Current Date

Search
Close this search box.
Search
Close this search box.

സമയത്തെ കുറിച്ച് ചില വിചാരങ്ങള്‍

Time.jpg

ചില സമയങ്ങളെ നാം നല്ല സമയങ്ങള്‍ എന്ന് പറയുന്നു. മറ്റു ചില സമയത്തെ ചീത്ത സമയം എന്നും പറയുന്നു. ഒരാളുടെ പുരോഗതി, അയാളുടെ വിജയം ഇതൊക്കെ പരിഗണിച്ചു കൊണ്ടാണ് അയാളുടെ നല്ല സമയം എന്ന് നാം പറയുന്നത്. ഒരാളുടെ പരാജയം, അയാളുടെ അധോഗതി ഇതൊക്കെ പരിഗണിച്ചാണ് അയാളുടെ ചീത്ത സമയം എന്ന് നാം പറയുന്നത്. അങ്ങനെ വരുമ്പോള്‍ ദുഃഖമുണ്ടാകുന്ന, പ്രയാസമുണ്ടാകുന്ന, പരാജയമുണ്ടാകുന്ന, കച്ചവടങ്ങളിലും മറ്റും താഴ്ച്ചയുണ്ടാകുന്ന നേരത്ത് നാം നമ്മുടെ സമയത്തെ, നമ്മുടെ കാലത്തെ പഴിക്കുന്നു, ശപിക്കുന്നു. മോശപ്പെട്ട കാലമാണിത്, ചീത്ത സമയമാണിത് എന്നൊക്കെ നാം പറയുന്നു.

ഒരര്‍ത്ഥത്തില്‍ നമുക്ക് സംഭവിക്കുന്ന പരാജയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നാം ഉപയോഗിക്കുന്ന എളുപ്പവഴിയാണ് കാലത്തെ ശപിക്കുക എന്നത്. വളരെ സാവകാശം, അവധാനതയോടു കൂടി ആലോചിച്ചാല്‍ നമുക്ക് ബോധ്യപ്പെടും കുഴപ്പമുള്ളത് സമയത്തിനല്ല, കാലത്തിനല്ല, വല്ല കുഴപ്പവുമുണ്ടെങ്കില്‍ അത് നമുക്ക് തന്നെയാണ്. നമ്മുടെ ആസൂത്രണത്തിന്റെ കുറവാണ്. നമ്മുടെ മുന്നൊരുക്കത്തിന്റെ കുറവാണ്. നമ്മുടെ ജാഗ്രതയുടെ കുറവാണ്.
ഒരുപക്ഷെ നമ്മുടെ തന്നെ ആസൂത്രണത്തിന്റെ കുറവായിക്കൊള്ളണം എന്നില്ല. നമ്മുടെ സഹജീവികള്‍, നമ്മുടെ പങ്കാളികള്‍, നാം ജീവിക്കുന്ന കാലത്തെ മറ്റു പലരുടെയും പ്രവര്‍ത്തനങ്ങള്‍ ഒക്കെയും നമ്മെ പ്രതികൂലമായി ബാധിച്ചേക്കാം. തെറ്റ് ചെയ്ത ആളുകളെ മാത്രം ബാധിക്കാത്ത വിപത്തുകളും ഉണ്ട്. ഒരു കപ്പലിന്റെ ഏറ്റവും താഴെ തട്ടിലിരിക്കുന്ന ഒരു വ്യക്തി അവിടെയിരുന്ന് ഒരു ദ്വാരമുണ്ടാക്കിയാല്‍ ആ കപ്പലിലേക്ക് വെള്ളം കയറുമ്പോള്‍ ദ്വാരമുണ്ടാക്കിയ വ്യക്തിയെ മാത്രമല്ല ബാധിക്കുന്നത്. എല്ലാവരെയും അത് ബാധിക്കും, കപ്പല്‍ മുങ്ങിപ്പോകും. ഇങ്ങനെ കപ്പല്‍ മുങ്ങിപ്പോകുമ്പോള്‍ നമ്മുടെ കാലം മോശമായത് കൊണ്ടാണ്, നമ്മുടെ സമയ ദോഷം കൊണ്ടാണ് എന്ന് നാം ശപിച്ചിട്ട് എന്ത് കാര്യം. നമ്മുടെ കൂട്ടത്തിലുള്ള ഒരാള്‍ കപ്പിലിന് ദ്വാരമുണ്ടാക്കുന്നത് നാം ശ്രദ്ധിക്കേണ്ടതായിരുന്നു. അയാള്‍ ചെയ്യുന്ന തിന്മയില്‍ നിന്നും അയാളെ തടയാന്‍ നമുക്കെല്ലാവര്‍ക്കും സാധിക്കേണ്ടതായിരുന്നു. പക്ഷെ നാം അയാളുടെ തിന്മയെ അവഗണിക്കുകയും നാം നിസ്സംഗത പാലിക്കുകയും ചെയ്തപ്പോള്‍ അത് നമുക്കുള്ള വിപത്തായി മാറുകയാണ് ചെയ്തത്. അങ്ങനെ ആ വിപത്തിലകപ്പെടുമ്പോള്‍ നാം സമയത്തെ, കാലത്തെ ശപിക്കുകയാണ് ചെയ്യുന്നത്.
യഥാര്‍ത്ഥത്തില്‍ കാലത്തിന് ഒരു കുഴപ്പവുമില്ല. എല്ലാവര്‍ക്കും ഒരേ കാലമാണ്. എല്ലാവര്‍ക്കും ഒരേ സമയമാണ്. ആ സമയത്തെയും കാലത്തെയും ഏറ്റവും പ്രയോജനകരമാം വിധം ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിക്കുകയാണ് വേണ്ടത്. ഇതോടൊപ്പം ചേര്‍ത്ത് നാം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം വിജയം പരാജയം എന്നൊക്കെ പറയുന്നത് നാം ഭൗതിക ലോകത്ത് പുറമേക്ക് കാണുന്നത് തന്നെ ആയിക്കൊള്ളണമെന്നില്ല. പ്രത്യക്ഷത്തില്‍ നാം പരാജയമായി കാണുന്നത് ഒരുപക്ഷെ ഭാവിയില്‍ അയാള്‍ക്ക് വിജയമായേക്കാം. പ്രത്യക്ഷത്തില്‍ വിജയമായി നാം ഇപ്പോള്‍ കാണുന്നത് ഭാവിയില്‍ അയാള്‍ക്ക് പരാജയമായും ഭവിച്ചേക്കാം.  നമ്മുടെ ചുറ്റുപാടുകളിലുള്ള ആളുകളുടെ അനുഭവങ്ങളും നമ്മുടെ ജീവിതത്തില്‍ തന്നെയുള്ള അനുഭവങ്ങളും നാം പരിശോധിച്ച് നോക്കിയാല്‍ അതിന്റെ ഉദാഹരണങ്ങള്‍ ധാരാളമായി നമുക്ക് കണ്ടെത്താന്‍ കഴിയും. എന്തായാലും അത് സമയവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ലെന്ന് അര്‍ത്ഥം. സമയത്തെ ശപിക്കാതെ, കാലത്തെ പഴിച്ച് ആ കാലം നഷ്ടപ്പെടുത്താതെ നമ്മുടെ പരാജയങ്ങള്‍ എന്ന് നാം മനസ്സിലാക്കുന്നതിനെ കുറിച്ച് വളരെ കൃത്യമായി വിശകലനം ചെയ്തു കൊണ്ട് തിരുത്തേണ്ടയിടങ്ങളില്‍ തിരുത്താനാണ് നാം പരിശ്രമിക്കേണ്ടത്.
നാം മനുഷ്യര്‍. നമ്മുടെ ജീവിതം എന്നത് ഏതാനും കുറെ സമയം മാത്രമാണ്. നമ്മുടെ ഹൃദയമിടിപ്പുകള്‍ നാം നമ്മുടെ കൈ നെഞ്ചില്‍ ചേര്‍ത്ത് വെച്ച് നമ്മുടെ മിടിപ്പുകള്‍ അനുഭവിക്കുക. നമ്മുടെ ഹൃദയമിടിപ്പുകള്‍ നമ്മോട് പറയുന്നത് നമുക്ക് അനുവദിച്ചിട്ടുള്ള സമയം തീര്‍ന്ന് പൊയ്‌ക്കൊണ്ടേയിരിക്കുന്നു എന്നാണ്. ഓരോരുത്തര്‍ക്കും പ്രപഞ്ചനാഥന്‍ അനുവദിച്ചിട്ടുള്ള ആയുസ്സ് ഒരുപക്ഷെ കുറേ വര്‍ഷങ്ങള്‍, കുറേ മാസങ്ങള്‍, കുറേ ആഴ്ച്ചകള്‍, ദിവസങ്ങള്‍, മണിക്കൂറുകള്‍, മിനുട്ടുകള്‍, സെക്കന്റുകള്‍ ഇങ്ങനെ വിഭജിക്കപ്പെടുകയാണെങ്കില്‍ ഓരോ ഹൃദയമിടിപ്പും ഓരോ സെക്കന്റുകള്‍ അവസാനിച്ചു കൊണ്ടിരിക്കുന്നു എന്ന അറിയിപ്പാണ്. നാം സാധാരണ നമ്മെ കുറിച്ച് പറയാറുണ്ട് നാം ജീവിക്കുകയാണ് എന്ന്. ശരിയാണ്, നാം ജീവിക്കുകയാണ്. എന്നാല്‍ കുറച്ച് കൂടി നാം നമ്മെ കുറിച്ച് ആലോചിച്ചാല്‍ നമുക്ക് ബോധ്യപ്പെടും ഓരോ അനുനിമിഷവും നാം മരിച്ചു കൊണ്ടിരിക്കുകയാണ് എന്ന് .  അറുപത് വയസ്സ് നിര്‍ണയിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തി, അയാള്‍ക്കിപ്പോള്‍ മുപ്പത് വയസ്സാണ് പൂര്‍ത്തിയായതെങ്കില്‍ അതിനര്‍ത്ഥം അയാള്‍ അയാളുടെ ജീവിതത്തില്‍ നിന്ന് മൂപ്പത് വര്‍ഷം തീര്‍ന്നിരിക്കുന്നു, മരിച്ചു പോയിരിക്കുന്നു എന്നാണ്. ശേഷിക്കുന്നത് മുപ്പത് വര്‍ഷമാണ്. ആ മുപ്പത് വര്‍ഷം കൂടി അയാളുടെ ജീവിതത്തില്‍ നിന്ന് തീര്‍ന്ന് പോകുന്നതോടെ അയാളുടെ മരണം പൂര്‍ത്തിയാവുകയാണ് ചെയ്യുന്നത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ഒരോരുത്തരും മരിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ബോധ്യപ്പെടും. നമ്മുടെ സമയം നമ്മുടെ നിയന്ത്രണത്തിന് അതീതമായി തീര്‍ന്നു കൊണ്ടേയിരിക്കുകയാണ്. ഓരോ മനുഷ്യനും അവന്‍ ഏത് മതക്കാരനോ, ജാതിക്കാരനോ ആയിക്കൊള്ളട്ടെ അവന്റെ ശ്മശാനത്തിലേക്ക്, ഖബറിടത്തിലേക്ക് അടുത്തുകൊണ്ടേയിരിക്കുകയാണ് ഓരോ നിമിഷവും.
സമയത്തിന്റെ വില മനസ്സിലാക്കണമെങ്കില്‍ നമുക്ക് ഐസ് മിഠായി വില്‍ക്കുന്നയാളെ നോക്കിയാല്‍ മതി. അയാളുടെ മൂലധനം ഐസ് ആണ്. എത്രത്തോളം വെച്ചു കൊണ്ടിരിക്കുന്നുവോ അത്രത്തോളം മൂലധനം നഷ്ടപ്പെട്ടു കൊണ്ടേയിരിക്കുകയാണ്. പെട്ടെന്ന് തന്നെ ആരെങ്കിലും വന്ന് വാങ്ങിക്കൊണ്ട് പോയില്ലായെങ്കില്‍ ആ മൂലധനം വെള്ളമായി നഷ്ടപ്പെട്ട് പോകും. വെള്ളമായി പോയാല്‍ പിന്നെ അയാള്‍ക്ക് കച്ചവടം ചെയ്യാന്‍ സാധിക്കുകയില്ല.
 ജീവിതത്തിന്റെ പകുതിയോളം നാം ഉറങ്ങിതീര്‍ക്കുന്നു. പിന്നെ നമ്മുടെ പ്രാഥമിക കര്‍മ്മങ്ങള്‍ക്ക്, ശരീരത്തിന്റെ ആവശ്യങ്ങള്‍ക്ക്, വിസ്സര്‍ജനത്തിന്, ഭക്ഷണം കഴിക്കുന്നതിന്, വിശ്രമിക്കുന്നതിന് എന്നിവക്ക് വേണ്ടി സമയം വിനിയോഗിക്കുന്നു. ട്രാഫിക്ക് ബ്ലോക്കില്‍ എത്ര സമയമാണ് നമുക്ക് ചെലവഴിക്കേണ്ടി വരുന്നത്. ഇതെല്ലാം കഴിച്ച് മിച്ചം വരുന്ന സമയം, മാത്രമാണ് യഥാര്‍ത്ഥത്തില്‍ നമുക്ക് ബാക്കിയുള്ളത്. മനുഷ്യന്‍ എന്ന നിലയില്‍ മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തമായി വലിയ ദൗത്യം ചെയ്തു തീര്‍ക്കേണ്ട വ്യക്തിയാണ്. മനുഷ്യന്‍ അവന്റെ നിയോഗലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ അവശേഷിക്കുന്നത് ഈ കുറഞ്ഞ സമയം മാത്രമാണ്. ആ സമയത്തെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിക്കുകയാണെങ്കില്‍ മാത്രമാണ് നമുക്ക് ജീവിതവിജയം കൈവരിക്കാന്‍ കഴിയുക.

രണ്ട് വൈരുദ്ധ്യങ്ങള്‍ നാം അഭിമുഖീകരിക്കുകയാണ്. ഒന്ന് നമുക്ക് ഒന്നിനും സമയം തികയുന്നില്ല എന്നതാണ്. മറ്റൊന്ന് നമുക്ക് നേരം പോകുന്നില്ല എന്നതാണ്. നമ്മുടെ ജീവിതത്തില്‍ സമയം ലാഭിക്കാന്‍ നാം പുതിയ പുതിയ കണ്ടെത്തലുകള്‍ നടത്തി കൊണ്ടിരിക്കുന്നു. മുമ്പ് കാലത്ത് ഓരോരുത്തരും സ്വന്തം കൈകൊണ്ട് തന്നെ ചെയ്തുതീര്‍ക്കേണ്ടിയിരുന്ന പല തൊഴിലുകളും ഇന്ന് യന്ത്രത്തിന്റെ സഹായത്തോടെ എളുപ്പമായിരിക്കുന്നു. മുമ്പൊക്കെ നമ്മുടെ നാട്ടില്‍ സന്ധ്യയോടടുത്താല്‍ വീട്ടില്‍ വിളക്ക് കൊളുത്താന്‍ എത്രയാണ് അധ്വാനിക്കേണ്ടിയിരുന്നത്. പൂമുഖത്തും, നടുഅകത്തും, റൂമുകളിലും അടുക്കളയിലുമൊക്കെ വെളിച്ചം തെളിയണമെങ്കില്‍ ഓരോയിടത്തേക്കും ആവശ്യമുള്ള മണ്ണെണ്ണ വിളക്കുകള്‍ തുടക്കണം, അതിന്റെ ചില്ല് തുടക്കണം, തിരിയിടണം, എണ്ണയൊഴിക്കണം എന്നിട്ട് അതെല്ലാം കത്തിച്ച് വെക്കണം. എത്ര സമയമാണ് വേണ്ടത്. ഇന്ന് ഒരൊറ്റ സ്വിച്ച് അമര്‍ത്തുകയേ വേണ്ടു. വീട്ടിന്റെ അകത്തും പുറത്തുമൊക്കെ വെളിച്ചം തെളിയുകയായി. വൈദ്യുതി വിളക്കുകള്‍ വന്നത് കൊണ്ട് ഒരുപാട് സമയം നമുക്ക് ലാഭിക്കാന്‍ കഴിഞ്ഞു. നമ്മുടെ ഗൃഹോപകരണങ്ങള്‍, അലക്കുവാന്‍ യന്ത്രം വന്നപ്പോള്‍ എത്ര സമയമാണ് നമുക്ക് ലാഭമായത്. അരക്കുവാന്‍ യന്ത്രം വന്നപ്പോള്‍ എത്ര സമയമാണ് നമുക്ക് ലാഭമായത്. വിറക് ശേഖരിച്ച് കൊണ്ടു വന്ന് അടുപ്പില്‍ ഊതി തീകത്തിച്ച് പാചകം ചെയ്യുന്നതിന് പകരം ഇന്ന് പുതിയ പുതിയ ഉപകരണങ്ങളിലേക്ക് നാം മാറിയപ്പോള്‍ എത്ര സമയമാണ് നമുക്ക് മിച്ചം വെക്കാന്‍ സാധിച്ചിട്ടുള്ളത്. ഇങ്ങനെ സമയം ലാഭിക്കാന്‍ വീട്ടിനകത്തും തൊഴിലിടങ്ങളിലും എല്ലാം ധാരാളം കണ്ടുപിടുത്തങ്ങള്‍ നാം നടത്തുകയും ഒരുപാട് പുരോഗതി നമുക്ക് നേടാന്‍ സാധിക്കുകയും യന്ത്രങ്ങളുടെ സഹായത്തോടെ ഒരുപാട് സമയം നമുക്ക് ലാഭിക്കാന്‍ കഴിയുകയും ചെയ്തിരിക്കുന്നു. ആശയവിനിമയ രംഗത്ത് ഉണ്ടായിട്ടുള്ള വന്‍ കുതിച്ചു ചാട്ടത്തെ കുറിച്ച് നാം പ്രത്യേകിച്ച് പറയേണ്ടതില്ല. ഒരു വിവരം നേര്‍ക്ക് നേരെ ഒരാള്‍ പോയി പറഞ്ഞെങ്കില്‍ മാത്രം അറിയുന്ന സ്ഥിതിയില്‍ നിന്ന് ഇപ്പോള്‍ എത്രയോ അകലങ്ങളില്‍ നിന്ന് കണ്ട് സംസാരിക്കാനും കാര്യങ്ങള്‍ മനസ്സിലാക്കാനും സാധിക്കുന്നിടത്തോളം അത് വളര്‍ന്ന് വികസിച്ചു. ഈ സൗകര്യങ്ങളിലൂടെയൊക്കെ നമുക്ക് ഏറ്റവും കൂടുതല്‍ മിച്ചം വന്നത് നമ്മുടെ സമയമാണ്. പക്ഷെ ഈ ആധുനിക സൗകര്യങ്ങളും യന്ത്രങ്ങളുടെ സഹായവും ഒന്നുമില്ലാതിരുന്ന കാലത്ത് മനുഷ്യന് ലഭിച്ചിരുന്ന ആവശ്യമുള്ളത്ര സമയവും സ്വസ്ഥതയും ഈ യന്ത്രവത്കരണത്തിന് ശേഷം നമുക്ക് ഉണ്ടാകുന്നില്ല എന്ന് വന്നാല്‍, സമയ ലാഭത്തിന് നാം കണ്ടെത്തിയ ഉപകരണങ്ങള്‍ നമ്മുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ നമ്മെ സഹായിച്ചില്ല എന്നാണോ മനസ്സിലാക്കേണ്ടത്, അപ്പോള്‍ ന്യായമായും നമ്മുടെ മറുപടി, മുമ്പ് ചെയ്തതിനേക്കാള്‍ ജോലി നാം ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നുണ്ട് എന്നായിരിക്കും. എന്തായാലും നമ്മുടെ സമയം ലാഭിക്കാന്‍ നാം പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തികൊണ്ടിരിക്കുന്നു. ഇത് ഒരു രംഗത്ത് ചെയ്തുകൊണ്ടിരിക്കെ തന്നെയാണ് നമ്മുടെ വിപണിയില്‍ പോയി നോക്കിയാല്‍ നേരം  പോക്കിനുള്ള എന്തെന്തെല്ലാം ഉപാധികളാണ് ഇന്ന് മാര്‍ക്കറ്റില്‍ നമുക്ക് വാങ്ങാന്‍ ലഭിക്കുന്നത്. എത്ര തരം ഗെയ്മുകളാണ് ഇന്ന് മാര്‍ക്കറ്റില്‍ നമുക്ക് ലഭിക്കുന്നത്. അപ്പോള്‍ നേരം പോക്കിന് ആവശ്യമായ ഉപാധികളും നമ്മള്‍ കണ്ടെത്തി കൊണ്ടിരിക്കുന്നു എന്നര്‍ത്ഥം. ഒരു വശത്ത് ഒന്നിനും നേരം തികയുന്നില്ല. മറുവശത്ത് നേരംപോക്കിനുള്ള പുതിയ ഉപാധികള്‍ കണ്ടെത്തി കൊണ്ടിരിക്കുക. ഈ വൈരുദ്ധ്യത്തിലൂടെയാണ് നാം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ഈ നേരം പോക്കിനുള്ള ഉപാധികള്‍ ഉത്പാദിപ്പിക്കുന്നതായിരിക്കും മറ്റൊരാളുടെ തിരക്കിട്ട ജോലി. അതിന്റെ ഫാക്ടറിയിലുള്ളവര്‍ക്ക് നേരം കിട്ടാത്തത് ഈ നേരം പോക്കിന്റെ ഉപാധി ഉണ്ടാക്കുന്നത് കൊണ്ടാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എല്ലാവര്‍ക്കും സമയം ഒരുപോലെയാണ്. അത് ആസൂത്രിതമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.

നാം സമയത്തെ കുറിച്ച് പറയുമ്പോള്‍ നമ്മുടെ സമയം പോലെയോ അതിനേക്കാള്‍ ഏറെയോ വിലപ്പെട്ടതാണ് മറ്റുള്ളവരുടെ സമയം എന്നതും മനസ്സിലാക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. പലപ്പോഴും അത്രയൊന്നും ബോധപൂര്‍വ്വമല്ലാതെ, ആരെങ്കിലും ബോധപൂര്‍വ്വം അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അത് കൊടിയ തെറ്റാണ്. പക്ഷെ സാധാരണ നിലയില്‍ ബോധപൂര്‍വ്വമല്ലാതെ നാം ചെയ്യുന്ന ഒരു തെറ്റാണ്, തിന്മയാണ് അങ്ങനെ തന്നെ വേണം അതിനെ മനസ്സിലാക്കാന്‍, മറ്റുള്ളവരുടെ സമയത്തെ കവര്‍ന്നെടുക്കുക എന്നത്. യഥാര്‍ത്ഥത്തില്‍ അതൊരു കവര്‍ച്ചയാണ്. നാം മറ്റുള്ളവരുടെ സമയം കവര്‍ന്നെടുക്കുന്നു. ചില ഉദാഹരണങ്ങള്‍ ഞാന്‍ പറയാം. ഒരാളുമായി അയാളുടെ സമയത്തെ കുറിച്ചോ തിരക്കിനോ കുറിച്ചോ ബോധമില്ലാതെ നാം സംസാരിച്ചു കൊണ്ടിരിക്കുക. അത്യാവശ്യമുള്ള കാര്യങ്ങള്‍ പറഞ്ഞ് തിരിച്ച് വരുന്നതിന് പകരം അന്യനെ കുറിച്ച് ഒന്നും മനസ്സിലാക്കാതെ സംസാരിക്കുക. നമ്മോട് എഴുന്നേറ്റ് പോയ്‌ക്കൊള്ളാന്‍ പറയാന്‍ പലതു കൊണ്ടും അയാള്‍ക്ക് സാധ്യമല്ല. അയാളൊരു മാന്യനായത് കൊണ്ട്, നമ്മളുമായി ബന്ധം നിലനിര്‍ത്തണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയായത് കൊണ്ട്, അങ്ങനെ പലകാരണങ്ങള്‍ കൊണ്ടും നമ്മോട് ഇറങ്ങിപോയ്‌ക്കൊള്ളാന്‍ പറയാന്‍ അയാള്‍ക്ക് സാധ്യമല്ല. പക്ഷെ അയാള്‍ അനുഭവിക്കുന്ന പ്രയാസം ചെറുതല്ല.
മറ്റൊന്നാണ് നമ്മുടെ ഫോണ്‍ സംഭാഷണം. ദീര്‍ഘ നേരം, പ്രത്യേകിച്ച് രണ്ട് കൂട്ടര്‍ക്കും പ്രയോജനം ലഭിക്കാത്ത കാര്യങ്ങള്‍, രണ്ട് കൂട്ടര്‍ക്കും ഒരുപോലെ അറിയുന്ന വിഷയങ്ങള്‍ തന്നെ സംസാരിച്ചു കൊണ്ടേയിരിക്കുക. ഒരുപക്ഷെ തൊട്ടടുത്ത സമയത്ത് നേരില്‍ കാണാന്‍ സാധ്യതയുള്ള ആളുകളാണെങ്കില്‍ പോലും ഫോണില്‍ നിരന്തരം സംസാരിച്ചു കൊണ്ടേയിരിക്കുക എന്നത് അന്യന്റെ സമയം നാം കവര്‍ന്നെടുക്കുന്നതിന്റെ ഉദാഹരണമാണ്.
മറ്റൊന്ന്, ഒരു ഓഫീസില്‍ ജോലി ചെയ്യുന്നയാളാണ് നാം എന്ന് സങ്കല്‍പ്പിക്കുക. മറ്റൊരാള്‍ക്ക് ചെയ്തുകൊടുക്കേണ്ടുന്ന ഒരു സേവനം നമ്മുടെ അലസത കൊണ്ടോ അലംഭാവം കൊണ്ടോ നാം ചെയ്തു തീര്‍ക്കാതിരിക്കുകയും ആ സേവനം ലഭ്യമാവേണ്ട വ്യക്തി നമ്മുടെ മുന്നില്‍ വന്ന് ആവശ്യം നിര്‍വേറ്റപ്പെടാതെ തിരിച്ച് പോകേണ്ടി വരികയും വീണ്ടും അയാള്‍ അതേ ആവശ്യത്തിന് നമ്മെ സമീപിക്കേണ്ടി വരികയും ചെയ്യുമ്പോള്‍ നമ്മെ സമീപിക്കുന്ന വ്യക്തി അയാളുടെ ഉത്തരവാദിത്തങ്ങളും അയാളുടെ ജോലിയും ഉപേക്ഷിച്ച് കൊണ്ടാണ് നമ്മെ സമീപിക്കുന്നത്. അഥവാ അയാളുടെ സമയത്തെ നാം കവര്‍ന്നെടുക്കുകയാണ് ചെയ്യുന്നത്.
ഒരു മീറ്റിംഗില്‍ ഒരുങ്ങാതെയാണ് നാം പങ്കെടുക്കുന്നതെങ്കില്‍ ആ മീറ്റിംഗില്‍ പങ്കെടുക്കുന്ന മറ്റുള്ളവരുടെ സമയം നാം കവര്‍ന്നെടുക്കുകയാണ് ചെയ്യുന്നത്. നാം കൃത്യനിഷ്ഠ ഇല്ലാത്ത ആളാണെങ്കില്‍ നാം കൂടി പങ്കെടുക്കേണ്ട ചടങ്ങില്‍ മറ്റുള്ളവര്‍ നമ്മെ കാത്ത് നില്‍ക്കേണ്ടി വരുന്നു. നമ്മുടെ കൃത്യനിഷ്ഠയില്ലായ്മ കൊണ്ട് മറ്റുള്ളവര്‍ നമ്മെ കാത്ത് നില്‍ക്കേണ്ടി വരികയാണെങ്കില്‍ നാം മറ്റുള്ളവരുടെ സമയം കവര്‍ന്നെടുക്കുകയാണ് ചെയ്യുന്നത്.
ഒരാളുടെ കൈയ്യില്‍ നിന്ന് നാം പണം അപഹരിച്ചാല്‍ നമുക്ക് നല്ലബുദ്ധി വരുമ്പോള്‍ അത് തിരിച്ച് നല്‍കാന്‍ സാധിക്കും. ഒരു വസ്തുവാണ് നാം എടുക്കുന്നതെങ്കില്‍ അത് നമുക്ക് തിരിച്ച് നല്‍കാന്‍ കഴിയും. എന്നാല്‍ ഒരാളുടെ സമയം കവര്‍ന്നെടുത്താല്‍ ഈ ലോകത്ത് വെച്ച് അത് തിരിച്ച് നല്‍കാന്‍ നമുക്ക് ഒരിക്കലും സാധിക്കുകയില്ല. നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ഒരിക്കലും തിരിച്ച് നല്‍കാന്‍ സാധിക്കാത്ത ഒന്നാണ് സമയം. അതുകൊണ്ട് സമയം കവര്‍ന്നെടുക്കുക എന്നത് വളരെ ജാഗ്രതയോടെ നാം കാണേണ്ട ഒരു വിഷയമാണ്. നമ്മുടെ സമയത്തേക്കാളോ അതിനേക്കാള്‍ ഏറെയോ വിലയുണ്ട് മറ്റുള്ളവരുടെ സമയത്തിന് എന്ന് ബോധം നമ്മെ മാന്യനും മര്യാദക്കാരനുമാക്കി മാറ്റും.

 

Related Articles