Your Voice

കാസര്‍കോട്ടെ തിരോധാനങ്ങള്‍: പുകമറ സൃഷ്ടിക്കുന്നവര്‍

പള്ളിക്കമ്മറ്റിയെ വെല്ലുവിളിച്ചു കൊണ്ടാണ് വിമത വിഭാഗം പൊതുയോഗം നടത്തിയത്. പരിപാടി മുടക്കാന്‍ കമ്മിറ്റി കാര്യമായി ശ്രമിച്ചു. ഒന്നും നടന്നില്ല. പരിപാടിക്ക് സ്ത്രീകളും കുട്ടികളും അടക്കം വലിയ ജനാവലി തന്നെ പങ്കെടുത്തു. പരിപാടി കലക്കാനുള്ള വഴി പ്രസിഡന്റിന്റെ ചെവിയില്‍ സെക്രട്ടറി മന്ത്രിച്ചു. സംഗതി മറ്റൊന്നുമല്ല പരിപാടിക്കിടയില്‍ ഒരാള്‍ ‘പാമ്പ്’ എന്ന് വിളിച്ചു പറയണം. പരിപാടി എപ്പോ പൊളിഞ്ഞു എന്ന് പറഞ്ഞാല്‍ മതിയല്ലോ?

പുകമറ എന്നത് ഒരു പഴയ പ്രയോഗമാണ്. ദൂരെ നിന്ന് നോക്കിയാല്‍ ഒരു പുക മാത്രം കാണാം. അത് മാത്രമേ കാണാന്‍ കഴിയൂ. അതിനുള്ളിലെ സത്യം ആരും ചോദിക്കില്ല. കാസര്‍ഗോഡ് നിന്നും ആളുകളെ കൂട്ടത്തോടെ കാണാതാവുന്നു എന്ന വാര്‍ത്ത കുറച്ചു ദിവസമായി സമൂഹത്തില്‍ ചര്‍ച്ചയായിട്ട്. കുറച്ചു മുമ്പ് അങ്ങിനെ പലരെയും കാണാതായിരുന്നു. ഇടയ്ക്കു അവര്‍ കൊല്ലപ്പെട്ടതായും പിന്നെയും ജീവിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു. ഈ വിഷയത്തിന്റെ പുകമറ നീക്കാന്‍ ബന്ധപ്പെട്ടവര്‍ ഒന്നും ചെയ്തതായി നമുക്കറിയില്ല. കാസര്‍ഗോഡ് ജില്ലയില്‍ ഐ എസ് പിടിമുറുക്കുന്നു എന്ന് പ്രചരിപ്പിക്കല്‍ ചിലരുടെ ആവശ്യമാണെന്ന് തോന്നുന്നു. അങ്ങിനെ ഒന്നില്ല എന്ന് ബന്ധപ്പെട്ടവര്‍ തന്നെ ഇപ്പോള്‍ പറയുന്നു. പിന്നെ ആരാകും ഇത്തരത്തില്‍ ഒരു കേസ് ഉണ്ടാക്കിയത്. അതാണ് കൂടുതല്‍ അന്വേഷണം നടത്തേണ്ടത്.

യെമന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ യാത്ര വിലക്കുള്ള രാജ്യമല്ല എന്നാണ് അറിവ്. ആളുകള്‍ പല ആവശ്യങ്ങള്‍ക്ക് അങ്ങോട്ട് പോകുന്നുണ്ട്. അതൊക്കെ ഭീകര പ്രവര്‍ത്തനവും ഐ എസുമാണ് എന്ന് പലരും വരുത്തി തീര്‍ക്കുന്നു.  അവസാനം കാണാതായി എന്ന് പറയപ്പെടുന്നവര്‍ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നു എന്നാണു വിവരം. പിന്നെ എങ്ങിനെ അവര്‍ കാണാതായവരായി തീരും?. മതം പഠിക്കാന്‍ യമനില്‍ പോകണമോ എന്നത് മറ്റൊരു വിഷയമാണ്. ഉന്നത കലാശാലകളില്‍ സാധാരണ പഠനത്തിന് ആളുകള്‍ പോകാറുണ്ട്. അതല്ലാതെ യമനില്‍ പോയി പ്രത്യേകം പഠിക്കേണ്ട ഒന്നും മതത്തിലില്ല. യാത്ര യമനിലേക്ക് പോകുന്നവര്‍ ഒരു വിഭാഗത്തില്‍ പെട്ടവരാണ് എന്നതിനാല്‍ പിന്നെ എവിടേക്കു എന്ന് ചിലര്‍ ഉറപ്പിക്കുന്നു.

കേരളത്തില്‍ ഭീകരവാദത്തിന്റെ വേര് ഉറപ്പിക്കാന്‍ ഐ എന്‍ എ ശ്രമം തുടങ്ങിയിട്ട് കാലമേറെയായി. പഴയ ഹാദിയ വിഷയത്തിലും അവരുടെ വാദം അത് തന്നെയായിരുന്നു. പുതിയ കേസിലും കേരള പൊലീസിന് വിവരം കിട്ടിയത് മറ്റു പലരില്‍ നിന്നുമാണെന്ന് പറയപ്പെടുന്നു. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ഭീകരതയും ഐ എസും കേരളത്തില്‍ ചര്‍ച്ചയാകുകയാണ്.  ഒരാളെയും കാണാതായിട്ടില്ല എന്ന് കുടുംബം പറഞ്ഞാലും അതങ്ങിനെ തന്നെ എന്ന് ഉറപ്പിക്കല്‍ പലര്‍ക്കും ഒരാവശ്യമാണ്. മുമ്പ് പോയവര്‍ മരിച്ചു തീര്‍ന്നു എന്നാണ് നമുക്ക് കിട്ടുന്ന വിവരം.  ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ ചോദിക്കില്ല  എന്ന വിശ്വാസമാണ് പലപ്പോഴും ഉള്ളതും ഇല്ലാത്തതും കൂട്ടി ചേര്‍ക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്.

യമനും ഇസ്ലാമും തമ്മില്‍ എന്ത് ബന്ധം എന്നറിയില്ല. ആട് വളര്‍ത്തലും യമനിലേക്ക് പോകലും ഇസ്ലാമിന്റെ ഭാഗമെന്ന് ഏതെങ്കിലും വിവര ദോഷികള്‍ മനസ്സിലാക്കുന്നുവെങ്കില്‍ അതവരുടെ മാത്രം വിഷയമാണ്. ജീവിക്കുന്ന ചുറ്റുപാടില്‍ ഇസ്ലാമായി ജീവിക്കുക എന്നതാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. പുകമറ സൃഷ്ടിക്കാന്‍ പലരും ശ്രമിക്കുമ്പോള്‍ തീപ്പെട്ടി കയ്യില്‍ കൊടുക്കുക എന്ന പണി നാമായി ചെയ്യരുത് എന്നതാണ് നമുക്കു പറയാനുള്ളതും. പാമ്പിനെ നേരില്‍ കാണുന്നതിനേക്കാള്‍ ഭീകരമാണ് പാമ്പ് എന്ന് വിളിച്ചു പറയല്‍. ആ ഭീകരത വളര്‍ത്താനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നതും.

Facebook Comments
Show More

Related Articles

Close
Close