Current Date

Search
Close this search box.
Search
Close this search box.

മാനവികതക്ക് പ്രവാചകന്‍ നല്‍കിയ സംഭാവനകള്‍

മനുഷ്യ ചരിത്രത്തിലെ മഹാനായ പ്രവാചകന്‍ മാത്രമായിരുന്നില്ല മുഹമ്മദ് നബി (സ). മാനവരാശിക്ക് എക്കാലത്തും മാതൃകയായ ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നും സര്‍വ്വരാലും അംഗീകരിക്കുന്ന കാര്യമാണ്. തന്റെ ജീവിത ദൗത്യത്തിന്റെ ഇരുപത്തിമൂന്ന് വര്‍ഷകാലത്തിനിടയില്‍ അദ്ദേഹം പത്ത് വര്‍ഷക്കാലം മദീനയുടെഅമരക്കാരനായിരുന്നു. ബഹുസ്വരതയില്‍ ചാലിച്ചെടുത്ത ഒരു സങ്കലന സമൂഹമായിരുന്നു അന്നത്തെ മദീനയിലെ ജനസമൂഹം. ന്യൂനാല്‍ ന്യൂനപക്ഷമായ മുസ്ലിം സമൂഹത്തെ കൂടാതെ ജൂതരും െ്രെകസ്തവരും പാര്‍സികളും റോമക്കാരും ബഹുദൈവാരാധകരും മുസ്ലിംങ്ങളിലെ തന്നെ കപടവിശ്വാസികളും ചേര്‍ന്നതായിരുന്നു അവിടത്തെ ജനസംഖ്യ.

ഒരു ഭരണാധികാരി എന്ന നിലയില്‍ പ്രവാചകന്‍ നിര്‍വ്വഹിച്ച മഹത്തായ ദൗത്യങ്ങള്‍ എന്തായിരുന്നു? താന്‍ നേതൃത്വം നല്‍കിയ രാഷ്ട്രത്തിന് പ്രവാചകന്‍ നല്‍കിയ സംഭാവനകള്‍ എന്തായിരുന്നു? പ്രവാചകന്‍ നിര്‍വ്വഹിച്ച മഹത്തായ ദൗത്യങ്ങളെ നമുക്ക് രണ്ടായി വിഭജിക്കാം. ഒന്ന് വ്യക്തിപരമായി ജനങ്ങളെ പരിവര്‍ത്തിപ്പിക്കുന്നതിന്റെ ഭാഗമായി ആശയതലത്തില്‍ അദ്ദേഹം നിര്‍വ്വഹിച്ച ദൗത്യം. ഉദാഹരണമായി അവര്‍ക്ക് വേദ സൂക്തങ്ങള്‍ വായിച്ച് കേള്‍പ്പിക്കുകയും അവരെ സംസ്‌കരിക്കുകയും അവരെ തത്വജഞാനം പഠിപ്പിക്കുകയും ബഹുദൈവാരാധനയുടെ മ്ലേച്ചതയെ ഹൃദയങ്ങളില്‍ നിന്ന് ഇല്ലായ്മ ചെയ്ത കാര്യങ്ങള്‍.

രണ്ടാമതായി ഒരു കൊച്ചു പ്രദേശത്തിന്റെ സാരഥി എന്ന നിലയില്‍ അദ്ദേഹം ചെയ്ത മഹത്തായ പ്രവര്‍ത്തനങ്ങള്‍. വിവിധ കരാറുകളില്‍ ഒപ്പുവെച്ച്, കരാര്‍ ലംഘകരെ ശക്തമായി നേരിട്ടത്, സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കിയതെല്ലാം ഇതിന് ഉദാഹരിക്കാം. ഇത് രണ്ടും പരസ്പരം പൂരകമായ രൂപത്തിലായിരുന്നു പ്രവാചകന്‍ നിര്‍വ്വഹിച്ചിരുന്നത്. ആദ്യം പറഞ്ഞ വ്യക്തി സംസ്‌കരണത്തെ അവഗണിച്ച് കൊണ്ട് രണ്ടാമത്തെ ഭരണനിര്‍വ്വഹണത്തിന് യാതൊരു പ്രസക്തിയുമില്ല. മനുഷ്യ സമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക് അവ രണ്ടും ഇഴപിരിച്ചെടുക്കാനാവാത്ത വിധം ഒന്നിച്ച് ഉണ്ടാവേണ്ടത് അനിവാര്യമാണ്. ഒരു ഭാഗത്ത് വ്യക്തിഗത പഠനത്തിന്‍േറയും സംസ്‌കരണത്തിന്‍േറയും ആവശ്യകത; മറുവശത്ത് സമൂഹത്തിന്റെ വിവിധാവിശ്യങ്ങള്‍ പരിഗണിച്ച് കൊണ്ടുള്ള കര്‍മ്മ പദ്ധതികള്‍. ഇത് രണ്ടും സന്തുലിതമായി സമന്വയിപ്പിച്ചു എന്നതാണ് പ്രവാചകന്റെ പ്രവര്‍ത്തനങ്ങളുടെ ശ്രദ്ധേയമായ വശം.

കര്‍മ്മതല നേട്ടങ്ങള്‍
നാല്‍പതാം വയസ്സില്‍ പ്രവാചകത്വപദവി ലഭിക്കുന്നതിന് മുമ്പ് തന്നെ മുഹമ്മദ് നബി മക്കയില്‍ ജീവിച്ച് കൊണ്ടിരിക്കെ അവിടുന്ന് സാമൂഹ്യ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപ്പെട്ട ഒരു പൊതുസമ്മതനായ പ്രവര്‍ത്തകനായിരുന്നു. കാലപ്പഴക്കം സൃഷ്ടിച്ച ജീര്‍ണ്ണതയും ശക്തമായ വെള്ളപൊക്കത്തെയും തുടര്‍ന്നുണ്ടായ കേട്പാടുകളും മറ്റും തീര്‍ക്കാന്‍ വിശുദ്ധ കഅ്ബാലയത്തിന്റെ പുനര്‍നിര്‍മ്മാണം അനിവാര്യമായിത്തീര്‍ന്ന കാലം. കഅ്ബയുടെ ഏറ്റവും പ്രധാന ഘടകമായ ഹജറുല്‍ അസ്‌വദ് (ശ്യാമശില ) പ്രതിഷ്ടിക്കുന്ന കാര്യത്തില്‍ ഒരു ആഭ്യന്തര യുദ്ധത്തിന്റെ വക്കിലെത്തിയപ്പോള്‍ പരിഹാരത്തിന് അവര്‍ തെരെഞ്ഞെടുത്തത് മുഹമ്മദിനെയായിരുന്നുവെന്നത് യദൃശ്ചികമല്ല. അദ്ദേഹം അവരോട് ഒരു വിരിപ്പ് കൊണ്ട് വരാന്‍ ആവശ്യപ്പെടുകയും ആ വിരിപ്പില്‍ ഹജറുല്‍ അസ്വദ് എടുത്തുവെച്ച് ഗോത്രനായകന്മാരെല്ലാം അതിന്റെ അറ്റം പിടിക്കാന്‍ ആവശ്യപ്പെട്ടു. അവരത് കൊണ്ട് വന്നപ്പോള്‍ അദ്ദേഹം തന്റെ കൈകൊണ്ടെടുത്ത് അതിന്റെ സ്ഥാനത്ത് സ്ഥാപിച്ചു.

പാവപ്പെട്ടവരുടേയും അനാഥകളുടേയും അഭയ കേന്ദ്രമായിരുന്നു മുഹമ്മദ്. അബൂജഹ്‌ല് എന്ന ഗോത്രപ്രമാണി അനാഥയുടെ ഭൂമി അന്യാധീനമായി കൈവശപ്പെടുത്തിയപ്പോള്‍,അത് തിരിച്ച് നല്‍കാന്‍ ആവശ്യപ്പെടാനുള്ള ആര്‍ജ്ജവം കാണിച്ച പ്രവാചകനായിരുന്നു അദ്ദേഹം. ഗോതമ്പ് ചുമലിലേറ്റി പാവപ്പെട്ട സ്ത്രീയെ സഹായിക്കുകയും ഒരു ജൂത സ്ത്രീ രോഗിയായി കിടന്നപ്പോള്‍ അവരെ സന്ദര്‍ശിച്ചതുമെല്ലാം ഒരു നേതാവ് വ്യക്തികളെ എങ്ങനെ പരിഗണിക്കുമെന്നതിന്റെ നിദര്‍ശനങ്ങളാണ്.

മക്കയിലെ പ്രബോധന കാലയളവില്‍ ഇത്തരത്തിലുള്ള നിരവധി സാമൂഹ്യസേവനങ്ങള്‍ നിര്‍വ്വഹിച്ചിരുന്ന പ്രവാചകന്‍ മദീനയിലെ ഭരണസാരഥിയായപ്പോള്‍ കര്‍മ്മതലങ്ങളുടെ പുതിയ മേഖലകള്‍ കൈയൊപ്പ് ചാര്‍ത്തേണ്ടതായി വന്നു. മക്കയില്‍ നിന്ന് പലായനം ചെയ്ത് മദീനയിലേക്ക് എത്തിയ നിമിഷം മുതല്‍ മരണം വരേയും എണ്ണയിട്ട യന്ത്രം കണക്കെ അദ്ദേഹം കര്‍മ്മ നിരതനായി. മദീനയില്‍ ആദ്യമായി ചെയ്ത മഹത് കൃത്യം ആരാധനാകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും സാമൂഹ്യമായ ഒത്തുചേരലിനും വേണ്ടി പള്ളി നിര്‍മ്മിക്കുകയായിരുന്നു. വിജ്ഞാന പരിപോഷണത്തിന്റെ ഭാഗമായി അക്കാലത്ത് മദീന എന്ന കൊച്ചു നഗരത്തില്‍ ഒമ്പത് പാഠശാലകള്‍ സ്ഥാപിച്ചതിന് പുറമെ പൗരാണിക നാഗരികതയുടെ മടിത്തൊട്ടിലായ ചൈനയില്‍ പോയി വിജ്ഞാനം ആര്‍ജ്ജിക്കാന്‍ അനുയായികളെ പ്രേരിപ്പിച്ചു. അഹ്‌ലുസ്സുഫ എന്ന പേരിലായിരുന്നു അവര്‍ അറിയപ്പെട്ടിരുന്നത്.

ഒരുകാലത്ത് കാടുകളും പൊന്തകളും നിറഞ്ഞ ശുചിത്തമില്ലാത്ത പ്രദേശമായിരുന്നു മദീന. മക്കയില്‍ നിന്ന് അഭയാര്‍ത്ഥികളായി എത്തിച്ചേര്‍ന്നവരെ ഇത് കാരണം രോഗം ബാധിക്കാന്‍ തുടങ്ങി. പ്രവാചകന്‍ അവിടെ എത്തിയത് മുതല്‍ അതിനെ വൃത്തിയുള്ള നഗരമാക്കി മാറ്റാന്‍ അവരോട് ആവശ്യപ്പെട്ടു. മദീനയിലെ വെള്ളക്ഷാമം പരിഹരിക്കാന്‍ നബിയുടെ സ്വന്തം മേല്‍ നോട്ടന്മില്‍ 50 ല്‍ പരം കിണറുകള്‍ കുഴിച്ചു. കിണറുകള്‍ കുഴിച്ച് ദാനം ചെയ്യാന്‍ അനുയായികളെ അദ്ദേഹം പ്രേരിപ്പിച്ചു. അങ്ങനെയാണ് ഉസ്മാന്റെ കിണറും അലിയുടെ കിണറൊക്കെ ഉണ്ടാവുന്നത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തന്മിന് സക്കാത്ത് ഫണ്ടുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി. യാചകന്മാരെ നിരുല്‍സാഹപ്പെടുത്തി എന്ന് മാത്രമല്ല സ്വയം തൊഴിലിനുള്ള വഴി കാണിച്ചുകൊടുത്തു. യാചിക്കാന്‍ വന്ന ഒരാളോട് വീട്ടിലുള്ളസാധനങ്ങള്‍ വിറ്റ് വിറക് വെട്ടി ജോലി ചെയ്ത് ഉപജീവനം നേടാന്‍ ആവശ്യപ്പെട്ടകാര്യം പ്രസിദ്ധമാണ്. തരിശ് ഭൂമി കൃഷി ചെയ്താല്‍ അതിന്റെ ഉടമാവകാശം കര്‍ഷകനാണെന്ന് നബി (സ) പ്രഖ്യാപിച്ചത് ഭൂപരിഷ്‌കരണ നിയമങ്ങളുടെ ചരിത്രത്തില്‍ അപൂര്‍വ്വ സംഭവാമാണ്.

മദീനയുടെ സുരക്ഷക്ക് വേണ്ടി കര്‍ശന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി ശത്രുക്കളെ പോലും അമ്പരിപ്പിച്ചു. കളവ്,ചതി,വഞ്ചന എല്ലാം ഇല്ലായ്മ ചെയ്തു. സാമൂഹ്യ തിന്മകളുടെ വിപാടനത്തിന് ക്രമസമാധാനം നടപ്പാക്കി.മദ്യപാനം,ചൂതാട്ടം,വ്യഭിചാരം തുടങ്ങിയ തിന്മകളെ സമൂഹത്തില്‍ നിന്ന് വിപാടനം ചെയ്തു. ഇസ്ലാമിക സമൂഹത്തില്‍ ഒരിക്കലും തിരിച്ച് വരാന്‍ കഴിയാത്ത വിധം ഗോത്രമഹിമയും ഉഛനീചത്വവും ഇല്ലാതാക്കി.

പരിസ്ഥിതിയുടെ കാര്യത്തിലും വളരെ ജാഗരൂകമായ നിലപാടായിരുന്നു പ്രവാചകന്‍ സ്വീകരിച്ചിരുന്നത്. യുദ്ധത്തിലും സമാധാനത്തിലും വൃക്ഷലതാതികള്‍ വെട്ടരുതെന്നും പരിക്കേല്‍പിക്കരുതെന്നും ജീവജാലങ്ങളെ ഉപദ്രവിക്കരുതെന്നും അദ്ദേഹം കര്‍ശന നിര്‍ദ്ദേശം നല്‍കുകയും നടപ്പാക്കുകയും ചെയ്തു. ഒരു ഭരണാധികാരി എന്ന നിലയില്‍ ചെറുതും വലുതുമായ 27 ല്‍ പരം ജൈത്രയാത്രകളിലും യദ്ധങ്ങളിലും അദ്ദേഹം നേരിട്ടുള്ള പങ്കാളിത്തം വഹിച്ചു. ബദര്‍ യുദ്ധത്തില്‍ ബന്ദികളാക്കപ്പെട്ട തടവുകാരുടെ വിമോചനത്തിന് വേണ്ടി മോചന ദ്രവ്യം നല്‍കാന്‍ കഴിയാത്തവരോട് മദീനയിലെ പത്തുപേര്‍ക്ക് വീതം എഴുത്ത് പഠിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് അവരുടെ വിമോചനത്തിന് വഴിയൊരുക്കിയത് ചരിത്രത്തില്‍ അതിന് മുമ്പോ ശേഷമൊ നടന്നിരിക്കാന്‍ ഇടയില്ല. രാജ്യത്തിന്റെ അതിര്‍ത്ഥിയില്‍ ചുങ്കം പിരിക്കാനുള്ള പഴയകാല ചൗകികള്‍ പ്രവാചകന്‍ എടുത്തു കളഞ്ഞത് വ്യവസായവാണിജ്യ രംഗത്തെ സജീവമാക്കാന്‍ സഹായകമായി.

ഖന്തഖ് യുദ്ധത്തിന്റെ മുന്നോടിയായി പ്രവാചകന്‍ കിടങ്ങ് കുഴിച്ച് കൊണ്ടിരിക്കെ ഒരാള്‍ വന്ന് വിശപ്പ് സഹിക്കാന്‍ കഴിയാതെ തന്റെ വയറ്റില്‍ കല്ല്‌വച്ച് കെട്ടിയ കാര്യം പറഞ്ഞപ്പോള്‍, നബി (സ) താന്‍ ധരിച്ച കുപ്പായം ഉയര്‍ത്തി കാണിച്ചു. രണ്ട് കല്ലായിരുന്നു അദ്ദേഹം വയറ്റില്‍ കെട്ടിയിരുന്നത്. സര്‍വ്വോപരി ഒരു രാഷ്ട്ര നേതാവെന്ന നിലയില്‍ ശിഥിലമായ അറേബ്യയെ ശക്തവും ഭദ്രവുമായ നിലയില്‍ അദ്ദേഹം ഏകീകരിച്ചു. പരസ്പരം കലഹപ്രോക്തമായ ഔസ് ഖസ്‌റജ് ഗോത്രങ്ങള്‍ക്കിടയില്‍ സാഹോദര്യ ബന്ധം സ്ഥാപിച്ചു. മക്കയില്‍ നിന്ന് വന്ന മുഹാജിര്‍ വിഭാഗത്തേയും മദീനയിലെ സ്വദേശികളായ അന്‍സാറുകളേയും സൗഹാര്‍ദ്ദത്തിന്റെ കണ്ണികളില്‍ കോര്‍ത്തിണക്കി. വിവിധ മത വിഭാഗങ്ങളെ രമ്യതയിലും ഐക്യത്തിലും വിളക്കി എടുത്തു. ഹുദൈബിയാ സന്ധിയും അഖ്ബാ ഉടമ്പടിയും പ്രവാചകന്റെ എക്കാലത്തേയും മികവാര്‍ന്ന നയതന്ത്രജഞതയുടെ നിദര്‍ശനമായി നിലകൊള്ളുന്നു. ഒരു നേതാവെന്ന നിലയില്‍ തനിക്ക് ശേഷമുള്ള ഒന്നും രണ്ടും മൂന്നും തലമുറകളെ നേതൃനിരയിലേക്ക് വളര്‍ത്തികൊണ്ട് വന്നു.

ഇത്തരത്തിലുള്ള ഐതിഹാസിക പ്രവര്‍ത്തനങ്ങള്‍കൊണ്ട് ചരിത്രത്തെ ധന്യമാക്കിയ പ്രവാചകനായിരുന്നു മുഹമ്മദ് നബി (സ). ഒരര്‍ത്ഥത്തില്‍ ആധുനിക കാലഘട്ടത്തിലെ മാനവിക വികസന സൂചികയില്‍ ഉള്‍പ്പെടുന്ന അടിസ്ഥാന വികസന മാതൃകകളാണ് ഇതെല്ലാം. സമൂഹത്തിന്റെ ഉദ്ധാരണത്തിന് വേണ്ടി പ്രവൃത്തിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അടിസ്ഥാന കാര്യങ്ങളും നമുക്ക് ഇതില്‍ നിന്ന് വായിച്ചെടുക്കാനും നടപ്പാക്കാനും സാധിച്ചാല്‍ അത് മാനവ രാശിയുടെ പുരോഗതിയിലേക്കുള്ള ചെറിയ ചുവട് വെപ്പായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. വിവാദങ്ങളില്‍ മുഴുകാതെ ഇതെല്ലാം മുമ്പില്‍ വെച്ച് കൊണ്ട് നമ്മുടെ ഭരണാധികാരികള്‍ക്കും നേതാക്കള്‍ക്കും എന്തെല്ലാം ചെയ്യാന്‍ കഴിയും എന്ന് ആലോചിക്കുന്നത് അവരുടെ ബാധ്യതയാണെന്ന് ഗ്രഹിക്കുമൊ? എങ്കില്‍ മുസ്ലിംങ്ങളുടെ പിന്നോക്കാവസ്ഥയെകുറച്ച് ആരും പരിതപിക്കേണ്ടി വരില്ല.

Related Articles