Your Voice

പരസ്യമായി കടന്നു വരാന്‍ ഇസ്‌ലാമിന് കെല്‍പ്പില്ലന്നോ?

വര്‍ഷങ്ങള്‍ക്കു മുമ്പുള്ള സംഭവമാണ്. അടുത്ത കുടുമ്പത്തിലെ ഒരു പെണ്‍കുട്ടിയെ കുറച്ചു ദൂരെക്കാണ് വിവാഹം കഴിച്ചിട്ടുള്ളത്‌. പെണ്ണിന്റെ കൂടെ പോകുക എന്നൊരു ഏര്‍പ്പാടുണ്ട്. അന്ന് അതിന്റെ ഉത്തരവാദിത്തം കിട്ടിയത് അയല്‍വാസിയായ മുഹമ്മദ്‌ക്കാകും. അവിടെപ്പോയി ചായ കുടി കഴിഞ്ഞപ്പോള്‍ വീട്ടുകാരന്‍ പറഞ്ഞു “ ഇനി നിങ്ങള്‍ പോയ്ക്കൊളിന്‍ . പെണ്ണും ചെക്കനും ആളൊക്കെ ഒതുങ്ങിയത്തിനു ശേഷം എത്തിക്കൊള്ളും” കേട്ട മുഹമ്മദ്‌ക്ക ചോദിച്ചു “ ഇതെന്താ കള്ളക്കടത്തു മുതലാണോ . ഒളിച്ചു കൊണ്ടുവരാന്‍”

അത് തന്നെയാണു നമുക്കും ചോദിക്കാനുള്ളത്. ഇസ്ലാം അങ്ങിനെ ഒളിച്ചു കടത്തെണ്ട ഒന്നാണോ?. ഇസ്ലാം നെഞ്ചു വിടര്‍ത്തി തന്നെയാണ് കടന്നു വരേണ്ടത്. ഒളിച്ചു കടത്തുന്നു എന്ന ചിലരുടെ രോദനം പരസ്യമായി കടന്നു വരാന്‍ ഇസ്ലാമിന് കെല്‍പ്പില്ല എന്ന് സ്വയം സൂചിപ്പിക്കലാണ്. ഒരു സിനിമ പലരെയും വല്ലാതെ രോഷം കൊള്ളിച്ചിരിക്കുന്നു. എത്രയോ സിനിമകള്‍ പുറത്തിറങ്ങുകയും അകത്തു പോകുകയും ചെയ്യുന്ന നാടാണ് നമ്മുടെ കേരളം. അതും വലിയ നടന്മാരുടെ സാന്നിധ്യമുള്ള സിനിമകള്‍. ചിലര്‍ സിനിമയെ കച്ചവടം എന്ന രീതിയില്‍ മാത്രം കാണുന്നു. അവരെ സംബന്ധിച്ചിടത്തോളം ലാഭമാണ് വിഷയം. മറ്റൊരു വിഭാഗം കലാമൂല്യം എന്നതിന് പ്രാധാന്യം നല്‍കുന്നു. ആര്‍ക്കും മനസ്സിലാകാതെ കഥ പറയുന്നവരും നമ്മുടെ നാട്ടിലുണ്ട്.

Also read: ഹലാൽ ലൗ സ്റ്റോറി നൽകുന്ന ദൃശ്യാനുഭവം

അതെ സമയം സിനിമയെ ഒരു സംവേദന മാധ്യമമായി സ്വീകരിച്ചവരും നാട്ടിലുണ്ട്. നമ്മുടേത്‌ ഒരു ജനാധിപത്യ രാജ്യമാണ്. ഒരാള്‍ക്ക് ദേശദ്രോഹമല്ലാത്ത എന്ത് കാര്യവും വിശ്വസിക്കാനും അംഗീകരിക്കാനും പ്രചരിപ്പിക്കാനും അവകാശം ഭരണഘടന നല്‍കുന്നു. ഇസ്ലാം ഇന്ത്യയില്‍ നിരോധിച്ച ആദര്‍ശമല്ല. അത് വിശ്വസിക്കാനും അംഗീകരിക്കാനും പ്രചരിപ്പിക്കാനും നാട്ടില്‍ അവകാശമുണ്ട്. അതിനു മാന്യവും നിയമപരവുമായ എന്ത് വഴിയും സ്വീകരിക്കാം.
ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന രീതിയില്‍ ഒരു മുഖ്യധാരാ സിനിമയും ഇന്ത്യയില്‍ ഇറങ്ങിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം. അതെ സമയം ഇസ്ലാമിനെ അവമതിക്കുന്ന പലതും സിനിമ ലോകത്ത് ലഭ്യമാണ് താനും. എപ്പോഴെങ്കിലും ഇസ്ലാമിന്റെ ചെറിയ ഒരു വെളിച്ചം പോലും പലര്‍ക്കും അസഹ്യമാണ്. അതിനവര്‍ നല്‍കുന്ന പേരാണ് “ ഒളിച്ചു കടത്തല്‍” . ഒളിച്ചു കടത്താന്‍ മാത്രം മോശമാണ് ഇസ്ലാം എന്ന ബോധം അതിന്റെ ആളുകള്‍ക്കില്ല. സമൂഹത്തില്‍ ഒരു മാപ്പുസാക്ഷിയായി തീരാനും ഇസ്ലാം ആഗ്രഹിക്കുന്നില്ല.

ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ആധുനിക ലോകത്തിനു നല്‍കിയ സംഭാവനകള്‍ എന്തെന്ന് ചോദിച്ചാല്‍ ആദ്യം പറയാന്‍ കഴിയുക ഇസ്ലാമിനെ സമൂഹത്തില്‍ അഭിമാനത്തോടെ നില്‍ക്കാന്‍ സഹായിച്ചു എന്നത് തന്നെയാണ്. ഞാന്‍ ഒരു മുസ്ലിമാണ് എന്ന് പറയാന്‍ ആര്‍ക്കും കഴിയും ഞാന്‍ ഇസ്ലാമിന് വേണ്ടി നിലകൊള്ളുന്നു എന്ന് തെളിയിക്കാന്‍ ബുദ്ധിമുട്ടാണ്. ഇസ്ലാം കേവല മതമായി മാറിയ അവസ്ഥയില്‍ ഇസ്ലാമിനെ ശരിയായ രീതിയില്‍ ലോകത്തിനു പരിചയപ്പെടുത്തിയ മഹാരഥന്മാരേ നാം നന്ദിയോടെ ഓര്‍ക്കുന്നു.

ലോകത്തെ മൊത്തമായി കമ്യുണിസവും മുതലാളിത്തവും പങ്കു വെച്ചപ്പോള്‍ ഒരു പകരം എന്ന നിലയില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ഇസ്ലാമിനെ പരിചയപ്പെടുത്തി. ഇസ്ലാം ഉപകാരപ്പെടുക ആകാശത്ത് മാത്രമല്ല ഭൂമിയില്‍ കൂടിയാണ് എന്ന് ലോകത്തിനു മനസ്സിലാക്കി കൊടുക്കാനും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കും നേതാക്കള്‍ക്കും കഴിഞ്ഞു. ഒരു വിമോചന പ്രത്യയശാസ്ത്രം എന്ന രീതിയില്‍ ആധുനിക ലോകത്തും ഇസ്ലാം ചര്‍ച്ച ചെയ്യപ്പെട്ടു. അതിനെ അപ്പുറത്ത് നിന്നും പ്രതിരോധിച്ചത് ഇസ്ലാം ഭീതി പറഞ്ഞു കൊണ്ടായിരുന്നു. അവരാണ് ഇസ്ലാമിനെ കുറിച്ച ചെറിയ ചര്‍ച്ചകളെ പോലും ഭയക്കുന്നത്. ഇസ്ലാം ഒളിച്ചു കടത്തേണ്ട ഒന്നല്ല പകരം അഭിമാനത്തോടെ പകല്‍ വെളിച്ചത്തില്‍ പറയേണ്ടതാണ്.

ഇസ്ലാമിന്റെ ഭാവം ഞാന്‍ സ്വീകരിക്കുക എന്നതിന് പകരം എന്റെ ഭാവം ഇസ്ലാം സ്വീകരിക്കണം എന്ന് പലരും വാശിപിടിച്ചു. ഇസ്ലാമിലെ സ്ത്രീ എങ്ങിനെ വേണമെന്ന് നിശ്ചയിക്കാനുള്ള അവകാശം വിശ്വാസികള്‍ ദൈവത്തിനു നല്‍കുന്നു. അതെ സമയം നവ ലിബരലുകള്‍ തങ്ങള്‍ക്കാണ് ആ അധികാരം എന്ന് കരുതുന്നു. കലയും സാഹിത്യവും അവരുടെ വഴിയില്‍ മാത്രമാകണം എന്നവര്‍ നിബന്ധം പിടിക്കുന്നു. അതെ സമയം കലയും സാഹിത്യത്തെയും നന്മയുടെ വഴിയിലൂടെ നടത്തണമെന്ന് ഇസ്ലാം ആഗ്രഹിക്കുന്നു. അപ്പോള്‍ അവര്‍ വിളിച്ചു പറയും “ ഇസ്ലാമിനെ ഒളിച്ചു കടത്തുന്നു”. നാം ഉറക്കെ തന്നെ പറയും “ ഇത് വെളിച്ചമാണ് . ഇരുട്ടിനെ സ്വയം ഇല്ലാതാക്കുന്ന വെളിച്ചം”

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker