Current Date

Search
Close this search box.
Search
Close this search box.

ശുഭ സൂചനകള്‍ നല്‍കുന്ന മുസ്‌ലിം കൂട്ടായ്മ

civil-code.jpg

ഏക സിവില്‍കോഡിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നിയമ കമ്മീഷനെ വെച്ച് നടത്തുന്ന അന്വേഷണം മുസ്‌ലിം സമുദായത്തെ അരക്ഷിതാവസ്ഥയിലും നിരാശയിലും ഇച്ഛാഭംഗത്തിലും അകപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് മനസ്സിലാക്കേണ്ടത്. വരാനിരിക്കുന്ന തെരെഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ട് ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കലും ഇതിന്റെ ഉദ്ദേശ്യമാണ്. അതോടൊപ്പം തന്നെ ഇസ്‌ലാമിക സംസ്‌കാരത്തെയും അതിന്റെ മൂല്യങ്ങളെയും നിയമനിര്‍ദേശങ്ങളെയും രാജ്യത്ത് നിന്നും ഉന്മൂലനം ചെയ്യലും സംഘ്പരിവാറിന്റെ ലക്ഷ്യമാണ്. അതുകൊണ്ട് തന്നെ ഇതിനെതിരെ മതവിശ്വാസികളും മതസംഘടനകളും ഒരുമിച്ചു നില്‍ക്കേണ്ടതുണ്ട്. പ്രസ്തുത ഉദ്ദേശ്യത്തോടെ കേരളത്തിലെ എല്ലാ മുസ്‌ലിം സംഘടനകളുടെയും നേതാക്കള്‍ കോഴിക്കോട് ഒത്തുചേര്‍ന്ന് തീരുമാനമെടുത്തത് ശുഭകരമാണ്. അതോടൊപ്പം തന്നെ ഇത് ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും മാത്രം പ്രശ്‌നമല്ലാത്തതിനാല്‍, രാജ്യത്തിന്റെ പ്രശ്‌നമായതിനാല്‍ ഇതര മതവിഭാഗങ്ങളെയും രാഷ്ട്രീയ പാര്‍ട്ടികളെയും സാംസ്‌കാരിക നായകന്‍മാരെയും പത്രപ്രവര്‍ത്തകരെയുമെല്ലാം സമീപിക്കാന്‍ തീരുമാനിച്ചതും ഏറെ ഉചിതമായ തീരുമാനമാണ്.

ഇത്തരം പ്രശ്‌നങ്ങളെ ഏതെങ്കിലും ഒരു സമുദായം ഏറ്റെടുത്ത് സാമുദായിക പ്രശ്‌നമാക്കി മാറ്റുന്നതിന് പകരം ദേശീയ പ്രശ്‌നമായ അതിനെ ആ നിലക്ക് തന്നെ പരിഹരിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. പ്രസ്തുത അര്‍ഥത്തില്‍ വളരെ ക്രിയാത്മകമായ പങ്കുവഹിക്കാന്‍ മുസ്‌ലിം സംഘടനകള്‍ തീരുമാനിക്കുകയുണ്ടായി. ഇന്ത്യന്‍ സമൂഹം, പ്രത്യേകിച്ചും മുസ്‌ലിം സമുദായം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ സംഘടനാതീതമായി ഒരുമിച്ച് നിന്ന് പരിഹരിക്കാനുള്ള ഒരു ശ്രമമാണ് നടത്തപ്പെട്ടിരിക്കുന്നത്. പേഴ്‌സണല്‍ ലോ ബോര്‍ഡ് മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങളും തീരുമാനങ്ങളും അംഗീകരിച്ച് നടപ്പാക്കാന്‍ മുസ്‌ലിം സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഈയൊരു ഐക്യം എക്കാലവും നിലനില്‍ക്കുമാറാകട്ടെ.

Related Articles