Current Date

Search
Close this search box.
Search
Close this search box.

ഉപരോധം കൊണ്ട് നട്ടം തിരിയുന്ന ഇറാന്‍ 

അമേരിക്കന്‍ ഉപരോധം ഇറാന്റെ ജീവിത നിലവാരത്തെ കാര്യമായി ബാധിക്കുന്നു എന്നാണു പുറത്തു വരുന്ന വാര്‍ത്തകള്‍. ഇറാനിയന്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് ശീലിക്കാന്‍ ആത്മീയ നേതാവ് കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ ആഹ്വാനത്തിന് കാര്യമായ പ്രതികരണം ലഭിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ആഭ്യന്തര ഉല്‍പ്പന്നങ്ങളും മാര്‍ക്കറ്റില്‍ ലഭ്യമല്ല എന്നതാണ് വാര്‍ത്ത. ഇറാനിയന്‍ സ്ത്രീകളെയാണ് ഉപരോധം ആദ്യ നാളുകളില്‍ ബാധിച്ചത്. സാനിറ്ററി നാപ്കിന്‍ പോലുള്ള വസ്തുക്കള്‍ തീര്‍ത്തും ലഭ്യമല്ലാത്ത അവസ്ഥയിലൂടെ ഇറാന്‍ കടന്നു പോകുന്നു എന്ന് പലരും റിപ്പോര്‍ട്ട് ചെയ്യുന്നു. അത് പോലെ പല മരുന്നുകളും ലഭ്യമല്ല.

ഇറാനിലെ കുടുംബ ജീവിത ബജറ്റ് താളം തെറ്റുന്നു എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇറാന്‍ ജനത കൂടുതലും ആഭ്യന്തര വസ്തുക്കളാണ് ഉപയോഗിക്കുന്നത് എന്നാല്‍ പോലും പെട്ടെന്ന് സംജാതമായ അവസ്ഥയെ എങ്ങിനെ മറികടക്കാം എന്ന വിഷയത്തില്‍ ഇപ്പോഴും ആളുകള്‍ക്ക് ഒരു ഉത്തരം ലഭിച്ചിട്ടില്ല. വിദേശ നാടുകളില്‍ ജീവിച്ചിരുന്ന പലരും ഇറാനിലേക്ക് തിരിച്ചു വന്നിട്ടുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ജീവിതം ഇപ്പോള്‍ തന്നെ ദുസ്സഹമാണ്. ഇറാനില്‍ സാധാരണ ശമ്പളം 300 അമേരിക്കന്‍ ഡോളറിനു തുല്യമാണ്. ഒരു അമേരിക്കന്‍ കറന്‍സിയുടെ വിനിമയ നിരക്ക് ഇറാനിയന്‍ റിയാലില്‍ 42,105. ആകുന്നു. ഒരു കിലോ അരിക്ക് ഏകദേശം ഒരു ലക്ഷത്തി മുപ്പതിനായിരം റിയാല്‍ വരുമത്രെ.

ഉപരോധം കൊണ്ട് എന്നും നട്ടം തിരഞ്ഞ രാജ്യമാണ് ഇറാന്‍. എണ്ണ സമ്പത്ത് ഉണ്ടായിട്ടും അത് മാന്യമായി കയറ്റി അയക്കാന്‍ ഉപരോധം സമ്മതിക്കുന്നില്ല. ഒരിക്കല്‍ നീങ്ങിയ ഉപരോധം കൊണ്ട് ചെറിയ വെളിച്ചം ഇറാനിയന്‍ സാമ്പത്തിക വ്യവസ്ഥക്ക് വന്നിരുന്നു. പുതിയ ഉപരോധം കൂടുതല്‍ ശക്തമാണ് എന്നാണു അമേരിക്ക അവകാശപ്പെടുന്നത്. ഇറാനിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ടാണ് മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയം മുന്നോട്ടു പോകുന്നത്. ഒരിടത്തു ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ആകുലതയും അതെ സമയം സിറിയ,യമന്‍ പോലുള്ള രാജ്യങ്ങളിലെ ഇടപെടലുകളും എങ്ങിനെ മുന്നോട്ടു പോകും എന്നതിനുള്ള ഉത്തരം കൗതുകത്തോടെ ലോകം നോക്കിയിരിക്കുന്നു.

കാനഡയില്‍ മാന്യമായി ജീവിച്ചിരുന്ന ആമിന അവളുടെ നിര്‍ബന്ധം കാരണമാണ് ഇറാനിലേക്ക് തിരിച്ചു വന്നത്. കാനഡയില്‍ 800 ഡോളര്‍ ശമ്പളം കിട്ടിയിരുന്നു. അതെസമയം ഇറാനില്‍ കിട്ടുന്നത് 200 ഡോളറിനു സമാനമായ സംഖ്യയും. എങ്കിലും സ്വന്തം നാട് എന്നതില്‍ അവള്‍ സന്തുഷ്ടയായിരുന്നു. പെട്ടെന്നാണ് ആ സന്തോഷം നിലച്ചത് എന്നവള്‍ പറയുന്നു. ആമിന ഒറ്റപ്പെട്ട ശബ്ദമല്ല. ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ഒരു വിഭാഗം രംഗത്തുണ്ട്. പലപ്പോഴും പുറത്തു പറയാന്‍ അവര്‍ക്കു ഭയമാണ് എന്ന് മാത്രം. സുന്നി-ഷിയാ വിഭജനം ഇന്ന് അറബ് ലോകത്തു മുമ്പുള്ളതിനേക്കാള്‍ ഗുരുതരമാണ്. ഷിയാ രാഷ്ട്രീയം എന്നും ഇറാനുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതിനാല്‍ പുതിയ ബലാബല ചേരിയില്‍ ഉപരോധം എങ്ങിനെ പ്രതിഫലിക്കും എന്നതും കാത്തിരുന്നു കാണേണ്ട കാര്യം തന്നെ.

Related Articles