Current Date

Search
Close this search box.
Search
Close this search box.

പച്ച മനുഷ്യനെ തേടി

vulture.jpg

ഹിന്ദു പുരാണത്തില്‍ ഒരു കഥയുണ്ട്, യുദ്ധ ഭൂമിയില്‍ കാത്തിരിക്കുന്ന ഒരു കഴുകനെ കുറിച്ച്. കൊടുമ്പിരി കൊള്ളുന്ന യുദ്ധക്കളത്തില്‍ കബന്ധങ്ങളെ നോക്കിയിരിക്കുന്ന കഴുകന്‍. നമുക്കൊക്കെ അറിയാവുന്ന പോലെ, കഴുകന്‍ എന്നത് കാട്ടാളത്തത്തിന്റെ പ്രതീകമാണ്. ജീവനുള്ള മനുഷ്യരെ പോലും അത് കൊത്തിവലിക്കും. അന്ന് ആ കഴുകന് പെരുന്നാളും, ക്രിസ്മസും, ജയന്തിയും ഒന്നിച്ച് വന്ന പോലെയായിരുന്നു. അത്രക്കധികം മനുഷ്യര്‍ പ്രാണനില്ലാതെയും, അര്‍ധ പ്രാണനായുമൊക്കെ അവിടെയുണ്ടായിരുന്നു. എന്നാല്‍ കഴുകന്‍ അതിലൊന്നും ശ്രദ്ധിക്കാതെ മറ്റെന്തോ തിരയുകയായിരുന്നു.

അത് കണ്ട നാരദ മഹര്‍ഷി ചോദിച്ചു. എന്താടോ, ഇത്രക് നല്ല കോള് കിട്ടിയിട്ട് ഇങ്ങനെ ഉത്സാഹമില്ലാതെ മറ്റെന്താ നീ തിരയുന്നത്. കഴുകന്‍ പറഞ്ഞു. എന്റെ ഭാര്യക്ക് തീരെ സുഖമില്ല. ഒരു മാറാ വ്യാധി. അത് മാറണമെങ്കില്‍ ഒരു പച്ച  മനുഷ്യന്റെ കരള്‍ ഭക്ഷിക്കണമെന്ന് വൈദ്യന്‍ പറഞ്ഞു. ഞാന്‍ അതാണ് നോക്കുന്നത്.

ഉടനെ നാരദന്‍, അതിനെന്താ… ഇവിടെ ഒരുപാട് മനുഷ്യരുണ്ടല്ലോ… ഒന്നോ രണ്ടോ… എത്ര വേണേലും എടുക്കാലോ?… ഉടനെ കഴുകന്‍ താന്‍ വെച്ചിരുന്ന കണ്ണട നാരദന് നല്‍കിയിട്ട് അവരെ നോക്കാന്‍ പറഞ്ഞു. കണ്ണട വെച്ച നാരദന് യുദ്ധ ഭൂമിയില്‍ ഒറ്റ മനുഷ്യരെയും കാണാന്‍ കഴിഞ്ഞില്ല. പകരം, തേളും, പുലിയും, ചെന്നായയും, സിംഹവും, അണലിയുമൊക്കെയായിരുന്നു  അവിടെ കിടക്കുന്നത് കണ്ടത്.

ഇന്നിന്റെ മനുഷ്യരുടെ ഒരു നേര്‍ക്കാഴ്ചയാണിത്. മനുഷ്യന്റെ ശരീരവും ഹിംസ്ര ജന്തുക്കളുടെ മനസ്സുമായാണ് മനുഷ്യര്‍  മുന്നോട്ട് പോകുന്നത്. പുരോഗതിയുടെ ഇക്കാലത്ത് പച്ച മനുഷ്യനെ കാണാതായിരിക്കുന്നു. ബാഹ്യ രൂപമല്ല നമ്മെ മനുഷ്യരാക്കുന്നത്. മറിച്ച് നമ്മുടെ ഹൃദയം, അതാണ് നമ്മെ  വിശുദ്ധരാക്കുന്നത്. സത്യവും, നീതിയും, ധര്‍മ്മവും കൊണ്ട് തുടിക്കുന്ന ഹൃദയങ്ങള്‍ക്കേ, നന്മ നിറഞ്ഞ ജീവിതം കാഴ്ച വെക്കാന്‍ കഴിയൂ. നന്മ നിറഞ്ഞ ഒരു ലോകത്തെ സൃഷ്ടിക്കാന്‍ നമുക്കാകുന്നില്ലെങ്കില്‍, കഴുകന്‍ കണ്ട പോലെ നാമൊക്കെയും മറ്റേതോ ഹിംസ്ര  ജീവിയായിട്ടായിരിക്കും നമ്മുടെ ജീവിതം ആടിത്തീര്‍ക്കുന്നത്.

ഹൃദയ ശുദ്ധിയാണ് നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കുന്നത്. നാം ഒരുപാട് കേട്ട ഒരു പ്രവാചക വചനമുണ്ട്. ദൈവം നോക്കുന്നത് നമ്മുടെ രൂപങ്ങളിലേക്കോ, പ്രവര്‍ത്തനങ്ങളിലേക്കോ അല്ല, മറിച്ച് നമ്മുടെ ഹൃദയങ്ങളിലേക്കാണെന്ന്. ദൈവത്തിനെ പോലും പറ്റിക്കാനുള്ള ശ്രമത്തിലാണ് നമ്മള്‍. തികച്ചും കപടതയിലാണ് ഇന്ന് നാം ജീവിക്കുന്നത്. കപടതയാണെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്തത്ര  ആഴത്തില്‍ നാം അതില്‍ മുങ്ങിപ്പോയിരിക്കുന്നു.

നന്മകളാണ് നാം പറയുന്നതൊക്കെയും, എന്നാല്‍ ചെയ്യുന്നതൊക്കെ തിന്മകളും…  പിശാചാണ് നമ്മുടെ ശത്രു എന്നത് നമുക്ക് വ്യക്തമാണ്. എന്നാല്‍ നാം അനുസരിക്കുന്നതൊക്കെയും ആ പിശാചിനെയാണ്. ശുദ്ധ മനസ്സാണ് നമ്മുടെതെന്ന് നാം പറയുന്നു, എന്നാല്‍ ചിന്തിക്കുന്നതൊക്കെയും ചീത്ത കാര്യങ്ങളും. എത്രമാത്രം വൈരുദ്ധ്യം നിറഞ്ഞതാണ് നമ്മുടെ ജീവിതം.

ഇന്നത്തെ കാലത്ത് നമ്മുടെ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് സ്‌നേഹത്തെ തന്നെ തരം തിരിച്ചിരിക്കുന്നത്. നമുക്ക് ഉപകാരമുണ്ടെങ്കില്‍ മാത്രമേ സ്‌നേഹമുള്ളൂ. അതുകൊണ്ട് തന്നെയാണ് ബന്ധങ്ങള്‍ വഷളാകുന്നതും തകരുന്നതും. സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് സ്‌നേഹമെങ്കില്‍ അതിന്റെ പരിണിത ഫലം ശത്രുതയായിരിക്കും. അതല്ല, ദൈവത്തിന്റെ പ്രീതിയാണ് ഉദേശമെങ്കില്‍, പരസ്പരം സ്‌നേഹിച്ചവരെ കാത്തിരിക്കുന്നത് സ്വര്‍ഗമാണെന്ന് ദൈവം പറയുന്നു.

‘കാലം സാക്ഷി! മനുഷ്യന്‍ തീര്‍ച്ചയായും നഷ്ടത്തിലാണ്, വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സത്യം കൊണ്ടും ക്ഷമ കൊണ്ടും പരസ്പരോപദേശം നടത്തിയവരുമൊഴികെ’.
ആ കഴുകന്റെ കണ്ണട വെച്ച് ലോകം ഒരു പച്ച മനുഷ്യനെ തേടുകയാണ്.

Related Articles