Current Date

Search
Close this search box.
Search
Close this search box.

വ്യക്തി സ്വാതന്ത്ര്യത്തിന്റെ അതിരുകള്‍

തിന്മയോടു വിശ്വാസികള്‍ക്ക് മൂന്ന് രീതിയില്‍ പ്രതികരിക്കാം. ഒന്ന് കൈകൊണ്ടു തടയുക, രണ്ടു നാവു കൊണ്ട്, മൂന്നു മനസ്സ് കൊണ്ട് വെറുക്കുക. അതും ഇല്ലാത്തവരുടെ മനസ്സില്‍ ഈമാനിന്റെ കടുകുമണി പോലുമില്ല എന്നാണു പ്രമാണം. നമ്മുടേത് ഒരു മതേതര രാജ്യമാണ്. മത മൂല്യങ്ങള്‍ക്ക് സമൂഹത്തില്‍ സ്ഥാനം ലഭിക്കാന്‍ ഇടയില്ലാത്ത രാജ്യം. വ്യക്തി എന്നതിന് അമിത പ്രധാനമുള്ള വ്യവസ്ഥയാണ് ജനാധിപത്യം. അവിടെ വ്യക്തികള്‍ സമൂഹത്തെക്കാള്‍ എപ്പോഴും മുകളിലാവും.

ഇന്നലെ സ്വവര്‍ഗ രതിക്ക് നിലവിലുണ്ടായിരുന്ന നിയമം കോടതി എടുത്തു കളഞ്ഞപ്പോള്‍ വിധിയെ സമൂഹം മാനിക്കണം എന്ന രീതിയില്‍ ആളുകള്‍ രംഗത്തു വന്നു. നിര്‍ഭാഗ്യവശാല്‍ അങ്ങിനെ പറയുന്ന വിശ്വാസികളെയും കണ്ടു. അല്ലാഹു പാടില്ലെന്ന് പറഞ്ഞ നിയമത്തെ എങ്ങിനെയാണ് സമൂഹത്തോട് മാനിക്കാന്‍ പറയാന്‍ കഴിയുക. ഇന്നലെ വരെ സ്വവര്‍ഗ രതി കുറ്റകരവും ശിക്ഷാര്‍ഹവുമായ നാട്ടില്‍ ഇന്ന് അത് നിയമ പ്രകാരമാകുന്നു എന്നത് കൊണ്ട് വിവക്ഷ ഇന്ത്യന്‍ നിയമത്തില്‍ സ്വവര്‍ഗ രതി തെറ്റല്ല എന്നത് മാത്രമാണ്.

ഇസ്ലാമില്‍ അത് ശരിയാകാന്‍ ഈ വിധിക്കു കഴിയില്ല. അതിനാല്‍ തന്നെ ഇത്തരം വിധികളെ സ്വാഗതം ചെയ്യുക എന്നത് എന്തടിസ്ഥാനത്തില്‍ എന്നതാണ് ചോദ്യം. കൈകൊണ്ടു തടയാന്‍ ഭരണകൂടത്തിനെ കഴിയൂ. നാവു കൊണ്ടും പേന കൊണ്ടും തടയാന്‍ ജനാധിപത്യത്തില്‍ കഴിയും. പക്ഷെ ആ വഴി മുസ്ലിം സംഘടനകള്‍ സ്വീകരിച്ചില്ല എന്നാണു കിട്ടിയ വിവരം. കൃസ്ത്യന്‍ സമൂഹം ഈ വിഷയത്തില്‍ അവരുടെ നിലപാട് കോടതിയില്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ നാവു കൊണ്ട് തടയുക എന്ന പ്രവാചക കല്‍പ്പന നടപ്പില്‍ വരുത്തുന്നതില്‍ നാം പരാജയപ്പെട്ടുവോ എന്നതു ചിന്തിക്കേണ്ട വിഷയവും.

ഒരു നിയമം നാട്ടിലെ ജനങ്ങളുടെ മേലില്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ മാത്രമാണ് അത് വിശ്വാസവുമായി ഏറ്റുമുട്ടുന്നത്. പ്രകൃതി വിരുദ്ധ ലൈംഗികത ചര്യയാക്കിയവര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. അവര്‍ക്കു അവരുടെ വഴി സൈ്വര്യമായി തുടരാനുള്ള അനുവാദം കോടതി നല്‍കി എന്ന് മാത്രമേ നമുക്കു പറയാന്‍ കഴിയൂ. അവിടെയും മൂന്നാമത്തെ രീതി ഇനിയും ബാക്കിയാണ്.

മതം തിന്മ എന്ന് കരുതുന്ന പലതും പൊതു സമൂത്തില്‍ അങ്ങിനെയല്ല. മദ്യവും ചൂതാട്ടവും വ്യഭിചാരവും പലിശയും എല്ലാം പൊതു സമൂഹം അംഗീകരിക്കുന്നു. മദ്യ നിരോധനം ഭരണഘടനയുടെ ഭാഗമായി തന്നെ എഴുതി വെച്ചതാണ്. പലിശയും ചൂതാട്ടവും ഇല്ലാതാക്കാന്‍ വിശ്വാസി പ്രയത്‌നിക്കുന്നു. അത് പോലെ ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കും എന്ന് അവനു ഉറപ്പുള്ള ഒന്നിനെതിരെ സംസാരിക്കാനും വ്യക്തിക്ക് അവകാശമുണ്ട്. മദ്യപാനിയെ ഉപദേശിക്കുന്നത് പോലെ എന്ന രീതിയില്‍ ഈ വിഷയത്തെയും കൈകാര്യം ചെയ്യണം.

മദ്യപാനിയെ ഉപദേശിക്കുമ്പോള്‍ മദ്യപാനത്തെ ആരും ആദരിക്കില്ല. മദ്യപാനത്തെ അവര്‍ മനസ്സ് കൊണ്ട് വെറുക്കുന്നു. അപ്പോള്‍ നിയമം അനുവദിക്കുന്നു എന്നത് സ്വവര്‍ഗ രതിയോടു വിശ്വാസിയുടെ നിലപാട് മാറ്റാന്‍ കാരണമല്ല. ഒന്നാമത്തെ അവസ്ഥ നമുക്ക് സാധ്യമല്ല. രണ്ടാമത്തെ അവസ്ഥ വേണ്ട പോലെ നാം ഉപയോഗപ്പെടുത്തിയില്ല. തിന്മയോടു സ്വീകരിക്കേണ്ട അവസാന നിലപാട് പോലും നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് വിശ്വാസവുമായി ബന്ധപ്പെട്ടതാണ്.

Related Articles