Your Voice

ആര്‍.ബി.ശ്രീകുമാര്‍ എന്ന മലയാളി…

മനുഷ്യാവകാശ ലംഘനങ്ങളുടെ ഈ ഭീകരകാലത്ത് വളയാത്ത നട്ടെല്ലുള്ളവര്‍ക്കേ ഇരകളുടെ പക്ഷത്ത് നിലയുറപ്പിക്കാനൊക്കൂ. ആര്‍.ബി.ശ്രീകുമാര്‍ എന്ന മലയാളി ഐ.പി.എസ് പൊലീസ് ഉദ്യോഗസ്ഥന്‍ ഒരു ദീപസ്തംഭം പോലെ ജ്വലിച്ചു നില്‍ക്കുന്നതിവിടെയാണ്. 2000 ത്തോളം  മുസ്‌ലിംകളെ നിര്‍ദ്ദയം കൊന്നൊടുക്കിയ  ഗുജറാത്ത് വംശഹത്യാ കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഉയര്‍ത്തിയ സര്‍വ്വപ്രതിബന്ധങ്ങളോടും പോരടിച്ചു പിടിച്ചുനിന്നു കൊണ്ട് മലയാളികളുടെ യശസ്സ് വാനോളമുയര്‍ത്തി ഈ ഉന്നതോദ്യോഗസ്ഥന്‍. ‘ഗുജറാത്ത് ആര്‍.ബി.ശ്രീകുമാര്‍ ഐ.പി.എസ്സിന്റെ വെളിപ്പെടുത്തല്‍ ‘ എന്ന ഗ്രന്ഥം ഭരണകൂട ഭീകരതയുമായി ശ്രീകുമാര്‍ നടത്തിയ ഐതിഹാസികമായ ഏറ്റുമുട്ടല്‍ ഒരു ചലച്ചിത്രത്തിലെന്ന പോലെ നമ്മെ അമ്പരപ്പിക്കും.

അതിസമര്‍ത്ഥനും ബുദ്ധിശാലിയുമായ ശ്രീകുമാറിനെ ഗുജറാത്ത് ഇന്റലിജന്‍സ് ബ്യൂറോയുടെ തലവനായി നിശ്ചയിക്കുമ്പോള്‍ മുഖ്യമന്ത്രി മോദിക്ക് പല ഗൂഢലക്ഷ്യങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ആരുടെ മുന്നിലും ഓഛാനിച്ചു നില്‍ക്കാന്‍ ശീലിച്ചിട്ടില്ലാത്ത ആര്‍.ബിശ്രീകുമാര്‍ മോദിയുടെ വര്‍ഗീ യാജ്ഞകള്‍ നടപ്പാക്കാന്‍ തയ്യാറായില്ല. അതോടെ മോദിക്ക് കണ്ണിലെ കരടായി ഈ പോലീസ് തലവന്‍. ആദ്യമൊക്കെ പ്രലോഭനങ്ങളായിരുന്നു. പിന്നീട് ഭീഷണികളായി. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉന്നതപൊലീസ് ഉദ്യോഗസ്ഥന്മാരുടെ മീറ്റിംഗുകളില്‍ മോദിയുമായി വാഗ്വാദങ്ങളായി. സംഘ് ഗുണ്ടകള്‍ രണ്ടുവട്ടം ഈ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വസതി ആക്രമിച്ചു.

സ്വാതന്ത്ര്യ സമര സേനാനി കൂടിയായ ബാലരാമപുരം ജി.രാമന്‍പിള്ളയുടെ പേരക്കുട്ടി എന്ന നിലയില്‍ മാനവികതയിലും മനുഷ്യത്വത്തിലും ഊന്നിവളര്‍ന്ന ശ്രീകുമാറിന് മുലപ്പാലിനൊപ്പം പകര്‍ന്നു കിട്ടിയ മൂല്യബോധവും ധീരതയും കൈവിടാന്‍ സാധ്യമായിരുന്നില്ല. അതു കൊണ്ടു തന്നെ മോദിക്കെതിരെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് മുമ്പില്‍ ഇദ്ദേഹം മൊഴി    നല്‍കി. ഗുജറാത്ത്  വംശഹത്യാ ഗൂഢാലോചനയുടെ തലതൊട്ടപ്പനായ മോദിയെ അത് ഞെട്ടിച്ചുവെന്നു പറയേണ്ടതില്ല. ശ്രീകുമാര്‍ പക്ഷെ പിന്മാറിയില്ല. ഗുജറാത്ത് നരമേധം അന്വേഷിച്ച നാനാവതി കമീഷന്‍ മുമ്പാകെയും അദ്ദേഹം മോദിക്കെതിരെ ഉറച്ചു നിന്നു. നരേന്ദ്രമോദി പ്രധാനമന്ത്രിയായാലുണ്ടാവാന്‍ സാധ്യതയുള്ള പ്രതികാര നടപടികളൊന്നും ദൗത്യനിര്‍വ്വഹണത്തില്‍ നിന്ന് ശ്രീകുമാറിനെ പിന്തിരിപ്പിച്ചില്ല.

മനുഷ്യ മന:സാക്ഷിയെ പിടിച്ചുലക്കുന്ന വിധം ഗുജറാത്തില്‍ അരങ്ങേറിയ  കൊടും ക്രൂരതകള്‍ അക്കമിട്ടു നിരത്തുന്ന ഗ്രന്ഥമാണ് ‘ഗുജറാത്ത് ആര്‍.ബി.ശ്രീകുമാറിന്റെ വെളിപ്പെടുത്തല്‍’ സിത്താര ബുക്‌സ്, പള്ളിക്കല്‍ പി.ഒ.കായംകുളം ആണ്പ്രസാധകര്‍. ചീഫ് എഡിറ്റര്‍:ഭാസുരേന്ദ്രബാബു.വിവര്‍ത്തനം: നല്ല മുട്ടം പ്രസാദ്.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കൈകളിലെ ഒരിക്കലും മായ്ക്കാനാവാത്ത ചോരപ്പാടുകളുടെയും പാപ കൃത്യങ്ങളുടെയും അനശ്വര ചരിത്ര സാക്ഷ്യം എന്ന നിലയില്‍ വിശ്വസാഹിത്യത്തിനു തന്നെ ലഭിച്ച അനര്‍ഘ സംഭാവനയാണ് ഭരണകൂട ഭീകരതക്കെതിരെ ചാട്ടുളി പോലെ ചലിക്കുന്ന ഈ ഗ്രന്ഥം.

 

Facebook Comments
Show More

Related Articles

Check Also

Close
Close
Close