Current Date

Search
Close this search box.
Search
Close this search box.

തകര്‍ന്നടിയുന്ന ഇന്ത്യയിലെ അസംഘടിത മേഖല

ഇന്ത്യയിലെ ജി.ഡി.പി നിരക്ക് ഈ സാമ്പത്തിക വര്‍ഷത്തില്‍ 8.2 ശതമാനത്തിലെത്തി നില്‍ക്കുകയാണെന്നാണ് അടുത്തിടെ പുറത്തുവിട്ട ഔദ്യോഗിക കണക്കിലുള്ളത്. നോട്ടു നിരോധനവും ജി.എസ്.ടിയും നടപ്പാക്കിയതിനു ശേഷം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇത് ഏറ്റവും ഉയര്‍ന്ന നിരക്കിലാണുള്ളത്.

ഉത്പാദന മേഖലയില്‍ 13.5 ശതമാനവും നിര്‍മാണ മേഖലയില്‍ 8.7 ശതമാനവും കാര്‍ഷിക മേഖലയില്‍ 5.3 ശതമാനവും വളര്‍ച്ച മാത്രമാണുണ്ടായിട്ടുള്ളത്.
കണക്കുകള്‍ കൃത്യമായി പഠനവിധേയമാക്കിയാല്‍ കഴിഞ്ഞ വര്‍ഷം മാത്രം ഉത്പാദന മേഖല 1.8 ശതമാനവും നിര്‍മാണ മേഖല 1.8 ശതമാനവും കാര്‍ഷിക മേഖല 3 ശതമാനമായും തകര്‍ന്നടിയുകയാണുണ്ടായത്. നോട്ടു നിരോധനം മൂലം കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ തന്നെ വളര്‍ച്ചാനിരക്ക് കുറവായിരുന്നു. നോട്ടു നിരോധനത്തിന്റെ ആഘാതത്തില്‍ നിന്നും സാമ്പത്തിക മേഖല തിരിച്ചു കയറിയാല്‍ വളര്‍ച്ചാ നിരക്കില്‍ ഒരു കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് അധികൃതരുടെ വാദം.

സേവന മേഖലയിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ തകര്‍ച്ചയാണനുഭവപ്പെട്ടിരിക്കുന്നത്. ഇതു മൂലം കെട്ടിടങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും മേലുള്ള നിക്ഷേപം കുറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോഴും വാദിക്കുന്നത് നോട്ടു നിരോധനം സമ്പദ് വ്യവസ്ഥക്ക് യാതൊരു കോട്ടവും വരുത്തിയിട്ടില്ലെന്നാണ്. എന്തെങ്കിലും പ്രതികൂല സ്വാധീനം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് താത്കാലികവും കുറച്ചുകഴിഞ്ഞാല്‍ ഇല്ലാതാകുന്നതും എന്നുമാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ അത് ദൈര്‍ഘ്യമേറിയ ആഘാതമാണ് രാജ്യത്തിന് ഏല്‍പ്പിച്ചത്. അത് ഇപ്പോഴും നമുക്ക് ദൃശ്യമാണ്.

ജി.എസ്.ടി നടപ്പാക്കുമ്പോഴും സര്‍ക്കാര്‍ ഇതേ വാദമാണ് ഉന്നയിച്ചിരുന്നത്. വളരെ അത്യാവശ്യമായ പരിഷ്‌കാരമാണിതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. കുറച്ച് പ്രശ്‌നങ്ങള്‍ സഹിക്കേണ്ടി വന്നാലും സമ്പദ് വ്യവസ്ഥക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മെച്ചമാണെന്നായിരുന്നു മറ്റൊരു വാദം. ബിസിനസ് ചെയ്യാന്‍ ജി.എസ്.ടി എളുപ്പമാക്കുമെന്നും അത് വേഗത്തിലുള്ള വളര്‍ച്ചക്ക് കാരണമാകുമെന്നും പറഞ്ഞു. എന്നാല്‍ ഇവ രണ്ടും ഇന്ത്യന്‍ സാമ്പത്തിക മേഖലക്കേറ്റ ആഘാതമായിരുന്നു.

ഈ വാദമുഖങ്ങളൊന്നും അസംഘടിത മേഖലയ്ക്ക് യാതൊരു നേട്ടവും സമ്മാനിച്ചില്ല. ജി.ഡി.പിയുടെ 45 ശതമാനവും ഈ മേഖലയാണ്. 93 ശതമാനം പേരാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. അസംഘടിത മേഖലയുടെ വിവരശേഖരണം വര്‍ഷത്തില്‍ ഒരിക്കലോ ത്രൈമാസത്തിലോ അല്ല. അത് ഇടക്കിടെ എടുക്കാറുണ്ട്.

അസംഘടിത മേഖലയുടെ സ്ഥിതി വിവരകണക്കുകളൊന്നും വളര്‍ച്ച നിരക്കില്‍ കണക്കാക്കാറില്ല. അസംഘടിത മേഖലയിലെ വിവരങ്ങള്‍ ലഭ്യമല്ലാത്തതിന് ചോദ്യങ്ങള്‍ ഉണ്ടാകാറുമില്ല. വിവരങ്ങളുടെ അഭാവത്തില്‍ അസംഘടിത മേഖലയെ എങ്ങനെയാണ് പിന്നെ കണക്കാക്കുന്നത്. അടുത്ത സര്‍വേ നടത്തുന്നത് വരെ അസംഘടിത മേഖലയുടെ പഴയ കണക്കുകള്‍ തന്നെയാണ് കണക്കാക്കുക. സംഘടിത മേഖലയുടെ കണക്കുകള്‍ എല്ലാ വര്‍ഷവും തയാറാക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ രണ്ട് മേഖലകളും തമ്മില്‍ തീര്‍ത്തും അന്തരമാണ്. ഇവ തമ്മില്‍ ഒരു അനുപാതം കണക്കാക്കാന്‍ കഴിയിയില്ല. നോട്ട് നിരോധനവും ജി.എസ്.ടിയും ഈ രണ്ട് മേഖലകളുടെയും അനുപാതത്തെ മാറ്റിമറിച്ചു.

നോട്ടു നിരോധനം അസംഘടിത മേഖലയെയാണ് കൂടുതലായും ബാധിച്ചത്. നോട്ടു നിരോധനത്തിന്റെ ആഘാതത്തില്‍ നിന്നും അസംഘടിത മേഖല കരകയറുമ്പോഴാണ് ഇരുട്ടടിയായി ജി.എസ്.ടി നടപ്പിലാക്കിയത്. ചുരുക്കിപ്പറഞ്ഞാല്‍ രണ്ടു മേഖലകളും സാമ്പത്തിക മേഖലയുടെ അടിസ്ഥാനമാണ്. സംഘടിത മേഖലയുടെ ഉത്പാദനം വര്‍ധിക്കുകയും അസംഘടിത മേഖലയുടെ ഉത്പാദനത്തില്‍ ഇടിവുണ്ടാവുകയും ചെയ്യുന്നു. നോട്ടു നിരോധനത്തിനും ജി.എസ്.ടിക്കും മുന്‍പ് ഇരു മേഖലകളും ഒന്നിച്ചാണ് വളര്‍ച്ച കൈവരിച്ചിരുന്നത്.

അവസാനമായി രണ്ട് സുപ്രധാന നിഗമനങ്ങളിലെത്തിച്ചേരാം. സംഘടിത മേഖല അസംഘടിത മേഖലയുടെ ചിലവില്‍ വളരുന്നു. ഇത് പിന്നീട് ഒരു ദുരന്തത്തിന് കാരണമാകും. ഔദ്യോഗിക ഡാറ്റ കൃത്യമാക്കേണ്ടതുണ്ട്.

കടപ്പാട്: thewire.in
വിവ: സഹീര്‍ അഹ്മദ്

Related Articles