Current Date

Search
Close this search box.
Search
Close this search box.

യു.എന്‍ ഇസ്രയേലിന്റെ തടവിലാണ്

ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള അന്താരാഷ്ട്ര ഏജന്‍സികളെ വെല്ലുവിളിച്ചും വിലവെക്കാതെയുമുള്ള ഇസ്രയേലിന്റെ ധിക്കാരപരമായ നടപടികള്‍ അഭംഗുരം തുടരുക തന്നെയാണ്. യു.എന്‍ പ്രമേയങ്ങളും നിയമങ്ങളും വിലവെക്കുന്നില്ലെന്ന് മാത്രമല്ല യു.എന്നിനു കീഴിലുള്ളതും അല്ലാത്തതുമായ അന്താരാഷ്ട്ര കൂട്ടായ്മകളിലും സമിതികളിലും ഫലസ്തീന് അംഗത്വം നല്‍കാനുള്ള നീക്കങ്ങളെ സര്‍വ ശക്തിയുമുപയോഗിച്ച് എതിര്‍ക്കാനും ഇല്ലാതാക്കാനുമുള്ള പ്രവര്‍ത്തനങ്ങളും ഇസ്രയേല്‍ നിര്‍ബാധം തുടരുന്നുണ്ട്. ഇസ്രയേലിന്റെ സംഖ്യകക്ഷികളായ പടിഞ്ഞാറന്‍ രാഷ്ട്രങ്ങളുടെ ശക്തമായ സമ്മര്‍ദ്ദത്തിനു വഴങ്ങി 20 മാസത്തോളം തുടര്‍ന്ന അന്താരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സില്‍ ബഹിഷ്‌കരണം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ അടുത്തിടെ സന്നദ്ധമായെങ്കിലും അനധികൃത കുടിയേറ്റ പ്രദേശങ്ങളില്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതകളും നിയമലംഘനങ്ങളും മനുഷ്യാവകാശ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യപ്പെടുകയില്ലെന്ന ഉറപ്പ് പടിഞ്ഞാറന്‍ സില്‍ബന്ധികളില്‍ നിന്ന് ഇസ്രയേല്‍ ആദ്യമേ വാങ്ങിയിട്ടുണ്ടെന്നുള്ളത് വ്യക്തമാണ്. ഇസ്രയേല്‍ മുന്നോട്ടു വെച്ച നിബന്ധനകള്‍ അംഗീകരിച്ചതുകൊണ്ടാണ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്ന് യു.എന്നിലെ ഇസ്രയേല്‍ സ്ഥാനപതി എവിയേറ്റര്‍ മാനര്‍ വ്യക്തമാക്കിയിരുന്നു. ഫലസ്തീനിലെ അനധികൃത കുടിയേറ്റ പ്രദേശങ്ങളില്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അന്താരാഷ്ട്ര വേദിയില്‍ ചര്‍ച്ച ചെയ്യാപ്പെടാതിരിക്കാന്‍ വേണ്ടിയായിരുന്നല്ലോ ഇത്രയും നാള്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗങ്ങള്‍ ഇസ്രയേല്‍ ബഹിഷ്‌കരിച്ചത്. അതു ചര്‍ച്ച ചെയ്യപ്പെടുകയില്ലെങ്കില്‍ പിന്നെയെന്തിന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതിരിക്കണം.

ഇസ്രയേല്‍ രാജ്യത്തിനകത്തും കുടിയേറ്റ പ്രദേശങ്ങളിലും നടമാടിക്കൊണ്ടിരിക്കുന്ന ക്രൂരതകളെ അന്താരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സില്‍ പല തവണ അപലപിക്കുകയും ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. 2008-09 ല്‍ ഗസ്സയില്‍ ഇസ്രയേല്‍ നടത്തിയ കിരാതമായ അക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ റിച്ചാര്‍ഡ് ഗോള്‍ഡ് സ്‌റ്റോണ്‍ കമ്മീഷനെ നിയോഗിച്ചതു പോലെ വേറെയും അന്വേഷണ കമ്മിറ്റികളെ മനുഷ്യാവകാശ കൗണ്‍സില്‍ പലതവണ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇസ്രയേല്‍ ഭീഷണികള്‍ക്കുമുന്നില്‍ അന്താരാഷ്ട്ര ഏജന്‍സികളും മുട്ടുമടക്കുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ നാം കാണുന്നത്. ഇസ്രയേലിനു മുന്നില്‍ അന്താരാഷ്ട്ര സമിതികള്‍ പോലും മുട്ടുമടക്കുമ്പോള്‍ ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന ക്രൂരതകളെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണങ്ങള്‍ ഇനിയുണ്ടാവില്ലെന്ന് ഫലസ്തീനിലെ മനുഷ്യാവകാശ സംഘടനകള്‍ ഭയപ്പെടുന്നു. ഇസ്രയേലിനു നേരെ കൈചൂണ്ടാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പേടി ആദ്യമേ പ്രകടമാണെങ്കിലും പുതിയ നടപടികള്‍ അതു കൂടുതല്‍ ദുര്‍ബലമാകുന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്ന് ഇസ്രയേല്‍ ജയിലില്‍ പീഡനമനുഭവിക്കുന്ന ഫലസ്തീനികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ‘അഡാമീര്‍’ സംഘടനയുടെ വക്താവായ ഗവാല്‍ കെല്ലി വ്യക്തമാക്കുകയുണ്ടായി. അടുത്ത മാര്‍ച്ചില്‍ നടക്കാന്‍ പോകുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സിലിന്റെ യോഗത്തില്‍ ഇസ്രയേലിനു എതിരെ കാര്യമായ നടപടികളോ വിമര്‍ശനങ്ങളോ ഉണ്ടാകില്ലെന്ന് ഇപ്പോള്‍ തന്നെ വ്യക്തമായതായും അദ്ദേഹം പറഞ്ഞു.

യു.എന്നിന്റെ മറ്റൊരു കൂട്ടായ്മയായ യുനസ്‌കോക്ക് നല്‍കേണ്ട വാര്‍ഷിക വരിസംഖ്യ അടക്കുന്നതില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്ന് യുനസ്‌കോ തീരുമാനങ്ങളില്‍ വോട്ട് ചെയ്യാനുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും അവകാശം കഴിഞ്ഞ മാസം റദ്ദാക്കുകയുണ്ടായി. യുനസ്‌കോയില്‍ ഫലസ്തീന് അംഗത്വം നല്‍കിയ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് വാര്‍ഷിക സംഖ്യ അടക്കുന്നതില്‍ നിന്നും ഇരുരാഷ്ട്രങ്ങളും തുടര്‍ച്ചയായി രണ്ടു വര്‍ഷവും വിട്ടു നിന്നത്. 80 മില്യണ്‍ ഡോളറാണ് യുനസ്‌കോക്ക് അമേരിക്ക വാര്‍ഷിക സംഖ്യയായി നല്‍കിയിരുന്നത്. യുനസ്‌കോയുടെ വാര്‍ഷിചെവലവിന്റെ നാലിലൊന്നും അമേരിക്കയുടെ സംഭാവനയാണിന്നിരിക്കെ അമേരിക്ക അത് നിര്‍ത്തലാക്കിയത് സംഘടനയെ കാര്യമായ സാമ്പത്തിക പ്രയാസത്തിലാക്കുകയും ലോകവ്യാപകമായി സംഘടന നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുകയും ചെയ്തിരിക്കുന്നു. അന്താരാഷ്ട്ര കൂട്ടായ്മകളിലും സംഘടനകളില്‍ ഫലസ്തീന് അംഗത്വം നല്‍കാനുള്ള നീക്കങ്ങളെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കുന്ന അമേരിക്കന്‍ ഇസ്രയേല്‍ നീക്കങ്ങളുടെ ചെറിയ ഉദാഹരണം മാത്രമാണിത്. മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഭിന്നമായ അധികാരവും ശക്തിയുമുള്ള രാഷ്ട്രമായി നിലനില്‍ക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്. അമേരിക്ക അതിന് കുടപിടിക്കുകയും ചെയ്യുന്നു. പച്ചയായ മനുഷ്യാവകാശ ലംഘനങ്ങള്‍ നിര്‍ബാധം തുടരുമ്പോഴും ഇസ്രയേലിനു ഒത്താശ ചെയ്തുകൊടുക്കുന്ന നിലപാടാണ് അന്താരാഷ്ട്ര സമൂഹം സ്വീകരിക്കുന്നതെന്ന് ലോക മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പോലും ഒരുപരിധി ഈ പക്ഷപാത നിലപാടിന് കൂട്ടുനില്‍ക്കുന്നുണ്ട്. അമേരിക്കയുടെ നേതൃത്വത്തില്‍ പുതുതായി ആരംഭിച്ച ഇസ്രയേല്‍ ഫലസ്തീന്‍ സമാധാന ചര്‍ച്ച പൂര്‍ത്തിയാകുന്നത് വരെ ഇസ്രയേലിനെതിരെ അന്താരാഷ്ട്ര സമിതികളില്‍ ഒരു പരാതിയും ഉന്നയിക്കില്ലെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിരിക്കുന്നു. ചര്‍ച്ച നടുന്നുകൊണ്ടിരിക്കെ തന്നെ നിരപരാധികളായ ഫലസ്തീനികളെ അറസ്റ്റു ചെയ്യുന്നതും കുടിയേറ്റ പ്രദേശത്ത് പുതിയ പാര്‍പ്പിട കേന്ദ്രങ്ങള്‍ പണിയുന്നതും ഇസ്രയേല്‍ നിര്‍ഭയം തുടരുകയാണ്!
യുനസ്‌കോയില്‍ അംഗത്വം ലഭിച്ചതിനു പിന്നാലെ മറ്റു അന്താരാഷ്ട്ര സമിതികളിലും ഫലസ്തീന് അംഗത്വം ലഭിക്കുമെന്ന് ഇസ്രയേലും അമേരിക്കയും ഭയപ്പെടുന്നു. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നിരീക്ഷക രാഷ്ട്രമെന്ന പദവി ഫലസ്തീന് നല്‍കിയതിനെയും ഇരു രാഷ്ട്രങ്ങളും ഭീതിയോടെയാണ് കാണുന്നത്. ഫലസ്തീന് നിരീക്ഷക രാഷ്ട്ര പദവി ലഭിച്ചതോടെ ഹ്യൂജിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഇസ്രയേലിനെതിരെ കേസ് ഫയല്‍ ചെയ്യാനുള്ള അവകാശം ഫലസ്തീന് ലഭിച്ചു കഴിഞ്ഞു. ഗസ്സക്കു നേരെ ഇസ്രയേല്‍ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന അക്രമണങ്ങളെയും വെസ്റ്റ് ബാങ്കിലെയും ജറൂസലേമിലെയും അനധികൃത കൈയ്യേറ്റങ്ങളെയും അന്താരാഷ്ട്ര ക്രമിനല്‍ കോടതിയില്‍ ഉന്നയിച്ച് ഇസ്രയേലിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഫലസ്തീന്‍ മുതിരുമെന്ന ഭീതി അമേരിക്കയെയും ഇസ്രയേലിനെയും വല്ലാതെ അലട്ടുന്നുണ്ടെന്നതാണ് നേര്. 2008-09 ലെ ഇസ്രയേലിന്റെ ഗസ്സ അക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ അന്താരാഷ്ട്ര സമിതി നിയോഗിച്ച റിച്ചാര്‍ഡ് ഗോള്‍ഡ് സ്‌റ്റോണ്‍ കമ്മീഷന്‍ ഗസ്സയില്‍ 1,400 പേരെ കൊലപ്പെടുത്തിയ ഇസ്രയേല്‍ യുദ്ധക്കുറ്റം ചെയ്തതായി കണ്ടെത്തുകയും മനുഷ്യത്വത്തിനെതിരായ കുറ്റം ചെയ്ത ഇസ്രയേലിനെ അന്താരാഷ്ട്ര വിചാരണക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 2010 ല്‍ ഗസ്സയിലേക്ക് സഹായവുമായി പോയ ഫ്രീഡം ഫ്‌ലോട്ടില്ല എന്ന തുര്‍ക്കി കപ്പലിനു നേരെ ഇസ്രയേല്‍ നടത്തിയ അക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ട കേസ് അന്വേഷിച്ച അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷനെ പരിഗണിക്കാനോ അന്വേഷണവുമായി സഹകരിക്കാനോ ഇസ്രയേല്‍ സന്നദ്ധമായിരുന്നില്ല. ഫലസ്തീനിലെ കുടിയേറ്റ കേന്ദ്രങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പഠിക്കാന്‍ അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്‍ നിയോഗിച്ച റിച്ചാര്‍ഡ് ഫാള്‍ക് എന്ന നിയമവിദഗ്ധനെ കുടിയേറ്റ പ്രദേശങ്ങളിലേക്ക് പ്രവേശിക്കാന്‍ പോലും അനുവാദം നല്‍കാതെ അങ്ങേയറ്റം ധിക്കാരപൂര്‍വമായ നിലപാടാണ് ഇസ്രയേല്‍ സ്വീകരിച്ചത്. യു.എന്നില്‍ അംഗങ്ങളായ 193 രാഷ്ട്രങ്ങളും തങ്ങളുടെ രാജ്യത്തെ മനുഷ്യാവകാശ സാഹചര്യങ്ങളെ കുറിച്ച് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നാലു മാസത്തിലൊരിക്കല്‍ നടക്കുന്ന അവലോകന യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ നടന്ന അവകലോക യോഗത്തില്‍ പങ്കെടുക്കാന്‍ ഇസ്രയേല്‍ സന്നദധമായില്ല. യു.എന്നിന്റെ മനുഷ്യാവകാശ അവലോകന യോഗത്തല്‍ നിന്നും വിട്ടു നില്‍ക്കാന്‍ ധൈര്യം കാണിച്ച ആദ്യ രാഷ്ട്രവും ഇസ്രയേല്‍ തന്നെ. അതിന്റെ പേരില്‍ ഇസ്രയേലിനു നേരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും ആരും തയ്യാറായില്ല. എന്നാല്‍ കഴിഞ്ഞ മാസം നടന്ന അവലോകന യോഗത്തില്‍ ഇസ്രയേല്‍ പങ്കെടുത്തിരുന്നു. മനുഷ്യാവകാശ അവലോകന സമ്മേളനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന പ്രവണതക്ക് ഇസ്രയേല്‍ തുടക്കമിട്ടാല്‍ സിറിയ, ഇറാന്‍ പോലുള്ള രാഷ്ട്രങ്ങളും അതു പിന്തുടര്‍ന്നേക്കുമെന്ന പടിഞ്ഞാറന്‍ രാഷ്ട്രങ്ങളുടെ പേടിമൂലമാണ് യോഗത്തില്‍ പങ്കെടുക്കാന്‍ ഇസ്രയേലിനുമേല്‍ പാശ്ചാത്യന്‍ രാജ്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തിയത്. പാശ്ചാത്യ രാജ്യങ്ങളുടെ നിറഞ്ഞ പിന്തണയോടു കൂടിതന്നെയാണ് അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍ പറത്താന്‍ ഇസ്രയേലിനു അനായസം സാധിക്കുന്നത്. 2008 ലെ അവലോകന യോഗത്തിലും ഇസ്രയേലിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് നിരവധി പരാതികളും ആക്ഷേപങ്ങളും ഉയര്‍ന്നിട്ടും യാതൊരുവിധ നടപടിയും ഇല്ലാതെ മുന്നോട്ടു പോകാന്‍ ഇസ്രയേലിനായി. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ തുടര്‍ന്നും പങ്കെടുക്കാന്‍ ഇസ്രയേല്‍ സന്നദ്ധമായാലും പാശ്ചാത്യന്‍ രാജ്യങ്ങളുടെ നിര്‍ബാധമുള്ള പിന്തുണ മനുഷ്യാവ ലംഘനങ്ങളുടെ പച്ചയായ ലംഘനം തുടര്‍ന്നും ആവര്‍ത്തിക്കാനും അതിനു നിയമപരിരക്ഷ നിലനിര്‍ത്താനും ഇസ്രയേലിനാവുമെന്ന് ലോക മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഭയപ്പെടുന്നു.

വിവ : ജലീസ് കോഡൂര്‍

Related Articles