Current Date

Search
Close this search box.
Search
Close this search box.

സേവനപ്രവൃത്തിയിലും വിവാദം ചികയുന്നവര്‍

ചായ എന്ന് പറഞ്ഞാല്‍ പാലും പഞ്ചസാരയും ചായപ്പൊടിയും ചേര്‍ന്ന മിശ്രിതമാണ് കിട്ടുക. മധുരം വേണ്ടെങ്കില്‍ അത് പ്രത്യേകം പറയണം. ചായപ്പൊടി വേണ്ടെങ്കിലും പാല്‍ വേണ്ടെങ്കിലും. ചായ എന്ന് പറഞ്ഞു മനസ്സില്‍ ഞാന്‍ കട്ടനാണ് ഉദ്ദേശിച്ചത് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം. കേരളം കടന്നു പോയ പ്രളയ ദുരിതത്തില്‍ സേവനത്തിനു പോയതിന്റെ വിവാദം ഇപ്പോള്‍ കൊഴുക്കുകയാണ്.

കേരളം ഒരു ബഹുസ്വര ദേശമാണ്. പള്ളിയും അമ്പലവും ഒന്നിച്ചു ചേര്‍ന്ന് നില്‍ക്കുന്ന സ്ഥലം. ഒഴുകിവന്ന വെള്ളത്തിനും ചെളിക്കും അതിന്റെ വ്യത്യാസം മനസ്സിലായില്ല. അത് എല്ലായിടത്തും ഒരേ പോലെ കയറി. വീടുകളും കടകളും ഒന്നും അത് വേണ്ടെന്നു വെച്ചില്ല.

അങ്ങിനെ പ്രളയം ബാധിച്ച സ്ഥലങ്ങളില്‍ സേവനം ചെയ്യാന്‍ പലരും രംഗത്തു വന്നു. അവിടെ ആകെയുള്ളത് അകത്തു കയറിയ ചെളിയും വെള്ളവും പുറത്തു കൊണ്ട് വരിക എന്നത് മാത്രമാണ്. വ്യത്യസ്ത ആരാധാനാലയങ്ങള്‍ ചിലര്‍ക്ക് വൃത്തിയാക്കേണ്ടി വന്നിട്ടുണ്ട്. അതിന്റ ഭാഗമായി അതിനകത്തെ വസ്തുക്കളും വൃത്തിയാക്കേണ്ടി വരും. അതൊരു സാമൂഹിക പ്രവര്‍ത്തനം മാത്രം. ഈ വിഷയത്തില്‍ അനാവശ്യ വിവാദങ്ങള്‍ നമുക്കിടയില്‍ ഉടലെടുത്തിരുന്നു. അത് ശിര്‍ക്കിനെ സഹായിക്കുക എന്ന പരിധിയില്‍ വരില്ല എന്നുറപ്പാണ്. അതെസമയം ഞങ്ങള്‍ കെട്ടിടം വൃത്തിയാക്കാം പ്രതിമകള്‍ വൃത്തിയാക്കില്ല എന്ന് പറയാനുള്ള അവകാശവും അവര്‍ക്കുണ്ട്. അത് മറ്റൊരു ചര്‍ച്ചയിലേക്ക് പോകുക എന്നത് മാത്രമാകും ഫലം.

മറിയമിന്റെ രൂപം തുടച്ചു വൃത്തിയാക്കുന്നതും അത് പോലെ തന്നെ കാണണം. പുറത്തു അടിഞ്ഞു കൂടിയ ചെളി വൃത്തിയാക്കുക എന്നതിലപ്പുറം അവിടെ മറ്റൊന്നും നടക്കുന്നില്ല. താഗൂത്തിനെ സഹായിക്കുക എന്നത് ഇത്തരം പ്രവര്‍ത്തനത്തെ കുറിച്ച് പറയുന്ന പേരല്ല. അതൊരു നിലപാടാണ്. അത് ജീവിത വീക്ഷണവുമായി ബന്ധപ്പെട്ടതാണ്. ‘ഇബ്രാഹിം നബി വിഗ്രഹങ്ങളെ തകര്‍ത്തു ഇബ്രാഹിന്റെ അനന്തരഗാമികള്‍ വിഗ്രഹങ്ങളെ ശുശ്രൂഷിക്കുന്നു’ ഒരു സഹോദരന്‍ അയച്ചു തന്ന കമന്റ് ഇങ്ങിനെ.

ഇബ്രാഹിം നബി വിഗ്രഹം ഉടച്ചത് ആ സമൂഹത്തിനു ഒരു സന്ദേശം നല്‍കാന്‍ വേണ്ടിയായിരുന്നു. നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുക വിഗ്രഹങ്ങള്‍ ഒന്നും കേള്‍ക്കില്ല,കാണില്ല മാത്രമല്ല ഒന്നിനും കഴിവില്ലാത്തവരുമാണ് എന്നതാണ് ഇബ്രാഹിം നബി നല്‍കിയ സൂചന. നാട്ടിലുള്ള മുഴുവന്‍ വിഗ്രഹങ്ങളും തച്ചുടക്കുക എന്നതായിരുന്നില്ല ഇബ്രാഹിം നബിയുടെ പദ്ധതി. അതിനു ശേഷവും ആളുകള്‍ വിഗ്രഹങ്ങളെ ആരാധിച്ചു.

പ്രളയ സമയത്തു നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ ആ രീതിയില്‍ കണ്ടാല്‍ മതി. അതിനപ്പുറം മറ്റൊരു വര്‍ണം നാകാതിരിക്കുന്നതാണ് നല്ലത്. അത്തരം മനസ്സുള്ള ആളുകള്‍ അത്തരം സ്ഥലങ്ങളില്‍ പോകാതിരിക്കുന്നതാണ് ഉത്തമം. പ്രളയം ഒരു വേള അനാവശ്യ സംസാരങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒരു താല്‍ക്കാലിക വിരാമമായിരുന്നു. ഏകദൈവത്തില്‍ വിശ്വസിക്കുക എന്നത് ഒരു ജീവിത രീതിയാണ്. അത് മനസ്സിലായില്ലെങ്കില്‍ അനാവശ്യ ചര്‍ച്ചകള്‍ മുളച്ചു പൊട്ടുക എന്നത് അനിവാര്യതയാണ്.

Related Articles