Current Date

Search
Close this search box.
Search
Close this search box.

അല്ലാഹുവിൻ്റെ വർണത്തേക്കാൾ സുന്ദരമായ വർണം മറ്റേതുണ്ട്

നമ്മൾ ചെയ്യുന്ന കർമങ്ങളുടെ സൗന്ദര്യത്തെ കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ? വർണമാണ് പലതിനേയും സുന്ദരമാക്കുന്നത്. കറുപ്പായാലും വെളുപ്പായാലും പച്ചയായാലും ചുവപ്പായാലും ചേരേണ്ട പോൽ ചേരുമ്പോൾ ഏതിനും ആകർഷണീയത കൂടും. കർമങ്ങൾക്ക് അല്ലാഹുവിൻ്റെ വർണം കൊടുക്കുമ്പോഴാണ് അതിന് മനോഹാരിത കൂടുന്നതും സ്വീകാര്യമാകുന്നതെന്നും ഖുർആൻ .

“അല്ലാഹുവിന്റെ വര്ണം സ്വീകരിക്കുക. ‎അല്ലാഹുവിന്റെ വര്ണത്തെക്കാള് വിശിഷ്ടമായി ആരുടെ ‎വര്ണമുണ്ട്?”(2:138) അല്ലാഹുവിൻ്റെ ദീൻ തന്നെയാണാ വർണം. ഈമാനും ഇഖ്ലാസും ഇഹ്സാനുമാണ് അതിലെ നിറക്കൂട്ടുകൾ . അല്ലാഹു കൂടെയുണ്ടെന്ന ബോധവും അവൻ്റെ ഇഷ്ടങ്ങൾ മാത്രം കർമങ്ങൾക്കുള്ള പ്രചോദനവും പ്രേരണയുമാകുന്നതാണ് ഈമാനിൻ്റെ നിറം . നൻമകൾക്ക് മറ്റുള്ളവരിൽ നിന്നൊരു നന്ദി വാക്ക് പോലും ആഗ്രഹിക്കാത്ത നാഥൻ്റെ പിരിശം മാത്രം പ്രതീക്ഷിക്കലാണ് ഇഖ്ലാസിൻ്റെ ചായം

എത്ര ചെറുതാണെങ്കിലും ഒരു ബാധ്യത നിർവഹിച്ച് വീട്ടുന്ന പോലല്ലാതെ ഏറെ പ്രിയത്തിൽ ഭംഗിയിൽ ചെയ്യലാണ് ഇഹ്സാനിൻ്റെ വർണം. ഈ വർണങ്ങൾ കൂടിച്ചേരുന്നിടത്ത് നമ്മുടെ പ്രവർത്തനങ്ങൾ ഏറ്റവും സുന്ദരമാകുന്നു. അല്ലാഹുവിൻ്റെ ചില ഗുണവിശേഷണങ്ങളുണ്ട് . അവൻ നമ്മെ അത് കൊണ്ട് പൊതിഞ്ഞ് വെക്കണം എന്ന് നമ്മൾ ആഗ്രഹിക്കുന്ന ചിലത് .. അവൻ്റെ കാരുണ്യം പോലെ .. വിട്ടു വീഴ്ച പോലെ .. സ്നേഹം പോലെ..

Also read: ഉപവാസം നമ്മെ ശാക്തീകരിക്കുന്നത് ?

ആ സുന്ദര വർണങ്ങൾ കുറച്ച് നമ്മോട് ചേർത്ത് വെക്കാൻ നമുക്കാകണം.  അവനോട് നമ്മൾ കാരുണ്യത്തിന് വേണ്ടി തേടാറുണ്ട് .നമുക്ക് ചുറ്റുമുള്ളവരോട് കാരുണ്യം കാണിക്കാൻ നമുക്കാകുമ്പോഴല്ലേ അവൻ്റെ കാരുണ്യം നമുക്ക് പ്രതീക്ഷിക്കാനാകൂ . അവൻ നമ്മുടെ വീഴ്ചകളെല്ലാം പൊറുത്ത് വിട്ടുവീഴ്ച ചെയ്ത് തരണമെന്ന് നമുക്കതിയായ ആഗ്രഹമുണ്ട്. നമ്മളോട് അപരാധം ചെയ്തവർക്ക് നിരുപാധികം വിട്ടു കൊടുക്കാൻ നമുക്കാകുമ്പോഴല്ലേ നാഥൻ വിട്ടുവീഴ്ചയുടെ കവാടങ്ങൾ സന്തോഷത്തോടെ നമുക്കായി തുറന്നു വെക്കുക .

അല്ലാഹു എന്നെ സ്നേഹിക്കണം എന്നാഗ്രഹിക്കാത്ത അതിനായി പ്രാർഥിക്കാത്ത വിശ്വാസികളുണ്ടാകുമോ! നമുക്ക് ചുറ്റിലുമുള്ളവർക്ക് ആത്മാർഥമായ സ്നേഹം പകർന്ന് നൽകാനാകുമ്പോ അവൻ്റെ സ്നേഹം നമ്മെയും പൊതിഞ്ഞ് നിൽക്കും. വെളിച്ചെത്തിനെന്ത് വെളിച്ചമെന്ന പോൽ നാഥൻ്റെ വർണമണിഞ്ഞവരുടെ ജീവിതത്തിനെന്തൊരു തെളിച്ചമായിരിക്കും . “വെളിച്ചത്തിനുമേല് വെളിച്ചം. അല്ലാഹു തന്റെ വെളിച്ചത്തിലേക്ക് താനിച്ഛിക്കുന്നവരെ നയിക്കുന്നു.” (24:35) അല്ലാഹുവിൻ്റ വെളിച്ചവും വർണവും നമ്മുടെ ജീവിതത്തെ മനോഹരമാക്കട്ടെ .

Related Articles