Current Date

Search
Close this search box.
Search
Close this search box.

വെടിയൊച്ചകള്‍ക്കിടയിലെ ഈദ്

oi.jpg

പരിശുദ്ധ റമദാനിന്റെ പുണ്യങ്ങള്‍ വാരിക്കൂട്ടി സന്തോഷപ്പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍. പുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ച് അത്തര്‍ പൂശി കുടുംബത്തോടൊപ്പം ഈദ്ഗാഹുകളിലേക്കും പള്ളികളിലേക്കും നടന്നു നീങ്ങുന്ന ആനന്ദമുള്ള കാഴ്ചയാണ് പെരുന്നാള്‍ സുദിനത്തില്‍ എങ്ങും കാണാന്‍ കഴിയുക. മാതാപിതാക്കളുടെ കൈ പിടിച്ച് ബലൂണുകളും കളിപ്പാട്ടങ്ങളുമായി പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് മടങ്ങുന്ന കുട്ടികളും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട് സന്ദര്‍ശിച്ചും വിശിഷ്ട ഭക്ഷണങ്ങള്‍ കഴിച്ചും നാം പെരുന്നാള്‍ ലഹരിയില്‍ മുഴുകുമ്പോള്‍ പെരുന്നാളിന് മുഖത്ത് സന്തോഷം കൊണ്ടുവരാന്‍ ബുദ്ധിമുട്ടുന്ന ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും.

തക്ബീര്‍ ധ്വനികള്‍ പോലും ഉരുവിടാന്‍ കഴിയാതെ നിലക്കാത്ത വെടിയുണ്ടകള്‍ക്കും ബോംബുകള്‍ക്കും കീഴെ പെരുന്നാള്‍ ആഘോഷമില്ലാത്തവര്‍. ഗസ്സയിലെയും ഫലസ്തീനിലെയും സിറിയയിലെയും യെമനിലെയും മുസ്‌ലിംകള്‍ക്ക് പെരുന്നാള്‍ ഒരിക്കലും സന്തോഷമാകില്ല. റസാന്‍ അല്‍ നജ്ജാറിന്റെ കുടുംബത്തിന് എങ്ങിനെയാണ് മതിമറന്ന് ഈദ് ആഘോഷിക്കാന്‍ കഴിയുക. ഇസ്രായേലിന്റെ ബുള്ളറ്റുകളാല്‍ പിടഞ്ഞു വീണ കുടുംബങ്ങള്‍ എങ്ങനെ പെരുന്നാള്‍ രാവില്‍ സന്തോഷിക്കും. ഇവിടങ്ങളിലെല്ലാം തക്ബീര്‍ ധ്വനികള്‍ക്ക് പകരം ടാങ്കറുകളുടെയും മിസൈലുകളുടെയും കാതടപ്പിക്കുന്ന ശബ്ദമാണ് പെരുന്നാള്‍ രാവിലും കേള്‍ക്കാന്‍ കഴിയുക.

പെരുന്നാള്‍, അഭയാര്‍ത്ഥി ക്യാംപുകളില്‍ ആഘോഷിക്കുന്ന പതിനായിരങ്ങളാണ് മറ്റൊരു ഭാഗത്ത്. സ്വന്തം നാടും വീടുമുപേക്ഷിച്ച് അഭയാര്‍ത്ഥികളാകാന്‍ നിര്‍ബന്ധിതരായവര്‍. മാതാപിതാക്കളെയും സഹോദരങ്ങളെയും ഉപേക്ഷിച്ച് മറ്റൊരു രാജ്യത്ത് ഒറ്റപ്പെട്ടവര്‍. പിറക്കും മുമ്പേ അനാഥരായവര്‍. ബാല്യ-കൗമാരത്തിലെ കളിചിരികള്‍ നഷ്ടപ്പെട്ട് ജീവിക്കാന്‍ വേണ്ടി പൊരുതുന്നവര്‍. ഇവര്‍ക്കെല്ലാം ഇടയില്‍ നിന്നാണ് ലോകം പെരുന്നാളിനെ വരവേല്‍ക്കുന്നത്.

എങ്കിലും അഭയാര്‍ത്ഥി ക്യാംപുകളിലും ഫലസ്തീന്റെയും സിറിയയുടെയും യുദ്ധ ഭൂമികളെയും പെരുന്നാള്‍ രാവാക്കി മാറ്റുന്നവരുമുണ്ട്. ഇസ്രായേല്‍ സൈന്യത്തെ പ്രതിരോധിക്കുമ്പോഴും തക്ബീര്‍ ധ്വനികള്‍ ഉരുവിട്ട് സ്‌ന്തോഷം കൊണ്ടുവരാന്‍ ശ്രമിക്കുകയാണവര്‍. യു.എന്നും മറ്റു അന്താരാഷ്ട്ര സംഘടനകളും ഇടപെട്ട് വിശേഷ ദിവസങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും ഒന്നും വേണ്ട വിധം പാലിക്കപ്പെടാറില്ല.

ഇത്തരത്തില്‍ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നിറഞ്ഞ് സ്വന്തം മണ്ണില്‍ ജീവിക്കാനുള്ള പോരാട്ടത്തിനിടെ ഇടറി വീണവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ആധുനിക യന്ത്രത്തോക്കുകള്‍ക്ക് മുന്നിലും സര്‍വസജ്ജമായ യുദ്ധ ടാങ്കറുകള്‍ക്കും സ്‌നിപ്പറുകളെയും ചോരാത്ത ആദര്‍ശത്തില്‍ എതിരേറ്റവര്‍. അവര്‍ മനക്കരു്തതിന്റെ മാത്രം ബലത്തില്‍ സുധീരമായി ജീവിക്കുകയാണ്.

വിശ്വാസത്തിന്റെ കരുത്തില്‍ ആത്മധൈര്യം ചോരാതെ തോക്കിന്‍ കുഴലിനും മുന്‍പില്‍ അടിയറവു പറയാതെ അവരിപ്പോഴും പോരാടുകയാണ്. ജനിച്ച മണ്ണില്‍ ജീവിക്കാന്‍ വേണ്ടി. അതിനിടെ നിരവധി പെരുന്നാളുകള്‍ ആഘോഷങ്ങളും കഴിഞ്ഞു പോകുന്നു. ഇതൊന്നും മറന്നാകരുത് നമ്മുടെ പെരുന്നാള്‍ ആഘോഷങ്ങള്‍. നമ്മുടെ നമസ്‌കാരങ്ങളിലും പ്രാര്‍ത്ഥനകളിലും ഇവരെക്കൂടി ഉള്‍പ്പെടുത്തുക. അവര്‍ക്കായി സമയം മാറ്റിവെക്കുക. അവര്‍ സ്വപ്‌നം കാണുന്ന ലോകം യാഥാര്‍ത്ഥ്യമാകുന്നത് വരെ.

 

Related Articles