Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാം ആഗ്രഹിക്കുന്ന സംവാദം രചനാത്മകമാണ്

islam.jpg

തീവണ്ടി അര മണിക്കൂര്‍ കൂടി വൈകും എന്ന അറിയിപ്പ് വന്നു. പുറത്തു നല്ല മഴയാണ്. വേറെ പണിയൊന്നും ഇല്ലാത്തതിനാല്‍ മഴ ആസ്വദിച്ചു സീറ്റില്‍ തന്നെ ഇരുന്നു. അടുത്ത് തന്നെ ഒരു ചെറുപ്പക്കാരന്‍ ഇരിക്കുന്നു. ഒന്ന് പരിചയപ്പെടാന്‍ തീരുമാനിച്ചു. സംസാരം പതുക്കെ നാട്ടിലെ സാമൂഹിക രാഷ്ട്രീയ വിഷയത്തിലേക്കു മാറി പോയി. ‘മുസ്ലിംകള്‍ സഹിഷ്ണുതാ വാദികള്‍ എന്നാണു നിങ്ങള്‍ പറയുന്നത്. അതെ സമയം കേരളത്തില്‍ ഏറ്റവും കൂടുതല്‍ അനാരോഗ്യകരമായ സംവാദം നടക്കുന്നത് നിങ്ങള്‍ക്കിടയിലല്ലേ?’ ആ ചോദ്യം ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല.

കേരള സമൂഹത്തില്‍ മുസ്ലിം സംഘടനകള്‍ നടത്തി കൊണ്ടിരിക്കുന്ന സംവാദ രീതി പുറത്തു നിന്നൊരാള്‍ എങ്ങിനെ വീക്ഷിക്കുന്നു എന്നത് ആദ്യമായാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. സംവാദം മതത്തിന്റെ ആത്മാവാണ്. ഇസ്ലാം ആഗ്രഹിക്കുന്ന സംവാദം രചനാത്മകമാണ്. ചിന്തയെ ഉത്തേജിപ്പിക്കാന്‍ അതിനു കഴിയണം. പുതിയ ചിന്തകളെ അത് ജനിപ്പിക്കണം. സംവാദത്തിന്റെ അടിസ്ഥാനം തന്നെ മുന്‍ധാരണ പാടില്ല എന്നതാണ്. സംവാദത്തിനു  ഹിജ്റ ഒന്നാം നൂറ്റാണ്ടോളം പഴക്കമുണ്ട്.  വൈജ്ഞാനിക രംഗത്തു നടന്ന സംവാദങ്ങളാണ് പിന്നീട് ഓരോ ചിന്താ സരണികളായി രൂപപ്പെട്ടത്. ഇമാം ഷാഫി അവര്‍കള്‍ ഒരു നല്ല സംവാദകനായിരുന്നു. ഇമാം അഹ്മദ് ബിന്‍ ഹമ്പലും. ആ സംവാദ രീതിയും ഇന്നത്തെ രീതിയും ഭിന്നമാണ്. അവര്‍ സംവദിച്ചത് പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍. മാത്രമല്ല അവിടെ ആദരവും ബഹുമാനവും കൂടി ഉണ്ടായിരുന്നു.

കേരള പൊതുസമൂഹത്തില്‍ മുസ്ലിം സമൂഹത്തിന്റെ അത്ര മത പ്രഭാഷണം നടത്തുന്നവര്‍ കുറവാണ്. ആ ഇനത്തില്‍ സമുദായം കോടികളാണ് ചിലവാക്കുന്നത്. അതിനു സമാനമായ ഒരു സംസ്‌കരണ പ്രവര്‍ത്തനം മതത്തില്‍ നടന്നു എന്ന് പറയാന്‍ കഴിയില്ല. ആ സംസ്‌കരണം കിട്ടിയ പലരും മുഖ പുസ്തകത്തില്‍ കാണിക്കുന്ന സംസ്‌കാരം അത് പറഞ്ഞു തരും. ബുദ്ധിപരമായ ഒരു സംവാദവും മതത്തില്‍ നടക്കുന്നില്ല എന്നതല്ലേ ശരി. നേതാക്കള്‍ വിളിച്ചു പറയുന്നതിന് തക്ബീര്‍ മുഴക്കുന്നതാണ് നാം കാണുന്ന സംവാദം.  സഹിഷ്ണുതയുടെ ഒരു തരി പോലും പലപ്പോഴും അവശേഷിക്കുന്നില്ല. ഇസ്ലാമിന് വേണ്ടി എന്നതിനേക്കാള്‍ സംഘടനകള്‍ക്ക് വേണ്ടിയാണ് ഇന്ന് സംവാദങ്ങള്‍ നടക്കുന്നത്. ഒരാള്‍ വിശ്വാസിയായാല്‍ അയാള്‍ക്ക് അല്ലാഹു ഹൃദയ വിശാലത നല്‍കും എന്നാണു ഖുര്‍ആന്‍ പറയുന്നത്. ഹൃദയ വിശാലത പ്രവാചകന് നല്‍കിയ അനുഗ്രഹങ്ങളില്‍ പെട്ടതാണ്. അപരനെ കേള്‍ക്കാനുള്ള മനസ്സ് പോലും ഇന്ന് സംവാദ സദസ്സുകളില്‍ കാണുന്നില്ല. അന്യരെ അപഹസിക്കുക എന്നതാണ് മുഖ്യ പരിപാടി തന്നെ.

ആളുകളെ ഇസ്ലാമിലേക്ക് അടുപ്പിക്കാനാണ് സംവാദം കൊണ്ട് കഴിയേണ്ടത്. അതെസമയം ഇസ്ലാമില്‍ നിന്നും ആളുകളെ പുറത്താക്കാനാണ് നിലവിലുള്ള സംവാദ രീതികള്‍ സഹായിക്കുന്നത്. പുറംലോകം ശ്രദ്ധിക്കുന്നു എന്നൊരു ബോധം മുസ്ലിം സമൂഹത്തിനു നല്ലതാണ്. കേരളത്തില്‍ മറ്റൊരു മതവും ഇങ്ങിനെ പരസ്യമായി അപഹാസ്യരാവുന്നില്ല. അതെ സമയം അവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ വ്യാപകവും. വായനയും പഠനവും വര്‍ധിപ്പിക്കുക എന്നതാണ് നല്ല സംവാദ രീതി. കേട്ട് മനസ്സിലാക്കുക എന്നതിനേക്കാള്‍ ഉത്തമം വായിച്ചു പഠിക്കുക എന്നതിനു തന്നെയാണ്. വായിക്കുക എന്നതാണ് ഖുര്‍ആനിന്റെ കല്‍പ്പന. വായനയില്ലാത്ത കേള്‍വി അപകടം വരുത്തും. അവിടെ സംവാദകര്‍ക്കു അനുയായികളെ പെട്ടെന്ന് വഴി മാറ്റി കൊണ്ട് പോകാന്‍ കഴിയുന്നു.

സ്വന്തം മതത്തെ കുറിച്ച് തന്നെ കാര്യമായ വിവരമില്ലാത്ത ഒരാള്‍ നടത്തുന്ന പ്രതികരണം എന്ന നിലയില്‍ അതിനെ നിരാകരിക്കാന്‍ വയ്യ. വിഷയത്തെ കുറിച്ച് കുറച്ചൊക്കെ പറഞ്ഞു. അത് അദ്ദേഹത്തിന് തൃപ്തിയായോ എന്നറിയില്ല. വണ്ടി വന്നപ്പോള്‍ അയാള്‍ കയറി പോയി. അപ്പോഴും ആ ചോദ്യം മനസ്സില്‍ വീണ്ടും മുഴങ്ങി കൊണ്ടിരുന്നു.

 

 

 

 

 

Related Articles