Current Date

Search
Close this search box.
Search
Close this search box.

ചര്‍ച്ചുകളില്‍ നിന്ന് ബാങ്കൊലി മുഴങ്ങുമ്പോള്‍

pal3-c.jpg

അഞ്ച് നൂറ്റാണ്ട് മുമ്പ് മുസ്‌ലിം സ്‌പെയിന്‍ തകര്‍ന്നതിന് ശേഷം അവിടത്തെ മുസ്‌ലിംകള്‍ അനുഭവിച്ച ദുരിതത്തിന്റെ ഓര്‍മകളാണ് ഖുദ്‌സിലും ഫലസ്തീന്‍ പ്രദേശങ്ങളിലും ബാങ്ക് വിളിക്ക് വിലക്കേര്‍പ്പെടുത്താനുള്ള ഇസ്രയേല്‍ ശ്രമം നമ്മിലേക്ക് മടക്കിക്കൊണ്ടുവരുന്നത്. അന്ന് മുസ്‌ലിംകള്‍ നിന്ദിക്കപ്പെടുകയും മസ്ജിദുകള്‍ അടച്ചുപൂട്ടപ്പെടുകയും ചെയ്തു. തങ്ങളുടെ പേരുകളും വസ്ത്രധാരണ രീതികളും വരെ മാറ്റാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെട്ടു. ചേലാകര്‍മത്തിന് വിലക്കേര്‍പ്പെടുത്തപ്പെട്ടു. തങ്ങളുടെ മക്കളെ മാമോദീസ മുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. ഒന്നുകില്‍ ക്രിസ്തുമതം സ്വീകരിക്കാം, അല്ലെങ്കില്‍ കൊല്ലപ്പെടാം അതുമല്ലെങ്കില്‍ നാടുപേക്ഷിച്ച് പോവാം എന്നീ മൂന്ന് ഓപ്ഷനുകളായിരുന്നു അവര്‍ക്ക് മുന്നിലുണ്ടായിരുന്നത്.

അതേ ഓപ്ഷനുകള്‍ തന്നെയാണ് ഇന്ന് ഫലസ്തീനികള്‍ക്ക് മുന്നിലും വെക്കപ്പെട്ടിരിക്കുന്നത്. അവ മറ്റു പല പേരുകളിലുമാണെന്ന് മാത്രം. ക്രൈസ്തവല്‍കരണത്തിന്റെ സ്ഥാനത്ത് ജൂതവല്‍കരണമാണ് നടക്കുന്നത് എന്ന വ്യത്യാസമാണുള്ളത്. ഖുദ്‌സില്‍ താമസാനുമതി റദ്ദാക്കിയും നെഗവില്‍ വീടുകള്‍ തകര്‍ത്തും ഫലസ്തീനികളെ അവര്‍ ഒഴിപ്പിക്കുന്നു. കൊലയുടെ കാര്യമാണെങ്കില്‍, ചെക്‌പോസ്റ്റുകളില്‍ ഫലസ്തീനികളുടെ രക്തം യഥേഷ്ടം ചിന്തപ്പെടുന്നുണ്ട്. ജൂത പുരോഹിതന്‍മാര്‍ അതിന് വേണ്ട പ്രോത്സാഹനവും പ്രചോദനവും നല്‍കുകയും ചെയ്യുന്നു. ദ്വിരാഷ്ട്ര രൂപീകരണത്തിനുള്ള ആഹ്വാനം വീണ്ടും ഉയര്‍ത്തപ്പെട്ടപ്പോള്‍ ഫലസ്തീനികളെയെല്ലാം പിഴുതെറിഞ്ഞ് ജൂതന്‍മാരുടേത് മാത്രമായ, മറ്റാര്‍ക്കും ഇടമില്ലാത്ത രാജ്യം രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

തുടക്കത്തില്‍ ഇസ്രയേല്‍ മന്ത്രിസഭയിലെ നിയമനിര്‍മാണ സമിതി ബാങ്ക് നിരോധനത്തിന് വിലക്ക് കൊണ്ടുവന്നത് പൊതുവായിട്ടായിരുന്നുവെന്ന് നമുക്കറിയാം. ഖുദ്‌സിനെയും മറ്റ് ഫലസ്തീന്‍ നഗരങ്ങളെയും ഉള്‍ക്കൊള്ളുന്നതായിരുന്നു അത്. പ്രത്യേകിച്ചും എക്ക, ഹൈഫ, ലുദ്ദ്, റംലെ, യാഫ തുടങ്ങിയ തീരദേശ നഗരങ്ങളെയാണത് ഉന്നം വെച്ചിരുന്നത്. വിലക്കിന്റെ കാലാവധിയുടെ കാര്യത്തില്‍ മാത്രമാണ് തര്‍ക്കം നിലനിന്നിരുന്നത്. ഇസ്രയേല്‍ പാര്‍ലമെന്റ് അത് ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.

വിഷയത്തെ നാല് കോണുകളില്‍ നിന്നും നാം വിലയിരുത്തേണ്ടതുണ്ട്. ഇസ്രയേലിലെ തീവ്രവലതുപക്ഷ കക്ഷികള്‍ അതിന് കാണിച്ചിരിക്കുന്ന ധൈര്യമാണ് ഒന്നാമത്തേത്. യാതൊരു സന്ദേഹവുമില്ലാതെയാണ് അവര്‍ ഫലസ്തീനികളെ പല രൂപത്തിലും രീതിയിലും അടിച്ചമര്‍ത്തി കൊണ്ടിരിക്കുന്നത്. യാതൊരുവിധ നിയന്ത്രണ രേഖയും തങ്ങള്‍ക്ക് ബാധകമല്ലെന്ന രീതിയിലാണ് അവരുടെ ഇടപെടലുകള്‍. ഈ ധൈര്യവും അതിക്രമവും തുടരാന്‍ ഇസ്രയേലിന് പ്രോത്സാഹനവും പ്രചോദനവുമായി നിലകൊള്ളുന്ന അറബ് ലോകത്തെ വഞ്ചകരുടെ പങ്കാണ് രണ്ടാമതായി വിലയിരുത്തപ്പെടേണ്ടത്.തങ്ങളുടെ കളികള്‍ തുറന്ന മൈതാനത്താണ് നടക്കുന്നതെന്ന് അത്തരം നീക്കങ്ങള്‍ നടത്തുന്നവര്‍ക്ക് നല്ല ധാരണയുണ്ട്. അതിനെതിരെ പൊതുജനങ്ങളുടെ ഭാഗത്തു നിന്നുയരുന്ന രോഷത്തെ നിശബ്ദമാക്കുകയോ അടിച്ചമര്‍ത്തുകയോ ആണവര്‍ ചെയ്യുന്നത്. അതിര്‍ത്തിക്കപ്പുറം എന്തു സംഭവിക്കുന്നു എന്നത് അവര്‍ക്ക് വിഷയമേ ആവുന്നില്ല.

അതേസമയം ഫലസ്തീനികളുടെ വീക്ഷണകോണിലൂടെ നാമതിനെ നോക്കിക്കാണുമ്പോള്‍ രംഗം ഏറെ ഇരുണ്ടതാണ്. അതില്‍ ഇസ്രയേലുമായുള്ള സുരക്ഷാ സഹകരണം ബന്ധിയാക്കിയിരിക്കുന്ന റാമല്ല ഭരണകൂടത്തെ കാണാം. പ്രതിരോധത്തെ കുറിച്ച ചോദ്യം പോലും ഉയര്‍ത്താത്തത്ര വിധേയത്വമാണത് കാണിക്കുന്നത്. എന്നാല്‍ അതേ സമയം ഇസ്രയേല്‍ അതിക്രമത്തിനെതിരെ ഒന്നിച്ച് ബാങ്കുവിളിച്ച് പ്രതിഷേധമറിയിച്ച ചര്‍ച്ചുകളുടെ നിലപാട് നമുക്ക് പ്രതീക്ഷയാണ് നല്‍കുന്നത്. ഒരു പുതിയ ഇന്‍തിഫാദക്കുള്ള യുവാക്കളുടെ മുന്നൊരുക്കത്തെ കുറിച്ച സൂചനകളും അതില്‍ കാണാം.

ഇസ്രയേലിനോട് മറ്റാരെക്കാളും ചായ്‌വുള്ള പുതിയ അമേരിക്കന്‍ പ്രസിഡന്റിന്റെ തെരെഞ്ഞെടുപ്പും ഇസ്രയേല്‍ തോന്നിവാസങ്ങളിലുണ്ടായ വര്‍ധനവും നമുക്ക് അവഗണിക്കാനാവുന്നതല്ല. അതാണ് വിഷയത്തിന്റെ നാലാമത്തെ വശം. ഇസ്രയേല്‍ തീരുമാനവും അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് ഫലവും തമ്മിലുള്ള ബന്ധത്തില്‍ സംശയമുണ്ടായേക്കാം. എന്നാല്‍ ഇസ്രയേലിന്റെ അതിക്രമങ്ങളെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മാറ്റമാണ് വാഷിംഗ്ടണിലുണ്ടായിരിക്കുന്നതെന്ന് നമുക്ക് അവഗണിക്കാനാവില്ല.

അറബ് ലീഗ് വിഷയത്തില്‍ സ്വീകരിച്ച നിലപാട് പരാമര്‍ശം അര്‍ഹിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. അറബ് ലീഗ് ജനറല്‍ സെക്രട്ടറി ഇസ്രയേല്‍ നടപടിയെ അപലപിച്ചു കൊണ്ടുള്ള ഒരു പ്രസ്താവനയില്‍ മതിയാക്കിയിരിക്കുകയാണ്. അപകടകരമായ പ്രകോപനവും അംഗീകരിക്കാനാവത്ത കടന്നുകയറ്റവും എന്നാണത് നടപടിയെ പ്രസ്താവന വിശേഷിപ്പിച്ചിരിക്കുന്നത്. അപലപിക്കലിനപ്പുറം അംഗരാഷ്ട്രങ്ങളുടെ യോഗം വിളിക്കാനോ ചര്‍ച്ച ചെയ്യാനോ അവര്‍ മുതിര്‍ന്നിട്ടില്ല. ഒ.ഐ.സി നിലപാടും അതില്‍ നിന്ന് വ്യത്യസ്തമല്ല. അപലപിക്കാനുപയോഗിക്കുന്ന വാക്കുകളുടെ കാര്യത്തില്‍ അറബ് ലീഗിനോട് മത്സരിക്കുക മാത്രമാണര്‍ ചെയ്തിട്ടുള്ളത്. അറബ് ഇസ്‌ലാമിക വേദികളുടെ അവസ്ഥ ഇതാണെങ്കില്‍, ഇസ്രയേലിന് അവരുടെ തോന്നിവാസങ്ങള്‍ തുടരാനുള്ള പച്ചക്കൊടി കാണിക്കലാണതെന്നാണ് എനിക്ക് പറയാനുള്ളത്.

മൊഴിമാറ്റം: നസീഫ്

Related Articles