Current Date

Search
Close this search box.
Search
Close this search box.

‘ചിപ്പിക്കുള്ളിലെ വിസ്മയം’ മുഹമ്മദ് യാസീൻ സാഹിബ് വിടവാങ്ങി

കലിഗ്രഫർ, പെയിൻറർ എന്നീ നിലകളിൽ പേരെടുത്ത പ്രശസ്ത വ്യക്തിത്വം മുഹമ്മദ് യാസീൻ സാഹിബിന് ഇനി ഓർമ്മകളിൽ ജീവിക്കും. 1964 ലെ Honolulu Academy of Arts Award, അതേ വർഷം തന്നെ നേടിയ Honolulu Printmakers Award, ALFACS (All India Fine Arts and Crafts Society) ഏർപ്പെടുത്തിയ 1988ലെ ‘ Veteran Artist’, 1997ലെ Kalashree Award, AIFACS Award, 2003 ലെ സംസ്കൃതി പുരസ്കാർ, 2007 ൽ മുഹമ്മദ് യാസീൻ സാഹിബ് കലാ മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് അസീം ആഷാ ഫൗണ്ടേഷൻ നൽകിയ Life Time Achievement Award എന്നിവ മുഹമ്മദ് യാസീൻ സാഹിബെന്ന കലാകാരൻറെ ജീവിതത്തിലെ സുവർണ്ണ കാലങ്ങളെ അവിസ്മരണീയമാക്കുന്നതാണ്.

1928 ജനുവരി 4, ഹൈദ്രാബാദിനടുത്തുള്ള മുഗൾഗിഢ ഗ്രാമത്തിലാണ് യാസീൻ സാഹിബിൻറെ ജനനം. 14-ാം മത്തെ വയസ്സിൽ പിതാവ് നഷ്ടപ്പെട്ടു. എങ്കിലും തൻറെ ജന്മസിദ്ധ കഴിവുകൾക്ക് വ്യത്യസ്ത ഭാവങ്ങളും ശൈലികളും നൽകി കരുത്തുറ്റ ഭാവിയെ തന്നെ അദ്ദേഹം കെട്ടിപ്പടുത്തു. 1958ൽ പെയിൻറിംഗ് പഠനമേഖലയിൽ ഡിപ്ലോമ കരസ്ഥമാക്കിയ അദ്ദേഹം 1959ൽ അഡ്വാൻസ് ഡിപ്ലോമ കൂടി നേടി തൻറെ യഥാർത്ഥ മേഖലയെ കൂടുതൽ വിശാലമാക്കി. ഡിപ്ലോമ വിദ്യാർത്ഥിയായിരിക്കെ 1959ൽ അഞ്ചാമത് നാഷ്ണൽ ആർട്ട് എക്സിബിഷനിൽ വെച്ച് ലളിത കലാ അക്കാദമി അവാർഡും സുവർണ്ണ ഫലകവും അദ്ദേഹത്തെ തേടിയെത്തി.

37 വ്യക്തിഗത എക്സിബിഷനുകൾ സ്വന്തം പേരിൽ കുറിച്ച യാസീൻ സാഹിബെന്ന കലാകാരനെ വിദേശ രാജ്യങ്ങൾ പോലും ആദരിച്ചു. 1984 ൽ ഡൽഹിയിലെ ജാമിയ മില്ലിയ സർവകലാശാലയിൽ “A decade in Retrospect 1974-84” എന്ന തലക്കെട്ടോടെ നടന്ന എക്സിബിഷൻ പ്രത്യേക ശ്രദ്ധ നേടി. 1991ലെ പാരീസ് എക്‌സിബിഷൻ, “Retrospective of Paintings, Drawings and Graphics” എന്ന പേരിൽ 2005 ൽ പോർച്ചുഗലിലെ കസ്റ്റലോ ബ്രാങ്കോയിൽ നടന്ന എക്സ്ബിഷനുകളിലൂടെ മുഹമ്മദ് യാസീൻ സാഹിബ് ലോക ശ്രദ്ധയാകർഷിച്ച കലാകാരനായി പേരെടുത്തു. എങ്കിലും 1965 ന് ശേഷം അധ്യാപകനായി ഹൈദ്രാബാദ് വിട്ട് ഡൽഹിയിലെത്തിയ അദ്ദേഹം പ്രശസ്തികളെ സ്നേഹിക്കാത്തത് കൊണ്ട് തന്നെയാണ് വിയോഗം ശേഷം മാത്രം ഇങ്ങനെയൊരു കലാകാരനെകുറിച്ച് ഡൽഹി നിവാസികൾകെങ്കിലും അറിയാൻ കഴിഞ്ഞത്. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കി യാസീൻ സാഹിബ് കലയെ സ്നേഹിച്ചിട്ടില്ല എന്ന് നിസ്സംശയം പറയാം, കാരണം അദ്ദേഹം വരച്ച കലാവിഷ്കാരങ്ങളുടെ പ്രധാന ഉദ്യേശം വിൽപ്പന അല്ലായിരുന്നു. സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായപ്പോൾ പോലും തൻറെ കലാ വിസ്മയങ്ങളെ അദ്ദേഹം വിൽപ്പനച്ചരക്കാക്കിയിരുന്നില്ല. തൻറെ അവസാന നാളുകളിൽ ഡൽഹിയിലെ ജാമിഅ മില്ലിയ ഇസ്സാമിയ സർവ്വകലാശാലയിലെ ആർട്ട് ഡിപ്പാർട്ട്മെൻറിൽ സേവനമനുഷ്ഠിച്ചു പോന്നിരുന്നു.

Also read: “ ഞങ്ങള്‍ പള്ളി പൊളിച്ചു… അപ്പുറത് പള്ളി പൊളിച്ച് കക്കൂസ് പണിയുന്നു…”

1962-64 കാലയളവിൽ അമേരിക്കയിൽ സ്കോളർഷിപ്പോട് കൂടി ആർട്ട് പഠിക്കാൻ അവസരം ലഭിച്ചതായിരുന്നു മുഹമ്മദ് യാസീൻ സാഹിബിൻറെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ്. ഹൊനലുലുവിലെ ഹവായ് യൂണിവേഴ്സിറ്റിയിലെ ആർട്ട് ഡിപ്പാർട്ട്മെൻറിൽ രണ്ട് വർഷത്തെ പഠനത്തോടെ പെയിൻറിംഗ് മേഖലയുടെ പുതിയ സാധ്യതകളെ അടുത്തറിയാനും സ്വായത്തമാക്കുവാനും അദ്ദേഹത്തിന് സാധിച്ചു. അമേരിക്ക, ഇറ്റലി എന്നീ രാജ്യങ്ങൾ സന്ദർശിച്ച് അവിടങ്ങളിലെ വിശ്വ പ്രശസ്ത പെയിൻറിംഗുകളെ അടുത്തറിയാനും അവസരം ലഭിച്ചു. ഇറ്റലിയിൽ നിന്ന് ഇന്ത്യയിലക്ക് വന്ന അദ്ദേഹം ഫ്രീലാൻസ് ആർട്ടിസ്റ്റിൻറെ ജോലിയിലേക്ക് പതിയെ മാറുകയായിരുന്നു. ഇസ്ലാമിക പാരമ്പര്യത്തിൻരെ തനതു കലാവിഷ്കാരങ്ങളെ വ്യത്യസ്ത രീതികളിലൂടെ അദ്ദേഹം സമീപിച്ചു.

ജ്യാമിതീയ കലാരൂപങ്ങളിലൂടെ ആശയ സമ്പുഷ്ടമായ വരകൾക്ക് ജീവൻ കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. കലിഗ്രഫിയുടെ വിവിധ തലങ്ങളെ മനസ്സിലാക്കി വരകളെ ഇസ്ലാമിക പാരമ്പര്യത്തോട് ചേർത്ത് വെച്ചു. കാവ്യ വർണ്ണങ്ങൾ അടങ്ങിയ അദ്ദേഹത്തിൻറെ പെയിൻറിംഗുകൾ കലാപ്രേമികളെ വിസ്മയിപ്പിക്കുന്നായിരുന്നു. ഹിന്ദു വിശ്വാസത്തിലെ ‘ഓം’ എന്ന വാക്ക് ‘അല്ലാഹു’ വായി മാറുന്ന എക്കാലത്തെയും അദ്ദേഹത്തിൻറെ മാസ്റ്റർ പീസ് പെയിൻറിംഗ് നിരവധി വേദികളിൽ പ്രദർശിപ്പിക്കപ്പെടുകയും പ്രസിദ്ധി നേടുകയും ചെയ്തു.

Also read: ഇറാഖിലെ ആദ്യ സ്വതന്ത്ര ചലചിത്രമേളയും വെല്ലുവിളികളും

കടലിന്നടിയിൽ ആരുടെയും കണ്ണിൽ പെടാതെ ചിപ്പിക്കുള്ളിൽ അടക്കപ്പെട്ട മുത്തും പവിഴങ്ങളും എത്രമാത്രം ഒരാൾ കാണാൻ കൊതിക്കുന്നുണ്ടാവും. എന്നാൽ അതിൻറെ പരിശുദ്ധിയോടെ അവയെ കാണാൻ സാധിച്ചവരാവട്ടെ വിരലിലെണ്ണാവുന്നവരും . ഇത്തരത്തിലാണ് യഥാർത്ഥ കലാകാരനും കലാവിസ്മയമങ്ങളും, അത് എന്നും കാണാമറയത്ത് നിന്ന് നമ്മെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കും. ആഗസ്റ്റ് 19 ന് ഡൽഹിയിലെ ശഹീൻ ബാഗിലെ സ്വവസതിയിൽ വെച്ച് മുഹമ്മദ് യാസീൻ സാഹിബെന്ന വിസ്മയം കാലയവനികളിൽ മറഞ്ഞു.

Related Articles