Current Date

Search
Close this search box.
Search
Close this search box.

ഫ്രഞ്ച് ഉത്പന്ന ബഹിഷ്‌കരണം; നട്ടെല്ലുള്ള നിലപാട്

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഇസ്‌ലാം വിരുദ്ധ നിലപാടും അതിനോടനുബന്ധിച്ച് നടക്കുന്ന രാഷ്ട്രീയ വാദപ്രതിവാദങ്ങളുമാണ് ഇപ്പോള്‍ യൂറോപ്യന്‍-പശ്ചിമേഷ്യന്‍ മേഖലയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയം. ഏറ്റവുമൊടുവില്‍ ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് വിവിധ ഗള്‍ഫ്-അറബ് രാജ്യങ്ങള്‍ രംഗത്തുവരികയും ഈ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സ് പ്രസിഡന്റ് പ്രസ്താവനയിറക്കയിതിലും വരെയെത്തി നില്‍ക്കുന്നു കാര്യങ്ങള്‍.

ഫ്രാന്‍സിലെ കുപ്രസിദ്ധിയാര്‍ജിച്ച ചാര്‍ലി ഹെബ്ദോ മാഗസിനാണ് യഥാര്‍ത്ഥത്തില്‍ നിലവിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം തുടക്കമിട്ടത് എന്ന് നമുക്ക് കാണാനാകും. വിവിധ മതങ്ങളെയും മതനേതാക്കളെയും പരസ്യമായി അവഹേളിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്ന കാര്‍ട്ടൂണൂകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നേരത്തെ തന്നെ പ്രസിദ്ധമാണ് പാരിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാര്‍ലി ഹെബ്ദോ. 2015 ജനുവരി ഏഴിനാണ് പാരിസിലെ ചാര്‍ലി ഹെബ്ദോ ഓഫിസിനു നേരെ ഭീകരാക്രമണമുണ്ടായത്. തോക്കുധാരികളായ രണ്ട് പേര്‍ നടത്തിയ വെടിവെപ്പില്‍ ഓഫീസ് ജിവനക്കാരടക്കം 12 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ലോകഭീകര സംഘടനയായ അല്‍ഖാഇദ പിന്നീട് ഇതിന്റെ ഉത്തരവാദിത്വമേറ്റെടുക്കുകയും ചെയ്തിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിച്ച കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനുള്ള പ്രതികാരനടപടി എന്ന പേരിലായിരുന്നു ആക്രമണമുണ്ടായത്. നേരത്തെ 2011ലും 2012ലും ചാര്‍ലി ഹെബ്ദോ സമാനമായ രീതിയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. അന്നും സമാനമായ രീതിയില്‍ അവരുടെ ഓഫീസിന് നേരെ വിവിധ തീവ്രവാദസംഘടനകള്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു. അന്നെല്ലാം ഭീകരാക്രമണത്തെയും ചാര്‍ലി ഹെബ്ദോയുടെ നിലപാടിനെയും പരസ്യമായി വിമര്‍ശിച്ച് മുസ്ലിം ലോകമടക്കം വിവിധ ലോകരാഷ്ട്രങ്ങള്‍ രംഗത്തു വന്നിരുന്നു. അറബ്-യൂറോപ്യന്‍ മേഖലയിലെ 20 രാജ്യങ്ങള്‍ തങ്ങളുടെ രാജ്യത്തെ ഫ്രാന്‍സ് എംബസി താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

Also read: ഭയത്തോടെ ഒരു ജനതയ്ക്ക് എത്ര കാലം ജീവിക്കാം

2015ലെ ഭീകരാക്രമണ കേസിലെ വിചാരണ ആരംഭിച്ച 2020 സെപ്റ്റംബറില്‍ മാസിക വീണ്ടും പഴയ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു. പിന്നാലെ പതിവുപോലെ ഓഫിസിനു നേരെ ആക്രമണം അരങ്ങേറുകയും ചെയ്തു. ഈ മാസം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവാചകന്റെ കാര്‍ട്ടൂണ്‍ കാണിച്ചുകൊടുത്തു എന്നാരോപിച്ച് അധ്യാപകനെ ഒരു വിഭാഗം ആക്രമികള്‍ കഴുത്തറുത്ത് കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിനുമെതിരെ പരസ്യ അവഹേളനവും വിമര്‍ശനവുമായി ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രംഗത്തെത്തിയത്. ഏതെങ്കിലും ന്യൂനപക്ഷവിഭാഗം ചെയ്യുന്ന ചെയ്തികളുടെ ഉത്തരവാദിത്വം പതിവുപോലെ ഇസ്ലാമിനു മേല്‍ ആരോപിക്കപ്പെടുന്ന അവസ്ഥയാണ് ഇവിടെയെല്ലാം സംഭവിച്ചത്.

ലോക വ്യാപകമായി വന്‍ പ്രതിസന്ധി നേരിടുന്ന മതമാണ് ഇസ്ലാമെന്നും ഫ്രാന്‍സില്‍ ആരാധനാലയങ്ങളെയും സര്‍ക്കാറിനെയും വേര്‍തിരിച്ചുനിര്‍ത്തുന്ന 1905ലെ നിയമം ശക്തമാക്കുന്നതിന് ബില്‍ അവതരിപ്പിക്കുമെന്നും പള്ളികള്‍ വിദേശ സഹായം സ്വീകരിക്കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നുമാണ് മാക്രോണ്‍ പറഞ്ഞത്. പിന്നാലെ പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന കാര്‍ട്ടൂണ്‍ ഫ്രാന്‍സിലെ ഒരു കെട്ടിടത്തില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് വിവിധ അറബ് രാഷ്ട്രങ്ങള്‍ രംഗത്തുവന്നത്. സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, തുര്‍ക്കി, ഫലസ്തീന്‍, ഈജിപ്ത്, അള്‍ജീരിയ, ജോര്‍ദാന്‍, ബംഗ്ലാദേശ്, ഇറാന്‍, പാകിസ്താന്‍, തുടങ്ങിയ രാജ്യങ്ങളാണ് മാക്രോണിന്റെ പ്രസ്താവനയെ അപലപിക്കുകയും ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തത്. ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഒ.ഐ.സിയും മാക്രോണിന്റെ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തി.

ചില രാജ്യങ്ങള്‍ തങ്ങളുടെ സൂപ്പര്‍ മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നും ഫ്രഞ്ച് ഉത്പന്നങ്ങള്‍ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ അറബ് വ്യാപാര സംഘടനകള്‍ ഫ്രഞ്ച് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യില്ലെന്ന തീരുമാനമെടുക്കുകയും ചെയ്തു. ഫ്രഞ്ച് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ‘ക്യാരിഫോര്‍’ ബഹിഷ്‌കരിക്കാന്‍ കുവൈത്തും തുര്‍ക്കിയും ആഹ്വാനം ചെയ്തു.

Also read: ഖബീബ് നൂര്‍മഗോമെദോവ്; യു.എഫ്.സി നേടിയ ആദ്യത്തെ മുസ്‌ലിം

#BoycottFrance #boycottfrenchproducts എന്ന ഹാഷ്ടാഗോടെ സോഷ്യല്‍ മീഡിയ ക്യാംപയിനും ഈ രാജ്യങ്ങളില്‍ സജീവമാണ്. അതേസമയം, ഇസ്‌ലാം വിരുദ്ധ നീക്കങ്ങള്‍ക്കും നിലപാടുകള്‍ക്കും ഫ്രാന്‍സ് നേരത്തെ തന്നെ പ്രശസ്തമാണ്. ഫ്രാന്‍സില്‍ നിലവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പാര്‍ലമെന്റിലും സര്‍ക്കാര്‍ ഓഫിസുകളിലും മുസ്ലിംകള്‍ക്ക് ഹിജാബ് ധരിക്കുന്നതിന് നിരോധമുണ്ട്. പൊതുസ്ഥലങ്ങളില്‍ നിഖാബ് ധരിക്കുന്നതിനും നിരോധനമുണ്ട്.

അതേസമയം, ഫ്രാന്‍സിന്റെ നിലപാടില്‍ മൗനം പാലിക്കുന്ന മുസ്‌ലിം രാഷ്ട്രങ്ങളും ഒരു ഭാഗത്തുണ്ട്. ഫ്രാന്‍സിനോടൊപ്പം എന്ന പേരിലും സമൂഹമാധ്യമങ്ങളില്‍ ഹാഷ്ടാഗ് ക്യാംപയിനും മറുഭാഗത്ത് നടക്കുന്നുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഇതായിരുന്നു കഴിഞ്ഞ ദിവസം ട്വിറ്റര്‍ ട്രെന്റിങില്‍ മുന്നിട്ടു നിന്നത്. അറബ് രാജ്യങ്ങളും പശ്ചിമേഷ്യയും ആഭ്യന്തരമായി നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോഴും നട്ടെല്ലുള്ള നിലപാടുകള്‍ എടുക്കാന്‍ ആര്‍ജവമുള്ള ഏതാനും രാജ്യങ്ങള്‍ ഇവിടെ അവശേഷിക്കുന്നുണ്ടെന്നും ഇത്തരം വിഷയങ്ങളില്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും തെളിയിക്കുകയാണ് പുതിയ നിലപാടിലൂടെ ഈ രാജ്യങ്ങളെല്ലാം ചെയ്തത്.

Related Articles