Current Date

Search
Close this search box.
Search
Close this search box.

സിനിമ കാണുന്നതിന്റെ വിധിയെന്ത്?

cinema.jpg

ചോദ്യം :  സിനിമാ പ്രദര്‍ശനം ഇന്ന് ലോക വ്യാപകമായിട്ടുണ്ട്. ചിലര്‍ സിനിമ കാണുന്നത് ഹറാമാണെന്ന് പറയുമ്പോള്‍ മറ്റുചിലര്‍ സിനിമ കാണുന്നത് കൊണ്ട് പ്രശ്‌നമില്ലെന്ന് പറയുന്നു. യഥാര്‍ഥത്തില്‍ ഇതിലേതാണ് ശരി? സിനിമ നമ്മള്‍ ബഹിഷ്‌കരിക്കേണ്ടതുണ്ടോ? സിനിമ കാണാമെങ്കില്‍ അതില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?

ഉത്തരം : സിനിമയില്‍ ഒരേസമയം ആസ്വാദനവും മാര്‍ഗനിര്‍ദ്ദേശങ്ങളും അടങ്ങിയിട്ടുണ്ട്. മൗലികമായി സിനിമയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും ഏതൊരു കാര്യത്തെയും പോലെ സിനിമയെയും നന്മക്കും തിന്മക്കും വേണ്ടി ഉപയോഗപ്പെടുത്താന്‍ സാധിക്കും. അതുകൊണ്ട് അത് ഏതൊന്നിലേക്കാണോ നമ്മെ നയിക്കുന്നത് അതിനനുസരിച്ചാണ് അതിന്റെ വിധി പറയേണ്ടത്.

അങ്ങനെ നോക്കുമ്പോള്‍, താഴെ പറയുന്ന നിബന്ധനകള്‍ പൂര്‍ത്തിയാകുമ്പോള്‍ സിനിമ നല്ലതും അനുവദനീയമാകുമെന്നാണ് നമ്മുടെ അഭിപ്രായം.

1. സിനിമയുടെ ഉള്ളടക്കം ഇസ്‌ലാമിക വിശ്വാസത്തിനും സദാചാര ധര്‍മ്മത്തിനും ശറഈ നിയമങ്ങള്‍ക്കും വിരുദ്ധമാകാതിരിക്കണം. അപ്പോള്‍ ഇഹലോക ജീവിതത്തോട് പ്രേമം ജനിപ്പിക്കുന്നതും തെറ്റിന് പ്രേരിപ്പിക്കുന്നതും തെറ്റായ വിശ്വാസത്തിലേക്കും തത്വങ്ങളിലേക്കും ക്ഷണിക്കുന്നതുമായ സിനിമകള്‍ കാണല്‍ വിശ്വാസിക്ക് അനുവദനീയമാകുകയില്ല. അത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യരുത്.

2. സിനിമ മതപരമോ ഭൗതികമോ ആയ നിര്‍ബന്ധ ബാധ്യതകള്‍ നിര്‍വഹിക്കുന്നതില്‍ നിന്നും അവന്റെ ശ്രദ്ധതിരിക്കരുത്. അഞ്ച് നേരത്തെ നമസ്‌കാരം വിശ്വാസിയുടെ മേല്‍ അല്ലാഹു നിര്‍ബന്ധമാക്കിയതാണ്. എന്നാല്‍ സിനിമ കാണുന്നതിന് വേണ്ടി വിശ്വാസി നമസ്‌കാരം ഒഴിവാക്കാന്‍ പാടില്ലാത്തതാകുന്നു. അല്ലാഹു പറഞ്ഞിരിക്കുന്നു : ‘നമസ്‌കാരക്കാര്‍ക്ക് നാശം! അവരോ തങ്ങളുടെ നമസ്‌കാര കാര്യത്തില്‍ അശ്രദ്ധരാണ്’ (അല്‍മാഊന്‍ 4-5). നമസ്‌കാരം പിന്തിപ്പിച്ച് അതിന്റെ സമയം നഷ്ടപ്പെടുത്തുന്നവരെ കുറിച്ചാണ് ഈ ആയത്ത് സൂചിപ്പിക്കുന്നതെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ചൂതാട്ടവും കള്ളും നമസ്‌കാരത്തെ കുറിച്ചുള്ള ഓര്‍മ്മ ഇല്ലാതാക്കുമെന്നത് കൊണ്ടാണ് അല്ലാഹു അവ രണ്ടും നിഷിദ്ധമാക്കിയതെന്ന് വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്.

3. അന്യസ്ത്രീ പുരുഷന്‍മാര്‍ കൂടിക്കലരുന്നത് ഒഴിവാക്കണം. പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനും സംശയങ്ങള്‍ ഒഴിവാക്കാനും അത് വേണ്ടതുണ്ട്, സിനിമ കാണുന്നത് ഇരുട്ട് നിറഞ്ഞ കേന്ദ്രത്തില്‍ വെച്ചാകുമ്പോള്‍ പ്രത്യേകിച്ചും. പ്രവാചകന്‍ പറഞ്ഞിരിക്കുന്നു : ‘നിങ്ങളില്‍ ഒരാളുടെ തലയില്‍ ഇരുമ്പ് സൂചികൊണ്ട് കുത്തുന്നതാണ് അനുവദനീയമല്ലാത്ത സ്ത്രീയെ സ്പര്‍ശിക്കുന്നതിനേക്കാള്‍ അവന് നല്ലത്’.

Related Articles