Current Date

Search
Close this search box.
Search
Close this search box.

പോപിന്റെ ജറൂസലേം സന്ദര്‍ശനം സാര്‍ഥകമാകുന്നത് എപ്പോള്‍?

ജറൂസലേമും ബത്‌ലഹേമും അടക്കമുള്ള വിശുദ്ധ നാടുകളിലേക്കുള്ള പോപ് ഫ്രാന്‍സിസിന്റെ മൂന്ന് ദിവസം നീണ്ട സന്ദര്‍ശനം ഇന്നലെ അവസാനിക്കുകയുണ്ടായി. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ക്രൈസ്തവ ലോകത്തിന്റെ നേതാവായ ഒരു പോപ് വിശുദ്ധ നാടുകള്‍ സന്ദര്‍ശിക്കുന്നത് എന്നതിനാല്‍ പോപ് ഫ്രാന്‍സിസിന്റെ സന്ദര്‍ശനം പ്രത്യേകം ശ്രദ്ധ നേടിയിരുന്നു. വത്തിക്കാനില്‍ നിന്നും ജോര്‍ദ്ദാനിലെത്തിയ പോപ് ബത്‌ലഹേമിലെ ‘അപ്പാര്‍തീഡ്’ മതിലും ഫലസ്തീന്‍ പ്രസിഡന്റ് അബ്ബാസിന്റെ കൊട്ടാരവും സന്ദര്‍ശിച്ചിരുന്നു. പിന്നീട് ഇസ്രയേലിലേക്ക് പുറപ്പെട്ട പോപ് മസ്ജിദുല്‍ അഖ്‌സയും ഇസ്രയേലിലെ ഹോളോകോസ്റ്റ് സ്മാരകമായ യാദ് വശേമും സന്ദര്‍ശിച്ച ശേഷമാണ് വത്തിക്കാനിലേക്ക് മടങ്ങിയത്. പോപിന്റെ വിശുദ്ധ നാടുകളിലേക്കുള്ള സന്ദര്‍ശനം രാഷ്ട്രീയ പരമല്ലെന്നും തികച്ചും മതപരമാണെന്നുമായിരുന്നു വത്തിക്കാന്‍ വൃത്തങ്ങള്‍ സന്ദര്‍ശനം ആരംഭിക്കുന്നതിന് മുമ്പേ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നത്. അതേസമയം, സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ നീതിക്കും സമാധാനത്തിനും വേണ്ടി യത്‌നിക്കണമെന്ന് ആവശ്യപ്പെട്ട പോപ് ഇരു രാഷ്ട്രങ്ങളിലെയും പ്രസിഡന്റ്മാരെയും ചര്‍ച്ചക്ക് വത്തിക്കാനിലേക്ക് ക്ഷണിക്കുകയും ചെയ്തത് പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുമെന്ന് വിലയിരുത്തപ്പെടുന്നു.

1948 ലെ ഇസ്രയേല്‍ അധിനിവേശത്തോടെ ലക്ഷക്കണക്കിന് മുസ്‌ലിംകളും ക്രിസ്ത്യാനികളുമായ ഫലസ്തീനികളാണ് അവരുടെ ജന്മനാട്ടില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടത്. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും സംബന്ധിച്ച് വിശുദ്ധ നഗരമായി കണക്കാക്കപ്പെടുന്ന മസ്ജിദുല്‍ അഖ്‌സയുള്‍പ്പെടുന്ന കിഴക്കന്‍ ജറൂസലേമും കൂടി പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇസ്രയേല്‍ അധീനപ്പെടുത്തിയതോടെ പുണ്യ ഗേഹവും നഗരവും സന്ദര്‍ശിക്കുന്നതിന് ഇരു മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് ശക്തമായ നിയന്ത്രണങ്ങളാണ് ഇസ്രയേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫലസ്തീനിലെ ഇസ്രയേല്‍ അധിനിവേശത്തിന് കളമൊരുക്കിയത് യൂറോപ്പിലേയും അമേരിക്കയിലെയും ക്രിസ്ത്യന്‍ രാഷ്ട്രങ്ങള്‍ തന്നെയാണെങ്കിലും ഇന്ന് വെസ്റ്റ് ബാങ്കിലും അധിനിവിഷ്ട ഫലസ്തീനിലും ഇസ്രയേല്‍ ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും പീഡനത്തിനും ക്രൂരതകള്‍ക്കും ഇരയാകുന്നവരില്‍ മുസ്‌ലിംകളോടൊപ്പം ക്രിസ്ത്യാനികളുമുണ്ട്. ഇസ്രയേലിനെ ജൂതരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങള്‍ ഇസ്രയേല്‍ പാര്‍ലമെന്റ് നടത്തിക്കൊണ്ടിരിക്കെ അധിനിവിഷ്ട ഫലസ്തീനില്‍ ജീവിക്കുന്ന മുസ്‌ലിംകളും ക്രിസ്ത്യാനികളുമായ തദ്ദേശവാസികള്‍ വലിയ ‘ഐഡന്റിന്റി ക്രൈസിസ്’ ആണ് നേരിടാന്‍ പോകുന്നത്. ഇസ്രയേലിനെ ജൂത രാഷ്ട്രമാക്കി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ‘ഇസ്രയേലിനെ വെറുക്കുന്ന മുസ്‌ലിം – ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് മരണം’, ‘യേശു ചവറ്റുകൊട്ടയില്‍’ തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഇസ്രയേലിനെ ക്രിസ്തീയ ദേവാലയങ്ങളുടെ ചുമരുകളില്‍ തീവ്ര ജൂത വിഭാഗങ്ങള്‍ പതിച്ചു തുടങ്ങിയിരിക്കുന്നു. 2012 മുതല്‍ ക്രൈസ്ത ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമെതിരെ ജൂതരുടെ അക്രമണങ്ങള്‍ വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇസ്രയേലിലെ ക്രൈസ്തവര്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാക്കി ഫലസ്തീനികള്‍ക്കെതിരായ അക്രമണത്തില്‍ അവരെയും ഭാഗവാക്കാക്കാനുള്ള നിയമവും ഈയടുത്ത് ഇസ്രയേല്‍ പാര്‍ലമെന്റ് പാസാക്കുകയുണ്ടായി. ക്രൈസ്തവ വിശ്വാസികളുടെ ശക്തമായി എതിര്‍പ്പ് ഇതിനെതിരെ ഉയര്‍ന്നു വന്നിരുന്നു.

ക്രൈസ്തവ രാഷ്ട്രങ്ങളുടെ ഒത്താശയോടെ ഫലസ്തീന്‍ മണ്ണില്‍ രൂപീകൃതമായ ജൂതരാഷ്ട്രം ഫലസ്തീനിലെ മുസ്‌ലിംകളോട് കാണിക്കുന്ന ക്രൂരതകള്‍ക്ക് ലോകം വര്‍ഷങ്ങളായി സാക്ഷികളാണ്. ഒരു ജനതയുടെ മണ്ണും വിണ്ണും പിടിച്ചെടുത്ത ജൂതഭീകരത അവരെ ഞെരുക്കി കൊന്നുകൊണ്ടിരിക്കുകയാണ്. ഫലസ്തീനിലെ ഭൂരിപക്ഷം വരുന്ന മുസ്‌ലിംകളെന്ന പോലെ ക്രൈസ്തവും ഇത്തരത്തില്‍ ജൂതപീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുമ്പോള്‍ ക്രൈസ്തവ ലോകത്തിന്റെ പരമോന്നത നേതാവ് പോപ് ഫ്രാന്‍സിസിന് തന്റെ ഇസ്രയേല്‍ – ഫലസ്തീന്‍ സന്ദര്‍ശനം എങ്ങനെ മതപരമായി ചുരുക്കാന്‍ പറ്റുമെന്നത് പ്രസക്തമായ ചോദ്യമാണ്. വര്‍ഷങ്ങളായി മുസ്‌ലിംകളും ക്രൈസ്തവരുമായ ഫലസ്തീന്‍ ജനതക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ഇടം സന്ദര്‍ശിച്ച് നിസ്സങ്കോചം മടങ്ങാന്‍ പോപ് ഫ്രാന്‍സിസിന് എങ്ങനെ സാധിക്കും? പ്രത്യേകിച്ച്, ജൂതസൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള തങ്ങള്‍ക്ക് പ്രവേശനം ഇല്ലാത്ത വിശുദ്ധ നാടുകള്‍ സന്ദര്‍ശിക്കുന്നത് ഇസ്രയേല്‍ നടപടികളെ ന്യായീകരിക്കുന്നതിന് തുല്യമാണെന്ന് ഫലസ്തീനിലെ ജനത (ക്രൈസ്തവും മുസ്‌ലിംകളും) വിശ്വസിച്ചു കൊണ്ടിരിക്കെ.

സമകാലിക ലോകത്ത് രാഷ്ട്രീയമായും സാമൂഹികമായും പീഡിപ്പിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്ന ജനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന ജീവിക്കുന്ന ദൈവികശാസ്ത്രമാണ് ക്രൈസ്തവത എന്നാണ് പോപ് ഫ്രാന്‍സിസിന്റെ ജന്മനാടായ അര്‍ജീന്റിയക്കാരായ ക്രിസ്ത്യന്‍ ദൈവ ശാസ്ത്രജ്ഞര്‍മാര്‍ ക്രിസ്ത്യാനിറ്റിയെ വിശദീകരിച്ച് അഭിപ്രായപ്പെട്ടിട്ടുള്ളത്. ലാറ്റിനമേരിക്കന്‍ ക്രിസ്ത്യന്‍ ലിബറേഷന്‍ തിയോളജിയുടെ ഉപജ്ഞാതാവും പെറുവില്‍ നിന്നുള്ള പുരോഹിതനുമായ ഗുസ്താവ് ഗുതിയറസ് പറയുന്നു : ‘വിശ്വാസം ദൈവത്തോടും ജനങ്ങളോടുള്ള പ്രതിബദ്ധതയാകുമ്പോള്‍ ഇന്നത്തെകാലത്തെ സ്വാതന്ത്ര്യ പ്രക്രിയകളോട് പ്രതിബദ്ധത പുലര്‍ത്താതിരിക്കാന്‍ അതിനാവില്ല’. അദ്ദേഹം തുടര്‍ന്ന് പറയുന്നു ‘പാവപ്പെട്ടവരെയും അടിച്ചമര്‍ത്തപ്പെട്ടവരെയും ദൈവം സ്‌നേഹിക്കുന്നുവെന്ന് അവരോട് എങ്ങനെ പറയാനാകും? പാവപ്പെട്ടവരുടെ ദുരിതങ്ങള്‍ക്ക് ദൈവം പ്രതിഫലം നല്‍കുമെന്ന് അവരോട് പറയല്‍ അത്ര എളുപ്പമല്ല. എന്നാല്‍ അനീതിക്കെതിരെ അവരോടൊപ്പം ചേര്‍ന്ന് പോരാട്ടം നടത്തിയാണ് അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടത്’. അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന്റെ സ്വാതന്ത്ര്യ പോരാട്ടത്തില്‍ പങ്കുചേര്‍ന്നാണ് ദൈവിക സ്‌നേഹത്തെ കുറിച്ച് അവരോട് പറയേണ്ടതെന്നാണ് ഇവിടെ ഗുസ്താവ് ഗുതിയറസ് പറഞ്ഞുവെക്കുന്നത്.

ഗുസ്താവ് ഗുതിയറസ് വ്യക്തമാക്കിയത് പോലെ പോപ് ഫ്രാന്‍സിസിന്റെ വിശുദ്ധ നാടുകളിലേക്കുള്ള സന്ദര്‍ശനം ഫലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ളതാകുമ്പോഴാണ് അത് സാര്‍ഥകമാകുന്നത്. പോപ് ഫ്രാന്‍സിസ് നേതൃത്വം നല്‍കുന്ന ക്രൈസ്ത മതത്തിന്റെ അനുനായികള്‍ ചെയ്ത കൊടിയ പാപത്തിന്റെ ദുരന്ത ഫലങ്ങളാണ് ഇന്ന് ഫലസ്തീന്‍ ജനത അനുഭവിക്കുന്നത്. ഫലസ്തീന്‍ ജനതയുടെ ഹൃദയ ഭൂമിയില്‍ ജൂതരാഷ്ട്രം സ്ഥാപിക്കാന്‍ ഒത്താശ ചെയ്ത തന്റെ മുന്‍ഗാമികളുടെ തെറ്റിനെ ഏറ്റുപറയാനും ഫലസ്തീന്‍ ജനതയോട് ഇസ്രയേല്‍ അനുവര്‍ത്തിക്കുന്ന ക്രൂരതകള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും പോപ് തയ്യാറാകണം. ലോകം അത് കേള്‍ക്കട്ടെ. അക്രമികള്‍ക്ക് സര്‍വ പിന്തുണയും നല്‍കുന്ന താങ്കളുടെ മതത്തിന്റെ അനുയായികള്‍ക്ക് അതില്‍ നിന്നും പിന്‍മാറാനുള്ള പ്രചോദനമായി താങ്കളുടെ വാക്കുകള്‍ മാറിത്തീരട്ടെ. പോപിന് പൂര്‍ണ സുരക്ഷിതനായി വിശുദ്ധ നാടുകളും വിശുദ്ധ ഗേഹവും സന്ദര്‍ശിക്കാനായി. എന്നാല്‍ ജനിച്ച നാടും വളര്‍ന്നു വീടും ഒരു നോക്ക് കാണാന്‍ കൊതിച്ച് ലക്ഷക്കണക്കിന് ജനങ്ങളുണ്ട് ഫലസ്തീനില്‍. അവര്‍ക്കിടയില്‍ മതത്തിന്റെ വേര്‍തിരുവുകളില്ല. പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവരോട് ഐക്യപ്പെട്ടുകൊണ്ടാകണം അവര്‍ക്ക് ദൈവിക സ്‌നേഹത്തിന്റെ പാന്ഥാവ് കാണിച്ചു കൊടുക്കാന്‍. ഫലസ്തീന്‍ ജനത പോപിന്റെ സന്ദര്‍ശനത്തിലൂടെ പ്രതീക്ഷിച്ചത് അതാണ്.

Related Articles