Current Date

Search
Close this search box.
Search
Close this search box.

വഖഫ് ബോർഡ്‌ :മാർക്സിസ്റ്റ് ദുസ്വാധീനത്തിൽ താളംതെറ്റുന്നുവോ ?

അർഹതപ്പെട്ടവരുടെ സാമ്പത്തിക സഹായം നൽകാതെ കേരള സംസ്ഥാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വഖഫ് ബോർഡ് ഒരു കോടി രൂപ നൽകുവാൻ തീരുമാനിച്ചത് ഒട്ടുംശരിയല്ല. സാമൂഹ്യക്ഷേമപദ്ധതി പ്രകാരം വഖഫ് ബോർഡ് ഖത്തീബ്, ഇമാം, മുഅദ്ദിൻ, മദ്രസ അധ്യാപകർ എന്നിവർക്ക് മാസാന്ത പെൻഷനും ക്യാൻസർ , ഹൃദ്രോഗം, ട്യൂമർ, കിഡ്നി എന്നി രോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവർക്ക് ചികിൽസാ സഹായവും പാവപ്പെട്ട പെൺകുട്ടികൾക്ക് വിവാഹ സഹായവും നൽകി വരാറുണ്ടായിരുന്നു . വകുപ്പ് മന്ത്രി ചെയർമാനും വഖഫ് ബോർഡ് ചെയർമാൻ വൈസ് ചെയർമാനുമായും ബോർഡ് അംഗങ്ങൾ മെമ്പർമാരായും ഉൾകൊള്ളുന്ന സാമുഹൃസുരക്ഷാ പദ്ധതി മന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് വഖഫ് സ്ഥാപനങ്ങളിലെ 588 ജീവനക്കാർക്ക് പെൻഷനും 260 രോഗികൾക്ക് ചികിൽസാ സഹായവും പാവപെട്ട പെൺകുട്ടികൾക്ക് വിവാഹ സഹായവും ഉൾപ്പെടെ 3 കോടി രൂപ വഖഫ് ബോർഡിന്റെ തനത് ഫണ്ടിൽ നിന്ന് നൽകുവാൻ തീരുമാനിച്ചെങ്കിലും

തൊട്ടടുത്തെ ദിവസം ചേർന്ന വഖഫ് ബോർഡ് യോഗത്തിൽ വെച്ച് ചികിൽസാസഹായവും വിവാഹ സഹായവും ഇപ്പോൾ നൽകേണ്ടാതില്ലന്ന് ചെയർമാൻ പറയുകയും, എന്നാൽ അതേ യോഗത്തിൽ വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയും പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് 10 ലക്ഷം രൂപയും നൽകുവാൻ തിരുമാനിക്കുകയും ചെയ്തു . പാവപ്പെട്ടവർക്കുള്ള ചികിൽസാ സഹായവും വിവാഹ സഹായവും പണമില്ലായെന്ന് പറഞ്ഞ് നിർത്തി വെച്ച് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് ഭീമമായ തുക നൽകുന്നതിനെതിരെ മുന്ന് മെമ്പർമാർ വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും കേവല ഭൂരിപക്ഷത്തിന്റെ ബലത്തിൽ നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു .  കഴിഞ്ഞ 2 വർഷമായി ബഡ്ജറ്റിൽ വഖഫ് ബോർഡിന് ധനമന്ത്രി പ്രഖ്യാപിച്ച 3 കോടിയോളം രൂപ ഇതേവരെ നൽകിയിട്ടില്ലാത്ത സാഹചര്യത്തിൽ വഖഫ് ബോർഡ് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നുണ്ടെന്ന് മനസിലാകുന്നു. വഖഫ് ബോർഡിനുള്ള ഗ്രാൻഡ് വർധിപ്പിക്കണമെന്ന ആവശ്യം പലപ്പോഴും ഉന്നയിക്കപ്പെട്ടിടുണ്ട്. എന്നാൽ ഇപ്പോഴത്തെ തീരുമാനം കൈകൊണ്ടിട്ടുള്ളത് മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയാണ്. മന്ത്രിയും ചെയർമാനുമൊക്കെ കേരളത്തിലെ വിവിധ വഖഫ്‌ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന 7 ശതമാനം തുക അർഹതപ്പെട്ടവർക്ക് നൽകാതെ മറ്റൊരു വഴിക്ക് തിരിച്ചുവിടുന്നത്ത്തെറ്റായ രാഷ്ട്രീയ ഇടപെടലിന്റെ ഫലമാണ്.

Also read: വധശിക്ഷ വിധിച്ച് ഹജ്ജാജ്; ഹൃദയം കീഴടക്കി ഹസന്‍ബസ്വരി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വിനിയോഗത്തെ പറ്റി പല കോണുകളിൽ നിന്നും ആക്ഷേപങ്ങൾ ഉയർന്നുവന്നിട്ടുണ്ടെന്നും ഓർക്കേണ്ടതുണ്ട്.ഇപ്പോഴത്തെ ശരിയല്ലാത്ത തീരുമാനം ബോർഡിന്റെ പ്രവർത്തനങ്ങൾ എ. കെ. ജി. സെന്ററിൽ നിന്നാണ് നിയന്ത്രിക്കുന്നതെന്ന തോന്നലാണുണ്ടാക്കുന്നത്.

മാരകരോഗങ്ങൾകൊണ്ട് പൊറുതി മുട്ടുന്ന രോഗികളുടെയും യതീം മക്കൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് പെൺകുട്ടികളുടെയും അപേക്ഷകൾ പരിഗണിക്കാതെ ഇത്തരമൊരു തീരുമാനം എടുത്തത് മാർക്സിസ്റ്റു പാർട്ടിയോടുള്ള വിധേയത്വത്തിൻ്റെ സൂചനയാണ്.

സർക്കാർ നൽകുന്നതിന് പകരം, ഉസ്താദ്,ഖത്തീബ്,മുഅദ്ദിൻ, മദ്രസ അധ്യാപകർ എന്നിവർക്കുള്ള (588 പേരുടെ) ധനസഹായമായ 70 ലക്ഷം രൂപ അനുവദിച്ചത് തന്നെ പള്ളികൾ തരുന്ന 7% തനത് ഫണ്ടിൽ നിന്നാണ്.ഇത് സർക്കാരിൽ നിന്നുള്ള ഫണ്ടല്ല. കഴിഞ്ഞ പ്രളയകാലത്ത് സയ്യിദ് റഷിദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൻ മുഖ്യമന്ത്രിയുടെ ദുരിത്വാശാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകിയത് പ്രത്യേക ആഹ്വാന പ്രകാരം വിവിധ പള്ളികളിൽ നിന്ന് പണം സ്വരൂപിച്ചാണ്. പള്ളികളിൽ നിന്നും പണം സ്വരൂപിച്ച് നൽകാൻ ഇപ്പോൾ പള്ളികൾ അടച്ചിട്ടതിനാൽ കഴിയില്ലെങ്കിലും ബോർഡ് ഫണ്ടിൽ നിന്ന് പരമാവധി 25 ലക്ഷം രൂപ വരേ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകാമെന്നും മെമ്പർമാർ പറഞ്ഞെങ്കിലും ഭൂരിപക്ഷത്തിന്റെ ബലത്തിൽ അത് തള്ളപ്പെട്ടതായിഅറിയുന്നു . ഒരു വർഷത്തിൽ ആകെ 10 കോടിയോളം രൂപ മാത്രം വരുമാനമുള്ള ബോർഡ് ഫണ്ടിൽ നിന്ന് ഒരു കോടി രൂപ രാഷ്ട്രീയ തീരുമാനമെന്നുള്ള നിലയിൽ ചിലവഴിക്കുന്നത് തെറ്റാണ്.

Also read: അന്ന് നമ്മളൊറ്റക്ക് അവൻെറ മുന്നിലെത്തും

കോഴിക്കോട് വഖഫ് ട്രിബ്യുണൽ സ്ഥാപിക്കുന്ന ചിലവിലേക്ക് സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് വഖഫ് ബോർഡ് ഫണ്ട് നൽകിയെങ്കിലും ഇന്നോളം പ്രസ്തുത ഫണ്ട് തിരിച്ചു നൽകാൻ സർക്കാർ തയാറായിട്ടില്ല . വകുപ്പ്മന്ത്രി ഈ കാര്യത്തിൽ ഇപ്പോൾ മൗനം പാലിക്കുനത് തന്റെ പാർട്ടി വിധേയത്വം കെണ്ടാണ്. ബഡ്ജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച പണം ലഭിക്കുന്നതിന് മുഖ്യമന്ത്രിയെയോ , ധനമന്ത്രിയോ സമീപിക്കുന്നതിന് വകുപ്പ് മന്ത്രിയും ചെയർമാനും വേണ്ടും വിധം ശ്രമിക്കുന്നില്ല എന്നുള്ളത് ഈ കാര്യത്തിൽ ദുരൂഹത വർദ്ധിപിക്കുകയാണ്.

വഖഫ് ബോർഡിനെ കബളിപ്പിച്ച് വഖഫ് ഫണ്ട് രാഷ്ട്രിയ പ്രേരിതമായി ദുരുഉപയോഗപെടുത്താനുള്ള ഇത്തരം രാഷ്ട്രിയ നടപടികൾക്കെതിരെ സമുദായസംഘടനകളിൽ നിന്നും മഹല്ലു നേതൃത്വങ്ങളിൽ നിന്നും മുസ്ലിം നേതാക്കളിൽ നിന്നും ശക്തമായ പ്രതിഷേധമുയരേണ്ടതുണ്ട്. വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ രാഷ്ട്രീയ ദുസ്വാധിങ്ങളിൽനിന്നു മുക്തമാവാൻ സമുദായം കൂട്ടായി ജാഗ്രത പുലർത്തേണ്ടതുണ്ട് . ആരാധാനാലയങ്ങൾ അടച്ചിടാൻ അമിതോത്സാഹം കാണിക്കുകയും, മദ്യഷാപ്പുകൾ വരെ തുറന്നു പ്രവർത്തിക്കാൻ ഉത്സാഹം കാണിക്കുന്ന, എന്നാൽ ആരാധനാലയങ്ങൾ പരിമിത രീതിയിൽ എങ്കിലും തുറന്നു പ്രവർത്തിക്കാൻ തികഞ്ഞ അമാന്തം ജാഗ്രത പൂർവം അതിസമർത്ഥമായി പുലർത്തുന്ന മതനിഷേധത്തിൽ ഊന്നി പ്രവർത്തിക്കുന്ന മാർക്സിസ്റ്റ് കുതന്ത്രങ്ങളെയും സമുദായം കരുതിയിരിക്കണം. ഫാസിസ്റ്റുകൾക്ക് തന്ത്രപൂർവം പാദസേവ ചെയ്യാൻ കമ്യുണിസ്റ്റ്കളിൽ ഒരു വിഭാഗം ഉല്സുകരാണ്. ഇടതുപക്ഷത്തെ മതവിശ്വാസികളും ഉണർന്നുയർന്ന് ഉചിതമായി പ്രവർത്തിക്കണം.

( വഖഫ്‌ ബോർഡ്‌ മുൻ മെമ്പരാണ് ലേഖകന്‍ )

Related Articles