Current Date

Search
Close this search box.
Search
Close this search box.

മോഹങ്ങളെ ഖബറടക്കിയവര്‍ക്കൊപ്പം അല്‍പ നേരം

വാര്‍ധക്യത്തിന്റെ അസഹനീയമായ മടുപ്പുകള്‍ തളംകെട്ടിയ, ലോകം അതിന്റെ വര്‍ണശബളിമകളെല്ലാം അഴിച്ചു വെച്ച് വെള്ളത്തുണിയിലേക്കും തസ്ബീഹ് മാലയിലേക്കും ചുരുങ്ങിയ ഏതാനും നിമിഷങ്ങളെ, ഒരിക്കല്‍ കൂടി ഓര്‍ക്കാനിഷ്ടപ്പെടാത്ത മനസ്സുമായി അവിടെ നിന്നും ഇറങ്ങി. ഒരുപക്ഷെ, അവരെന്റെ തലോടല്‍ കൊതിച്ചിരിക്കാം. ഇടമുറിയാത്ത വര്‍ത്തമാനങ്ങളെല്ലാം ഇരുന്ന കേള്‍ക്കണമെന്ന് ആഗ്രഹിച്ചിരിക്കാം. അവരിലൊരാള്‍ക്കെങ്കിലും തീര്‍ച്ചയായും എന്നെ അരുമ മകളായി ചേര്‍ത്തുപിടിച്ച് ഒരു മുത്തം നല്‍കാനുള്ള തോന്നലുണ്ടായിരിക്കാം. പത്തു മിനുട്ടു പോലും അവര്‍ക്കിടയില്‍ സ്വസ്ഥമായിരിക്കാന്‍ സാധിക്കാത്തത്ര അശക്തയായി തീര്‍ന്നിരുന്നു ഞാന്‍.

പോകുമ്പോള്‍ എന്തായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നറിയില്ല. കൂട്ടുകാരോടൊപ്പമുള്ള യാത്രയുടെ ത്രില്ലില്‍, ചിരിക്കുന്ന ചില മുഖങ്ങളായിരിക്കാം മനസ്സിലുണ്ടായിരുന്നത്. ചെന്നു കയറിയ ഉടനെ മൂകമായ അന്തരീക്ഷത്തില്‍ ഹോസ്പിറ്റല്‍ വാര്‍ഡിനെ അനുസ്മരിപ്പിക്കുന്ന ചില ചിത്രങ്ങള്‍. അപരിചിതമായ കണ്ണുകകള്‍, കുറ്റബോധത്തിന്റെ ആഴ്ച്ചുഴികളിലേക്ക് എടുത്തെറിയപ്പെടാന്‍ പോന്ന ദീനത…

ഓരോ വീടിന്റെയും ഉമ്മറത്തെ സ്‌നേഹ വിളക്കുകളെയാണവിടെ കുടിയിരിത്തപ്പെട്ടിരിക്കുന്നത്. എത്രതന്നെ എണ്ണയൊഴിച്ചാലും തിളക്കം വീണ്ടെടുക്കാനാവാതെ എരിഞ്ഞു തീരുന്നവര്‍… എല്ലാ ആഗ്രഹങ്ങളെയും അവസാനിപ്പിച്ച് മണ്ണിലേക്ക് കാലെടുത്തു വെക്കാന്‍ ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം എന്നു ജപിച്ചിരിക്കുന്ന അവസ്ഥ.

സത്യം പറയാമല്ലോ, സല്‍വാ കെയറിലേക്ക് പോകുമ്പോള്‍ എന്റുമ്മാമ്മായെ പോലുള്ള അമ്മൂമ്മമാരും അപ്പൂപ്പന്‍മാരുമായിരുന്നു മനസ്സു നിറയെ. പറഞ്ഞവയൊക്കെ മറന്നു പോവുകയും വീണ്ടും വീണ്ടും അതുതന്നെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഉമ്മൂമ്മ. അടുത്ത് ചെന്നിരുന്നാല്‍ അവര്‍ക്ക് നൂറുനൂറു കാര്യങ്ങള്‍ ചോദിക്കാനുണ്ടാകും. ഉത്തരം പറഞ്ഞ് ഞാന്‍ കുഴങ്ങിയാലും ‘നിന്നെ ഞാന്‍ വിടില്ല’ എന്ന ഭാവമായിരിക്കും ആ മുഖത്ത്. എന്തിനോ വേണ്ടി ധൃതിപ്പെടുന്ന, അടുത്തൊരാള്‍ തുണയായി ഉണ്ടാവാന്‍ ഏറെ ആഗ്രഹിക്കുന്ന, മധുര പലഹാരങ്ങള്‍ക്ക് വാശിപിടിക്കുന്ന, നിസ്സാര കാര്യങ്ങള്‍ക്ക് സങ്കടപ്പെടുന്ന ഞങ്ങളുടെ തീരെ ചെറിയ വലിയ ഉമ്മയെ പോലെയുള്ള ഉപ്പാപ്പമാരും ഉമ്മാമ്മമാരുമാണ് ഒച്ചപ്പാടുകളോ സംസാരങ്ങളോ ഇല്ലാതെ നിശബ്ദരായി പോയിരിക്കുന്നത്. മക്കളുടെയും പേരമക്കളുടെയും സ്‌നേഹലാളനക്ക് കീഴില്‍ കണ്ണടക്കണമെന്നു തന്നെയായിരിക്കില്ലേ അവരുടെയും ആഗ്രഹം.

സുമനസ്സുകളുടെ അഭയം തേടി അവര്‍ വൃദ്ധസദനത്തിലെത്തുമ്പോള്‍ ചെറുപ്പത്തില്‍ യാതനകളനുഭവിച്ച് പോറ്റിവളര്‍ത്തിയ മക്കളെ ഒരിക്കല്‍ പോലും ശപിച്ചിട്ടുണ്ടാവില്ല. മൂന്നു മാസത്തിനു ശേഷം എന്റെ പത്തിരുപത്തഞ്ചോളം കൂട്ടുകാര്‍ ‘അഭയ ഓള്‍ഡ് ഏജ് ഹോം’ സന്ദര്‍ശിച്ചപ്പോള്‍ ഞാനവരോടൊപ്പം ചേര്‍ന്നില്ല. കാണാന്‍ ആഗ്രഹമുണ്ടായിട്ടും അതിനുള്ള ത്രാണിയില്ലാതെ എന്റെ ഉള്ള് വിതുമ്പുകയായിരുന്നു. മനസ്സു നിറയെ സ്‌നേഹവുമായി കൈനിറയെ സമ്മാനങ്ങളുമായി അവര്‍ക്കിടയിലേക്ക് ഇടക്കിടെ കയറി ചെല്ലാനുള്ള ശക്തി നല്‍കണമേ എന്ന പ്രാര്‍ഥനയോടെ.
(അല്‍-ജാമിഅ അല്‍-ഇസ്‌ലാമിയ, ശാന്തപുരം വിദ്യാര്‍ഥിനിയാണ് ലേഖിക)

Related Articles