Current Date

Search
Close this search box.
Search
Close this search box.

മദ്യപിക്കുന്നവന്റെ നമസ്‌കാരം

drunkard.jpg

ചോദ്യം : മനുഷ്യനെ മ്ലേഛതകളില്‍ നിന്നും തിന്മകളില്‍ നിന്നും തടയുന്ന ഒന്നായിട്ടാണ് നമസ്കാരത്തെ ഖുര്‍ആന്‍ പരിചയ്‌പെടുത്തിയിട്ടുള്ളത്. എന്നാല്‍ മദ്യപിക്കുന്ന ഒരാളുടെ നമസ്‌കാരത്തിന്റെ വിധി എന്താണ് ?

മറുപടി : നമസ്‌കാരം മ്ലേഛതകളില്‍ നിന്നും തടയുന്ന ഒന്നായിട്ടാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ‘തീര്‍ച്ചയായും നമസ്‌കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മ്മത്തില്‍ നിന്നും തടയുന്നു.’ (29 : 45) എന്നിട്ടും നമസ്‌കരിക്കുന്ന ഒരാള്‍ മദ്യപിക്കുന്നു എന്നത് ദുഖകരമായ കാര്യമാണ്. വലിയ തെറ്റുകളില്‍ പെട്ട ഒരു തെറ്റാണ് മദ്യാപാനമെന്നതില്‍ സംശയമില്ല. ഒരാളുടെ ബുദ്ധി, ആരോഗ്യം, ധനം, വ്യക്തിത്വം എന്നതിനെയെല്ലാ ദോഷകരമായി ബാധിക്കുമെന്നതിലുപരിയായി കുടുംബത്തെയും സമൂഹത്തെയും വരെ ബാധിക്കുന്ന ഒന്നാണത്.

മനുഷ്യന്റെ വിശ്വാസം ദുര്‍ബലമാവുകയും അവന്റെ ദീനിന് ക്ഷയം ബാധിക്കുകയും ചെയ്യുമ്പോഴാണ് ചോദ്യത്തില്‍ ഉന്നയിക്കപ്പെട്ടത് പോലുള്ള വിഷയം വരുന്നത്. ഭൂരിഭാഗം പണ്ഡിതന്‍മാരുടെയും വീക്ഷണത്തില്‍ മദ്യം നജസാണ് (മാലിന്യം). അതില്‍ നിന്നുണ്ടാകുന്ന ലഹരി നമസ്‌കാരം നിര്‍വഹിക്കുന്നതിന് തടസ്സവുമാണ്. അല്ലാഹു പറയുന്നു : ‘സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്‌കാരത്തെ സമീപിക്കരുത്; നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാകുന്നത് വരെ.’ (അന്നിസാഅ് : 43) മദ്യപിച്ച ഒരാള്‍ അയാളുടെ ലഹരി നീങ്ങിയതിന് ശേഷം കുളിച്ച് വുദുവെടുത്ത് നമസ്‌കരിക്കുന്നുവെങ്കില്‍ അയാളുടെ നമസ്‌കാരം സ്വീകാര്യമാണ്. അവന്റെ നമസ്‌കാരം പില്‍ക്കാലത്ത് അത്തരം തിന്മകളില്‍ നിന്നും അവനെ തടയും പിന്തരിപ്പിക്കുകയും ചെയ്യും.

അവന്‍ ചെയ്യുന്ന നിര്‍ബന്ധ ബാധ്യതയാണ് നമസ്‌കാരം, അതോടൊപ്പം തന്നെ അവന്‍ ചെയ്യുന്ന പാപമാണ് മദ്യപാനം. ഒരു സല്‍പ്രവൃത്തിയോടൊപ്പം ഒരു ചീത്ത കാര്യം കൂടി ചെയ്യുന്നു. അല്ലാഹു മനുഷ്യന്റെ നന്മകളും തിന്മകളും വിചാരണ ചെയ്യും. അതില്‍ ഒരു അണുമണി പോലും കുറവോ കൂടുതലോ വരുത്തുകയില്ല. അവന്റെ നന്മകളും തിന്മകളും പരിഗണിച്ച് രക്ഷാ-ശിക്ഷകള്‍ നല്‍കും. ‘ആര്‍ ഒരു അണുവിന്റെ തൂക്കം നന്‍മചെയ്തിരുന്നുവോ അവനത് കാണും. ആര്‍ ഒരു അണുവിന്റെ തൂക്കം തിന്‍മ ചെയ്തിരുന്നുവോ അവന്‍ അതും കാണും.’ (99 : 7,8) നമസ്‌കാരം അവന്റെ മേല്‍ രേഖപ്പെടുത്തും, അപ്രകാരം തന്നെ തിന്മകളുടെ മാതാവായ മദ്യപാനം അവനെതിരായും രേഖപ്പെടുത്തപെടും.
മദ്യപിക്കുന്ന കാലത്തോളം അവന്‍ നമസ്‌കരിക്കരുത് എന്ന് നാം പറയരുത്. അല്ലാഹു ആ വലിയ തെറ്റില്‍ നിന്ന് അവനെ

പിന്തിരിപ്പിക്കുമെന്ന പ്രതീക്ഷയോടെയാണ് അവന്‍ നമസ്‌കരിക്കുന്നത്. മദ്യപിക്കുകയും നമസ്‌കരിക്കാതിരിക്കുകയും ചെയ്യുന്നവനാണോ, അതല്ല മദ്യപിക്കുകയും നമസ്‌കരിക്കുകയും ചെയ്യുന്നവനാണോ നല്ലത് എന്നത് ചോദിച്ചാല്‍ മദ്യപിക്കുകയും നമസ്‌കരിക്കുന്നവന്‍ എന്നായിരിക്കും എന്റെ മറുപടി. കാരണം അവന്‍ നന്മ ആഗ്രഹിക്കുന്നുണ്ട്. മദ്യപിക്കുന്ന ഒരാള്‍ നമസ്‌കരിക്കുന്നത് അതിന്റെ യഥാര്‍ഥ രൂപത്തില്‍ അല്ലാഹു കല്‍പ്പിച്ചതില്‍ നിന്നും എത്രയോ വിദൂരമായ രീതിയിലായിരിക്കും. ദൈവസ്മരണ തുളുമ്പുന്ന നാവുമായി നമസ്‌കരിക്കുന്ന ഒരാളുടെ നമസ്‌കാരവും മദ്യത്തിന്റെ ദുര്‍ഗന്ധവുമായി ഉറങ്ങുന്ന മദ്യപന്റെ നമസ്‌കാരവും തമ്മില്‍ വ്യത്യാസമുണ്ടാകും.

വിവ: നസീഫ് തിരുവമ്പാടി

Related Articles