Current Date

Search
Close this search box.
Search
Close this search box.

മുഖ്യധാരാ മാധ്യമങ്ങള്‍ നമ്മെ വഞ്ചിക്കുകയാണ്

trump333c.jpg

‘ഡൊണാള്‍ഡ് ട്രംപ് അമേരിക്കക്ക് ദോഷം തന്നെയാണ്, പക്ഷെ സി.ബി.എസ്-ന് അദ്ദേഹം നല്ലതാണ്’ സി.ബി.എസ് പ്രസിഡന്റ് ലെസ്ലി റോയ് മൂണ്‍വെസിന്റെ വാക്കുകളാണിത്.

വളരെ പവിത്രതയുള്ള ജോലിയാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നത്, രോഗികളോട് അവര്‍ക്ക് ചില കര്‍ത്തവ്യങ്ങളുണ്ട്, രോഗികളുടെ ജീവന്‍ ഡോക്ടര്‍മാരുടെ കൈകളിലാണ്. വൈദ്യശാസ്ത്രം പഠിക്കുന്നത് മറ്റു ബിസിനസ്സുകളെ പോലെയുള്ള ഒരു ബിസിനസ്സല്ല. വിശ്വസ്തതയുടെയും, ഉത്തരവാദിത്തത്തിന്റെയും ചോദ്യങ്ങള്‍ അത് ഉള്‍ക്കൊള്ളുന്നുണ്ട്. സാധ്യമാവുന്നത്ര പണം സമ്പാദിക്കലാവരുത് ഒരു ഡോക്ടറുടെ ലക്ഷ്യം, രോഗികളുടെ ജീവന്‍ രക്ഷിക്കാനായിരിക്കണം അദ്ദേഹം ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്.

വര്‍ത്താപ്രക്ഷേപണവും, മാധ്യമപ്രവര്‍ത്തനവും മറ്റു ബിസിനസ്സുകള്‍ പോലെ കേവലം ബിസിനസ്സ് സംരഭങ്ങള്‍ മാത്രമാണോ? കഴിവിന്റെ പരമാവധി പണം സമ്പാദിക്കല്‍ മാത്രമാണോ അതിന്റെ മുഖ്യലക്ഷ്യം? സത്യമെന്നത് പരിശുദ്ധിയാര്‍ന്ന ഒരു സംഗതിയല്ലെ? സത്യം കണ്ടെത്തുകയും, അത് പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഒരു പരിശുദ്ധകര്‍മ്മം തന്നെയല്ലെ? സത്യസന്ധവും, സുപ്രധാനവുമായ വസ്തുതകളാണോ പൊതുജനത്തിന് ലഭിക്കുന്നത്, അതോ നുണകള്‍ കലര്‍ന്നതും, അസത്യപ്രചാരണാത്മകവും, അപ്രധാനവുമായ കാര്യങ്ങളാണോ പൊതുജനത്തിന് ലഭിക്കുന്നത് എന്നതിനെ പൂര്‍ണ്ണമായും ആശ്രയിച്ചാണ് മനുഷ്യനാഗരികതയുടെയും, ഈ പ്രകൃതിയുടെയും അതിജീവനം സാധ്യമാവുന്നത്.

കിറുക്കനും, സ്വാര്‍ത്ഥനും, ആശയഭ്രാന്തനും, വംശീയവാദിയും, സ്ത്രീവിദ്വേഷിയും, നവഫാസിസ്റ്റുമായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് 2016-ലെ യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍, അതിന്റെ കാരണം സി.ബി.എസ് പോലെയുള്ള വാര്‍ത്താ മാധ്യമങ്ങള്‍ തന്നെയായിരിക്കും. അയാളുടെ വിടുവായത്തങ്ങള്‍ റേറ്റിംഗ് കൂട്ടാനുള്ള ഒരു ഉപാധിയെന്ന നിലക്കാണ് അവര്‍ കാണുന്നത്.

മനുഷ്യകുലം അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ അപകടങ്ങളിലേക്ക് നാം കണ്‍തുറക്കേണ്ടിയിരിക്കുന്നു. ഭീകരവാദം ഒരു യഥാര്‍ത്ഥ അപകടമല്ല. താരതമ്യം ചെയ്യുമ്പോള്‍ ഓരോ വര്‍ഷവും റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്ന ആളുകളുടെ എണ്ണത്തേക്കാള്‍ വളരെ കുറവാണ് ഓരോ വര്‍ഷവും നടക്കുന്ന ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന ആളുകളുടെ എണ്ണം. പട്ടിണിയും ചികിത്സയുടെയും മരുന്നുകളുടെയും അഭാവവും കാരണം വര്‍ഷംപ്രതി മരണപ്പെടുന്ന ദശലക്ഷകണക്കിന് ആളുകളുടെ കണക്ക് പ്രത്യേകം പറയേണ്ടതില്ല. പക്ഷെ പൗരാവകാശങ്ങള്‍ എടുത്ത് കളയാനും, പ്രതിപക്ഷാഭിപ്രായത്തെ അടിച്ചമര്‍ത്താനും സര്‍ക്കാറുകള്‍ക്ക് സൗകര്യമൊരുക്കി കൊണ്ട് ഭീകരവാദ സംഭവങ്ങളെ (ഇതില്‍ ചിലത് സര്‍ക്കാര്‍ തന്നെ സ്‌പോണ്‍സര്‍ ചെയ്യുന്നതാണ്) എല്ലാ പരിധികളും ലംഘിച്ച് പര്‍വ്വതീകരിച്ച് കാണിക്കുന്ന നാണംകെട്ട ഏര്‍പ്പാടാണ് പത്രമാധ്യമങ്ങള്‍ നടത്തുന്നത്.

ഇതിനിടയില്‍, യഥാര്‍ത്ഥ ഭീഷണികളായ, തെര്‍മോന്യൂക്ലിയര്‍ യുദ്ധഭീഷണി, അപകടകരമായ വിധത്തിലുള്ള കാലാവസ്ഥാ വ്യതിയാനം, വലിയ തോതിനുള്ള ആഗോള ക്ഷാമം തുടങ്ങിയ യഥാര്‍ത്ഥ ഭീഷണികള്‍ അവഗണിക്കപ്പെട്ടു പോവുകയാണ്.

നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ നമ്മെ തോല്‍പ്പിച്ച് കളഞ്ഞിരിക്കുന്നു. മനുഷ്യകുലം ഒരു വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ അവര്‍ നമ്മെ ചതിക്കുകയാണ്. നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയും നമ്മെ പരാജയപ്പെടുത്തി കൊണ്ടിരിക്കുകയാണ്, ലോകം ഇന്ന് അഭിമുഖീകരിക്കുന്ന അതിഭീകരമായ നവഭീഷണികള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കാന്‍ വിദ്യാഭ്യാസ വ്യവസ്ഥ ധൈര്യം കാണിക്കുന്നില്ല.

നാം ഇന്ന് അഭിമുഖീകരിക്കുന്ന അതിഭീകരമായ ഭീഷണികളെ കുറിച്ച് പൊതുസമൂഹത്തിന് മുന്നറിയിപ്പ് നല്‍കുന്നതും, ഈ അപകടങ്ങളെ ഇല്ലാതാക്കാനുള്ള പ്രായോഗിക ചുവടുകള്‍ മുന്നോട്ട് വെക്കുന്നതുമായ ഒരു കൂട്ടം ശബ്ദസ്രോതസ്സുകളെയാണ് നമുക്കിന്ന് ആവശ്യം. യാഥാര്‍ത്ഥ്യങ്ങളും, സുപ്രധാന വസ്തുതകളുമാണ് നമുക്ക് ആവശ്യം. പക്ഷെ അതോടൊപ്പം തന്നെ ആദര്‍ശനിഷ്ഠയും, ശുഭാപ്തി വിശ്വാസവും നമുക്ക് വേണം. നമ്മുടെ ഭാവി അപകടത്തിലാണ് എന്ന വസ്തുത നിരാശക്കടിപ്പെട്ട്, നിഷ്‌ക്രിയതയില്‍ അഭയം തേടാനുള്ള ഒരു ന്യായീകരണമായല്ല ഉപയോഗിക്കേണ്ടത്, മറിച്ച് നമ്മുടെ ഭാവിയുടെ സുരക്ഷക്ക് വേണ്ടി സധൈര്യം മുന്നിട്ടിറങ്ങി സ്വയം സമര്‍പ്പിക്കാനുള്ള ഊര്‍ജ്ജമായിട്ടാണ് അതിനെ നാം കാണേണ്ടത്.

വിവ: irshad shariathi

Related Articles