്ചറിയുന്നത് അതിന് നല്‍കിയ നാമത്തിലൂടെയാണ്.

Also read: കിഴക്കോ, പടിഞ്ഞാറോ- ദൈവത്തിൻ്റെ ദിശയേത്?

ഒരു വൃക്ഷത്തിന് അഞ്ച് പ്രധാന ഭാഗങ്ങളാണുള്ളത്. വേര്, കാണഠം, ശാഖകള്‍, ഇലകള്‍, ഫലങ്ങള്‍. ഇസ്ലാമിലും സുപ്രധാനമായി അഞ്ച് കാര്യങ്ങളാണുള്ളത്. വിശ്വാസങ്ങള്‍, ആരാധനകള്‍, ഇടപാടുകള്‍, ബന്ധങ്ങള്‍, സദ്സ്വഭാവം എന്നിവയാണത്. ഒരു സദ് വൃക്ഷത്തിന്‍റെ വേര് വിശ്വാസിയുടെ ഈമാനിനോട് ഉപമിക്കാം. ഇസ്ലാമിലെ ആരാധനകളായ നമസ്കാരം,സകാത്ത്, വൃതം,ഹജ്ജ് എന്നിവയെ നമുക്കതിന്‍റെ കാണഠത്തോട് ഉപമിക്കാം. വിവിധ തരം ഇടപാടുകളെ വൃക്ഷത്തിന്‍റെ ശാഖകളോടും മാനുഷിക ബന്ധങ്ങളെ ഇലകളോടും ഉപമിക്കാം. ഇനി അവശേഷിക്കുന്നത് വൃക്ഷത്തിന്‍റെ ഫലങ്ങള്‍ മാത്രം. അതിനെ മനുഷ്യന്‍റെ സ്വഭാവത്തോടും ഉപമിക്കാവുന്നതാണ്.

ഒരു വൃക്ഷത്തിന്‍റെ അഞ്ച് ഘടകങ്ങള്‍ പോലെ ഇസ്ലാമിനേയും ശ്രേഷ്ടമാക്കുന്നത് മുകളില്‍ പരാമര്‍ശിച്ച അതിന്‍റെ അഞ്ച് ഘടകങ്ങള്‍ തന്നെ. ഓരോ വിശ്വാസിയും ആ അഞ്ച് ഘടകങ്ങളും സ്വാംശീകരിച്ച് ജീവിക്കുമ്പോള്‍ ഇസ്ലാം ലോകത്തിന് ഒരു മധുരഖനിയായി അനുഭവപ്പെടുന്നു. അതിന്‍റെ സദ്ഫലങ്ങള്‍ നമ്മുടെ സ്വഭവത്തിലൂടെ പ്രകടമായാല്‍ എല്ലാ പ്രതിലോമ ശക്തികളും പത്തിമടക്കുക തന്നെ ചെയ്യും. കാരണം ഒരു വൃക്ഷത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത അതിന് വെള്ളമൊഴിച്ച് കൊടുക്കുന്നവര്‍ക്കും അതിനെ ഉപദ്രവിക്കുന്നവര്‍ക്കും ഫലം നല്‍കുമെന്നുള്ളതാണ്. സത്യവിശ്വാസികള്‍ അത്പോലെയാകണം എന്നാണ് ഉദ്ധൃത സൂക്തങ്ങളുടെ താല്‍പര്യം. ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും ഫല വൃക്ഷങ്ങളെയും ആറുകളൊഴുകുന്ന തോട്ടങ്ങളെയും ധാരാളം പരാമര്‍ശച്ചതായി കാണാം. അത്തരത്തില്‍പ്പെട്ട നമ്മുടെ ചിന്തക്ക് വളരെയധികം പ്രചോദനം നല്‍കുന്ന ഖുര്‍ആനിലെ രണ്ട് സൂക്തങ്ങളുടെ ആശയങ്ങളാണ് മുകളില്‍ ഉദ്ധരിച്ചത്.

Related Articles