Current Date

Search
Close this search box.
Search
Close this search box.

നമുക്കൊന്നിക്കാം നല്ലൊരു നാളേക്കായ്

ഉമ്മാ.. എന്ന അനിയന്റെ നീട്ടിയ വിളികേട്ടതുകൊണ്ടാണ് ഞാന്‍ റൂമില്‍ നിന്നിറങ്ങിയത്. പുറത്ത് ലൗബേര്‍ഡ്‌സിന്റെ കൂടിനടുത്ത് നിന്നാണ് ശബ്ദം കേട്ടത്. ഞാനെത്തിയപ്പോയേക്കും കാഴ്ചക്കാര്‍ കുറച്ചുണ്ടായിരുന്നു.

ഞാനേകദേശം ഊഹിച്ചു. രണ്ടാഴ്ച മുമ്പ് വിരിഞ്ഞ കുഞ്ഞ് പുറത്തിറങ്ങിക്കാണും. അതാവും ഇവന്‍ വിളിച്ചാര്‍ത്തത്. പിന്തിരിഞ്ഞ് പോവാന്‍ നിന്ന എന്നെ ഒന്ന് എത്തിനോക്കിപ്പിച്ചത് എല്ലാവരുടേയും മുഖത്ത് നിഴലിച്ച് നില്‍ക്കുന്ന സങ്കടമായിരുന്നു. ദൈവമെത്ര വലിയവന്‍.. പൂര്‍ണാരോഗ്യത്തോടെ കുഞ്ഞ് പുറത്തിറങ്ങിയിട്ടുണ്ട്. സൂക്ഷിച്ചുനോക്കിയപ്പോയാണ് ആ സൃഷ്ടിയില്‍ ദൈവമൊരു ദൃഷ്ടാന്തമായി ഒളിപ്പിച്ചുവെച്ച പരിമിതികളെ കാണാനായത്. ഇരുകാലകളും ഇരുവശങ്ങളിലേക്ക് അകന്നു നില്‍ക്കുന്നു. ഒന്നെഴുന്നേല്‍ക്കാനാവാതെ അതെ താഴെ കിടന്ന് മറിയുന്നു.

അനിയന്റെ നിറഞ്ഞ കണ്ണുകളെന്റെ ഉള്ളിലും നനവിന്റെ വിത്ത് പാകി. ഭക്ഷണപാത്രത്തിലേക്കും വെള്ളം വെച്ച പാത്രത്തിനരികേക്കും ആ കുഞ്ഞുകിളിയെ എടുത്ത് വെച്ച് അനിയന്‍ സദാ അതിന്റെ കൂടെയായി.

ഒന്ന് രണ്ട് ദിവസം കഴിഞ്ഞു. ഞങ്ങളതിനെ മറന്നുതുടങ്ങി. കൂട്ടത്തിലെ ഒരു കിളിയായ് മറ്റുകിളികളോടൊപ്പം കൂടാതെ അത് ഇഴഞ്ഞുനടന്നു. അനിയനപ്പോഴും പ്രതീക്ഷയര്‍പ്പിച്ച് പറഞ്ഞുകൊണ്ടിരുന്നു. ‘പറക്കും.. ആ കുഞ്ഞിക്കിളി പറക്കും..’

ഇന്ന് വീട്ടിലെ കിളിക്കൂടില്‍ ഏറ്റവും ഉയരത്തില്‍ ആ കിളിയുണ്ടാവും.. മറ്റുള്ളവയെ തോല്‍പ്പിച്ച് പറന്നിറങ്ങും.. ഉയരങ്ങളില്‍ ചെന്ന് ചുണ്ടുപയോഗിച്ച് നില്‍ക്കും. മറ്റുള്ളവയൊട് കിന്നരിക്കും. അമ്മയാവാനുള്ള ഒരുക്കത്തിലാണ് ആ കിളി എന്നറിഞ്ഞപ്പോള്‍ അനുഭവപ്പെട്ട സന്തോഷം ചെറുതല്ല. പോരാഴ്മകളില്‍! വേവലാതിപ്പെടാതെ സധൈര്യം തന്റെ പിറവിക്ക് പിന്നിലൊരു ലക്ഷ്യമുണ്ടെന്ന് വിശ്വസിച്ചതാവാം ആ കിളിയെ വിജയത്തിലേക്ക് നയിച്ചത്.

നമുക്ക് ചുറ്റിലും കാണാം ഇത്തരത്തിലൊരുപാട് ആളുകളും സംഭവങ്ങളും. പതറാതെ മുന്നോട്ട് നീങ്ങാനാവണം. എല്ലാവര്‍ക്കും ഈ ഭൂമിയിലോരോ ദൗത്യമുണ്ട്. ചെറുമണ്‍തരി പോലും വെറുതെ പടച്ചിട്ടില്ലെന്ന് പറഞ്ഞത് ദൈവം തന്നെയാണ്. പോരാഴ്മകള്‍ കണ്ടെത്തി അവയെ നികത്താനാവുമ്പോഴാണ് വിജയം വരുക. ആ വിജയത്തിലും മറ്റുള്ളവര്‍ക്ക് തണലേകാനായാല്‍ അതെത്രയോ മഹത്തരം.

ആ കുഞ്ഞിക്കിളിയെ പറന്നുയരാന്‍ പ്രേരിപ്പിച്ചത് അതിനോടുള്ള സമീപനമായിരിക്കാം. പെട്ടെന്ന് ഭക്ഷണവും വെള്ളവും ലഭിക്കാന്‍ ചെറുപാത്രങ്ങള്‍ അനിയന്‍ ഉപയോഗിച്ചപ്പോള്‍ ആ കിളിക്ക് ലഭിച്ചത് അളക്കാനാവാത്ത പ്രോത്സാഹനവും പ്രചോദനവുമാവാം. നമുക്ക് ചുറ്റിലുള്ളവരിലേക്കും ആ കണ്ണുകളോടെ നാം തിരിയേണ്ടതുണ്ട്. തളര്‍ന്ന ശരീരമാണേലും തളരാത്ത സ്വപ്നങ്ങളും പേറി പുറത്തിറങ്ങുന്ന ഒരുപാട് പേരുണ്ട്. പലയിടത്തും സ്‌റ്റെപ്പുകള്‍ അവര്‍ക്ക് തടസ്സമായി നില്‍ക്കുന്നു. ആരാധനാലയങ്ങളോ പൊതുസ്ഥലങ്ങളോ എന്തുമാവാട്ടെ, അവരും അവരുടെ സ്വപ്നങ്ങളും പുറത്ത് തടയപ്പെടുന്നു. ആയിരം സ്‌ക്വയര്‍ ഫീറ്റുണ്ടേല്‍ റാംമ്പുകള്‍ നിര്‍മിച്ചിരിക്കണമെന്ന് നിയമമുണ്ടെങ്കിലും ആരും പാലിക്കുന്നില്ല. അവരുടെ സ്വപ്നങ്ങളും ആശകളും ആരുമറിയാതെ വിലങ്ങണിയിക്കപ്പെടുന്നു.
മാറ്റണം. അവരും സ്വപ്നങ്ങള്‍ക്ക് പിന്നാലെ നീങ്ങിത്തുടങ്ങട്ടെ.. കുഞ്ഞിക്കിളിയെ സഹായിച്ച കുഞ്ഞുമനസ്സുള്ള അനിയനെ പോലെ തടസ്സങ്ങളില്ലാതെ മുന്നോട്ട് നീങ്ങാനാവാന്‍ നമുക്കും കൈകോര്‍ക്കാം.

തുടക്കമെന്നോണം  ഈ വരുന്ന ഡിസംബര്‍ മൂന്നിന് മലപ്പുറം കലക്ട്രേറ്റിലേക്ക് വീല്‍ ചയറില്‍ ഇരുന്നുകൊണ്ട് ചെറിയൊരു റാലി സംഘടിപ്പിക്കുന്നു. നിങ്ങളേയും ക്ഷണിക്കുന്നു. പടുത്തുയര്‍ത്തിയര്‍ത്തിയ തടസ്സങ്ങള്‍ക്ക് മുകളില്‍ നമുക്കൊന്നിക്കാം.. ഈ ഊരും ഓരവും മാനവും അവരുടേത് കൂടിയിണെന്ന് ഉറക്കെ വിളിച്ചുപറയാം.

Related Articles